Novel

നിലാവിന്റെ തോഴൻ: ഭാഗം 52

[ad_1]

രചന: ജിഫ്‌ന നിസാർ

കൈ പിടിച്ചിറങ്ങിയവൾ മഞ്ഞു പോലെ തണുത്തുറങ്ങു പോയിരുന്നു.

ക്രിസ്റ്റി ആ കൈകളിൽ മുറുകെ പിടിച്ചു.

മറു കൈ കൊണ്ട് അവൾ കയറി നിന്ന കസേരയെടുത്ത് ഒരു സൈഡിൽ ഇട്ട് കൊടുത്തു.

“ഇവിടിരിക്ക്..”

വിറച്ചു നിൽക്കുന്നവളെ തോളിൽ പിടിച്ചു കൊണ്ടവൻ അതിലേക്കിരുത്തി.

തളർന്നു തൂങ്ങിയത് പോലെ അവളാ കസേരയിലേക്ക് വീണു പോയിരുന്നു.
മുഖം കുനിച്ചിരിക്കുന്നവളെ ഒന്ന് കൂടി നോക്കിയതിനു ശേഷം ക്രിസ്റ്റി ആദ്യം പോയിട്ട് വാതിലടച്ചു.

ശേഷം കിടക്കയിലേക്ക് കയറിയിട്ട് ഫാനിൽ ദിൽന കെട്ടിയിരുന്ന ആ മരണകുരുക്കഴിക്കുമ്പോൾ അവന്റെ കൈകൾ വിറച്ചു.

തുറന്നു നോക്കാൻ തോന്നാതെ.. അവളുറങ്ങി പോയെന്ന് കരുതി താനെങ്ങാനും തിരിച്ചു പോയിരുന്നുവെങ്കിൽ.. ഇപ്പോൾ ഈ കുരുക്കിനറ്റത്ത് അവൾ മരണത്തിലേക്ക് പിടഞ്ഞു കൊണ്ട്  നടന്നു കയറുകയായിരിക്കും.

ആ ഓർമ പോലും അവന്റെ ശ്വാസമിടിപ്പ് കൂട്ടി.കൈകൾ വിറച്ചു..

അവളുടെ തന്നെ ചുരിദാറിന്റെ ഷാളാണ്. അവനത് അഴിച്ചെടുത്തു മേശയിലേക്കിട്ടു.
ചവിട്ടി കയറി നിന്നത് കൊണ്ട് ആകെ അലങ്കോലമായി കിടന്നിരുന്ന ബെഡ് ഷീറ്റെല്ലാം ശരിയാക്കി വിരിച്ചിട്ടു.

ദിൽനയപ്പോഴും മുഖം കുനിഞ്ഞു തന്നെ ഇരിപ്പാണ്.

മേശയിലെ ജഗിൽ നിന്നും വെള്ളമെടുത്തു കൊണ്ട് ക്രിസ്റ്റി അവർക്ക് നേരെ നീട്ടി.

ആർത്തിയോടെ.. അവനെ മുഖമുയർത്തി നോക്കാതെ അവളാ ഗ്ലാസ്സ് വാങ്ങി, വെള്ളം കുടിച്ചു.
അവളെ നോക്കി കൊണ്ട് ക്രിസ്റ്റി നേരെ മുന്നിലെ കിടക്കയിലേക്കിരുന്നു.

വെള്ളം കുടിച്ചു കഴിഞ്ഞും അവളുടെ കൈകളിൽ ആ ഗ്ലാസ് ഞെരിയുന്നുണ്ടായിരുന്നു.

ക്രിസ്റ്റി അത് പിടിച്ചു വാങ്ങി കൊണ്ട് തിരികെ മേശയിലേക്ക് തന്നെ വെച്ചു.

അൽപ്പനേരം നോക്കിയിരുന്നിട്ടും ക്രിസ്റ്റി അവളോടൊന്നും ചോദിച്ചില്ല.
അവൾ മുഖമുയർത്തി നോക്കിയതുമില്ല.

പക്ഷേ തൊട്ട് മുന്നിൽ അവനിരിക്കുന്നുണ്ടെന്ന് അറിയാവുന്നത് കൊണ്ട് അവൾ കരയുകയാണ് .. ആ ഉള്ളുലഞ്ഞ കരച്ചിൽ കാരണം അവളുടെ ശരീരം വിറക്കുന്നുണ്ട്… അതവൻ അറിയുന്നുമുണ്ട്.

“നിന്നെയറിയാൻ ആരുമില്ലെന്ന് കരുതി… മരണത്തെ കൂട്ട് പിടിക്കാൻ തോന്നിയിട്ടും.. നിനക്ക്.. നിനക്ക് വെറുതെ പോലും എന്നെയൊന്നു ഓർമ വന്നില്ലേ ദിലു?”

അങ്ങേയറ്റം ശാന്തമായിട്ടാണ് ക്രിസ്റ്റി ചോദിച്ചതെങ്കിലും .. ദിൽന പൊള്ളിയത് പോലെ പിടഞ്ഞു പോയിരുന്നു.

അവൻ അവന്റെ മുഖത്തേക്ക് നോക്കി.

“നിനക്കൊരു ഏട്ടൻ മാത്രമൊള്ളല്ലോ.. അല്ലേ?”

വീണ്ടും വേദന അടക്കി പിടിച്ചു കൊണ്ടവൻ ചിരിച്ചു.

“എനിക്ക് പക്ഷേ… നീ എന്നും എന്റെ അനിയത്തി തന്നെയായിരുന്നു.ചേട്ടായി ന്നും വിളിച്ചോണ്ട് എന്റെ പിന്നിൽ നിന്നും മാറാത്തൊരു ദിലുവുണ്ടായിരുന്നു. നിന്റെ പപ്പാ വിഷം കുത്തി നിറയ്ക്കും മുന്നേ.. മാറി പോയതും മറന്ന് പോയതും നീയാണ് മോളെ. ചേട്ടായി ഇപ്പോഴും പഴയ ആള് തന്നെയാണ് “

ക്രിസ്റ്റി പറഞ്ഞത് കേട്ടതും ദിൽന കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു പോയിരുന്നു.

വല്ലാത്ത മനപ്രയാസത്തോടെയാണ് ക്രിസ്റ്റി അവളെ നോക്കിയത്.
സഹിക്കാൻ വയ്യാത്തൊരു വേദന അവനിലും നിറഞ്ഞു നിന്നിരുന്നുവപ്പോൾ.

“അവൻ… അവനെന്നെ ചതിച്ചതാ ചേട്ടായി “

ഏറെ നേരത്തെ കരച്ചിലിനോടുവിൽ ഇച്ചിരി ആശ്വാസം കിട്ടിയതും അടഞ്ഞു പോയ ശബ്ദത്തിൽ ദിൽന…പറഞ്ഞു തുടങ്ങി.

കൈകൾ കൊണ്ട് തല താങ്ങി കുനിഞ്ഞിരിക്കുകയായിരുന്ന ക്രിസ്റ്റി അത് കേട്ടതും മുഖം ഉയർത്തി കൊണ്ട് അവളെ നോക്കി.

ചുവന്നു വിങ്ങിയ ആ മുഖം…

“സത്യത്തിൽ.. അന്നെന്താ സംഭവിച്ചത്. എങ്ങനാ നീ അവനൊപ്പം..”

ദിൽനയെ നോക്കി ക്രിസ്റ്റി പതിയെ ചോദിച്ചു.

അത് വരെയും… അത്രയൊക്കെ സംഭവിച്ചിട്ടും ആരും അവളോട് ചോദിക്കാത്ത ആ ചോദ്യം അവനിൽ നിന്നും കേട്ടതും ദിൽന വീണ്ടും കണ്ണ് നിറച്ചു.

താൻ വരുന്നില്ലെന്ന് പറഞ്ഞതും.. റോയ്സ് സെന്റിമെൻസ് കൊണ്ട് തന്നെ പറഞ്ഞു വീഴ്ത്തി ഒപ്പം കൂട്ടിയതും.. പിന്നെ.. അവനായിട്ട് തന്നെ ഉണ്ടാക്കിയെടുത്തൊരു കാരണം പറഞ്ഞിട്ട് തന്നെ അവന്റെ കെണിയിൽ ചാടിച്ചതും ദിൽന ക്രിസ്റ്റീയോട് പറഞ്ഞു.

അന്നവൾ അനുഭവിച്ച നോവുകൾ എല്ലാം അവനവുടെ മുഖത്ത് കണ്ടിരുന്നു.. ഓരോ വാക്കും പറയുമ്പോഴും.

അപ്പോഴെല്ലാം ക്രിസ്റ്റിയുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.. കൂടുതൽ കടുപ്പത്തിലായി മാറുന്നുണ്ടായിരുന്നു.

“ആരും എന്നോട് ചോദിച്ചില്ല ചേട്ടായി. അവനെന്നെ സ്വീകരിക്കാം എന്ന് പറഞ്ഞതോടെ.. എല്ലാവരും അവനൊപ്പമായി. എനിക്കാരുമില്ലാതായി “

വീണ്ടും ദിൽനയുടെ ചിലമ്പിച്ച സ്വരം.

“റിഷി ഏട്ടനോട് ഞാൻ… പപ്പയോടു പറയാൻ പറഞ്ഞപ്പോ… എന്നോട്… എന്നെ..”

അത് മുഴുവനും പറയാൻ കൂടി അവൾക്കായില്ല. അത്രയും സങ്കടം തൊണ്ടയിൽ വന്നു തടഞ്ഞിട്ട് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

റിഷിൻ തന്റെ കൂടപ്പിറപ്പാണ്.. തനിക്കൊരു പ്രശ്നം വരുമ്പോൾ മറ്റെരെക്കാളും അവൻ തന്നെ ചേർത്ത് പിടിക്കുമെന്നുള്ള അവളുടെ എത്രയോ കാലത്തെ കനപ്പെട്ട.. അഹങ്കരിച്ച വിശ്വാസമാണ് തകർന്നു പോയത്.

അതാണവളെ കൂടുതൽ തളർത്തി കളഞ്ഞതും .

ക്രിസ്റ്റിക്കത് വളരെ പെട്ടന്ന് തന്നെ മനസ്സിലായി.

“ഒറ്റക്കാണെന്ന് തോന്നി മരണത്തോളം നടന്നത്തിയിട്ടും വഴിയിലൊരിടത്തും നീ എന്നെ കണ്ടില്ലല്ലോടി മോളെ..”

ക്രിസ്റ്റി അവളുടെ കൈകൾ എടുത്തു കൊണ്ട് തലോടി.

ദിൽന കുറ്റബോധത്തോടെ തല താഴ്ത്തി.

“ഞാൻ കരുതി… എന്നോട്..”
ബാക്കി പറയാൻ കഴിയാത്തൊരു വിഷമം അവളുടെ മുഖത്തു നിറഞ്ഞു.

“നിനക്കെന്നോടുള്ള അതേ വൈരാഗ്യം എനിക്ക് നിന്നോടുമുണ്ടാവും ന്ന്. ല്ലേ? “

വിരൽ കൊണ്ട് അവളുടെ താടി തുമ്പുയർത്തി ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.

അവളൊന്നും മിണ്ടാതെ കണ്ണ് നിറച്ചു.

‘ചെറുപ്പത്തിലേ നല്ല വികൃതിയായിരുന്നു നീ. നിന്റെയാ കുഞ്ഞരി പല്ലുകൾ കൊണ്ട് എന്നെയെത്ര കടിച്ചിട്ടുണ്ടന്നറിയാവോ.?ഞാൻ വേദന കൊണ്ട് കുതറുമ്പോൾ നീ നിന്ന് ചിരിക്കും. നീ മറന്ന് പോയി കാണും..അതെല്ലാം.”

അവനവളുടെ കവിളിൽ തട്ടി.

“വലുതായ നീ വാക്കുകൾ കൊണ്ടാണ് എന്നെ വേദനിപ്പിച്ചു രസച്ചത്. അത്.. അതും എന്റെ അനിയത്തി കുട്ടിയുടെ കുസൃതിയായിട്ടേ ചേട്ടായി കണ്ടിട്ടുള്ളു. അങ്ങനെ കാണാനേ ചേട്ടായിക്ക് കഴിയൂ..”

ആർദ്രമായൊരു നോട്ടം… അതവളുടെ ഹൃദയത്തിനാഴങ്ങളിലാണ് ചെന്ന് പതിഞ്ഞത്.

“കഴിഞ്ഞതിനെ കുറിച്ചൊന്നും ഇനി നമ്മക് ആലോചിച്ചു വെറുതെ ടെൻഷനാവേണ്ട. നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്നങ്ങു കരുതിയേക്കണം. എനിക്കറിയാം.. എളുപ്പമല്ലത്. ഒറ്റ ദിവസം കൊണ്ട് പറ്റില്ലായിരിക്കും. പക്ഷേ.. ഒരു ദിവസം… തീർച്ചയായും നിനക്ക് പറ്റും “
ക്രിസ്റ്റി വീണ്ടും അവളുടെ കൈ വിരൽ പിടിച്ചെടുത്തു മടക്കിയും നിവത്തിയും തലോടി.

“തെറ്റ് ചെയ്തവരാണ് ശിക്ഷ വാങ്ങേണ്ടത്. അതിനുള്ളത് അവന് കിട്ടിയിരിക്കും. നിന്റെ ചേട്ടായി ആണ് പറയുന്നത്. നിന്നെ വേദനിപ്പിച്ചതിനുള്ളത് പലിശ സഹിതം ഞാനവന് കൊടുത്തിരിക്കും. നിനക്കെന്നെ വിശ്വാസമില്ലേ?”

ഒരു നിമിഷം പോലും ആലോചനകൊടുക്കാതെ ദിൽന അതേയെന്ന് തലയാട്ടി കാണിച്ചു.

“നിനക്കൊരു തെറ്റ് പറ്റിയതിന്റെ പേരിൽ എല്ലാവരും കൂടി നമ്മടെ.. നമ്മടെ അമ്മയെ കൊത്തി പറിക്കുന്നത് നീയും കണ്ടതല്ലേ ദിലു? ആ അമ്മയ്ക്ക് വീണ്ടും വീണ്ടും വേദന കൊടുക്കണോ.? നീ മരണത്തിലൂടെ രക്ഷപെട്ടു പോകുമ്പോൾ ഒരായുസ്സ് മുഴുവനും നിന്നെ ഓർത്തു ഉരുകാനും നിനക്ക് വേണ്ടി പഴി കേൾക്കാനും നമ്മടെ പാവം അമ്മയെ വിട്ട് കൊടുക്കണോടി…?”

ഇപ്രാവശ്യം ക്രിസ്റ്റിയുടെ ശബ്ദവും ഇടറി പോയിരുന്നു.

ചുറ്റും കൊത്തി പറിക്കാൻ നിൽക്കുന്ന കഴുകൻമാർക്കിടയിൽ തല കുനിച്ചു നിൽക്കേണ്ടി വന്ന ഡെയ്സിയുടെ ചിത്രം അവനുള്ളിൽ അത്രയും വലിയൊരു മുറിവ് തീർത്തിരുന്നു..

ആ മുറിവിൽ നിന്നാണ് രക്തം കിനിയുന്നത്.

