പത്ത് തവണ വേണമെങ്കിലും ക്ഷമ പറയാം; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി മാപ്പ് പറഞ്ഞു

ഓപറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ ആർമി കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവും മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയുമായ കുൻവർ വിജയ് ഷാ. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന് അഭിമാനമായി മാറിയ സോഫിയ ഖുറേഷിക്കെതിരെ പരാമർശം നടത്തിയ കുൻവർ വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ പരാമർശത്തെ ബിജെപി കേന്ദ്ര നേതൃത്വവും വിമർശിച്ചിരുന്നു. പിന്നാലെയാണ് ക്ഷമാപണവുമായി വിജയ് ഷാ രംഗത്തുവന്നത്.
പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അവരിൽപ്പെട്ട സഹോദരിയെ നമ്മൾ പാക്കിസ്ഥാനിലേക്ക് അയച്ചു. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തതെന്നായിരുന്നു മന്ത്രിയുടെ പരാമർശം