Novel

ഏയ്ഞ്ചൽ: ഭാഗം 5

രചന: സന്തോഷ് അപ്പുകുട്ടൻ

“നീ എപ്പോഴെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ വേദാ?”

നിമിഷങ്ങളിലെ നിശബ്ദതയ്ക്കു ശേഷം കണ്ണുകൾ തുറന്ന് അവൻ വേദയെ ചൂഴ്ന്നു നോക്കി.

” അതെന്താ ഇങ്ങിനെ ഒരു ചോദ്യം ഇപ്പോ? കണ്ണടച്ചിരുന്നു എൻ്റെ മനസ്സ് വായിക്കുകയായിരുന്നോ ആദി ?

കണ്ണുകൾ ചെറുതാക്കി അവൾ ചോദിച്ചപ്പോൾ, ആ മിഴികളിൽ ശേഷിച്ചിരുന്ന അവസാന നക്ഷത്രവും പൊലിഞ്ഞു പോയതവൻ കണ്ടു….

“മണിക്കൂറുകൾക്ക് മുൻപ് മൊബൈലിലൂടെ നീ
എന്നെ വിളിച്ചത് മറന്നോ?”…

അവൻ്റെ ചോദ്യം കേട്ടതും അവൾ പുഞ്ചിരിച്ചു.

” അതാണോ കാര്യം? അല്ല മാഷെ…. എല്ലാവരും സ്വന്തം മൊബൈലിൽ നിന്നു തന്നെയാണോ ഫോൺ വിളിക്കുന്നത്….?”

വേദയുടെ ചോദ്യത്തിനുത്തരം പറയാതെ അവളെ തന്നെ നോക്കിയിരുന്നു ആദി.

“ബസ് സ്റ്റാൻഡിൽ വെച്ച് ഒരു കുട്ടിയിൽ നിന്നു വാങ്ങിയ മൊബൈലിൽ നിന്നാണ് ഞാൻ ആദിയെ വിളിച്ചത്… ആ കുട്ടി തന്നെയാണ് ഈ സ്നേഹതീരത്തേക്കു വരുന്ന ബസ്സും കാണിച്ചു തന്നത് ”

അവളുടെ ഉത്തരത്തിന് അവൻ
പാതി സംശയത്തോടെ തലയാട്ടി.

“ഇനി ഡൗട്ട് തീർക്കാൻ ആ മൊബൈലിലേക്ക് വിളിച്ചു നോക്കണ്ടട്ടോ… അതൊരു സുന്ദരിയായ പെൺകുട്ടിയാണ്…
വെറുതെ എൻ്റെ കഞ്ഞിയിൽ മണ്ണിടരുത് ”

ചിരിയോടെ
പറഞ്ഞുകൊണ്ട് അവൾ തീരത്തെ പതിയെ ചുംബിച്ചു കൊണ്ടിരിക്കുന്ന തിരകളെ നോക്കി ഇരുന്നു.

“പിന്നെ ചില സമയങ്ങളിൽ നുണ പറയുന്നത് കൊണ്ട് കുഴപ്പമില്ലാട്ടോ… ”

നിമിഷങ്ങൾക്കു ശേഷം തിരകളിൽ നിന്നു നോട്ടം പിൻവലിച്ചുകൊണ്ട് അവൾ ആദിയെ കുസൃതിയോടെ
നോക്കി.

“നമ്മൾ ഏതെങ്കിലും ആപത്തിൽ പെടുകയാണെങ്കിൽ രക്ഷപ്പെടാൻ വേണ്ടി ആർക്കും ദോഷമാകാത്ത നുണ പറയാമെന്ന് ദൈവം പോലും പറയുന്നുണ്ട്…. ”

അവൾ ഒന്നു നിർത്തി അവൻ്റെ കണ്ണുകളിലേക്കു റ്റു നോക്കി പതിയെ മന്ത്രിച്ചു.

“മാർഗ്ഗമല്ല… ലക്ഷ്യമാണ് പ്രധാനം ”

അറ്റം മുട്ടാത്ത വാക്കുകളുമായി വേദ,
എന്തൊക്കെയാണ് പറയുന്നതെന്നറിയാതെ അവൻ്റെ മനസ്സ് വട്ടംചുഴറി…..

“ആദി പേടിക്കണ്ട….
ആദിക്ക് ഒരു ശല്യമായി ഞാൻ തീരില്ല … പകരം. കുറച്ചു നാൾ എന്നെ സഹിക്കണം….”

“കുറച്ചു ദിവസമോ?”

വേദയുടെ സംസാരം
കേട്ടതോടെ അവൻ അവളെ ദേഷ്യത്തോടെ നോക്കി ചോദിച്ചു.

“അതെ കുറച്ചു ദിവസം… സഹിക്കണമെന്നല്ല സഹിച്ചേ പറ്റൂ എന്നാണ്…. അത്രയ്ക്കും വല്ലാത്ത ഒരു ഊരാകുടുക്കിലാ ഞാൻ..”

പറഞ്ഞു തീർന്നതും അവൾ അവനിൽ നിന്നു നോട്ടം മാറ്റി വിദൂരതയിലേക്കു നോക്കി ഇരുന്നു….

അവളുടെ
വിടർന്ന മിഴികളിൽ, ഒരു ജലാശയം രൂപം കൊള്ളുന്നതവൻ കണ്ടു…

മൗനം നേർത്ത തിരമാലകൾ പോലെ രണ്ട് മനസ്സിനെയും പതിയെ പുണർന്നു കൊണ്ടിരുന്ന നിമിഷങ്ങൾക്കൊടുവിൽ, അവൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

” പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ എന്നോടു പറഞ്ഞൂടെ…. ഏത് വിഷമങ്ങൾക്കും ഒരു പരിഹാരമുണ്ടാവുമല്ലോ?”

ആദി പതിയെ ചോദിച്ചതും ചുണ്ടിൽ വിരിഞ്ഞ വരണ്ട ചിരിയോടെ അവൾ അവനെ നോക്കി….

“ഏത് വിഷമത്തിനും ഒരു പരിഹാരമുണ്ടാകും… അത് എനിക്ക് അറിയാം… പക്ഷേ ആ പരിഹാരത്തിലേക്കെത്താൻ വഴിയറിയാതെ നിൽക്കുകയാണ് ഞാൻ…. അതു കണ്ടെത്തും വരെ ഞാൻ ഇവിടെയുണ്ടാകും…. ”

പറഞ്ഞു കൊണ്ട് അവൾ പൂഴി മണലിൽ നിന്നെഴുന്നേറ്റു ആദിയെ നോക്കി.

“ഈ ഒരു ഡ്രാമ
കളിച്ചതിന് വളരെ സോറി ആദി…. എന്തു ചെയ്യണമെന്നറിയാതെ മനസ്സു പകച്ചപ്പോൾ തോന്നിയ ഒരു കുരുട്ടുബുദ്ധി… സാരല്യ… ഞാൻ ഈ തീരം വിടുമ്പോൾ എല്ലാവരോടും സത്യം പറഞ്ഞോളാം…”

പറഞ്ഞു തീർന്നതിനു ശേഷം അവൾ
ഇരുട്ട് വ്യാപിക്കുന്ന കടലിലേക്ക് നോക്കി നിന്നു….

ആദി എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു നിന്നു.

ഹൃദയതാളത്തിൻ്റെ ദൂരം മാത്രമേ ആ നിമിഷം
അവർക്കിടയിൽ ഉണ്ടായി രുന്നുള്ളൂ….

അവളുടെ നേർത്ത മുടിയിഴകൾ
കടൽകാറ്റിൽ അവൻ്റെ മുഖത്തേക്ക് പാറി വീണു കൊണ്ടിരുന്നു…..

” ഞാൻ ആർക്കും ഒരു ശല്യമില്ലാതെ പോകുമായിരുന്നല്ലോ
ആദീ…. പിന്നെയെന്തിനാ എന്നെ
കടലാഴങ്ങളിൽ നിന്ന് വീണ്ടും മുങ്ങിതപ്പിയെടുത്ത് ഈ കരയിലേക്കും, നശിച്ച ഈ ജീവിതത്തിലേക്കും കയറ്റിയത്?”

വേദയുടെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ അവൻ്റെ കൈ യാന്ത്രികമായി അവളുടെ തോളിലമർന്നു….

“വേദാ…. ”

ആദിയുടെ അവിശ്വസനീയമാർന്ന
വിളിയുണർന്നതും അവൾ പതിയെ തിരിഞ്ഞു അവൻ്റെ മുഖത്തേക്കു നോക്കി.

അവളുടെ
നിറഞ്ഞ കണ്ണിൽ നിന്നും തുളുമ്പാൻ നിൽക്കുന്ന കണ്ണുനീരിൻ്റെ തിളക്കം അവൻ്റ മനസ്സിൽ നൊമ്പരപ്പാട് വീഴ്ത്തി….