“അത് കൊണ്ട് മരണം എന്നത് ഇനി നിന്റെ ചിന്തയിൽ പോലും ഉണ്ടാവരുത്. ജീവൻ ഉപേക്ഷിച്ചു പോകാൻ തോന്നുമ്പോൾ.. നീ ആദ്യം ഓർക്കേണ്ടത് അവനെയാണ് റോയ്‌സിനെ “

ക്രിസ്റ്റിയുടെ മുഷ്ടി ചുരുണ്ടു.

“നിന്റെ സന്തോഷം മുഴുവനും നശിപ്പിച്ചിട്ട്.. നിന്നെ മരണത്തിന്റെ വാക്കോളാം കൊണ്ടെത്തിച്ചിട്ട്.. അവനെ ഈ ലോകത്ത് സ്വസ്ഥമായി ജീവിക്കാൻ വിട്ട് കൊണ്ട് ജീവിതം ഉപേക്ഷിച്ചു പോകുന്ന  വെറും വിഡ്ഢിയാവണോ നിനക്കെന്ന്…”

ഒരക്ഷരം മിണ്ടുന്നില്ലയെങ്കിലും ദിൽന ക്രിസ്റ്റിയെ തന്നെ നോക്കിയാണ് ഇരിക്കുന്നത്.

അവൻ പറയുന്ന വാക്കുകളെല്ലാം തന്നെ അവൾ സ്വീകരിക്കുന്നുണ്ട് എന്നവനുറപ്പായി.

“ഒരു കാര്യം ഞാൻ ഉറപ്പ് തരാം. നിനക്കിഷ്ടമില്ലാതെ.. ആരും ഒന്നും ഇനി നിന്റെ ജീവിതത്തിലുണ്ടാവില്ല… എനിക്ക് ജീവനുള്ളടത്തോളം കാലം. പതിനഞ്ചു വയസ്സ് കഴിഞ്ഞിട്ടേ ഒള്ളു നിനക്ക്. ഇതൊന്നുമല്ല ജീവിതം. ഇപ്പൊ പഠിക്കാനുള്ള പ്രായമാണ്. നീ അത് മാത്രം ചെയ്യുക. ബാക്കിയെല്ലാം ഇനി ചേട്ടായി നോക്കി കൊള്ളാം “

ആ കൈകൾ വിടർത്തി അതിലേക്ക് സ്വന്തം കൈ വെച്ച് കൊണ്ടവൻ പറഞ്ഞതും അവളുടെ മുഖം തിളങ്ങി.

മരവിപ്പ് പടർന്ന ആ കണ്ണുകൾക്ക്  പെടുന്നനെ ജീവൻ തിരിച്ചു കിട്ടിയത് പോലൊരു ഉന്മേഷം കൈ വന്നിരുന്നു.

കണ്ണീർ പുരണ്ട കവിളുകൾ അവൾ അമർത്തി തുടച്ചു..

“ഗുഡ് ഗേൾ “

ക്രിസ്റ്റി അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് എഴുന്നേറ്റു.

“ഇന്നത്തെ രാത്രി ഇവിടെ ഉപേക്ഷിക്കുക. ഇനിയുള്ള പുലരികൾ നിന്റേതാണ്.. നിനക്കുള്ള പ്രതീക്ഷകളുടേതാണ്. എന്തിനും ചേട്ടായിയുണ്ട് കൂടെ “

അവളും എഴുന്നേറ്റു കൊണ്ട് തലയാട്ടി.

“ഇന്നിവിടെ നടന്നത് ഞാനും നീയും ഒഴികെ മറ്റാരും അറിയേണ്ട.. ഒക്കെ…”

അവൻ പറഞ്ഞതും ദിലു ചിരിയോടെ തന്നെ തലയാട്ടി.

“എങ്കിൽ ഇനി കിടന്നുറങ്ങിക്കോ. നാളെ സ്കൂളിൽ പോണ്ടതല്ലേ?”

അവനത് പറഞ്ഞതും ദിൽനയുടെ മുഖം വാടി.

