എയ്ഞ്ചലിന്റെ പതിവ് രാത്രിയാത്രയെ ചൊല്ലി തർക്കം; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപാതകം

ആലപ്പുഴ മാരാരിക്കുളത്ത് പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയതിന് പിന്നിൽ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ്(28) ഇന്നലെ കൊല്ലപ്പെട്ടത്. പിതാവ് ജോസ്‌മോൻ എന്ന ഫ്രാൻസിസിനെ(53) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലി വീട്ടിൽ മുമ്പും തർക്കങ്ങൾ നടന്നിട്ടുണ്ട്. എയ്ഞ്ചലിന്റെ രാത്രി യാത്ര ശരിയല്ലെന്ന് നാട്ടുകാരും ഫ്രാൻസിസിനോട് പരാതി പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയും പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇത് കയ്യാങ്കളിയിൽ എത്തുകയായിരുന്നു
പിന്നാലെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്ത് ഞെരിച്ചു, തുടർന്ന് തോർത്തിട്ട് മുറുക്കി. ഭാര്യ സിന്ധുവും ഫ്രാൻസിസിന്റെ പിതാവ് സേവ്യറും മാതാവ് സൂസിയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറ് മണിയോടെയാണ് ഇവർ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെന്ന് അയൽവാസികളോട് പറയുന്നത്.
കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. കഴുത്തിലെ പാട് കണ്ടാണ് പോലീസിന് സംശയം തോന്നിയത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഫ്രാൻസിസ് കുറ്റം സമ്മതിച്ചത്. ഭർത്താവുമായി പിണങ്ങി ആറ് മാസമായി എയ്ഞ്ചൽ സ്വന്തം വീട്ടിലായിരുന്നു താമസം.