അങ്കിൾ വിളി വിനയായി; തായ്‌ലാൻഡ് പ്രധാനമന്ത്രിയെ സസ്‌പെൻഡ് ചെയ്ത് കോടതി

കംബോഡിയ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം ചോർന്നതിനുപിന്നാലെ തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്തരൺ ഷിനവത്രയെ സസ്‌പെൻഡ് ചെയ്ത് ഭരണഘടനാ കോടതി. ഷിനവത്രയ്‌ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.
രണ്ടിനെതിരെ ഏഴ് വോട്ടുകൾക്കാണ് തായ്‌ലാന്‍ഡ് ഭരണഘടനാ കോടതി ഷിനവത്രയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. അന്വേഷണ നടപടി പൂർത്തിയായി കോടതി വിധി വരുന്നതു വരെയാണ് സസ്‌പെൻഷൻ. നയതന്ത്ര മൂല്യങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷിനവത്രക്കെതിരെ പ്രതിപക്ഷാംഗങ്ങൾ പരാതി നൽകുകയായിരുന്നു.
കംബോഡിയയുമായുള്ള അതിർത്തിത്തർക്കം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഷിനവത്രയ്ക്കെതിരെ ജനരോഷം കനക്കുന്നതിനിടെയാണ് കോളിളക്കം സൃഷ്ടിച്ച് വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത്. ഹുൻ സെൻ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സംഭാഷണത്തിനിടെ ഹുൻ സെന്നിനെ ‘അങ്കിൾ’ എന്നാണ് ഷിനവത്ര വിളിച്ചത്.