Kerala
ബേപ്പൂർ ലോഡ്ജിലെ കൊലപാതകം അറിഞ്ഞിട്ടും എത്തിയില്ല; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്ക് എതിരെയാണ് നടപടി.
മെയ് 24 നായിരുന്നു ബേപ്പൂർ ത്രീസ്റ്റാർ ലോഡ്ജിൽ വച്ച് ഒരാൾ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാന തൊഴിലാളി അറിയിച്ചിരുന്നു.
എന്നാൽ സംഭവസ്ഥലത്തിന് മീറ്ററുകൾ മാത്രം അപ്പുറം ഉള്ള പോലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രേഡ് എഎസ്ഐ ആനന്ദൻ, സിപിഒ ജിതിൻ ലാൽ എന്നിവർക്ക് എതിരെയാണ് നടപടി.