പന്തീരങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പന്തീരങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്.
തട്ടിയെടുത്ത പണം പന്തീരങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിബിൻലാലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്.
ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്നും പണമുൾപ്പെടുന്ന ബാഗ് ഷിബിൻ ലാൽ തട്ടിപ്പറിച്ചു ഓടുകയായിരുന്നു. ഷിബിന്റെ വാക്ക് വിശ്വസിച്ച് പന്തീരങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തിൽ പണം വെച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനായി നാൽപത് ലക്ഷവുമായി എത്തിയ ജീവനക്കാരനിൽ നിന്നാണ് ബാഗ് തട്ടിപ്പറിച്ച് കടന്നത്.