Novel

ഏയ്ഞ്ചൽ: ഭാഗം 3

രചന: സന്തോഷ് അപ്പുകുട്ടൻ

” മേലാകെ ചെളിയും, വെള്ളവുമാണ് അച്ഛാ… ഞാനൊന്നു പോയി തോട്ടിൽ മുങ്ങിയിട്ടു വരാം…. ”

വീടിൻ്റെ മുറ്റത്തേക്ക് എത്തിയതും, അവൻ അകത്തേക്ക് നോക്കി പറഞ്ഞപ്പോൾ അകത്ത് നിന്ന് ആദ്യമൊരു ചുമയാണ് പുറത്തുവന്നത്.

” ൻ്റെ മോൻ പോയി വേം കുളിച്ചിട്ടു വാ…. ഈ സമയം വരെ അച്ഛനെ തീ തീറ്റിച്ചല്ലോടാ നീ….. ”

ചുമയ്ക്കൊപ്പം വന്ന കിതപ്പോടെയുള്ള പതറിയ ശബ്ദം കേട്ട അവൻ പുഞ്ചിരിച്ചു.

” അച്ഛനിങ്ങനെ പേടിച്ചാലോ? ഒന്നുമില്ലായെങ്കിലും ഞാൻ അച്ഛൻ്റെ മോനല്ലേ?”

“അതാ എൻ്റെ പേടി…. ”

അച്ഛൻ്റെ സ്വരമുയർന്നതും അശ്വതി അവൻ്റെ ദേഹത്ത് കൃത്യമ ദേഷ്യത്തോടെ കുത്തി.

” അച്ഛൻ പറഞ്ഞത് കേട്ടല്ലോ?ഇനി എൻ്റെ പൊന്നാങ്ങള പോയി വേഗം കുളിച്ചിട്ടു വാ… അപ്പോഴേക്കും ഞാൻ ചൂടുള്ള കഞ്ഞിയെടുത്ത് വെക്കാം ”

അതും പറഞ്ഞ് അവൾ അകത്തേക്കു പോയപ്പോൾ, തെക്കേമുറ്റത്തെ അമ്മയുടെ ക്യഴിമാടത്തിലേക്ക് ഒന്നു നോക്കി കണ്ണു നനച്ചു കൊണ്ട് അവൻ തോട് ലക്ഷ്യമാക്കി നടന്നു….

നനുത്ത വെള്ളത്തിൽ മുങ്ങി നിവരുമ്പോഴും അവൻ്റെ മനസ്സിൽ സ്വന്തം വീടിൻ്റെ ദാരിദ്ര്യത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു…..

ഹോം ഗാർഡിൻ്റെ ഡ്യൂട്ടി ചെയ്തിട്ടും, ഒഴിവുള്ള സമയത്ത് കടലിൽ പോയിട്ടും ദാരിദ്ര്യം മാത്രം പുറത്ത് പോകാതെ വീട്ടിനുള്ളിൽ തമ്പടിച്ചിരിക്കുന്നു….

ഇതിൽ നിന്ന് ഒരു മോചനമാർഗം എന്തെന്ന് ചിന്തിച്ചിട്ട്
ഒരെത്തും പിടിയും ഇല്ലായെന്ന് കണ്ട അവൻ തോട്ടിലെ വെള്ളത്തിൽ മുങ്ങി നിവർന്നു……

കുളിയും കഴിഞ്ഞ് മടങ്ങുമ്പോഴാണ്, എതിരെ നിന്ന് ഷാഹിന വരുന്നത് അവൻ കണ്ടത്….

കടന്നലുകുത്തിയതുപോലെയുള്ള ആ മുഖം കണ്ടപ്പോഴേ ആൾ കലിപ്പിലാണെന്ന് അവന് മനസ്സിലായി….

” ഞാൻ വീട്ടിലേക്ക് പോയിരുന്നു… അപ്പഴാ അറിഞ്ഞത് ങ്ങള് നീരാട്ടിനിറങ്ങി പോയെന്ന്… ”

അവളുടെ ദേഷ്യത്തിലുള്ള സംസാരം കേട്ട് അവൻ പതിയെ പുഞ്ചിരിച്ചു.

