Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 45

രചന: രഞ്ജു ഉല്ലാസ്

കോട്ടയത്തേക്ക് വണ്ടി ഓടിച്ചു പോകുകയാണ് ഡെന്നിസ്.
ആംബുലൻസിൽ അപ്പച്ചനെ ആദ്യം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്. ഒപ്പം അമ്മച്ചിയും, അപ്പച്ചന്റെ അനിയനും ഉണ്ട്.

എത്രയും പെട്ടന്ന് വേറെ എവിടേക്ക് എങ്കിലും കൊണ്ട് പൊയ്ക്കോളൂ എന്നും പേഷ്യന്റിന്റെ കണ്ടീഷൻ വളരെ അപകടം നിറഞ്ഞതാണെന്നും,  ഡോക്ടർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാം എന്ന് അവൻ തീരുമാനിക്കുക ആയിരുന്നു.

ഡെന്നിസേ, മോനേ,  അപ്പച്ചന് തീരെ വയ്യടാ, ഓടിവാടാ ഇല്ലെങ്കിൽ നമ്മുടെ അപ്പച്ചന് എന്തെങ്കിലും സംഭവിക്കും,

അമ്മച്ചി അലറികരഞ്ഞു കൊണ്ട് വിളിച്ചത് ഓർക്കുമ്പോൾ
ഡെന്നിസിനു ആണെങ്കിൽ കൈ വിറച്ചിട്ട് വണ്ടി ഓടിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു.

കർത്താവെ…. അപ്പച്ചന് അരുതാത്തത് ഒന്നും സംഭവിക്കരുതേ…എത്ര പണം വേണമെങ്കിലും ഞാൻ ചിലവഴിച്ചോളാം,ആയുസ്സും ആരോഗ്യവും കൊടുക്കണേ..
മൂകമായി അവൻ പ്രാർത്ഥിച്ചു..

രണ്ടു മണിക്കൂറിനുള്ളിൽ ,അവൻ കോട്ടയത്തു എത്തി, ചേർന്നു. അതിനുമുന്നെ ആംബുലൻസിൽ അപ്പച്ചനെ അവിടെ എത്തിച്ചിരുന്നു.

തന്റെ വണ്ടി കൊണ്ട് ചെന്ന് പാർക്കിങ്ങിലേക്ക് ഒതുക്കി നിർത്തിയ ശേഷം ടെന്നീസ് കാഷ്വാലിറ്റിയുടെ മുന്നിലേക്ക് ഓടിച്ചെന്നു.

എന്റെ കർത്താവേ… നീ എന്നെ ചതിച്ചു അല്ലേ…
അമ്മച്ചിയുടെ ഉറക്കമുള്ള നിലവിളി കേട്ടതും അവന്റെ വയറ്റിന്റെ ഉള്ളിൽ ഒരു ആന്തൽ ആയിരുന്നു.

പാഞ്ഞു ചെന്നപ്പോൾ കണ്ടു കുഴഞ്ഞുവീഴാൻ തുടങ്ങുന്ന അമ്മച്ചിയെ.

അരികിലായി ജോണി പാപ്പനെ  അവൻ ഒന്ന് നോക്കി.
അപ്പോഴേക്കും ആ മുഖം കുനിഞ്ഞു പോയിരുന്നു..

അമ്മച്ചിയെ രണ്ടുമൂന്ന് നേഴ്സുമാർ ചേർന്ന് താങ്ങിപ്പിടിച്ച് ഉള്ളിലേക്ക് കയറ്റിക്കൊണ്ടുപോയി.

അപ്പോഴേക്കും ഒരു ഡോക്ടർ ഇറങ്ങിവന്ന്, ടെന്നീസിനെ വിളിച്ചു.

” ഇപ്പോൾ കൊണ്ടുവന്ന പേഷ്യന്റിന്റെ കൂടെയുള്ള ആളല്ലേ”

” അതേ ഡോക്ടർ,മകനാണ്”

“ഓക്കേ,  അദ്ദേഹം എന്തെങ്കിലും ട്രീറ്റ്മെന്റഇൽ ആയിരുന്നൊ അതോ “?

“ഇല്ല ഡോക്ടർ,  അങ്ങനെ കാര്യമായിട്ടുള്ള അസുഖങ്ങളൊന്നും അപ്പച്ചന് ഇല്ലായിരുന്നു”

“ഹ്മ്മ്
.. ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ നെഞ്ചുവേദന വരാൻ, ഇന്നോ ഇന്നലെയോ മറ്റോ ആയിട്ട് എങ്ങാനും എന്തെങ്കിലും ഷോക്കിoഗ് ന്യൂസ് അദ്ദേഹത്തെ അലട്ടിയിരുന്നൊ “?

