ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 19
രചന: റിൻസി പ്രിൻസ്
രൂക്ഷമായി അയാളോട് പറഞ്ഞിട്ട് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡോറിന് അരികിലുള്ള സീറ്റിൽ ഇരുന്ന ആളെ കണ്ടത്. താൻ പറഞ്ഞത് മുഴുവൻ ആള് കേട്ടുവെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. ആ മുഖത്തെ ഭാവം അപ്പോൾ തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് ആയിരുന്നില്ല.
കണ്ടക്ടറോട് പറഞ്ഞ കാര്യവും ആൾ കേട്ട കാര്യവുമൊക്കെ മഞ്ജുവിനോട് വന്നു പറഞ്ഞപ്പോൾ അവൾ അപ്പോൾ തുടങ്ങിയ ചിരിയാണ്,
” അതേതായാലും പൊളിച്ചു. പിന്നെ ആള് കേട്ടതും കാര്യമായി. നിനക്ക് ആളോട് അത്രയ്ക്ക് സീരിയസ് ആണെന്ന് കരുതി കാണും.
മഞ്ജിമ പറഞ്ഞു..
” ഞാൻ ആള് കേൾക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ല,അയാളുടെ ശല്യം അത്രയ്ക്ക് ആയതുകൊണ്ട് പറഞ്ഞതാ.
” പക്ഷേ കണ്ടക്ടർ ചേട്ടൻ ആള് സൂപ്പർ അല്ലേടി, കാണാനും ഗ്ലാമറാ, നമ്മുടെ ആസിഫലിയുടെ ലുക്ക് ഉണ്ട്..
മഞ്ജിമ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങി.
” നിനക്ക് ഭ്രാന്താണോടി അവന്മാർക്കൊക്കെ ഓരോ സ്റ്റോപ്പിലും ഓരോ ലൈൻ ഉണ്ടാവും.
ദീപയാണ് മറുപടി പറഞ്ഞത്.
” അല്ലെങ്കിലും നമ്മൾ ഇത് സീരിയസായിട്ട് കാണാതിരുന്നാൽ പോരെ,
മഞ്ജിമ അതിനു മറുപടി കണ്ടെത്തി.
” നീയൊന്ന് പോയെ മഞ്ജു, നീ കരുതുന്നതുപോലെ സമയം കളയാൻ വേണ്ടിയുള്ള ഒന്നല്ല എനിക്ക് ഇത്. ഞാൻ നിന്നോട് എത്രവട്ടം പറഞ്ഞിരിക്കുന്നു. എനിക്ക് ആളെ അല്ലാതെ മറ്റാരെയും ഇഷ്ടപ്പെടാൻ പറ്റില്ല.
ദേഷ്യത്തോടെ പറഞ്ഞു..
” നീ എന്തിനാടി ഇത്ര സീരിയസ് ആവുന്നത്? നമ്മള് ചെറിയ കുട്ടികളല്ലേ.? ഇനിയും ഒരുപാട് സമയം കിടക്കുന്നു,..
മഞ്ജു ഉപദേശിക്കാൻ തുടങ്ങി.
” ഇപ്പോഴത്തെ ഇഷ്ടമൊന്നും അത്ര സീരിയസ് ആയിട്ട് എടുക്കേണ്ട കാര്യം ഒന്നുമില്ല.