” ങ്ങള് ചിരിച്ചോ… ഈ നേരം വരെ-ഇവിടുള്ളോര് തീ തിന്നായിരുന്നു…. ഇത്രയ്ക്കും അഹമ്മതി പാടില്ല മനുഷ്യന് ”

കാറ്റത്ത് തത്തികളിക്കുന്ന തട്ടം നേരെയിട്ട് കൊണ്ട് അവൾ ചുണ്ടുകൂർപ്പിച്ചു അവനെ നോക്കി….

” കടലിൽ വെച്ച് നിൻ്റെ ഇക്കാടെ ചീത്ത വിളി… ദാ ഇവിടെ വന്നപ്പോ നിൻ്റെ കണ്ണുരുട്ടൽ….. മഴ വരും മുൻപെ വീട്ടിലേക്കു വാ പെണ്ണേ ”

ആദി ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നതും, അവൾ ഒരു കെറുവോടെ പിന്നാലെ കൂടി….

” അതു പോട്ടെ നീ നിൻ്റെ പുയ്യാപ്ലേടെ ഫോട്ടോ കാണിച്ചു തരാമെന്നു പറഞ്ഞിട്ട് ഇതുവരെ കാണിച്ചില്ലല്ലോ?”

ആദി തിരിഞ്ഞു നോക്കി പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ലജ്ജയൂറി…

” ൻ്റെ ദൈവേ…
ഷാഹികുട്ടിക്ക് നാണമോ? ഇന്ന് കാക്ക മലർന്നു പറക്കും..”

” കാക്കക്ക് തോന്നുമ്പം മലർന്നു പറന്നോട്ടെ…. അതു പോട്ടെ ഇന്ദുവിനെ ഇപ്പോഴും ആദിയേട്ടൻ കാണാറുണ്ടോ… അവളെ ഞാൻ ഇന്നു ടൗണിൽ വെച്ചു
കണ്ടിരുന്നു?”

“നീ ആ പിശാചിൻ്റെ കാര്യം പറഞ്ഞ് വിഷയം മാറ്റണ്ട… നിൻ്റെ ചെക്കൻ്റ ഫോട്ടോ എനിക്കു കാണിച്ചു തരുമോയെന്നാ ചോദിച്ചത്?….

അതും പറഞ്ഞ് ആദി ധൃതിയിൽ നടന്നപ്പോൾ, ഷാഹിന അവനു പിന്നാലെ പതിയെ ഓടി.

” ഇങ്ങിനെ പിണങ്ങി പോയാലോ ആദിയേട്ടാ… ഈ ഫോട്ടോ കാണിച്ചു തരാൻ വേണ്ടി എത്ര നേരമായെന്നോ ഞാൻ കാത്തിരിക്കുന്നത് ”

അവൾ കൈപ്പത്തിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന ഫോട്ടോ എടുത്ത് അവനു നേരെ ലജ്ജയോടെ നീട്ടി.

” ആള് കൊള്ളാമല്ലോ? എൻ്റെ ഷാഹികുട്ടിക്ക് പറ്റിയ മൊഞ്ചനാ…. ഷാർജയിലല്ലേ ആൾ?”

ഫോട്ടോയിലേക്ക് നോക്കിയതിനു ശേഷം ഷാഹിനയെ നോക്കി ചോദിച്ചപ്പോൾ അവൾ പതിയെ തലയിളക്കി…

നാണം കൊണ്ട് ചുവന്ന ആ മുഖത്തേക്ക് ആദി വാത്സല്യത്തോടെ നോക്കി…..

കാലം എത്ര പെട്ടെന്നാണ് മനുഷ്യരിൽ മാറ്റം വരുത്തുന്നതും, പല പല ദേശങ്ങളിലേക്കായി മാറ്റി നിർത്തുന്നതും ….

അച്ചുവും,ഷാഹിയും കൈവിരലിൽ തൂങ്ങി, സ്കൂളിലേക്ക് നടന്നു വന്നിരുന്നത് ഇന്നലെ പോലെ തോന്നുന്നു….

“എനിക്ക് ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല ആദിയേട്ടാ… ഈ കടലിൻ്റെ ഒച്ചയും, നമ്മുടെ ഈ തീരത്തെ സ്നേഹവും വിട്ട് മറ്റൊരിടത്തേക്ക്…”

പാതിയിൽ നിർത്തി അവൾ തട്ടത്തിൻ തുമ്പു കൊണ്ട് കണ്ണു തുടച്ചു.

“ജീവിതംന്ന് വെച്ചാൽ അങ്ങിനെയാണ് മോളെ… കെട്ടികഴിഞ്ഞ് നീ ഭർത്താവിൻ്റെ കുടുംബത്തിലെത്തുമ്പോൾ ഇതൊക്കെ പതിയെ മറന്നോളും…. പിന്നെ കുട്ടികളായ്…. പേരകുട്ടികളായ്… ഒന്നിനും ഒരു സമയവും കിട്ടാതെ, എന്തിന് പറയുന്നു, ഈ കടപ്പുറം പോലും നീ മറന്നു പോകും”

എന്തു പറഞ്ഞിട്ടും
അവളുടെ മുഖത്ത് തെളിച്ചം വരുന്നില്ലായെന്ന് കണ്ട ആദിക്ക് വിഷമമായി.

“കല്യാണം കഴിഞ്ഞാൽ കെട്ട്യോനോട് പറഞ്ഞ് ഒരു വിസ ഈ ആദിയേട്ടന് വാങ്ങി തരണം… ഗൾഫുകാരനായി തീർന്നാൽ പിന്നെ ഇട്ടേച്ചു പോയ ഇന്ദു തിരിച്ചു വന്നാലോ?”

അവളുടെ വിഷമം മാറ്റാൻ വേണ്ടി ആദി സംസാരം മാറ്റിയപ്പോൾ ഷാഹിന ക്രുദ്ധനായി അവനെ നോക്കി.

“വിസയൊക്കെ ഞാൻ വാങ്ങിച്ചു തരാം… പക്ഷേ ആദിയേട്ടൻ്റെ ജീവിതത്തിൽ ഓളിനി വേണ്ട…. നന്ദിയില്ലാത്തോള്….”

ദേഷ്യത്തോടെ വാക്കുകൾ ചവച്ചുതുപ്പുന്ന അവളെ ആദി പുഞ്ചിരിയോടെ നോക്കി.

“ഓളേ ഞാൻ ടൗണിൽ വെച്ചു കണ്ടപ്പ പറയാണ് ഓൾടെ കല്യാണം ഉറപ്പിച്ചൂന്ന്… ഗൾഫുകാരനാണെത്രെ ”

ഷാഹിനയുടെ സംസാരം കേട്ടപ്പോൾ ആദിയുടെ കണ്ണിൽ നനവൂറി.

ഒരിക്കലും ഓർക്കരുതെന്ന് കരുതിയ ഓർമ്മകൾ അവൻ്റെ മനസ്സിലേക്ക് ഇരച്ചുകയറി.

പത്താം ക്ലാസു മുതലുള്ള ആത്മാർത്ഥ പ്രണയം അവസാനിച്ചത് ഡിഗ്രി മുഴുവിക്കാതെ, ഈ കടലിലെ ജോലിക്ക് ഇറങ്ങിയപ്പോഴാണ്….

ഒരു മത്സ്യതൊഴിലാളിയെ വേണ്ടെന്ന്, ഒരു സങ്കോചവുമില്ലാതെ മുഖത്തു നോക്കി പറഞ്ഞപ്പോൾ, ഇത്രയും വർഷത്തെ പ്രണയം എത്ര പെട്ടെന്നാണ് അവൾ മനസ്സിൽ നിന്നു മായ്ചു കളഞ്ഞതെന്ന് അത്ഭുതപ്പെടുകയായിരുന്നു അവൻ….

ഇതാണോ പെണ്ണ്? ഇങ്ങിനെയാണോ പെണ്ണിൻ്റെ സ്നേഹം?

കടൽതിരകൾ പോലെ ആ ചോദ്യം അവൻ്റെ മനസ്സിലേക്കിരച്ചു കയറി…

“ആദിയേട്ടന് തുടർന്നു പഠിച്ചൂടെ? നന്നായി പഠിച്ചിരുന്നതല്ലേ?”

ഓർമ്മകളിലേക്ക് ഷാഹിനയുടെ ചോദ്യമെത്തിയപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു
വരണ്ട ചിരിയുതിർന്നു .

” എല്ലാ ക്ലാസിലും ഫസ്റ്റ് ആയിരുന്നു ആദിയേട്ടനെന്ന് ഇക്ക എപ്പോഴും വീട്ടിൽ പറയും… നിങ്ങൾ ഒന്നിച്ചു പഠിച്ചിരുന്ന കാലത്തെ കാര്യങ്ങളൊക്കെ ഇപ്പോഴും ഇക്ക പറയുമ്പോൾ ആ കണ്ണ് നനയും”

“പഠിച്ചെന്നു വിചാരിച്ചിട്ട് ഒരു കാര്യവുമില്ല മോളേ… അതിനുള്ള ഫലം കിട്ടാൻ ഒരു യോഗം വേണം… തലവര നന്നാകണം…എനിക്ക് അതില്ലാതെ പോയി ”

പതറിയ വാക്കുകളിൽ നിർത്തി ആദി പതിയെ മുന്നോട്ടു നടക്കുമ്പോൾ പിന്നെയൊന്നും ചോദിക്കാൻ കഴിയാത്ത വീർപ്പുമുട്ടലിൽ അവളും മൗനത്തെ കൂട്ടുപിടിച്ചു.

വീടിൻ്റെ മുൻവശത്ത് നിൽക്കുന്ന രാമേട്ടനെയും, നബീസുമ്മയെയും, ബഷീറിനെയും ദൂരേ നിന്നേ ആദി കണ്ടു.

“ഈ വാൽ നിൻ്റെ ഒപ്പം ഉണ്ടായിരുന്നോ?”

നബീസുമ്മയുടെ ചോദ്യം കേട്ടതോടെ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ഷാഹിന അടുക്കളയിൽ ചായയുണ്ടാക്കുന്ന അശ്വതിയുടെ അരികിലേക്കായി പോയി.

“കുറേ നേരമായി നിന്നെ കാത്തിരിക്കായിരുന്നു ഓള് .ചെക്കൻ്റെ ഫോട്ടോ കാണിച്ചു തരാൻ വേണ്ടി ”

നബീസുമ്മ പറഞ്ഞപ്പോൾ ആദി പുഞ്ചിരിയോടെ തലയാട്ടി.

” ഫോട്ടോ കാണിച്ചു തന്നു… നല്ല ചെക്കനാ.. സുന്ദരിയായ നമ്മുടെ ഷാഹികുട്ടിക്ക് പറ്റിയ ചെക്കൻ തന്നെ ”

“ഇനി അവളെ ഇറക്കിവിടാനുള്ള പങ്ക പാടായി ൻ്റ മോന് ”

അരമതിലിലിരിക്കുന്ന ബഷീറിനെ തഴുകി നബീസുമ്മ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

“എല്ലാം ശരിയാകും ഉമ്മാ.. ഒരു ബുദ്ധിമുട്ടുമില്ലാതെ അതൊക്കെ നടക്കും. അവളുടെ മനസ്സ് അത്രയും നല്ലതാ-… ”

ആദിയുടെ ആശ്വസിപ്പിക്കലിൽ അവർ പതിയെ തലയാട്ടി.

അവർക്കിടയിലേക്ക് അശ്വതിയും, ഷാഹിനയും കട്ടൻചായയുമായി വന്നു.

“ശങ്കരേട്ടന് കൊടുത്തോ മോളെ ചായ? ”

നബീസുമ്മ ചോദിച്ചപ്പോൾ അശ്വതി തലയിളക്കി കൊണ്ട് ബഷീറിനെ നോക്കി.

“ബലരാമൻ്റെ മുഖത്തെ കാർമേഘം ഇപ്പാഴും പോയിട്ടില്ലായെന്നു തോന്നുന്നു?”

അശ്വതിയുടെ ചോദ്യം കേട്ടപ്പോൾ ആദി എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കി.

“രാമേട്ടൻ്റെ ഇരിപ്പ് കണ്ടാ… ആ പാവത്തിനെ ഇത് വരെ പൊരിക്കായിരുന്നു ബഷീർക്ക ”

“എന്താടാ ബഷീറേ?”

“ഒന്നുമില്ല ആദീ…. കോളേജിൽ പഠിക്കുന്ന രണ്ട് പിള്ളേരേം കൂട്ടി ഈ സമയത്ത് കടലിലേക്കിറങ്ങുമ്പോൾ നിന്നെ തടയേണ്ടത് രാമേട്ടനല്ലേ? അതിനു പകരം കടലിലക്കിറങ്ങാൻ
രാമേട്ടൻ തന്നെ ആവേശം കൊടുക്കുക എന്നു വെച്ചാൽ?”

ബഷീർ പറയുന്നതിനോടൊപ്പം ദേഷ്യത്തോടെ രാമേട്ടനെ നോക്കുന്നുണ്ടായിരുന്നു.

” ഞാൻ ഇപ്പോഴും ചെറുപ്പമാടാ…. എൻ്റെ ചോര ഇപ്പോഴും തണുത്തിട്ടില്ല…. ”

ചിരിയോടെ പറഞ്ഞു കൊണ്ട് രാമേട്ടൻ ഒരു ബീഡിക്ക് തീകൊളുത്തി.

“ഈ മനുഷ്യനെ ഞാൻ….”

ബഷീർ പാതിയിൽ നിർത്തി രാമേട്ടനെ നോക്കി….

” ഇതേപോലെ ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ട ഒരു മനുഷ്യൻ അകത്ത് ഇപ്പോൾ കിടക്കുന്നത് കണ്ടാ.. അതെങ്കിലും കണ്ട് പഠിക്ക് ….”

ബഷീറിൻ്റെ സംസാരം കേൾക്കാത്തതുപോലെ ഇരുന്ന് രാമേട്ടൻ ബീഡി വലിച്ച് പുക പുറത്തേക്ക് ഊതികൊണ്ടിരുന്നു.

” ഇത് എന്തൊരു വലിയാണ് രാമേട്ടാ… ആരെങ്കിലും ങ്ങക്ക് ബീഡില് കൈവെഷം തന്നിട്ടുണ്ടാ…..”

ബഷീറിൻ്റെ ചോദ്യം കേട്ടതും രാമേട്ടൻ ചിന്തയിൽ നിന്നുണർന്നു.

“ടാ മോനെ…ബഷീറേ തിരയടിക്കുന്ന ശബ്ദം കേട്ടാ… ഓൻ ഇത്തിരി പതിഞ്ഞിട്ടുണ്ടെന്നാ തോന്നുന്നേ… ഒന്നും കൂടി കടലിലേക്ക് ഇറങ്ങിയാലോ?”

രാമേട്ടൻ്റ ചോദ്യം കേട്ടതും ബഷീർ കലിപ്പോടെ അയാളെ നോക്കി.

“ചെല്ല് അങ്ങോട്ട്… പോലീസുക്കാരുടെയും, ആംബുലൻസുക്കാരുടെയും വായിൽ നിന്നുള്ളത് കേട്ട് എനിക്കു വയറു നിറഞ്ഞു.ഇനി ബാക്കിയുള്ളത് വാങ്ങിക്കാൻ രാമേട്ടൻ ചെല്ല് ….”

“എന്തിന് അവർ ഇങ്ങിനെ കലിപ്പ് എടുക്കുന്നേ… നമ്മൾക്ക് മുൻകൂട്ടിയുള്ള ജാഗ്രതാ നിർദ്ദേശം കിട്ടിയിട്ടില്ലല്ലോ? തീരം വറുതിയിലായപ്പോൾ നമ്മൾ കടലിലിറങ്ങി… അത്രമാത്രം… പിന്നെ
ഈ ചെയ്യുന്നതൊക്കെ അവരുടെ സേവനം ആണ് …. അല്ലാതെ….”

പറഞ്ഞു വരുന്നത് നിർത്തി അവൻ ബഷീറിനെ നോക്കി.