ഡോക്ടർ വീണ്ടും ചോദിച്ചതും ടെന്നീസ് മനസ്സിൽ ഒരു കൊളുത്തി വലിക്കൽ ഉണ്ടായി.

” അറിയില്ല ഡോക്ടർ, പിന്നെ കുറച്ച് പേർസണൽ ഇഷ്യൂസ്,  അത് അപ്പച്ചൻ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്കറിഞ്ഞുകൂടാ”

“ഹ്മ്മ്….. അദ്ദേഹത്തിന് എന്തൊക്കെയോ വലിയ വിഷമങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു, ഒരു പക്ഷേ അതിന്റെ ആഫ്റ്റർ എഫക്ട് ആവാം ഇപ്പോൾ ഈ ഹാർട്ട്‌ അറ്റാക്ക് വന്നത്,ഇവിടെ കൊണ്ടുവന്നപ്പോൾ തന്നെ ഹാർട്ട് ബീറ്റ് ഒക്കെ കുറയാൻ തുടങ്ങിയിരുന്നു, ബോഡി വല്ലാണ്ട് വീക്കായി തുടങ്ങി, ഇത്ര ദൂരം യാത്ര ചെയ്തു കൂടി വന്നതല്ലേ, പരമാവധി ഞങ്ങൾ നോക്കി കേട്ടോ, ”

എല്ലാം കേട്ടുകൊണ്ട് ടെന്നീസ് വെറുതെ തലകുലുക്കി.

” ഒരു മണിക്കൂറിനുള്ളിൽ, നടപടികൾ ഒക്കെ പൂർത്തിയായ ശേഷം,  ബോഡി കൊണ്ടുപോകാം”

“ഹ്മ്മ് ”

ഒന്ന് മൂളിയ ശേഷം അവൻ ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങിപ്പോന്നു.

ജോണി പാപ്പൻ പുറത്ത് ഉണ്ടായിരുന്നു,ആരെയൊക്കെയോ ഫോൺ വിളിച്ച് കാര്യങ്ങൾ പറയുന്നുണ്ട്.

ടെന്നീസിൽ ആണെങ്കിൽ തല വെട്ടി പൊളക്കുന്ന തലവേദനയാണ് അപ്പോൾ മുതൽ അനുഭവപ്പെട്ടത്.

വെറുതെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ആ ആശുപത്രി വരാന്തയുടെ ഒരു കോണിൽ ഇരിക്കുകയാണ്.

ആരെയും വിളിക്കുവാനോ പറയുവാനോ ഒന്നും അവൻ മെനക്കെട്ടില്ല.

ശരീരം വല്ലാതെ ക്ഷീണിച്ചത് കൊണ്ട് അമ്മച്ചിക്ക് ഫ്ലൂയിഡ് ഇടുകയായിരുന്നു.

അത് തീർന്നശേഷം, മടങ്ങിപ്പോക്കോളാൻ ആണ് ഡോക്ടർ അറിയിച്ചത്.

കണ്ണുനീർ വാർത്തുകൊണ്ട് ചെരിഞ്ഞു കിടക്കുകയായിരുന്നു അമ്മച്ചി.

ഒന്ന് കയറിച്ചെല്ലണമെന്നും ആശ്വസിപ്പിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടെങ്കിൽ പോലും,അവൻ അവിടേക്ക് പോയില്ല.
ഇപ്പോൾ അപ്പന്റെ ജീവൻ എടുത്തവൻ എന്ന, ലേബൽ ആണ് തനിക്കുള്ളത്.അമ്മച്ചിക്കും പെങ്ങൾക്കും ഇനി ഏറ്റവും കൂടുതൽ ശത്രുത വരുന്നത് തന്നോടാണെന്നും,ഡെന്നിസിന് വ്യക്തമായിരുന്നു.

അപ്പന്റെയും അമ്മച്ചിയുടെയും വകയിലുള്ള കുറച്ച് ബന്ധുമിത്രാദികൾ ഒക്കെ കോട്ടയത്ത് ഉണ്ടായിരുന്നു.
ജോണി പാപ്പൻ വിളിച്ചു പറഞ്ഞതിൻ പ്രകാരം, മിക്കവരും ഹോസ്പിറ്റലിലേക്ക് എത്തിച്ചേർന്നു.

പെട്ടെന്ന് ഇപ്പോൾ എന്താ പറ്റിയത്,പേരപ്പനു യാതൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ,,
വന്നവരിൽ കൂടുതൽ പേരും ചോദിച്ചത് ആ ഒരു ചോദ്യം ആയിരുന്നു.

ടെന്നീസ് ആരോടും മറുപടിയൊന്നും പറയുവാൻ തുനിഞ്ഞില്ല.

കാരണം അവൻ വിവാഹം കഴിച്ചു എന്നുള്ളത് എല്ലാവരും അറിഞ്ഞു വരുന്നതേയുള്ളൂ.

