Novel

പ്രണയമായ്: ഭാഗം 9

രചന: ശ്രുതി സുധി

പെട്ടന്നൊരു പെണ്ണുകാണൽ….. അതൊരിക്കലും വിചാരിച്ചേ ഇല്ല. അതിന്റെ എല്ലാ ടെൻഷൻ ഉണ്ടായിരുന്നു. ഞായറാഴ്ച അച്ഛനും അമ്മയും ഒപ്പം രാധികേച്ചിയുടെ അച്ഛനും അമ്മയും കൂടെ കിരണിനെയും കൂട്ടി… പെണ്ണിനെക്കുറിച്ചു ഒരു കാര്യവും അറിയില്ല. അറിയാൻ താല്പര്യവും ഇല്ലായിരുന്നു……. അച്ഛൻ പറഞ്ഞ വഴിയിലൂടെ തന്നെ പോയി. ഇടയ്ക്കു ആരെയോ വിളിച്ചു വഴി ചോദിക്കുന്നുണ്ടായിരുന്നു… അടയാളം വച്ചു പറഞ്ഞ വീടെത്തി. അത്ര വലിയ വീടൊന്നുമല്ല. ഒരു സാധാ ഒരുനില വീട്. നല്ല വൃത്തിയുള്ള പരിസരം. മുറ്റത്തു നിറയെ ചെടികൾ പൂവിട്ടു നില്കുന്നു. പ്രായമുള്ള ഒരാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അമ്മാവൻ എന്നാണ് പരിചയപ്പെടുത്തിയത്. അവിടെയുള്ള എല്ലാരേം പുള്ളി പരിചയപെടുത്തി തന്നു. ആ കൂട്ടത്തിൽ പെണ്ണിന്റെ അച്ഛനെയോ അമ്മയെയോ ഒന്നും കാണാത്തതു എന്താണെന്നു ഓർത്തെങ്കിലും പുറത്തു പ്രകടിപ്പിച്ചില്ല. എല്ലാരേയും നോക്കി ചിരിച്ചെന്നു വരുത്തി. അപ്പോഴാണ് പെണ്ണിന്റെ അമ്മാവൻ പെണ്ണിനെ പറ്റി പറയുന്നത്. അച്ഛനും അമ്മയും മരിച്ചുപോയതാണെന്നൊക്കെ അപ്പോഴാണ് അറിയുന്നത്. പെണ്ണിന്റെ അപ്പച്ചിയാണ് കഴിക്കാനുള്ളതെല്ലാം കൊണ്ടുവന്നത്. കുറച്ചു കഴിഞ്ഞു ആരോ പെണ്ണിനെ വിളികാം എന്നു പറഞ്ഞു. എന്തോ….. മനസിന്‌ ആകെയൊരു അസ്വസ്ഥത…. ഒട്ടും താല്പര്യമില്ലാത്ത പോലെ….. പുറകിൽ നിന്നും ആരോ വലിക്കുന്ന പോലെ… എല്ലാം ഓർത്തു തലകുനിച്ചു ഇരുന്നപ്പോഴാണ് പെൺകുട്ടി വന്നത്. ഞാനും കിരണും അടുത്ത് തന്നെ ഇരുന്നത് കൊണ്ടാകണം പെണ്ണാകെ കൺഫ്യൂഷൻ ആയിരുന്നു. ആദ്യം വീട്ടുകാർക്കും ഉണ്ടായിരുന്നു കൺഫ്യൂഷൻ. അപ്പോൾ കിരൺ തന്നെ എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു. അപ്പോഴാണ് മുഖമുയർത്തി ഞാൻ നോക്കിയത്… കണ്ടപ്പോൾ തന്നെ ഞാനൊന്നു ഞെട്ടി…. പെൺകുട്ടിയുടെയും അവസ്ഥ അതു തന്നെ ആയിരുന്നെന്നു മുഖത്തേക്കു നോക്കിയാൽ തന്നെ വ്യക്തം… ഞാൻ അപ്പോഴേക്കും അമ്മയെയും അച്ഛനെയും നോക്കിയപ്പോൾ അവരാകെ ഹാപ്പി…. അപ്പോഴാണ് അമ്മ അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ട കാര്യം ഒക്കെ പറയുന്നത്. പിന്നേ പാർക്കിൽ വച്ചു കണ്ടെന്നും. മായ ആന്റിയോട് അന്വേഷിച്ചെന്നും.. അങ്ങനെ എന്തൊക്കെയോ പറഞ്ഞു… അപ്പോഴാണ് ഞാൻ ഇതേകുറിച്ചൊക്കെ അറിയുന്നത് തന്നെ.
ഇതിന്റെ ഇടയിൽ അവരെന്തൊക്കെയോ സംസാരിച്ചു. മനസ് ഇവിടെയൊന്നും ആയിരുന്നില്ല.. അതുകൊണ്ട് തന്നെ അവിടെ പറയുന്നതൊന്നും ഞാൻ അറിയുന്നേ ഇല്ലായിരുന്നു.
കുറച്ചു കഴിഞ്ഞു സ്ഥലകാല ബോധം വന്നപ്പോ അമ്മുവിനെക്കുറിച്ചു പെണ്ണിന്റെ ആന്റി പറയുന്നതാണ് കേട്ടത്. പറച്ചിൽ കേട്ടപ്പോ തന്നെ എല്ലാം ഇട്ടെറിഞ്ഞു അപ്പൊ തന്നെ ഇറങ്ങി പോകാനാ തോന്നിയത്. പെട്ടന്ന് ആ പെണ്ണ് അമ്മുവിനെയും എടുത്തു അകത്തേക്കു പോയി… കുറച്ചു കഴിഞ്ഞു അമ്മയും ആന്റിയും കൂടെ അകത്തേക്കു പോയി…
അപ്പോഴാണ് കിരണിന്റെ വക ചോദ്യം… പെണ്ണിനെ ഇഷ്ടപ്പെട്ടൊന്നു. അവനെ തുറിച്ചൊന്നു നോക്കിയപ്പോളേക്കും ആ അമ്മാവൻ എന്നോട് എന്തൊക്കെയോ ചോദിച്ചു. അതിനു എന്തൊക്കെയോ മറുപടി പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് അമ്മ വന്നു പെൺകുട്ടിയോട് സംസാരിച്ചിട്ട് വരാൻ പറഞ്ഞു അകത്തേക്കു വിളിച്ചത്. ഒരു മടിയോടെ ആണ് അവിടന്ന് എഴുന്നേറ്റത്. പോകുന്ന വഴി അമ്മ പറഞ്ഞു….

“ഞാൻ ഒരുപാട് ആഗ്രഹിച്ചു മോനെ ഈ പെൺകുട്ടിയെ തന്നെ കിട്ടാൻ. അതു നീയായിട്ട് ഇല്ലാണ്ടാക്കരുത്. എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കിൽ അതു വീട്ടിൽ ചെന്നു സംസാരിക്കാം നമുക്ക്. ഇവിടെ വച്ചു നീയൊന്നും.”.

“ഇല്ല അമ്മ…. അങ്ങനെ ഒന്നും ഉണ്ടാകില്ല….. അല്ല… ഈ പെണ്ണിന്റെ പേരെന്താ? ”

അതിനുള്ള മറുപടി അമ്മയുടെ തുറിച്ചു നോട്ടമായിരുന്നു. പെണ്ണിനോട് തന്നെ ചോദിക്കാൻ പറഞ്ഞു എന്നെ പറഞ്ഞു വിട്ടു. മുറിയിലേക്ക് ചെന്നപ്പോൾ അവിടെ പെണ്ണിന്റ അപ്പച്ചിയും ഉണ്ട്. അവര് എന്നെ നോക്കി ചിരിച്ചു കൊണ്ട് പുറത്തുപോയി. ആ മുറിയിൽ ഇപ്പോൾ ഞാനും ആ പെൺകുട്ടിയും മാത്രം… വല്ലാത്തൊരു ടെൻഷൻ… പരസ്പരം മിണ്ടിയില്ല കുറേ നേരം. ഇടയ്ക്കു ഒരു കസേര നീക്കിയിട്ടു തന്നു അതിൽ ഇരുന്നോളു എന്നു മാത്രം പറഞ്ഞു… ഇങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യമില്ലല്ലോ എന്നു കരുതി ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

“എന്താ പേര്? …”

“ലക്ഷ്മി..”

“ആക്ച്വലി… എനിക്കിപ്പോ ഒരു കല്യാണം……. വീട്ടിലെല്ലാരും പറഞ്ഞപ്പോ….. അതും ഇത്രപെട്ടെന്ന്… ആക്ച്വലി എനിക്ക് ഇവിടെ വരുന്നത് വരെ ഒന്നുമറിയില്ലായിരുന്നു….. അതാ..”. എന്തൊക്കെയോ വിക്കി വിക്കി ചോദിച്ചു.

“മ്മ്…. ആക്ച്വലി എനിക്കും…….. എനിക്കും അറിയില്ലായിരുന്നു… പെണ്ണുകാണാൻ വരും എന്നു മാത്രെ അറിയൂ. ആരാന്നൊന്നും അറിയില്ലായിരുന്നു. ഇവിടെ വച്ചു കണ്ടപ്പോള…. പേരെന്താണെന്നു എനിക്കും അറിയില്ല….. ”

അതുകേട്ടപ്പോ മനസ്സിൽ ഒരുപാട് മനസ്സിൽ ഒരുപാട് സംശയങ്ങൾ കടന്നു വന്നു. സാധാരണ ഒരു പെണ്ണുകാണൽ എന്നൊക്കെ പറയുമ്പോ തന്നെ പയ്യൻ ഏതാ… പേരെന്താ… കാണാൻ എങ്ങനാ… അങ്ങനൊക്കെ ചിന്തിക്കില്ലേ… അന്വേഷിക്കില്ലേ….. ഞാൻ അന്വേഷിക്കാതിരുന്നതിനു കാരണമുണ്ട്….. ഇതിപ്പോ…. ഇനി പെണ്ണങ്ങാനും തേപ്പു കിട്ടിയിരിക്കുന്നതാണോ….. അതോ ആരെയെങ്കിലും തേച്ചോ….സംശയങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ തന്നെ പേര് പറഞ്ഞു… വീണ്ടും നിശബ്ദത കടന്നു വന്നപ്പോൾ മനസിലുള്ള സംശയങ്ങൾ തീർക്കാൻ തന്നെ തീരുമാനിച്ചു.

“സത്യം പറഞ്ഞാൽ എനിക്കിപ്പോ ഈ കല്യാണകാര്യത്തിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു. ഒന്നും രണ്ടും ഒന്നുമല്ല.. ആറുവർഷം… ആറു വർഷത്തോളം ഞങ്ങൾ സ്നേഹിച്ചു. എന്നേക്കാൾ കാശുകാരനെ കണ്ടപ്പോൾ അവളും വീട്ടുകാരും അതൊക്കെ മറന്നു… അതേപ്പിന്നെ പെണ്ണെന്നു കേക്കുന്നതെ കലിയാണ്… പിന്നേ അമ്മുവിനെ ഓർത്തപ്പോ….. ആ വൈരാഗ്യം ഒക്കെ മാറ്റിവച്ചു… കല്യാണത്തിന് സമ്മതം പറഞ്ഞെങ്കിലും ഇത്ര പെട്ടന്ന് ഒരു പ്രൊപോസൽ ഞാൻ വിചാരിച്ചില്ല. ഉൾകൊള്ളാൻ ഒരു താമസം.. അതാണ് തന്നെകുറിച്ചു അന്വേഷിക്കാൻ തന്നെ എനിക്ക് തോന്നാതിരുന്നത്…
പക്ഷേ…. തനിക്കെന്താ അങ്ങനെ തോന്നാതിരുന്നേ…. ഇനി എന്നെപോലെ തനിക്കും വല്ല റിലേഷൻ…….” സംശയ ദൃഷ്ടിയാൽ ഞാൻ ആ മുഖത്തേക്കു നോക്കിയപ്പോൾ പ്രത്യേക ഭാവ ഭേദങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല.
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷമാണ് അവിടന്ന് മറുപടി കിട്ടിയത്.

“അടുത്ത ആഴ്ചയാണ് ഞങ്ങളുടെ ലാസ്റ്റ് സെമസ്റ്റർ എക്സാം. പോർഷൻസ് ഒന്നും തീരാത്തതു കൊണ്ട് ടീച്ചേർസ് എല്ലാം ഓടിച്ചിട്ടാ പഠിപ്പിക്കുന്നെ… പോരാത്തതിന് പ്രൊജക്റ്റ്‌.. പ്രാക്ടിക്കൽസ്.. റെക്കോർഡ്.. ഇതൊക്കെയായിട്ട് നല്ല ടെൻഷനിൽ ആയിരുന്നു… പെണ്ണുകാണാൻ വരുന്നു എന്നു പറഞ്ഞപ്പോ തന്നെ ഒരാകാംഷ ഉണ്ടായിരുന്നു… പക്ഷേ… എന്തോ…. ചോദിക്കാൻ ഒരു ചമ്മൽ… അതാ…. അല്ലാതെ….”

“മ്മ്… അമ്മയ്ക്കെന്തോ തന്നെ വലിയ ഇഷ്ടമാണ്. യാതൊരു പ്രതീക്ഷയും ഇല്ലാതെയാ ഞാൻ ഇങ്ങോട്ട് വന്നത് തന്നെ. അമ്മു…. അവൾ എന്റെ ചേട്ടന്റെ മകൾ ആണെങ്കിലും എനിക്ക് സ്വന്തം മകൾ തന്നെയാ. അങ്ങനെ തന്നെ അവളെ കാണുന്ന ഒരു പെൺകുട്ടി.. അതുമാത്രേ എനിക്ക് നിർബന്ധം ഉള്ളു…. അതു അംഗീകരിക്കാൻ പലർക്കും മടിയായിരിക്കും… ”

“അമ്മുവിന്റെ അതെ അവസ്ഥകളിലൂടെ തന്നെയാ ഞാനും വളർന്നു വന്നത്. അതുകൊണ്ട് അതു ഞാൻ പ്രശ്നമാകുന്നെ ഇല്ല. പക്ഷേ….. അമ്മുവിനെ മാത്രം നോക്കുന്ന ഒരാളെ ആണോ ആവശ്യം… അമ്മുവിനെ മാത്രം അംഗീകരിക്കുന്ന ആളെ ആണോ ആവശ്യം…”

ഇങ്ങനൊരു മറുചോദ്യം പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ മറുപടി കൊടുക്കാൻ നന്നേ ബുദ്ധിമുട്ടി.

“അതു… പിന്നെ… ഞാൻ….
ലുക്ക്‌ ഞാൻ പറഞ്ഞില്ലേ.. യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാൻ ഇവിടെ വന്നതും തന്നെ കണ്ടതും… അമ്മുവിനെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരാൾ… അതുമാത്രമേ എനിക്ക് ഉള്ള കണ്ടിഷൻ. അങ്ങനെ ഉള്ള ആൾക്ക് സ്വാഭാവികമായും എന്നെയും ഉൾകൊള്ളാൻ കഴിയുമല്ലോ..തിരിച്ചു ഞാനും ശ്രമിക്കാം…. “… അത്ര മാത്രം പറഞ്ഞു ഞാൻ എഴുന്നേറ്റു. അല്ലെങ്കിലും ഇതിനും മാത്രം സംസാരിക്കാനും ബോധിപ്പിക്കാനും എന്തിരിക്കുന്നു. എത്രയും പെട്ടന്ന് ഒന്നു പുറത്തു കടന്നാൽ മതിയെന്നായി പിന്നേ ചിന്ത. അല്ലെങ്കിൽ ഈ പെണ്ണ് പിന്നേം ഒരുമാതിരി ചോദ്യങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങിയാൽ…… ശരിയാവില്ല. തക്ക സമയത്തു തന്നെയാണ് എല്ലാരും മുറിയിലേക്കു വന്നത്. കിട്ടിയ അവസരം മുതലാക്കി വേഗം ഞാൻ പുറത്തേക്കു കടന്നു. അവിടെ ചെന്നപ്പോൾ മുഖത്ത് ഒരുമാതിരി ചിരിയും ഫിറ്റ്‌ ചെയ്തുകൊണ്ട് കിരൺ ഇരിക്കുന്നു. അവിടെ ചെന്നു ഇരുന്നപ്പോഴേക്കും അവൻ പുറത്തു ഇറങ്ങി നിൽകാം എന്നും പറഞ്ഞു വിളിച്ചുകൊണ്ടു പോയി. അവന്റെ കൂടെ പുറത്തു മാവിന്റെ ചുവട്ടിൽ പോയി നിന്നു. അവിടെ നിന്നു നോക്കിയാൽ ലക്ഷ്മിയുടെ മുറി കാണാം. അമ്മയും മഞ്ജു ആന്റിയും (രാധികയുടെ അമ്മ )ലക്ഷ്മിയെ ചേർത്തു പിടിച്ചു അവിടുള്ളവരോട് കത്തിവയ്ക്കുന്നു. ഞാൻ അങ്ങോട്ട് സൂക്ഷിച്ചു നോക്കിയതും ലക്ഷ്മി പുറത്തേക്കു നോക്കിയതും ഒരുമിച്ചായിരുന്നു. ആ നോട്ടം…………. അതെന്നെ വല്ലാത്തൊരവസ്ഥയിൽ ആക്കി. കണ്ണുകൾ പരസ്പരം ഉടക്കി എന്നു മനസ്സിലാക്കിയിട്ടും എന്തുകൊണ്ടോ നോട്ടം പിൻവലിക്കാൻ ആഗ്രഹിച്ചിട്ടും നോട്ടം പിൻവലിക്കാൻ കഴിയാതെ അങ്ങനെയേ നിന്നു.ഞാനും നോക്കുന്നു എന്നു മനസിലാക്കി വേഗം ലക്ഷ്മി നോട്ടം മാറ്റി തിരിഞ്ഞു നിന്നു. ഇതൊക്കെ കണ്ടുകൊണ്ട് നിന്ന കിരൺ അവന്റെ ജോലി ഭംഗിയായി ചെയ്യുന്നു…. കളിയാക്കൽ.

“കണ്ണും കണ്ണും……. തമ്മിൽ തമ്മിൽ
കഥകൾ കൈമാറും അനുരാഗം…

ഹോ…. എന്തൊക്കെയായിരുന്നു…. മലപ്പുറം കത്തി.. അമ്പും വില്ലും…
കല്യാണം വേണ്ടാ പോലും… പെണ്ണെന്നു കേക്കുന്നതെ അലർജി ആണ് പോലും… എന്നിട്ടിപ്പോ കണ്ടില്ലേ ”

“ഡാ, ഡാ… മതി മതി . കുറേ നേരമായി അവൻ “.

തിരിച്ചു അവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ അകത്തേക്ക് വിളിച്ചു. തിരിച്ചു കയറി പോകുന്നതിനു മുന്നേ വെറുതെ ഒന്നാ മുറിയിലേക്കു പാളി നോക്കി. അവിടെ ആട് കിടന്നിടത്തു പൂട പോലും ഇല്ല. വേഗം അകത്തേക്കു കയറിയപ്പോൾ അവിടെ നില്പുണ്ട് എല്ലാരും. അമ്മുവിനെ എടുത്തുകൊണ്ടു ലക്ഷ്മിയും… എന്തുകൊണ്ടോ അനുസരണ ഇല്ലാതെ എന്റെ കണ്ണുകൾ ആ കാഴ്ച തന്നെ നോക്കി നിന്നു പോകുന്നു. എന്റെ നോട്ടം കണ്ടിട്ട് കിരൺ ഒന്നു ചുമച്ചു. അതു എനിക്കുള്ള സിഗ്നൽ ആണെന്ന് അവന്റെ വളിച്ച മുഖം കണ്ടപ്പോൾ മനസിലായി. അപ്പോഴാണ് ഞാൻ എല്ലാരേം ശ്രദ്ധിച്ചത്. ഞാൻ ലക്ഷ്മിയെ തന്നെ നോക്കുന്നത് അവരും കണ്ടു.. ആകെ ചമ്മി നാറി. ഈ പറയുന്ന ആള് ഇതൊന്നും ശ്രദ്ധിക്കാതെ അമ്മുവിനെ കളിപ്പിച്ചുകൊണ്ട് നിൽക്കുന്നു.
അവസാനം എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അപ്രതീക്ഷിതമായി അമ്മ വേഗം അമ്മയുടെ കൈയിൽ കിടന്ന സ്വർണത്തിന്റെ ഒരു വള ഊരി ലക്ഷ്മിയുടെ കൈയിൽ ഇട്ടുകൊടുത്തു. എല്ലാവരും പെട്ടന്നുള്ള ഈ പ്രവർത്തിയിൽ അന്ധാളിച്ചു പോയി. ഒരു നിമിഷം കഴിഞ്ഞപ്പോൾ എല്ലാരുടെയും മുഖത്ത് അന്ധാളിപ്പ് മാറി പുഞ്ചിരിയായി. അതിൽ നിന്നും തീർത്തും വ്യത്യാസ്തമായി ഞാനും ലക്ഷ്മിയും ഷോക്ക് ഏറ്റ പോലെ നിന്നു. എല്ലാം തീരുമാനിച്ചുറപ്പിച്ച പോൽ മറ്റുള്ളവരും.
**************