” മഞ്ജു, നിന്റെ ഒരു മനസ്സ് അല്ല എനിക്ക്. ഞാൻ നിന്നെ കുറ്റം പറയുന്നതല്ല, നിനക്ക് ചെലപ്പോൾ ഒരേ സമയത്ത് പല ആൾക്കാരോട് ഇഷ്ടം തോന്നിയിരിക്കും. അത് പ്രേമമല്ല, ജസ്റ്റ് ടൈം പാസ്സ്. എനിക്ക് അങ്ങനെയല്ല നീ കരുതുന്നതുപോലെയല്ല, എനിക്കെന്റെ ലൈഫിൽ ഒരാളോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ. ഇനിയങ്ങോട്ട് ലൈഫിൽ മുഴുവൻ എനിക്ക് ആ ആളോട് മാത്രം ഇഷ്ടം തോന്നിയാൽ മതി, വേറെ ആരെയും എനിക്കിഷ്ടപ്പെടേണ്ട. അത്രയ്ക്ക് എനിക്കിഷ്ടമാണ്,
ആൾ എന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പഴാ ഞാൻ ആളെ എത്ര ഇഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയത് തന്നെ. അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ഞാനെന്റെ ചാച്ചൻ മരിച്ചതിനു ശേഷം ഇങ്ങനെ കരഞ്ഞിട്ടില്ല. നിനക്കറിയോ എന്തൊക്കെ ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടായിട്ടുണ്ടെന്ന്, പൈസ ഇല്ലാതെ വന്നിട്ടുണ്ട്, നല്ല വസ്ത്രമില്ലാത്ത വന്നിട്ടുണ്ട്. ഭക്ഷണമില്ലാതെ വന്നിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് കരച്ചിൽ വന്നിട്ടില്ല. പക്ഷേ അന്ന് ആൾക്ക് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ ഹൃദയം പൊട്ടിയാണ് ഞാൻ കരഞ്ഞത്. ആളില്ലാതെ എനിക്ക് പറ്റില്ല. അതിനുമാത്രം എന്ത് ക്വാളിറ്റിയാണ് ഞാൻ ആളിൽ കണ്ടത് എന്ന് പോലും എനിക്കറിയില്ല, ആള് പറഞ്ഞതുപോലെ എനിക്കൊരു മുൻപരിചയം ഇല്ല,അടുത്ത് ഇടപഴകിയിട്ടില്ല, ആൾ എന്താണെന്നറിയില്ല. പക്ഷേ എനിക്കിഷ്ടമാണ്. ആൾക്ക് നല്ലൊരു മനസ്സുണ്ട് അതെനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്. ആദ്യായിട്ട് കണ്ട ദിവസം തൊട്ട് എന്നെ ഉപദേശിച്ച അന്ന് വരെ തോന്നിയിട്ടുണ്ട്.
പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു. മഞ്ജിമ തന്നെയാണ് ആശ്വസിപ്പിച്ചത്.
” നീ ഒന്ന് സമാധാനിക്ക് ഞാൻ അന്ന് പറഞ്ഞില്ലേ നമ്മൾക്ക് റിയ ചേച്ചിയോട് കാര്യം പറയാം.
ചേച്ചിയും ചേട്ടനും തമ്മിൽ നല്ല പരിചയത്തിൽ ആണ്. നമ്മുക്ക് പ്രശ്നം പറയാം..
അനീറ്റ പുതിയ വഴി കണ്ടെത്തി.
” ഒന്നു പറഞ്ഞതിന്റെ കേടു തീർന്നിട്ടില്ല, പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എന്നോട് മിണ്ടിയെങ്കിലും ചെയ്തേനേ, ഇത് ഇപ്പോൾ എന്നെ കണ്ടാൽ ഒന്ന് നോക്കുക പോലും ഇല്ല.
ശ്വേത വേദനയോട് പറഞ്ഞു.
” നീ ഇങ്ങനെ അപ്സെറ്റ് ആവാതെ നമ്മളെല്ലാം മാർഗങ്ങളും നോക്കേണ്ട ബെസ്റ്റ് ഫ്രണ്ട്സ് ആകുമ്പോൾ അവര് തമ്മിൽ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാതിരിക്കുമോ.? ചിലപ്പോ നിന്റെ കാര്യം ഓൾറെഡി റിയ ചേച്ചിക്ക് അറിയാമായിരിക്കും,
മഞ്ജു ആണ് അത് പറഞ്ഞത്.
” അവസാന മാർഗം എന്ന നിലയിൽ ചേച്ചിയോട് പറഞ്ഞോട്ടെ എന്ന് അനീറ്റ ചോദിച്ചപ്പോൾ സമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് ഇന്റർവല്ലിനു തന്നെ അനീറ്റ ക്ലാസിലേക്ക് ചെന്ന് ചേച്ചിയോട് കാര്യം പറഞ്ഞിരുന്നു.
കാര്യം കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത് റിയയ്ക്ക്. തന്നോട് എന്തിനാണ് ഇവർ ഇത് പറയുന്നത് എന്നാണ് അവൾ ആദ്യം ചിന്തിച്ചത്. പിന്നീടാണ് ഓർത്തത് താനും സാമും തമ്മിലുള്ള പ്രണയത്തെ പറ്റി ആർക്കും അറിയില്ല. ഒരാൾ പോലും അത് അറിയാതിരിക്കാൻ താൻ ശ്രദ്ധിച്ചിട്ടുമുണ്ട്. ആർക്കും സംശയം കൊടുക്കുന്ന രീതിയിൽ ഇടപെട്ടിട്ട് പോലുമില്ല. ഒരേ ബസ്സിനുപോലും പോവാത്തത് അതുകൊണ്ടാണ്. തങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് തങ്ങൾക്ക് മാത്രമേ അറിയുള്ളൂ. ഫോണിലൂടെയുള്ള മെസ്സേജും വിളികളും മാത്രമാണ് പരസ്പരം സംസാരിക്കുന്ന മാർഗ്ഗം പോലും. നേരിട്ട് അധികം സംസാരം പോലും ഇല്ല,
” സാം ചേട്ടായി പറയുന്നത് പുള്ളിക്ക് വേറെ ലൈൻ ഉണ്ടെന്ന്. ഞാനത് വിശ്വസിച്ചിട്ടില്ല. ചേച്ചിക്ക് എന്താ തോന്നുന്നത്..?