എന്നാൽ ജോണി പാപ്പൻ, തിക്കും പോക്കും നോക്കിയിട്ട്, പലരോടും കാര്യങ്ങളൊക്കെ അവതരിപ്പിക്കുന്നുണ്ട്.
എല്ലാം കേട്ടുകൊണ്ട്. താടിക്ക് കയ്യും കൊടുത്തു അവരൊക്കെ ഒരു പ്രത്യേകതരം മനോഭാവത്തോടെ ടെന്നീസിനെ നോക്കി.

അറിയാതെയാണെങ്കിൽ പോലും അവന്റെ മുഖം കുനിഞ്ഞിരുന്നു.

അപ്പോഴേക്കും കേട്ടു അമ്മച്ചിയുടെ നിലവിളി.

ഡെന്നിസ് അവരുടെ അടുത്തേക്ക് ചെന്നു, താങ്ങിപ്പിടിക്കാൻ തുടങ്ങിയതും, ആ കൈകൾ അവനെ തള്ളി മാറ്റി. എന്നിട്ട് അത്യധികം ദേഷ്യത്തോടെ ടെന്നീസിനെ നോക്കി,,

തൊട്ടുപോകരുത് എന്നെ, സ്വന്തം തന്തയെ കൊലയ്ക്ക് കൊടുത്തവൻ അല്ലേടാ നീയ്..

കരച്ചിലിനിടയിലും കടുപ്പത്തിൽ പറഞ്ഞുകൊണ്ട് അവർ പുറത്തേക്കിറങ്ങിപ്പോയി.

ഒന്ന് രണ്ട് പേർ ചേർന്ന് സ്ട്രക്ച്ചറിൽ അപ്പച്ചന്റെ ബോഡി കൊണ്ടുവരുന്നുണ്ടായിരുന്നു, ആംബുലൻസിൽ കയറ്റാൻ വേണ്ടി.

അത് കണ്ടതും ടെന്നീസിന്റെ മിഴികൾ ഈറൻ അണിഞ്ഞു.

താന്… താൻ ഒറ്റ ഒരാൾ കാരണമാണ് ഇന്ന് തന്റെ അപ്പച്ചൻ ഈ ലോകം വിട്ടുപോയത്.

കുറ്റബോധം അവനെ വീർപ്പ് മുട്ടിച്ചു കൊണ്ടേയിരുന്നു…

തിരികെ വണ്ടിയോടിച്ചു പോരുമ്പോൾ അവന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു.

അപ്പന്റെ മരണത്തിന് ഒരേയൊരു ഉത്തരവാദി മാത്രമേയുള്ളൂ,
ആളുകൾ ഒക്കെ ചൂണ്ടിക്കാണിക്കുന്നത് തന്നെ മാത്രമായിരിക്കും..

ആകെ കൂടി അവന്റെ തല വല്ലാണ്ട് പെരുത്ത് വന്നു.

ഒരുതരത്തിലായിരുന്നു അവൻ വീട് എത്തിയത്. വർഷങ്ങൾക്കുശേഷം ആ മുറ്റത്ത് കാലുകുത്തുമ്പോൾ ടെന്നീസിന്റെ ശരീരം ആകെ വിറച്ചു.

ജോണി പാപ്പൻ പറഞ്ഞതിൻ പ്രകാരം പന്തല്ഒക്കെ ഇട്ടിട്ടുണ്ട്.

അപ്പോഴേക്കും പള്ളിയിൽ നിന്നുള്ളവരും മറ്റും എത്തി.

വൈകാതെ തന്നെ കാട്ടുതീ പോലെ ആ വാർത്ത നാടാകെ പരന്നു, കുരിശിങ്കിലെ മാത്തച്ചൻ ചേട്ടൻ മരിച്ചുപോയി, മകൻ ഒരു ഹിന്ദു പെണ്ണിനെ കല്യാണം കഴിച്ചതിൽ, മനം നൊന്ത് ഹാർട്ടറ്റാക്ക് വന്നായിരുന്നു ആള് മരിച്ചത്.

വരുന്നവരിൽ ഏറെ പേരും പുച്ഛഭാവത്തിലാണ് ഡെന്നിസിനെ നോക്കുന്നത്.

എന്നാൽ നേരെ നോക്കി ആരും ഒന്നും അവനോട് പറയുകയുമില്ല, കാരണം എല്ലാവർക്കും അവനെ ഭയമാണ്.

ഡെന്നിസേ..

ഒരു വിളിയൊച്ച  കേട്ടതും അവൻ മുഖം തിരിച്ചു നോക്കി..

വികാരിയച്ചൻ ആയിരുന്നു അത്.

