നയതന്ത്ര യുദ്ധം തുടരുന്നു; ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാൻ, രാജ്യം വിടാൻ നിർദേശം

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയതായി പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ പുറത്താക്കലാണിത്. ചാരവൃത്തിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ ഇന്ത്യ ബുധനാഴ്ച പുറത്താക്കിയിരുന്നു.
തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പാക്കിസ്ഥാൻ എംബസിയിലെ ഉദ്യോഗസ്ഥനെ അഭികാമ്യമല്ലാത്ത വ്യക്തി ആയി പ്രഖ്യാപിച്ചതായും, ഇന്ത്യ വിടാൻ 24 മണിക്കൂർ സമയം നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടിക്ക് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ പുറത്താക്കിയത്.
വിദേശകാര്യ മന്ത്രാലയം വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥരും അവരുടെ പ്രത്യേകാവകാശങ്ങളും പദവിയും ദുരുപയോഗം ചെയ്യരുതെന്ന് നിർദേശിച്ചതായും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു