മഴ അതിശക്തം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്താനായി. നിലവിൽ 135.75 അടിയാണ് ജലനിരപ്പ്. 136 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. നീരൊഴുക്ക് ശക്തമായാൽ ഇന്ന് തന്നെ സ്പിൽവേ ഷട്ടറുകൽ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടും.