മഴ: അസീര്‍ ഹൈവേയില്‍ ഗതാഗതം സ്തംഭിച്ചു
റിയാദ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സഊദിയില്‍ ഇത് മഴയുടെ നാളുകളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. വേനല്‍ച്ചൂടില്‍ ആശ്വാസമായി എത്തിയ മഴ പിന്നീട് ശക്തിപ്പെടുന്നതാണ് കണ്ടത്.
ഇതോടെ മഴയെത്തിയ പ്രദേശങ്ങളിലെല്ലാം താപനില ഗണ്യമായി താഴ്ന്നിരിക്കുകയാണ്. 40 ഡിഗ്രിക്കും അന്‍പത് ഡിഗ്രിക്കുമെല്ലാം മുകളിലായിരുന്ന അതികഠിനമായ ചൂട് അനുഭവപ്പെട്ടിടത്താണ് പെട്ടെന്ന് കാലാവസ്ഥ മാറിമറിഞ്ഞിരിക്കുന്നത്.
ശക്തമായ മഴയില്‍ ആള്‍നാശം ഉള്‍പ്പെടെ കനത്ത നാശവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിന്നല്‍, പ്രളയം എന്നിവയാല്‍ പല ഭാഗങ്ങളിലും സാധാരണ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
അസീര്‍ മേഖലയില്‍ ഹൈവേയില്‍ വെള്ളപ്പൊക്കംമൂലം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യവുമുണ്ടായി. ശക്തമായ മഴയെത്തുടര്‍ന്ന് അസീര്‍ മേഖലയിലെ പ്രധാന ഹൈവേയില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടി ഒഴുകിയെത്തിയത് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. റോഡിനു വശത്തെ മലനിരകളില്‍ നിന്ന് വലിയ പാറക്കെട്ടുകള്‍ മലവെള്ളം കണക്കെ ഒഴുകിയെത്തുകയായിരുന്നു. സംഭവത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. അസീറിലെ വാദി അസ്ലാനിലാണ് സംഭവം. മഴയോടൊപ്പം കനത്ത ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും സജീവമായി ഇടപെടുന്നതും നാശത്തിന്റെ തോത് വര്‍ധിപ്പിക്കുന്ന ഘടകമാണ്.
ഏതാനും ദിവസം മുന്‍പ് ചൂടിന് ശമനം സംഭവിക്കുമെന്ന സൂചന നല്‍കി സുഹൈല്‍ നക്ഷത്രം സഊദിയുടെ ആകാശങ്ങളിലും ദൃശ്യമായിരുന്നു. ഇതിന് ശേഷമാണ് ജസാന്‍പോലുള്ള മേഖലയില്‍ അനുഭവപ്പെട്ട കനത്ത മഴ മറ്റിടങ്ങളിലേക്കും വ്യാപിച്ചത്. പെട്ടെന്നുണ്ടായ ഈ കാലാവസ്ഥ മാറ്റം ഭൂപ്രകൃതിയെ മൂടല്‍മഞ്ഞും പച്ചപ്പും നിറഞ്ഞ മനോഹരമായ ദൃശ്യങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഒന്നും നട്ടാല്‍ മുളക്കാത്ത് പച്ചപ്പിന്റെ തരിമ്പുപോലും അവശേഷിക്കാത്ത മരുഭൂപ്രദേശങ്ങള്‍ക്കാണ് ഇത്തരം ഒരു ഭാവമാറ്റം സംഭവിച്ചിരിക്കുന്നത്.
മഴ അനുഗ്രഹമാണെന്നാണ് മരുഭൂവാസികള്‍ പറയാറെങ്കിലും കാലാവസ്ഥയില്‍ സംഭവിച്ച വമ്പിച്ച മാറ്റം ജസാനില്‍ അതിന്റെ പാരമ്യത്തിലെത്തിയിരിക്കയാണ്.
2022ല്‍ ജിദ്ദയില്‍ അനുഭവപ്പെട്ട ദശാബ്ധത്തിലെ ശക്തമായ മഴയുടെ റെക്കാര്‍ഡും ഇപ്പോള്‍ പഴങ്കഥയായി. 2022ല്‍ 182 മില്ലീമീറ്റര്‍ മഴയാണ് ഭൂമിയേലേക്കു എത്തിയതെങ്കില്‍ ഈ വര്‍ഷം അത് 184 മില്ലിലിറ്ററില്‍ എത്തി. കനത്ത മഴയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റോഡുകളും പാലങ്ങളുമെല്ലാം ഒലിച്ചുപോകുന്ന അസാധാരണ പ്രതിഭാസവും അരങ്ങേറിയിരുന്നു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ വിദൂര പഠന പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നതിനുള്ള ആലോചനയിലാണ് അധികൃതര്‍. വരും ദിവസങ്ങളിലും സൗദി അറേബ്യയിലുടനീളം കനത്ത മഴയും കൊടുങ്കാറ്റും സംഭവിക്കാമെന്നാണ് കലാവസ്ഥാ പ്രവചനം.