” എന്നത്തേക്ക് ആണ് അടക്കൊക്കെ  തീരുമാനിക്കേണ്ടത്, നിങ്ങൾക്ക് ആളുകളൊക്കെ ഇല്ലേ വരാന്”

“ഹ്മ്മ്…  പറയാം അച്ചോ,  പെങ്ങളും അളിയനും കൂടി ഒന്നു വരട്ടെ”

“ആഹ് ശരി, വിളിച്ചാൽ മതി കെട്ടോ ”

“മ്മ്….” അവനൊന്ന് നീട്ടി മൂളി.

അകത്തെ മുറിയിൽ ഇരുന്ന് അമ്മച്ചി പതം പെറുക്കി ഉറക്ക കരയുന്നുണ്ട്..

കുറച്ചു കഴിഞ്ഞപ്പോഴേക്കും പെങ്ങളും അളിയനും ഒക്കെ എത്തിച്ചേർന്നു.

അവളെ കണ്ടതും അമ്മച്ചിയുടെ നിലവിളി ഉച്ചത്തിൽ ആയി.

പിന്നീട് അതൊരു കൂട്ട കരച്ചിലായി ഉയർന്നു.

***

ഡെന്നിസിനെ വിളിക്കാനായി പലതവണ ഫോൺ എടുത്തതായിരുന്നു ആമി.

പക്ഷേ ഹോസ്പിറ്റലിൽ അവൻ തിരക്കിലായിരിക്കും എന്ന് കരുതി അവൾ ആ ഉദ്യമം ഉപേക്ഷിച്ചു.

എന്നിട്ട് വാട്സാപ്പിൽ മെസ്സേജ് അയക്കുകയാണ് ചെയ്തത്.

അത് ഇതേവരെ ആയിട്ടും ടെന്നീസ് ഓപ്പൺ ചെയ്തു പോലും നോക്കിയിട്ടില്ല.

അങ്ങനെ ഇരുന്നപ്പോഴായിരുന്നു അവളുടെ ഫോൺ റിങ്ങ് ചെയ്തത്.

ഓടിച്ചെന്ന് നോക്കിയപ്പോൾ മിന്നു ആണ്.

മിക്കവാറും ഇച്ചായന്റെ, അപ്പച്ചന്റെ വിവരം എങ്ങനെയെങ്കിലും അറിഞ്ഞിട്ട് വിളിക്കുന്നതാവും എന്നാണ് ആമി കരുതിയത്..

അവൾ ഫോൺ എടുത്തു കാതിലേക്കു ചേർത്തു..

മിന്നുവായിരുന്നു ആ മരണവാർത്ത ആമിയെ അറിയിച്ചത്.

പെട്ടെന്നത് കേട്ടതും കിടുങ്ങി വിറച്ചു പോയിരുന്നു അവളെ.

തലചുറ്റും പോലെ തോന്നിയതും ആമി പെട്ടെന്ന് ബെഡ്ഡിലേക്കിരുന്നു.

രണ്ടു മിനിറ്റ് പോലും മിന്നു സംസാരിച്ചിരുന്നില്ല, അവൾ ആകെ തിരക്കിലായിരുന്നു.
അതുകൊണ്ട് പെട്ടെന്ന് തന്നെ ഫോൺ വയ്ക്കുകയും ചെയ്തു.

എന്ത് ചെയ്യണമെന്നറിയാതെ ആമി ഇരുന്ന് കരഞ്ഞു.

ഇച്ചായന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്നുള്ളത് അവൾക്ക് ഊഹിക്കാൻ പറ്റുമായിരുന്നു,അത് ഓർത്തപ്പോൾ പിന്നെയും അവൾക്ക് നെഞ്ചുപൊട്ടി.

എന്തൊരു വല്ലാത്ത വിധിയാണ് എന്റെ ഭഗവാനെ, ആരോടും ഒരു തെറ്റുപോലും ഇന്ന് ഈ നിമിഷം വരെ ചെയ്യാത്ത എന്നെ എന്തിനാണ് നീ ഇങ്ങനെ പരീക്ഷിക്കുന്നത്., അതിനുമാത്രം, പാപിയാണോ ഈ ആമി.
അവൾ ഇരുന്നു വിതുമ്പി

ഇനി എങ്ങനെ ഇച്ചായന്റെ മുഖത്ത് നോക്കും,ഈ മരണത്തിന് കാരണക്കാരി താൻ ഒറ്റ ഒരാളാണ്, ഇച്ചായൻ തന്നെ വിവാഹം കഴിച്ചത് കൊണ്ട് മാത്രമല്ലേ, ഇപ്പോൾ അപ്പച്ഛന് ഈ ഗതി വന്നത്, ഒന്നും വേണ്ടിയിരുന്നില്ല, ഏത് നിമിഷമാണോ ഇവിടേക്ക് വരാൻ തോന്നിയത് പോലും,

പലവിധം ചിന്തകളിൽ അവളുടെ മനം തേങ്ങി.

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button