” കഴിഞ്ഞ രണ്ടു പ്രളയത്തിലും രാപകൽ കണ്ണടക്കാതെ നമ്മൾ ചെയ്ത അത്രയും സേവനവും ഒരു സർക്കാർ സംവിധാനവും ചെയ്തിട്ടില്ല…. എന്നിട്ടും കിട്ടിയത് ഏറ്റവും വലിയ സൈന്യമെന്ന വെറും വിളിപ്പേര് മാത്രം… ആ നമ്മൾക്ക് വേണ്ടി ഇത്തിരി കഷ്ടപ്പെട്ടപ്പോഴെക്കും അവർക്കു ചൊറിച്ചിലായി… പോകാൻ പറ അവരോട്.”

ആദിയുടെ ദേഷ്യത്തോടെയുള്ള
സംസാരം കേട്ടതും ബഷീർ രാമേട്ടനെ നോക്കി.

“നീ എന്നെ നോക്കണ്ട.,, അവൻ പറഞ്ഞതാ നേര്…. അല്ല ബഷീറേ… അനിലിനെയും, ബിജുവിനെയും ഇങ്ങോട്ട് കണ്ടില്ലല്ലോ?”

രാമേട്ടൻ്റെ ചോദ്യം കേട്ടതും, ബഷീറിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“രണ്ടും തീരത്ത് കിടന്ന് നല്ല ഛർദ്ദിയാ… അമ്മടെ മുലപ്പാല് തൊട്ടു ,ചെറുകുടൽ പോലും പുറത്തു വന്നോന്നാ സംശയം…. കടലിലിറങ്ങി പരിചയമില്ലാത്ത ആ കുട്ട്യോളെ കൊണ്ടുപോയി പാതി ശവമാക്കിയപ്പോൾ സമാധാനമായല്ലോ രാമേട്ടന്?” ….

അതു കൂടി കേട്ടതോടെ ചുറ്റുമുള്ളവർ രാമേട്ടനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി.

“നിങ്ങള് എന്നെ ഇങ്ങിനെ നോക്കി ദഹിപ്പിക്കാതെ… കടലീ പണി പഠിക്കുമ്പോൾ ഇങ്ങിനെയൊക്കെ ഉണ്ടാകും…. ഇതൊക്കെ ചെറുത് അല്ലേ ശങ്കരേട്ടാ…… ”

അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് രാമേട്ടൻ ബഷീറിനെ നോക്കി വിരലുകൾ തിരുമ്മി…

ആ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായതും ബഷീർ ചിരിയോടെ ആദിയെ നോക്കി…

” മീനൊക്കെ ഞാൻ അഗസ്റ്റിൻ്റെ പെട്ടിഓട്ടോയിൽ മാർക്കറ്റിലേക്ക് കൊടുത്തയച്ചിട്ടുണ്ട്… ഇപ്പോൾ രാമേട്ടൻ ഷാപ്പിലേക്ക് പൊയ്ക്കോ… പൈസ ആദി അവിടെ കൊണ്ടുവന്നു തരും… അല്ലേ ആദീ….. ”

“എനിക്കൊന്നും പറ്റില്ല… ഞാനെന്താ പോസ്റ്റ്മാനോ… മണിയോർഡറുമായി ഷാപ്പിലേക്ക് പോകാൻ. ”

ആദി കൃത്യമഗൗരവം കാണിച്ചു പറഞ്ഞപ്പോൾ രാമേട്ടൻ അരതിണ്ണയിൽ നിന്ന് ചാടിയിറങ്ങി….

തോളിൽ കിടന്നിരുന്ന
തുവർത്ത് ഒന്നു ആഞ്ഞുവീശി….

“നീ പൈസയുമായി ഷാപ്പിലേക്ക് വരും… നിന്നെ എൻ്റെ ചാത്തൻമാർ കൊണ്ടുവന്നിരിക്കും”

അത്രയും പറഞ്ഞ്
എല്ലാവരെയും ഒന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ മുന്നോട്ടു നടക്കുമ്പോഴാണ് എതിരെ നിന്ന് വലിയൊരു ബാഗും തോളിലിട്ട് ഒരു സുന്ദരിയായ പെൺകുട്ടി, ചാറൽ മഴ നനയാതിരിക്കാൻ തലയിൽ ഷാളുമിട്ട്, അങ്ങോട്ടേക്ക് നടന്നു വരുന്നത് കണ്ടത്….