” അന്ന് ഞാൻ കടലിൽ തിരയിൽപെട്ട് മുങ്ങിയതല്ല…. മനപൂർവം കടലിൻ്റെ ആഴം തേടിയിറങ്ങിയതാണ് ”

“എന്തിന്?”

ആദിയുടെ സ്വരം വല്ലാതെ ഉയർന്നതു കേട്ട് അവൾ കണ്ണടച്ചു, തലകുനിച്ചു….

“മനസ്സിന്
ഇഷ്ടമില്ലാത്തവൻ എൻ്റെ ശരീരം സ്വന്തമാക്കുമെന്ന റിഞ്ഞപ്പോൾ…..
പല പല സ്ത്രീകളുടെ വിയർപ്പിൽ കുതിർന്നവൻ്റെ ദുഷിച്ച വിയർപ്പ് എൻ്റെ ശരീരത്തിൽ വൃത്തികെട്ട വഴുവഴുപ്പായി പടരുമെന്നറിഞ്ഞപ്പോൾ.. ”

അവളുടെ വാക്കുകൾ ഉൾകൊള്ളാനാകാതെ പകച്ചു നിൽക്കുന്ന ആദിയുടെ നെഞ്ചിലേക്ക് പൊടുന്നനെ ഒരു കരച്ചിലോടെ അവൾ മുഖം പൂഴ്ത്തി….

“ഒരു വഴി കണ്ടെത്തുന്നതു വരെ ആദി എന്നെ ഇവിടെ നിൽക്കാൻ സമ്മതിക്കണം… അല്ലെങ്കിൽ പിന്നെ
ആദിയ്ക്ക് മുങ്ങിയെടുക്കാൻ കഴിയാത്ത ദൂരത്തിലേക്ക് താഴ്ന്നു പോയിരിക്കും ഞാൻ…..”

അവസാന വാക്ക് പറയുമ്പോഴെക്കും, കരച്ചിലിനിടയിൽ ഏങ്ങലടിച്ച അവളെ ആദി പതിയെ വട്ടം പിടിച്ചു….

വെൺപിറാവിൻ്റെ കുറുകൽ പോലെ അവളുടെ മാറിടം അവൻ്റെ നെഞ്ചിൽ പതിയെ തൊട്ടുരുമ്മി കൊണ്ടിരുന്നു….

” പൂർത്തിയാകാത്ത കഥയുടെ പതിരിനെ പറ്റി ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല വേദാ… എപ്പോഴെങ്കിലും നിൻ്റെ ദുഃഖം എന്നോടു പൂർണമായി പറയണമെന്ന് നിനക്ക് തോന്നിയാൽ പറയണം…. അതു വരെ, നിൻ്റെ മനസ്സ് സ്വസ്ഥമാകുന്നതുവരെ, ഒരു പ്രതിബന്ധങ്ങളുമില്ലാതെ പറക്കാൻ നിൻ്റെ ചിറകുകൾ ശക്തിയാർജ്ജിക്കും വരെ ഇവിടെ നിൽക്കാം…. എൻ്റെ കുടുംബത്തിലൊരാളെന്ന പോലെ….”

ഏങ്ങലടിച്ചു കൊണ്ടിരിക്കുന്ന അവളുടെ പുറംഭാഗത്ത് അവൻ പതിയെ തടവി.

” അതിന് മറ്റൊരു അർത്ഥം കാണാതിരുന്നാൽ മതി വേദ…. കാരണം മരണത്തിൽ നിന്നും ഞാൻ രക്ഷിച്ച ഒരാൾക്ക് വീണ്ടും മരണത്തിൻ്റെ പാത തുറന്നു കൊടുക്കാതിരിക്കാൻ വേണ്ടി മാത്രമാണ് എൻ്റെ ഈ പ്രവൃത്തി……. നീ നേരത്തെ പറഞ്ഞതുപോലെ നിൻ്റെ ലക്ഷ്യത്തിലെക്കെത്താൻ എന്നെയൊരു മാർഗ്ഗമായി മാത്രം കണ്ടാൽ മതി”

ആദിയുടെ വാക്ക് കേട്ടതും വേദ അവനെ നോക്കി കണ്ണീരോടെ ചിരിച്ചു കൊണ്ട്, പാദങ്ങൾ നിലത്തു നിന്നുയർത്തി ചുണ്ടുകൾ അവൻ്റെ നെറ്റിയിലമർത്തി….

