മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു; വൻ നാശനഷ്ടം

കോട്ടയം: മുണ്ടക്കയം കോസ് വേ ജംഗ്ഷന് സമീപമുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ച് വൻ നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഹരിത കർമ്മസേന മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടന ശബ്ദത്തോടെയാണ് തീ പടർന്നു പിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് തീ സമീപത്തെ കടകളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മാലിന്യം കത്തിച്ചതുമൂലമാണോ തീപിടിത്തമുണ്ടായതെന്ന് അന്വേഷണം നടന്നുവരികയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഷോപ്പിംഗ് കോംപ്ലക്സിലെ ഏതാനും കടകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് പോലീസും മറ്റ് അധികൃതരും എത്തിച്ചേർന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.