“എന്ത് പറ്റി..?”
അത് കണ്ടതും ക്രിസ്റ്റി ചോദിച്ചു.

“നാളെ.. നാളെ പോണോ?”

മുഖം ചുളിച്ചു കൊണ്ടവൾ തിരികെ ചോദിച്ചത് കേട്ടതും ക്രിസ്റ്റിക്ക് ചിരിയാണ് വന്നത്.

“ശെരി.. നാളെ കൂടി പോണ്ട. പക്ഷേ ഇനി ഇതും പറഞ്ഞു വന്നേക്കരുത് നല്ല അടി മേടിക്കും നീ “

അത് കേട്ടതും നിറഞ്ഞ ചിരിയോടെ തലയാട്ടി കാണിച്ചവൾ.

“കിടന്നോ… ഗുഡ് നൈറ്റ്‌…”

ചിരിയോടെ അതും പറഞ്ഞു കൊണ്ടവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

വാതിലടച്ചു ചുവരിലേക്ക് ചാരി അവനൊന്നു ശ്വാസമെടുത്തു.

നാളുകളായി നെഞ്ചിൽ കയറ്റി വെച്ചൊരു വലിയ ഭാരം.. അതാരോ എടുത്തു മാറ്റിയത് പോലൊരു ആശ്വാസം തോന്നുന്നുണ്ട്.

ഇനി എന്ത് വേണമെന്ന ആകുലതയേ ഇല്ല.

പകരം ഇനി ചെയ്യേണ്ടതിനെ കുറിച്ച് വ്യക്തമായൊരു പ്ലാനുണ്ട്.

അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു..

മനസ്സ് നിറഞ്ഞൊരു ചിരി…. അകത്തിരിക്കുന്ന ദിൽനയുടെ അവസ്ഥ ഏറെക്കുറെ അവനെ പോലെ തന്നെ ആയിരുന്നു.

കുറച്ചു മണിക്കൂറുകൾ കൊണ്ട് എന്തൊക്കെയാണ് തന്റെ ലൈഫിൽ സംഭവിച്ചു പോയത്.
കൂടെ കാണുമെന്നു അടിയുറച്ചു വിശ്വാസിച്ചവർ കൈ വിട്ടപ്പോൾ.. ലൈഫിൽ ഏറ്റവും വെറുപ്പോടെ നോക്കിയവൻ.. വെറുപ്പിച്ചവൻ.. അങ്ങേയറ്റം കരുതലോടെ.. സ്നേഹത്തോടെ.. കൈ പിടിച്ചു കയറ്റിയത് ജീവിതത്തിലേക്കാണ്.

കൂടെ കാണുമെന്നു ഒരാൾ വാക്ക് തരണമെങ്കിൽ അയാൾക്കാത്രയും ഇഷ്ടം നമ്മളോടുണ്ടാവണം.

പക്ഷേ ആ ഇഷ്ടം നേടി എടുക്കാൻ ഒന്നും ചെയ്തിട്ടില്ല. മനഃപൂർവം വെറുപ്പിച്ചു നടന്നതെല്ലാം ഓർക്കേ ദിൽനയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു..

കുറ്റബോധം കൊണ്ടവൾ നീറി.

അപ്പോഴൊക്കെയും വർക്കിയോടുള്ള വെറുപ്പും അവൾക്കുള്ളിൽ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു.അവൾ പോലുമറിയാതെ…

                            ❣️❣️

വീട്ടിലെ ജോലികളെല്ലാം ചെയ്യാൻ ലില്ലിക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു.

ഒൻപത് മണിക്ക് കടയിലേക്കിറങ്ങണം.

സ്റ്റാഫിനായി ഇപ്പൊ അവിടൊരു ടാക്സിയും അറേൻജ് ചെയ്തിട്ടുണ്ട് ഷാനവാസ് സർ.

