Kerala
കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത; കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള അടിപിടി അന്വേഷിച്ച് പോലീസ്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയ്ക്കുള്ള സാധ്യത തള്ളാതെ പോലീസ്. തീപിടിത്തത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തിനശിച്ച ടെക്സ്റ്റൈൽസിന്റെ ഉടമയും മുൻ പാർട്ണറും തമ്മിലുള്ള തർക്കമാണോ തീപിടിത്തത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുകയാണ്
ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘർഷമുണ്ടായിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പഴയ പാർട്ണർ പ്രകാശനും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്. മുകുന്ദനെ പ്രകാശൻ ഒരു മാസം മുമ്പ് കുത്തി പരുക്കേൽപ്പിച്ചിരുന്നു.
കേസിൽ പ്രകാശൻ ഇപ്പോഴും റിമാൻഡിലാണ്. നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ ഇരുവരും പരസ്പരം തകർത്തിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പോലീസ് അന്വേഷിക്കുന്നത്.