ഒട്ടും പ്രതീക്ഷിക്കാതെ ആണ് ആ അമ്മ എന്റെ കൈയിലേക്ക് വള ഇട്ടു തന്നത്. പെട്ടെന്ന് എങ്ങനെ പ്രതികരിക്കണം എന്നു പോലും അറിയാത്ത അവസ്ഥ. അയാളെ നോക്കിയപ്പോൾ എന്റെ അതെ അവസ്ഥ തന്നെയാണ് ആൾക്കും എന്നു മനസിലായി. എല്ലാരും എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു എന്നു അവരുടെ ഭാവങ്ങളിൽ നിന്നും സംസാരത്തിൽ നിന്നും മനസിലാക്കി. എക്സാം എല്ലാം കഴിഞ്ഞതിനു ശേഷം കല്യാണം നടതാം എന്നും അതിനിടയിൽ ബാക്കിയുള്ള ചടങ്ങുകൾ എല്ലാം നടത്തിവെക്കാം എന്നുമെല്ലാം അവർ തീരുമാനിച്ചു….. എന്നോടൊരു വാക്ക് പോലും ചോദിക്കാതേം പറയാതേം… വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. രണ്ടു മാസത്തിനുള്ളിൽ കല്യാണം.. ഒട്ടും ഉൾകൊള്ളാൻ കഴിയുന്നെ ഇല്ലായിരുന്നു. എല്ലാരുടെയും സന്തോഷം കണ്ടപ്പോൾ ഒന്നും എതിർക്കാനും തോന്നുന്നില്ല.. എക്സമിന്റെ പേരും പറഞ്ഞു എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. എല്ലാരും അങ്ങനെതന്നെ കരുതി… ഇതിനിടയിൽ കാര്യങ്ങൾ എല്ലാം മുറപോലെ നടക്കുന്നുണ്ടായിരുന്നു.. ചെക്കന്റെ വീടുകാണലും… പെണ്ണിന്റെ വീടുകാണലും… ഒപ്പം എന്റെ എക്സമും. എക്സാം കഴിഞ്ഞുള്ള ആഴ്ചയിൽ എൻഗേജ്മെന്റ് നടത്താനും തീരുമാനിച്ചു…

എന്തൊക്കെയാ സംഭവിക്കുന്നതെന്ന് യാതൊരു എത്തും പിടിയും ഇല്ല. ഒരു മാസം കൂടെ കഴിഞ്ഞാൽ എന്റെ കല്യാണം. അതും എന്റെ താല്പര്യം പോലും നോക്കാതെ. അമ്മാവന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ല. സാധാരണ ഒരു കാര്യമാണോ ഇതു .. എന്നോടൊരു വാക്കുപോലും പറയാതെ എല്ലാം…. ഉള്ളിൽ തികട്ടി വന്ന ദേഷ്യവും ദുഖവും ഉള്ളിൽ തന്നെ കുഴിച്ചു മൂടി ആ രാത്രി തളർന്നുറങ്ങി……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button