National
ആകാശച്ചുഴിയിൽപ്പെട്ട ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള അപേക്ഷ നിരസിച്ച് പാക്കിസ്ഥാൻ

ആകാശച്ചുഴിയിൽ പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്ഥാൻ. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ഡൽഹി യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ടത് ഇതോടെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാക് വ്യോമാതിർത്തി താത്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി.
പ്രതികൂല കാലാവസ്ഥ ഒഴിവാക്കാനായിരുന്നു അനുമതി തേടിയത്. എന്നാൽ ഈ അഭ്യർഥന പാക് അധികൃതർ നിരസിച്ചു. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു
227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആലിപ്പഴ വീഴ്ചയും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനം ശക്തമായി കുലുങ്ങിയപ്പോൾ യാത്രക്കാർ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.