മെയ് 17ന് ചിന്നസ്വാമി സ്റ്റേഡിയം വെള്ളക്കടലാകും; കോഹ്ലിക്ക് ആദരമൊരുക്കി ആരാധകർ എത്തുക ടെസ്റ്റ് ജേഴ്സിയിൽ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ആദരമൊരുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മെയ് 17ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കോഹ്ലിയുടെ ടെസ്റ്റ് ജേഴ്സിയായ 18ാം നമ്പർ വെള്ളക്കുപ്പായം ധരിച്ചാകും ആരാധകർ സ്റ്റേഡിയത്തിലെത്തുക. കോഹ്ലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിനായാണ് വെള്ള ജേഴ്സി ധരിക്കുന്നത്
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിക്കുമ്പോൾ നടക്കുന്ന ആദ്യ മത്സരം കൂടിയാണിത്. മത്സരത്തിനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി ധരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുമല്ലെങ്കിൽ പൂർണമായും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാനും നിർദേശിച്ചിട്ടുണ്ട്
ചിന്നസ്വാമിയിൽ ആരാധകർ വെള്ള ജേഴ്സിയിൽ എത്തുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച യാത്രയയപ്പ് കൂടിയായിരിക്കും അത്. തിങ്കളാഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്.