അനീറ്റ ചോദിച്ചു. റിയയുടെ കണ്ണുകൾ അപ്പോഴും ശ്വേതയുടെ മുഖത്ത് ആയിരുന്നു. കരഞ്ഞു കലങ്ങിയ ശ്വേതയുടെ മുഖം കാണെ പുച്ഛമാണ് റിയയ്ക്ക് തോന്നിയത്. പക്ഷേ അത് ഉള്ളിൽ അടക്കി കഴിയുന്നത്ര നിഷ്കളങ്കതയോടെ അവളുടെ മുഖത്തേക്ക് നോക്കി റിയ പറഞ്ഞു.
‘ അത് സാം ചേട്ടായി വെറുതെ പറഞ്ഞതായിരിക്കും, ആൾക്ക് അഫയർ ഒന്നുമില്ല. ഉണ്ടെങ്കിൽ ഞാൻ അറിയാതിരിക്കുമോ.? എന്നോട് പറഞ്ഞിട്ടുള്ളത് ആണ്. ഇയടെ ഒരു കുട്ടി ഫോൺ വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.
റിയ പറഞ്ഞു..
” സത്യമാണോ ചേച്ചി ചേട്ടായിക്ക് വേറെ ലൈൻ ഒന്നുമില്ലേ..?
ചോദ്യം ചോദിച്ചത് അനീറ്റ ആണ്.
” അതേ മോളെ ഉണ്ടെങ്കിൽ എനിക്കറിയാമല്ലോ,
” എങ്കിൽ പിന്നെ ചേച്ചി ഇത് ഒന്ന് സെറ്റ് ആക്കി കൊടുക്കുമോ.? അവൾക്ക് ദേ അസ്ഥിക്ക് പിടിച്ച പ്രേമമാണ്. ലൈഫിൽ ഇനി വേറെ ആരോടും അവൾക്ക് പ്രേമം തോന്നുന്നില്ലന്നാണ് പറയുന്നത്.
റിയയുടെ മുഖത്തേക്ക് നോക്കി മഞ്ജിമ പറഞ്ഞപ്പോൾ റിയ ശ്വേതയെ ഒന്ന് അടിമുടി ഉഴിഞ്ഞു നോക്കി. വിലകുറഞ്ഞ ചെരിപ്പ് മുതൽ തലയിൽ ഇട്ടിരിക്കുന്ന ഹെയർ ബാൻഡ് വരെ ആകെപ്പാടെ അവൾ ഒന്ന് ഉഴിഞ്ഞു നോക്കി. അന്നന്നത്തെ അന്നത്തിന് വകയില്ലാത്തവളുടെ ഒരു മോഹം, ” പണക്കാരനെ പ്രേമിക്കു ” മനസ്സിലാണ് ഓർത്തത്.
” ഞാന് പറഞ്ഞു നോക്കാം പിന്നെ ഇഷ്ടമൊക്കെ നമുക്ക് ഇ
ങ്ങനെ പറഞ്ഞു വരുത്താൻ പറ്റില്ലല്ലോ, എങ്കിലും ഇവളുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറഞ്ഞു മനസ്സിലാക്കാം
റിയ ഉറപ്പു കൊടുത്തു. പകുതി സമാധാനമായത് പോലെയാണ് മഞ്ജു അനീറ്റയും ദീപയും കൂടി ശ്വേതയെ ക്ലാസിലേക്ക് കൊണ്ടുപോയത് പ്രതീക്ഷയില്ലെങ്കിലും എവിടെയോ ഒരു പ്രതീക്ഷ അവളിലും നിറഞ്ഞ നിന്നിരുന്നു.
