ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനം; ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം പ്രസിഡന്റ്

ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനമാണെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് അറിയിച്ചു. വിവിധ മത സമുദായ സംഘങ്ങളെ ക്ഷണിക്കും. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കുന്നത് ആലോചിക്കും.
ആചാര വിരുദ്ധമായ ഒന്നും അയ്യപ്പ സംഗമത്തിന്റെ ഭാഗമായി നടക്കില്ലെന്നും സംഗമത്തെ രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെതിരെ കോൺഗ്രസ്സും ബി ജെ പിയും രംഗത്തുവന്നിരുന്നു.
ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്. സംഗമത്തിൽ എത്തുന്നവർക്ക് ദർശന സൗകര്യമൊരുക്കും. സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിവരം.
അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ് അറിയിച്ചിരുന്നു. ആചാര ലംഘനമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നൽകിയെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സ്ംഗീത് കുമാർ വ്യക്തമാക്കി.