” പറയാൻ വാക്കുകളില്ല ആദീ…. പക്ഷെ ഒന്നു പറയാം ഒരിക്കലും ഞാൻ ചതിക്കില്ല…. ഞാൻ കാരണം ആദി അപമാനിക്കപ്പെടില്ല…. അങ്ങിനെ വന്നാൽ ആരോടും പറയാതെ യാത്രയാകും ഈ തീരത്ത് നിന്ന്…. ”

ദൃഢതയേറിയ അവളുടെ വാക്കുകളിലും, നീരണിഞ്ഞ അവളുടെ മിഴികളിലും ആത്മവിശ്വാസത്തിൻ്റെ മിന്നലൊളികൾ
പായുന്നതവൻ അറിഞ്ഞു…..

“എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ആദീ, നിനക്ക് ഇത്ര പെട്ടെന്ന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് ”

ആദിയെ വട്ടംചുറ്റി, ആ നെഞ്ചിൽ മുഖമണച്ച് വേദ അഹ്ളാദത്താൽ പറയുമ്പോൾ, ആകാശത്ത്, കാർമേഘങ്ങളെ കീറിമുറിച്ചു കൊണ്ട് അമ്പിളി വെട്ടം പുറത്തു വന്നിരുന്നു….

നിലാവിൻ്റെ സ്വർണ്ണപൊടികളേറ്റ് സന്തോഷം പൂണ്ട തിരകൾ വളരെ ധൃതിയിൽ തീരത്തെ പുണരാൻ ഒഴുകിയെത്തി….

ഒഴുകി വരുന്ന തിരകൾ കാൽപാദങ്ങൾ നനക്കുന്നതറിയാതെ അവർ നിമിഷങ്ങളോളം അങ്ങിനെ തന്നെ നിന്നു.

“നിങ്ങൾ ഇവിടെ നിൽക്കുകയാണോ?”

പൊടുന്നനെ ഒരു ശബ്ദം അരികിൽ നിന്നുയർന്നപ്പോൾ അവർ ജാള്യതയോടെ അകന്നു മാറി…

ചുണ്ടിൽ ഒരു പരിഹാസചിരിയുമായി നിൽക്കുന്ന അഗസ്റ്റിനെ കണ്ടതും, നാണം പൂത്ത മിഴികളോടെ വേദ, ആദിയെ പാളി നോക്കി.

“നിനക്ക് ഈ സാധനങ്ങളുമായി വീട്ടിലേക്ക് പോയാൽ മതിയായിരുന്നില്ലേ? പിന്നെയെന്തിനാ ഈ വഴിക്ക്…. ”

അക്ഷരങ്ങൾ കൂട്ടിവെക്കുന്നതു പോലെ ചോദ്യമുയർത്തിയ ആദിക്ക് നേരെ അവൻ, സഞ്ചിയിൽ നിന്നെടുത്ത ബിയർ നീട്ടി….

“ഇതു തരാനാ വന്നത്? ഈ സമയം നീ ഇവിടെയല്ലേ ഉണ്ടാവുകയുള്ളൂ… കൂടെ മറ്റൊരാൾ ഉണ്ടാകുമെന്നും, ഇങ്ങിനെയൊരു സീൻ ഇവിടെ നടക്കുമെന്നും ഞാനറിഞ്ഞോ…. ”

കലിപ്പോടെ
പറഞ്ഞു കൊണ്ട് നടന്ന അഗസ്റ്റിൻ ഒരു നിമിഷം തിരിഞ്ഞു നിന്നു.

“മോനേ ആദീ… തീയില്ലാതെ പുകയുണ്ടാവില്ലെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ലാന്ന് ഇപ്പോൾ മനസ്സിലായി….”

പറയുന്നതിനിടയിൽ അഗസ്റ്റിൻ അവർക്കരികിലേക്ക് പതിയെ നടന്നു വന്നു.

“ഈ ഇത്തിരി നിലാവെട്ടത്തിലും നിങ്ങൾ എന്തൊരു ചേർച്ചയാണ്… അപ്പോൾ പകൽ വെട്ടത്തിൽ എങ്ങിനെ ആയിരിക്കും… ൻ്റെ പൊന്നോ…”

അഗസ്റ്റിൻ്റെ വാക്കു കേട്ടതും, മറുത്തു പറയാൻ വാക്കുകളില്ലാതെ അവൻ ദേഷ്യത്തോടെ വേദയെ നോക്കി….

” ഞാൻ പറഞ്ഞത്
സത്യാടാ ആദീ.. ദൂരേന്ന് നിങ്ങളെ കണ്ടപ്പോ ജാക്കും, റോസുമാണെന്നാ ഞാൻ വിചാരിച്ചത്…. ഇനി മാനസ മൈന പാടാതിരുന്നാൽ മതി ൻ്റെ കർത്താവേ?”

അത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് നടന്നകലുന്ന അഗസ്റ്റിനിൽ നിന്നു നോട്ടമെടുത്ത് ആദി അവളെ നിർവികാരതയോടെ നോക്കി….

“എല്ലാം നശിപ്പിച്ചില്ലേ…?”

അവൻ്റെ ചോദ്യം കേട്ടതും അവൾ പുഞ്ചിരിയോടെ തല താഴ്ത്തി, കാൽനഖം കൊണ്ടു കളം വരച്ചു…

“അതെ… ആ അഗസ്റ്റിൻ ചേട്ടൻ ആ ഫ്ലോ അങ്ങ് നശിപ്പിച്ചു…. സ്വർഗത്തിലെ കട്ടുറുമ്പ്….”

അവളുടെ കുസൃതി തരം കേട്ടപ്പോൾ അവൻ മറുത്തൊന്നും പറയാതെ ആകാശത്തിലേക്ക് നോക്കി….

നിറനിലാവ് വാരി വിതറുന്ന പൂർണ ചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നു…

തീരത്തെയും, തിരകളെയും പൊന്നിൽ കുളിപ്പിക്കുന്നതിനോടൊപ്പം വേദയിലേക്കും ആ സ്വർണ തരികൾ വാരിയെറിഞ്ഞിരിക്കുന്നു.

തിരകളടിക്കുന്ന കടലിൻ്റെ പശ്ചാത്തലത്തിൽ വേദയൊരു ദേവതപോൽ തിളങ്ങി നിൽക്കുന്നത് കണ്ട് അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു….

“എന്താ ഇങ്ങിനെ നോക്കുന്നേ….?”

വേദയുടെ പതിഞ്ഞ സ്വരം കേട്ടതും, അവൻ ചിന്തകളിൽ നിന്നും ഉണർന്ന് അവളെ ജാള്യതയെ നോക്കി…

” അഗസ്റ്റിനോട്
ഇതിൻ്റെ അടപ്പ് തുറക്കാൻ ഓപ്പണർ വാങ്ങാൻ മറന്നു…”

കൈയിൽ പിടിച്ചിരുന്ന ബിയർ കാണിച്ചു കൊണ്ട് ആദി പറഞ്ഞതും, അവൾ പെട്ടെന്ന് ആ ബിയർ ബോട്ടിൽ കൈ നീട്ടി വാങ്ങി….

“മദ്യപാനത്തിൻ ശിശു ആണല്ലേ?”

പറഞ്ഞതും, അവൾ ബിയർകുപ്പി, വായയുടെ ഒരു അരികിലേക്ക് നീക്കി അടപ്പ്, പല്ലുകൊണ്ട് പതിയെ തുറന്നു…

ആ കാഴ്ച കണ്ട് അത്ഭുതത്തോടെ അവൻ വേദയെ നോക്കി…

” നോക്ക് ഒരു തുള്ളി പതഞ്ഞിട്ടുണ്ടോയെന്ന് നോക്ക്…. ഓപ്പണറിനെക്കാളും വലുതാ ഇത് ”

ചിരിയോടെ
പറഞ്ഞു കൊണ്ട് അവൾ വായ് തുറന്ന്, അണക്കിൽ, വെളുത്ത് തിളങ്ങുന്ന ഉളി പോലെയുള്ള പല്ല് കാണിച്ചതും, അവൻ
പൊടുന്നനെ ഒരടി പിന്നിലേക്ക് മാറിനിന്നു…

” പേടിച്ചോ ആദീ? ”

ചിരിയോടെ ചോദിച്ചതും, അതിനുത്തരമെന്നോണം കടൽതിരകൾ ശബ്ദമുണ്ടാക്കി തീരത്തേക്ക് ഓടി കയറി….

ബിയർ ഒരു കവിൾ കുടിച്ചു കൊണ്ട്, വേദ ബോട്ടിൽ അവനു നേരെ നീട്ടി…..

അത്ഭുതം കലർന്ന അമ്പരപോടെ അവളെ തന്നെ നോക്കി, അവനും ഒരു കവിൾ കുടിച്ചു കൊണ്ട്, തീരത്തേക്ക് ഇരുന്നു….

“കുടിക്കോ?”

ആദി സംശയത്തോടെ ചോദിച്ചതും, അവൾ ഒരു ചിരിയോടെ അവനരികിലേക്കു ഇരുന്നു….

” വല്ലപ്പോഴും…. ഇതു പോലെ സന്തോഷം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ മാത്രം… ”

പറഞ്ഞു കൊണ്ട് അവൾ അവനു ചാരെ ചേർന്നിരുന്നു….

കടലിനെ നോക്കി അവർ ഇരിക്കുമ്പോൾ, പതിയെ വേദ അവൻ്റെ മടിയിലേക്ക് തലവെച്ചു കിടന്നു…

“പേടിക്കണ്ട ആദീ.. വെറുതെ ഈ മടിയിൽ കിടക്കാൻ ഒരു മോഹം… കടലിൻ്റെ തിരയടി കേട്ട്, ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി, പ്രിയപ്പെട്ടവർ എന്ന് തോന്നിപ്പിക്കുന്നവരുടെ മടിയിൽ കിടക്കാൻ എന്തു രസാ ആദീ…. കരിഞ്ഞ സ്വപ്നങ്ങളൊക്കെ തണുത്ത കാറ്റിൽ തളിർക്കുന്നതു പോലെ ഒരു ഫീൽ… ”

തീരത്തേക്ക് വന്ന
തിരകൾ അവരെ പതിയെ നനച്ചു തുടങ്ങി….

കടൽവെള്ളത്തിൽ നനഞ്ഞ അവളുടെ വസ്ത്രങ്ങളെ വകഞ്ഞു മാറ്റി അവളുടെ മേനി കൊഴുപ്പ് പുറത്തു വന്നതും, അവൻ പൊടുന്നനെ എഴുന്നേറ്റു.

” വാ…. പോകാം വീട്ടിലേക്ക് ”

“ഒരിത്തിരി നേരം കൂടി
ആദീ… മനസ്സിലെ മരുഭൂമിയലിഞ്ഞു തീർന്ന് ഞാനൊന്ന് കുളിർന്നോട്ടെ……”

പറഞ്ഞു തീർന്നതും, അവൾ ആദിയെ പിടിച്ചു വലിച്ചതും, അടിതെറ്റിയവൻ അവൾക്കു മീതെ വീണു…

എഴുന്നേൽക്കാൻ തുടങ്ങിയ അവനെ വരിഞ്ഞുമുറുക്കി അവൾ….

ൻ്റെ ഫോൺ നനയുമെന്നു ആദി പറഞ്ഞതും, മൊബൈലിൽ കോൾമുഴങ്ങിയതും ഒരുമിച്ചായിരുന്നു….

ആദിയെടുക്കും മുൻപേ വേദ മൊബൈൽ പോക്കറ്റിൽ നിന്നു എടുത്ത് തീരത്തേക്ക് എറിഞ്ഞു.

“ഈ സമയത്ത്
വിളിയ്ക്കുന്നത് ആരാ ?.. ”

വേദ നീരസത്തോടെ ചോദിച്ചതും,ആദി ഒരു വല്ലാത്ത ഭാവത്തോടെ അവളെ നോക്കി.

“ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി….”

പറഞ്ഞു തീർന്നതും അവൾ തിരകളിൽ നിന്ന് എഴുന്നേറ്റു പോയി മൊബൈൽ എടുത്ത്
ആദിക്ക് കൊടുത്തു….

“വാ വീട്ടിലേക്കു പോകാം … വല്ലാതെ
തണുക്കുന്നു….. ”

പതറിയ ശബ്ദത്തോടെ പറഞ്ഞ് അവൾ നടന്നതും, ആദി പതിയെ പിന്നാലെ നടന്നു…..

മൗനമായ നിമിഷങ്ങൾക്കൊടുവിൽ അവൾ ആദിയെ നോക്കി.

“ഇവിടെ അടുത്ത് ഏതാ അമ്പലമുള്ളത്? ”

അവൾ ചോദിച്ചതും അവൻ്റെ കൈവിരൽ തുമ്പിൽ പിടിച്ചു….

തണുത്ത ഒരു കുളിർ കാറ്റ് സിരകളിലൂടെ പാഞ്ഞു പോയ നിമിഷം അവൻ അവളെ സ്നേഹത്തോടെ നോക്കി……

“കൃഷ്ണൻ്റെ അമ്പലമുണ്ട്…. കുറച്ചു ദൂരെ…..”

“അതു മതി…. ഈ മിഷന് അങ്ങേരാണ് ബെസ്റ്റ്….”

ഉത്സാഹത്തോടെ പറയുന്ന അവളെ നോക്കി അവൻ പതിയെ ചിരിച്ചു.