അന്ന് വൈകുന്നേരം ഫോൺ വിളിച്ചപ്പോൾ ഏറെ രസകരമായിയാണ് ഇക്കാര്യത്തെക്കുറിച്ച് റിയ അവതരിപ്പിച്ചത്.
” ചേട്ടായി ഇന്ന് ഒരു സംഭവം നടന്നു. ഇന്ന് എന്റെ ക്ലാസിൽ എന്നെ കാണാൻ നാല് പേര് വന്നു.
“ആര്..?
” മറ്റേ ശ്വേതയില്ലെ..? അവളും അവളുടെ ഫ്രണ്ട്സ് കൂടി. അനീറ്റ ഉണ്ടായിരുന്നു. അവള് പറഞ്ഞതായിരിക്കും നമ്മൾ നല്ല കമ്പനി ആണെന്ന്. അവൾക്ക് ഒരു കൂട്ടുകാരിയുണ്ട്. അവളാണ് കാര്യങ്ങൾ സംസാരിച്ചത്.
“എന്താ സംസാരിച്ചത്…?
പെട്ടെന്ന് ഗൗരവത്തിൽ സാം ചോദിച്ചു.
” അതല്ലേ രസം, അവൾക്ക് നിങ്ങളോട് ഭയങ്കര പ്രേമമാണ് എന്ന്. ഇനി ലൈഫിൽ വേറെ ഒരു പ്രേമം ഉണ്ടാകില്ലന്ന്. അവളുടെ കണ്ണൊക്കെ കരഞ്ഞു കലങ്ങി. ചേട്ടായി പറഞ്ഞ കാര്യം കൂട്ടുകാരോട് പറഞ്ഞു കരയായിരുന്നു അവളെന്ന്. അനീറ്റ ആണ് പറഞ്ഞത് നമ്മൾ തമ്മിൽ നല്ല കമ്പനിയാണ് എന്ന്. ഞാൻ പറഞ്ഞാൽ ചേട്ടായി കേൾക്കുമെന്ന്. അതുകൊണ്ട് എന്നെക്കൊണ്ട് പറയിപ്പിക്കാൻ വേണ്ടി വന്നതാ,
ചിരിയോടെ റിയ പറഞ്ഞു..
” ശേ ആ കുട്ടി അത് അത്രയ്ക്ക് സീരിയസ് ആയിട്ടാണോ എടുത്തത്…? എന്നിട്ട് നീ എന്തു പറഞ്ഞു.
സാമിന്റെ വാക്കുകളിൽ നിസ്സഹായതയും വേദനയും ഒക്കെ കലർന്നിരുന്നു.
” ഞാനെന്തു പറയാൻ ഞാൻ പറഞ്ഞു ചേട്ടായിക്ക് പ്രേമം ഒന്നുമില്ല വെറുതെ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതായിരിക്കുമെന്ന്…
നിസാരമായി റിയ പറഞ്ഞു.
” നീ എന്തിനാ അങ്ങനെ പറഞ്ഞത്…? ആശ കൊടുക്കും പോലെ ആവില്ലേ..?
സാമിന് ദേഷ്യം വന്നിരുന്നു.
” പിന്നെ ഞാനെന്താ പറയാ നമ്മൾ തമ്മിൽ പ്രേമമാണെന്നോ..?
” നമ്മൾ തമ്മിൽ പ്രേമമാണെന്ന് പറയേണ്ടല്ലോ, എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് നിനക്കറിയാന്ന് പറഞ്ഞാൽ പോരായിരുന്നോ.? അപ്പോൾ പ്രശ്നം കഴിഞ്ഞേനെ, ഇതിപ്പോൾ ആ കുട്ടി വിചാരിക്കുന്നത് എന്താവും.?
” അവൾ എന്തു വിചാരിച്ചാലും ചേട്ടായിക്ക് എന്നാ. അവളെന്താണെന്ന് വെച്ചാൽ വിചാരിച്ചോട്ടെ, അത് വിഷമുള്ള കാര്യമല്ല.