അത്രയേറെ അയാൾക്ക് സ്വന്തം ജോലിക്കാരോട് കരുതലുണ്ടായിരിന്നു.

ആ ടാക്സി സർവീസ് ഏറ്റവും ഉപകാരപ്രദമായത് ലില്ലിക്ക് തന്നെയായിരുന്നു.

വയ്യാത്ത കാലും വെച്ച് ബസ്സിൽ കടയിലേക്കെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
പക്ഷേ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് പോവുകയല്ലാതെ വേറൊരു വഴിയുമില്ല.

ഡെയിലി ഓട്ടോ കൂലി കൂടി താങ്ങാനുള്ളത്ര സമ്പാദ്യം കയ്യിൽ  വന്നു തുടങ്ങിയിട്ടില്ല.

അന്നത്തെ പ്രശ്നത്തിന് ശേഷം പൊതുവെ ഒരു സമാധാനത്തിലാണ് കടയിലെ അന്തരീക്ഷം.

പരസ്പരസഹകരണമുള്ള സഹപ്രവർത്തക്കരെ കിട്ടുക എന്നത് തന്നെയാണ് ഒരു ജോലിയുടെ ഏറ്റവും വലിയ ഭാഗ്യം.

ലില്ലിയെ അവിടുള്ളവരെല്ലാം പരമാവധി സഹായിക്കാറുണ്ട്.

അവളുടെ സൗമ്യമായ പെരുമാറ്റവും ചിരിയും ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ്.

ജീവിതത്തിൽ പുതിയൊരു താളം വന്നത് പോലെ..

ഒരാഴ്ച കൊണ്ട് തന്നെ ദാരിദ്രമൊഴിഞ്ഞ അടുക്കള..

ഒരു മാസത്തെ ശമ്പളം നേരത്തെ തന്നത് കൊണ്ട് അത്യാവശ്യം വീട്ടു സാധനങ്ങൾ വാങ്ങിക്കാം എന്ന് കരുതിയിരുന്നു.
പക്ഷേ കടയിൽ നിന്നും ജോലി കഴിഞ്ഞു ഇറങ്ങിയ തന്നെ അത്ഭുതപ്പെടുത്തികൊണ്ട് വലിയ രണ്ട് മൂന്ന് കവറുകളിൽ നിറയെ സാധനങ്ങളെടുത് തന്നിട്ട് ഷാനിക്കാ പറഞ്ഞേൽപ്പിച്ചതാണ് എന്ന് പറഞ്ഞിട്ട് വണ്ടിയിലേക്ക് എടുത്തു വെച്ച് തന്നത്..

ഹൃദയമുള്ള മനുഷ്യരുള്ളത് കൊണ്ടാവാം ഈ ലോകമിങ്ങനെയെങ്കിലും നിലനിൽക്കുന്നതെന്ന് അനേകായിരം വട്ടം തോന്നിയിട്ടാണ് അവിടെ നിന്നിറങ്ങിയതന്ന്.

എന്നിട്ടും അർഹതയില്ലാത്തത് സ്വീകരിക്കുന്നുണ്ടോ എന്നൊരു വയ്ക്ലബ്യം പിറ്റേന്ന് നേരിട്ട് കണ്ടതോടെ ഷാനിക്കാ പറഞ്ഞു തീർത്തിരുന്നു.

ആ ഓർമയിൽ അറിയാതെ തന്നെ ലില്ലിയിലൊരു നേർത്ത പുഞ്ചിരി വിരിഞ്ഞു.

ചെയ്യുന്ന ജോലികൾക്ക് കുറച്ചു കൂടി സ്പീഡ് കൂടി.. കാരണം അവളാ സൂപ്പർ മാർക്കറ്റിലെ ജോലിയെ.. അവിടുത്തെ അന്തരീക്ഷത്തെ സ്നേഹിക്കാൻ തുടങ്ങിരുന്നു…

അത്രമേൽ ആസ്വദിച്ചു തുടങ്ങിയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button