കാഫിർ സ്‌ക്രീൻ ഷോട്ട്: മോദിയുടെ പ്രസംഗവും പിണറായിയുടെ പ്രവർത്തിയും ഒരുപോലെ: കെ മുരളീധരൻ
കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മോദിയുടെ പ്രസംഗവും പിണറായി വിജയന്റെ പ്രവർത്തിയും ഒരുപോലെയെന്നും ഇതിന്റെ ഭാഗമായാണ് സ്‌ക്രീൻഷോട്ട് പ്രചരിച്ചതെന്നും മുരളീധരൻ പറഞ്ഞു. സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് വടകര എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയായ സ്‌ക്രീൻഷോട്ട് വിവാദത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് ആവർത്തിക്കുകയാണ് കെ മുരളീധരൻ. പ്രതികളായ സിപിഎം , ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
അതേസമയം കാഫിർ സ്‌ക്രീൻഷോട്ട് പോസ്റ്റ് പങ്കുവെച്ച ‘അമ്പാടിമുക്ക് സഖാക്കൾ’ പേജിന്റെ അഡ്മിനും ഡിവൈഎഫ്‌ഐ നേതാവെന്ന് കണ്ടെത്തി. പി ജയരാജന്റെ വിശ്വസ്തനായ മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. പോസ്റ്റ് പങ്കുവച്ചത് മനീഷാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്.