“താൻ അമ്പലത്തിലൊക്കെ പോകോ ?ഈ മട്ടും ഭാവവും കണ്ടിട്ട് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല…. ”

അവൻ്റെ മറുപടി കേട്ടപ്പോൾ, അവൾ കൈയിലെ പിടുത്തം മുറുക്കി അവനെ നോക്കി…

” കാണാൻ ലുക്കില്ലെങ്കിലും ഞാനൊരു അമ്പലവാസി പെണ്ണാ മാഷേ… ഭഗവാനെ പളളിയുണർത്തുകയും, പള്ളിയുറക്കുകയും ചെയ്യുന്ന ഒരു പൂജാരിയുടെ മകൾ… ”

വേദയുടെ വാക്ക് കേട്ടതോടെ അവൻ അത്ഭുതത്തോടെ അവളെ നോക്കി…

“ആലിലയുടെ മർമ്മരം കേട്ടും, ചന്ദനത്തിൻ്റെ സുഗന്ധം ശ്വസിച്ചും കുട്ടികാലത്തിൻ്റെ വഴി സുഭിക്ഷമായി പിന്നിട്ടവൾ….. പിന്നെ വൈകിയെത്തുന്ന പടച്ചോറിനായ് വിശപ്പോടെ കൂരിരുളിലേക്ക് അച്ഛൻ നടയച്ചു വരുന്നതും
നോക്കി നിന്നവൾ… ശരിക്കും പറഞ്ഞാൽ ജീവിതത്തിൻ്റെ രണ്ട് ഭാഗങ്ങളും കണ്ടവൾ….”

അവളുടെ ഇടറിയ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു വിഷമം അവനു തോന്നി…..

പതറുന്ന വാക്കിലൂടെ, ഓടി കളിച്ച ബാല്യത്തിൻ്റെ നല്ലോർമ്മകൾ മനസ്സിലേക്ക് പകർത്തുവാൻ കഴിയാതെ പരാജയപ്പെടുന്ന ഒരു പെൺകുട്ടിയെയാണ് അവൻ കണ്ടത്….

പറഞ്ഞതിലേറെ കഥ ഇനിയും പറയാനുള്ളപ്പോൾ ഒരു ചോദ്യം കൊണ്ട് പോലും അവളുടെ രഹസ്യത്തിൻ്റെ പൂട്ട് തുറക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവനു തോന്നി….

മനസ്സ് സ്വതന്ത്രമാകുമ്പോൾ അവൾ എല്ലാം തുറന്നു പറയട്ടെ….

അതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് നല്ലത്…..

മൗനത്തെ കൂട്ടുപിടിച്ച് അവർ വീട്ടിലേക്ക് കയറിയതും,, പാതിരാമഴ ഒരു ആരവത്തോടെ വന്നെത്തിയതും ഒരുമിച്ചായിരുന്നു….

ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്ത്,
അച്ചുവിൻ്റെ ചുരിദാർ ഇട്ടിരിക്കുന്ന വേദയെ കാതുകത്തോടെ ആദി
നോക്കി…

” മാറ്റിയിടാൻ ഒന്നുമില്ല”

ആദിയുടെ നോട്ടം കണ്ടതും
പതിയെ പറഞ്ഞു കൊണ്ട് അവൾ പതിയെ ചോറിലേക്ക് കണ്ണുകൾ നട്ടിരുന്നു……

ബീഫും, മീൻ കറിയും അവളുടെ ചോറിലേക്ക് ഒഴിച്ചു കൊടുക്കാൻ അശ്വതി തുനിഞ്ഞതും, അവൾ സ്നേഹപൂർവം തടഞ്ഞു…

“ഇതൊന്നും ഞാൻ കഴിക്കാറില്ലട്ടോ….യ്ക്ക് ഈ ചൂട് ചോറും, സാമ്പാറും മതി….”

അവളുടെ സംസാരം കേട്ടതും, അശ്വതി ആദിയെ നോക്കി പതിയെ ചിരിച്ചു….

ഊണുകഴിച്ച ശേഷം അരമതിലിൽ കയറി ഇരുന്നു മൊബൈലിൽ കളിക്കുന്ന ആദിക്ക് അരികെ അവൾ ചെന്നു നിന്നു….

ആദി ചോദ്യഭാവത്തോടെ അവളെ നോക്കിയതും, അവളുടെ നോട്ടം മൊബൈലിലേക്ക് നീണ്ടു…

“ആ ഫോണൊന്നു തരോ? എൻ്റെ കൂട്ടുകാരിക്ക് ഒന്നു വിളിക്കാനാ….?”

