Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് അപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന യുവതിയുടെ അമ്മയുടെ വാദവും ഹൈക്കോടതി കേൾക്കും.

പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസിൽ നിരപരാധിയാണെന്നും മരണത്തിൽ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. കേസിൽ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയ സാഹചര്യത്തിൽ സുകാന്ത് സുരേഷിനെ ഐബി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റിന് ഹൈക്കോടതി വിലക്കില്ലെങ്കിലും പോലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

പെൺകുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകൾ പോലീസിൽ ഹാജരാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

 

Related Articles

Back to top button
error: Content is protected !!