” അങ്ങനെയല്ല റിയ ഞാൻ ഒരാളുമായി ഇഷ്ടത്തിലാണെന്ന് അറിയുമ്പോൾ ഇനി ഒരു ചാൻസ് ഇല്ല എന്ന് അവൾക്ക് മനസ്സിലാവും. അപ്പോൾ സ്വാഭാവികമായിട്ടും എന്നെ അവൾ മറന്നോളും. ഇതിപ്പോൾ എനിക്കൊരു ഇഷ്ടം ഇല്ലാന്ന് അറിയുമ്പോൾ എന്തായിരിക്കും കരുതുക, എന്തെങ്കിലും ഒരു പ്രതീക്ഷയ്ക്കുള്ള വകുപ്പ് ഉണ്ടെന്നല്ലേ കരുതു,
” അങ്ങനെ അവൾ പ്രതീക്ഷിക്കട്ടെ, അവളുടെ അഹങ്കാരത്തിന് കിട്ടിയതല്ലേ..? കുറച്ചുനാൾ ഇങ്ങനെ പോട്ടെ, ഞാൻ അറിയട്ടെ അവളുടെ മനസ്സിലിരിപ്പ്,
വീറോടെ റിയ പറഞ്ഞു.
” നീ കരുതുന്നതുപോലെ അല്ല, ചെറിയ കുട്ടികളാണ്. ഒരു പെൺകുട്ടിയുടെ ജീവിതമാണ്, അവൾക്ക് വെറുതെ പ്രതീക്ഷ കൊടുക്കരുത്. നീ നാളെത്തന്നെ പറയണം എനിക്ക് വേറെ അഫയർ ഉണ്ടെന്ന്. അത് നിനക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ മതി. നീ ഇനി കള്ളം പറഞ്ഞത് പോലെ ആവണ്ട. എന്നോട് അതിനെപ്പറ്റി സംസാരിച്ചപ്പോഴാണ് ഞാൻ നിന്നോട് പറഞ്ഞതെന്ന് പറഞ്ഞേക്ക്. എനിക്ക് കോളേജിലോ മറ്റോ ആണ് ഉള്ളതെന്നും പറഞ്ഞൊ.?നിന്റെ പേരും വരണ്ട. പക്ഷേ ഇല്ലെന്ന് മാത്രം പറയണ്ട. അത് വീണ്ടും അവൾക്ക് ഒരു പ്രതീക്ഷ കൊടുക്കുന്നതു പോലെ ആയിപ്പോകും.
” കുറച്ചുനാൾ ഞാൻ അവളെ ഒന്ന് പൂച്ചയും എലിയും കളിപ്പിക്കട്ടെ ചേട്ടായി, എന്റെ ഒരു ആഗ്രഹമല്ലേ. എന്റെ ചെക്കനെ ഇഷ്ടമാണെന്ന് പറഞ്ഞ് പുറകെ വന്നതല്ലേ. ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ..?
അവൾ കൊഞ്ചി.
” റിയ നീ ഇതൊരുമാതിരി ശത്രുക്കളോട് പെരുമാറുന്നത് പോലെ ഇടപെടേണ്ട, അതിന്റെ ഒന്നും ആവശ്യമില്ല, അതൊരു പാവം കൊച്ചാ, അതിനെ കൂട്ടുകാർ ആരോ പിരികേറ്റി വിട്ടതാ, അതാ ഇങ്ങനെയൊക്കെ വന്നത്. ഒരുപക്ഷേ അവൾക്ക് പരിചയമുള്ള ഒരു പുരുഷൻ ഞാൻ മാത്രമേ കാണൂ. അതുകൊണ്ടാവും എന്നോട് അങ്ങനെ തോന്നിയത്. അല്ലാതെ അതിന്റെ പേരിൽ നീ ഇനി അതിനെ ഇട്ട് വട്ട് കളിപ്പിക്കേണ്ടതില്ല.ഈ പ്രായത്തിൽ മനസ്സിൽ പതിഞ്ഞു പോകുന്നത് ഒക്കെ പോകാൻ ഒരുപാട് പാടായിരിക്കും. നിന്നോട് ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ. നീയും ആ പ്രായത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയാ. അതുകൊണ്ടാണ് ഞാൻ നിന്റെ ചില കുട്ടികളിയ്ക്ക് ഒക്കെ നിന്നു തരുന്നത്. പക്ഷേ ഇത് അതുപോലെയല്ല, ഇത് നിർത്തിയേക്കണം. കേട്ടല്ലോ..! ഇനി അവരുമായിട്ട് ഒരു കമ്പനിയും വേണ്ട. നാളെ തന്നെ പറഞ്ഞേക്കണം എനിക്കൊരു ഇഷ്ടം ഉണ്ടെന്ന് ഞാൻ നിന്നോട് തീർത്തു പറഞ്ഞുവെന്ന്.. എന്നെ മമ്മി വിളിക്കുന്നുണ്ട്, ഞാൻ പിന്നെ വിളിക്കാം,
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തെങ്കിലും അങ്ങനെ തീർത്തു പറയാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല റിയ
…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…