Kerala

ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്: കെ സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർഥ പ്രശ്‌നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണമായും തള്ളിക്കളയുന്നതാണ് സർക്കാരിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജവം സർക്കാരിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപാധി മാത്രമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെതിരെയാണ്. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സർക്കാരിന്റെ ആത്മാർഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മുകേഷിനെതിരെ കേസ് എടുക്കണം,അദ്ദേഹത്തെ ചോദ്യം ചെയ്യണം, അറസ്റ്റ് ചെയ്യുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

Related Articles

Back to top button