“മോളെ സാധനങ്ങളുമായി പിന്നെ വാ… ഇവിടെ ഇപ്പോ എടുക്കാൻ ഒരു അഞ്ച് പൈസ കൂടി കൈയിലില്ല ”

രാമേട്ടൻ വിഷമത്തോടെ പറഞ്ഞപ്പോൾ ആ പെൺകുട്ടി പതിയെ പുഞ്ചിരിച്ചു.

” ഞാൻ സാധനങ്ങൾ വിൽക്കാൻ വന്ന പെൺകുട്ടിയല്ല അങ്കിൾ… ഈ വീട്ടിൽ താമസിക്കാൻ വന്നതാണ്…”

നിർഭയത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ടതും രാമേട്ടൻ അമ്പരപ്പോടെ പിന്നിലേക്ക് നോക്കി….

അവരും, അവളുടെ വാക്കുകൾ കേട്ട് പകച്ചു നിൽക്കുകയായിരുന്നു…

അശ്വതിയും, ഷാഹിനയും അവളുടെ സൗന്ദര്യത്തെ ശ്രദ്ധിക്കുകയായിരുന്നു.

ബഷീറും, നബീസുമ്മയും ആദിയെ സംശയത്തോടെ നോക്കിയപ്പോൾ അവൻ അറിയില്ലെന്ന മട്ടിൽ തല കുലുക്കി…

അടുത്തുവന്ന അവൾ പുഞ്ചിരിയോടെ എല്ലാവരെയും നോക്കിയതിനു ശേഷം ആദിയുടെ ചാരെ ചേർന്നു നിന്നു….

” ഇനി മുതൽ ഞാൻ ആദിയോടു കൂടി, ഇവിടെയാണ് താമസം… ”

അവളുടെ വാക്കുകൾ കേട്ട് അമ്പരപ്പോടെ നോക്കി നിൽക്കുന്ന ആദിയെ നോക്കി അവൾ പതിയെ കണ്ണടച്ചു.

“ഇങ്ങിനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കണ്ട ആവശ്യമില്ല…. കാരണം ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി വന്നവളല്ല… പകരം നിങ്ങൾ വലിച്ചു കയറ്റിയതാണ്….”

പറഞ്ഞു തീർന്നതും,ബാഗിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആദിയുടെ
നേരെ നീട്ടിയതും അവൻ യാന്ത്രികമായി അത് വാങ്ങി ഒന്നു കണ്ണോടിച്ചു…

തീരം തകർത്ത ഒരു തിരകാലത്തിൻ്റെ ശബ്ദം അവൻ്റെ മനസ്സിലേക്ക് പൊടുന്നനെ അലറി കുതിച്ചെത്തി….

“അപ്പോൾ എല്ലാവരുടെയും ആശീർവാദത്തോടെ ഞാൻ ഈ വീട്ടിലേക്ക് വലതുകാൽ എടുത്ത് വെക്കുകയാണ് ”

ഒരു പുഞ്ചിരിയോടെ
പറഞ്ഞു തീർന്നതും അവൾ ആ വീടിൻ്റെ പടി കയറുമ്പോൾ ഒരു നിമിഷം തിരിഞ്ഞു നിന്നു ആദിയെ നോക്കി….

” ആദി വിഷമിക്കണ്ട…. ഇന്ദുവിനെ പോലെ ആകില്ല ഈ വേദ… മരണം വരെ കൂടെയുണ്ടാകും….. ”

പറഞ്ഞു തീർന്ന് അകത്തേക്ക് പോകുന്ന അവളെ തിരിച്ചുവിളിക്കാൻ ശക്തിയില്ലാതെ ആദി നിൽക്കുമ്പോൾ, ഈ നാടകത്തിൻ്റെ അർത്ഥം മനസ്സിലാകാതെ മറ്റുള്ളവർ സംശയത്തോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button