കേസെടുത്തത് സംസ്‌കാരം കഴിഞ്ഞ് 3 മണിക്കൂറിന് ശേഷം; പോലീസ് എന്തെടുക്കുകയായിരുന്നു: സുപ്രിം കോടതി
കൊൽക്കത്തയിൽ യുവ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പശ്ചിമ ബംഗാൾ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി. കൊലപാതകമാണെന്ന് വ്യക്തമായിട്ടും ആശുപത്രി അധികൃതരും പോലീസും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി ദേശീയ പ്രോട്ടോക്കോൾ വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു. യുവതിയുടെ മൃതദേഹം സംസ്‌കാരത്തിന് കൈമാറി മൂന്ന് മണിക്കൂറും കഴിഞ്ഞാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും പോലീസും അതുവരെ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു
ഗുരുതരമായൊരു കുറ്റകൃത്യമാണ് നടന്നത്. സംഭവം നടക്കുന്നത് ആശുപത്രിയിലും. ഈ സമയത്ത് ഇവരെല്ലാം എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. ക്രിമിനലുകളെ ആശുപത്രിയിൽ കടക്കാൻ അധികൃതർ അനുവദിച്ചില്ലേ. കൊലപാതകമാണ് നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ രാത്രി 11.45നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്
്അതുവരെ ആശുപത്രി അധികൃതർ എന്തെടുക്കുകയായിരുന്നു. അസ്വാഭാവിക മരണം രജിസ്റ്റർ ചെയ്തതിനെ എഫ്‌ഐആർ എന്ന് അവകാശപ്പെടാനാകില്ല. ഇതുവരെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട സ്ഥിതി വിവരണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.