കിരീടമഴിച്ച് രാജാവ്; വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റിൽ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോഹ്ലി അറിയിച്ചു. രോഹിത് ശർമക്ക് പിന്നാലെയാണ് കോഹ്ലിയും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്
വിരമിക്കലിന് സന്നദ്ധത കോഹ്ലി അറിയിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം തന്റെ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും കളിക്കണമെന്ന് കോഹ്ലിയോട് സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കാത്തുനിൽക്കാതെ കോഹ്ലി പാഡഴിക്കാൻ തീരുമാനിക്കുകയായിരുന്നു
ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലാണ് പടിയിറങ്ങുന്നത്. ഒരുകാലത്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ താരമാണ് കോഹ്ലി. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോഹ്ലിയുടെ അരങ്ങേറ്റം. ഈ വർഷം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി കളിച്ചത്. നേരത്തെ ടി20 ക്രിക്കറ്റിൽ നിന്നും കോഹ്ലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാകുക
123 ടെസ്റ്റുകളിൽ കോഹ്ലി ഇന്ത്യക്കായി ബാറ്റേന്തി. 9230 റൺസ് നേടി. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചു. 40 എണ്ണത്തിലും ജയം സ്വന്തമാക്കി. ഇന്ത്യയെ കൂടുതൽ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച നായകൻ കൂടിയാണ്. ക്യാപ്റ്റനായിരിക്കെ ബാറ്ററായും കോഹ്ലി തിളങ്ങി. 30 സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും കോഹ്ലിയുടെ പേരിലുണ്ട്. സെഞ്ച്വറികളിൽ ഏഴെണ്ണം ഇരട്ട സെഞ്ച്വറികളാണ്. 254 ആണ് അദ്ദേഹത്തിന്റെ ടോപ് സ്‌കോർ