Kerala
മാവേലിക്കരയിൽ പാലം തകർന്നുവീണ സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ മന്ത്രിയുടെ നിർദേശം

ആലപ്പുഴ മാവേലിക്കരയിൽ നിർമാണത്തിനിടെ പാലം തകർന്നുവീണ സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു
ഈ മാസം അഞ്ചാം തീയതിയാണ് നിർമാണത്തിലിരുന്ന പാലം തകർന്നുവീണത്. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. ചെന്നിത്തല, ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരിക്കടവ് മാസമാണ് തകർന്നുവീണത്.
രാഘവ് കാർത്തിക്(24), ജി ബിനു(42) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലം തകർന്നുവീണ ഭാഗത്ത് അച്ചൻകോവിലാറിന്റെ ഇരുകരകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.