Kerala

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പിണറായി സർക്കാർ പരാജയമാണെന്ന് തെളിയിച്ചു: കെ സുധാകരൻ

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ആ റിപ്പോർട്ട് ഇത്രയും വർഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് തെളിയിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ പരാതി ലഭിച്ചാൽ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത സിപിഎമ്മിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം. വേട്ടാക്കാരെ സംരക്ഷിക്കുന്ന സമീപനം സർക്കാർ തിരുത്തണം. സ്ത്രീകൾക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റിപ്പോർട്ട് കൈയ്യിൽ കിട്ടിയയുടനെ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത്. പിണറായി സർക്കാർ അതിന് തയ്യാറാകാതെ ഇരുന്നതിലൂടെ അവരുടെ ആത്മാർത്ഥതയില്ലായ്മ പ്രകടമാണെന്നും സുധാകരൻ പറഞ്ഞു

 

Related Articles

Back to top button