“നീ ഇവിടെ ഒളിച്ചു താമസിക്കാനല്ലേ വന്നത്? ഇനി ഓരോരുത്തരെയും വിളിച്ച് അതു പരസ്യപ്പെടുത്താനാണോ നിൻ്റെ തീരുമാനം?”

ആദി അമർഷത്തോടെ ചോദിച്ചതും, അവൾ പുഞ്ചിരിച്ചു.

” ആദി ആ കാര്യം ഓർത്ത് പേടിക്കണ്ട…ഞാൻ വിളിക്കാൻ പോകുന്നത് അന്യരെയല്ല… എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയാണ്… നാലു മാസങ്ങൾക്കപ്പുറം, എൻ്റെ ദുരവസ്ഥയറിഞ്ഞപ്പോൾ അവൾ ആണ് ഇങ്ങോട്ടുള്ള മാറി നിൽക്കാൻ എന്നോടു പറഞ്ഞത്… അതിൽ പിന്നെ ഞാനവളെ കണ്ടിട്ടില്ല… ഈ നെട്ടോട്ടത്തിനിടയിൽ ഒന്നു വിളിക്കാൻ പോലും കഴിഞ്ഞിട്ടില്ല… ”

അവൾ ഒന്നു നിർത്തി ആദിയെയും, അശ്വതിയെയും നോക്കി.

“ഇവിടെ എത്തിയിട്ട് ഞാനൊന്നു വിളിച്ചില്ലെങ്കിൽ അവളോട് ചെയ്യുന്ന ഏറ്റവും നികൃഷ്ടമായ മര്യാദകേടല്ലേ അത്?”

അവളുടെ സംസാരം കേട്ടപ്പോൾ ശരിയെന്ന മട്ടിൽ അശ്വതി തലകുലുക്കി.

” അതുമാത്രമല്ല അശ്വതീ… അന്ന് കടലിൽ നിന്നും ആദി എന്നെ രക്ഷിക്കും മുൻപെ ,അവളായിരുന്നു തിരകളിലേക്ക് ഇറങ്ങി വന്നത്…എനിക്കു വേണ്ടി മരിക്കാൻ പോലും തയ്യാറായ ഞാൻ അവളെ എങ്ങിനെയാണ് മറക്കുക?

ചോദ്യത്തോടൊപ്പം, അവൾ ചോറു കഴിക്കുന്നത് നിർത്തി
എഴുന്നേറ്റു ആദിക്കരികിലെത്തി….

“ആദിക്കറിയില്ല അവളെ… പക്ഷെ അവൾക്ക് ആദിയെ അറിയാം…. വാ തോരാതെ ആദിയെ പറ്റി സംസാരിക്കാറുമുണ്ട്… ”

വേദയുടെ സംസാരം കേട്ടതും, ഒന്നും മനസ്സിലാകാതെ ആദി അവളെ തന്നെ നോക്കി ഇരുന്നു.

” ആദിക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം…. ഞാൻ കാണിച്ചു തന്ന ഫോട്ടോയിലെ അവ്യക്തമായ മുഖം അവളുടെതാണ്…. എൻ്റെ ഏയ്ഞ്ചലിൻ്റെ….. ”

“ഏയ്ഞ്ചൽ? ”

ആ പേര് കേട്ടതോടെ ആശ്ചര്യത്തോടെ മന്ത്രിച്ചു കൊണ്ട് ആദി വേദയുടെ മുഖത്തേക്കു നോക്കുമ്പോൾ, ആദിയുടെ മൊബൈൽ അടിച്ചു തുടങ്ങിയിരുന്നു….

മൊബൈലിലേക്കും, വേദയുടെ മുഖത്തേക്കും നോക്കി എന്തു ചെയ്യണമെന്നറിയാതെ അവൻ പരിഭ്രമിച്ച നിമിഷങ്ങൾ…..

ഒടുവിൽ വേദയുടെ കണ്ണുകളിലേക്കുറ്റു
നോക്കി ആദി ഇരുന്നപ്പോൾ,
മൊബൈലും കാതോരം ചേർത്ത്, മലനിരകളിലിറങ്ങുന്ന കോടമഞ്ഞിലേക്ക് പുഞ്ചിരിയോടെ നോക്കി, ആദിയുടെ ശബ്ദത്തിനായ് കാത്തിരിക്കുകയായിരുന്നു, വേദ ഇതുവരെ വാതോരാതെ പറഞ്ഞിരുന്ന ഏയ്ഞ്ചൽ….!!!……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button