Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്:അജിത് കുമാറിനെതിരായ വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
എഡിജിപിയായ അജിത് കുമാറിനെതിരെ എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. ഇത് എങ്ങനെ സാധ്യമാകുമെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. വിജിലൻസിന്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നായിരുന്നു അജിത് കുമാറിന്റെ വാദം.
കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന നൽകിയ ഹർജിയിൽ അജിത് കുമാർ ആവശ്യപ്പെട്ടത്. ഇതാണ് കോടതി ഇപ്പോൾ അംഗീകരിച്ചത്.