മുകേഷിന്റെ രാജിക്കായി സമ്മർദമേറുന്നു; സിപിഎമ്മിന്റെ നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്
ലൈംഗികാതിക്രമ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്റെ രാജിക്കായുള്ള മുറവിളി ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു.
അതേസമയം സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. അനാവശ്യമായ കീഴ് വഴക്കം ഉണ്ടാക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്.
സിപിഐ സമ്മർദം ശക്തമാക്കിയതോടെ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗം നിർണായകമാണ്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുകയാണ്. മഹിളാ കോൺഗ്രസ് ഇന്ന് ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.