പ്രണയമായ്: ഭാഗം 10
രചന: ശ്രുതി സുധി
പിറ്റേന്ന് പതിവ് പോലെ കാലത്തെ എഴുന്നേറ്റു. അടുത്ത ആഴ്ചയാണ് എൻഗേജ്മെന്റ്. അതുകഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞ് കല്യാണവും തീരെ സമയം ഇല്ല. എക്സാം എല്ലാം കഴിഞ്ഞതോടെ ഒന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ഓരോരോ ഉത്തരവാദിത്തങ്ങൾ വന്നു തുടങ്ങി. ഇന്നാണ് എൻഗേജ്മെന്റ് റിങ് എടുക്കാൻ പോകുന്നത്. അവിടത്തെ അമ്മ വിളിച്ചു പറഞ്ഞതനുസരിച്ചു രാവിലെ ഒരുങ്ങി നിന്നു. അവർ കാറുമായി വന്നപ്പോൾ ഞാനും മാളുവും ഒപ്പം പോകുന്ന വഴിയിൽ നിന്നും അപ്പച്ചിയും കയറി. അവിടെ നിന്നും അച്ഛനും അമ്മയും കൂടെ അമ്മുവും ആണ് വന്നത്. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ആ ചേട്ടനും എത്തുമെന്ന് പറഞ്ഞു. അവിടെ എത്തി കുറേ കഴിഞ്ഞിട്ടും ആളെ കാണുന്നില്ല. അമ്മ കുറേ തവണ ഫോൺ ചെയ്‌തെങ്കിലും കിട്ടിയില്ല….. അമ്മക്കാകെ വിഷമവും ദേഷ്യവും വന്നു എന്നു ആ മുഖത്ത് നിന്നും വ്യക്തമായി. ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. എന്റെ വിരലിനു പാകമുള്ള മോതിരം സെലക്ട് ചെയ്തു പേര് എഴുതാൻ കൊടുത്തു. എൻഗേജ്മെന്റ് നു രണ്ടു ദിവസം മുന്നേ വന്നു വാങ്ങിയാൽ മതിയെന്ന് പറഞ്ഞു. അന്ന് തന്നെ എൻഗേജ്മെന്റ് നു ഇടാനുള്ള സാരിയും ഒക്കെ വാങ്ങിച്ചു. എല്ലാം കഴിഞ്ഞ് ഫുഡും കഴിച്ചു, പോകുന്നതിനു മുന്നേ അമ്മുവിനെയും കൂട്ടി എല്ലാരും അടുത്തുള്ള പാർക്കിൽ പോയിരുന്നു അൽപനേരം. ഒറ്റയ്ക്ക് കിട്ടിയ വേളയിൽ അമ്മയുടെ അടുത്ത് സംസാരിക്കാൻ ഞാൻ ചെന്നു.
“അമ്മേ… ഞാൻ.. ഞാനൊരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്. ”
“എന്തിനാ മോളെ ഇങ്ങനൊരു മുഖവുര. മോൾക്ക് എന്തു വേണമെങ്കിലും അമ്മയോട് ചോദിക്കലോ.. ”
“അതുപിന്നെ…. ഈ കല്യാണത്തിന് അമ്മയുടെ മോനു താൽപര്യക്കുറവ് വല്ലതും ഉണ്ടോ.. എനിക്കങ്ങനെ തോന്നി. ”
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷമാണ് അവിടന്ന് മറുപടി വന്നത്. എന്നിൽ നിന്നും അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചു കാണില്ല.
“അങ്ങനെ ഒന്നും ഇല്ല മോളെ.. മോൾക്ക് തോന്നുന്നതാ.. ”
ആ മറുപടിയിൽ ഞാൻ ഒട്ടും തൃപ്തയല്ലയിരുന്നു.. ഒന്നു മൂളുക മാത്രം ചെയ്തു വിദൂരതയിലേക്ക് നോക്കി ഇരുന്നു. അൽപ സമയം കഴിഞ്ഞു കൈയിൽ ആരുടെയോ കരസ്പർശം… നോക്കിയപ്പോൾ അമ്മയാണ്.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായ് കാണപ്പെട്ടു.
“എനിക്ക് മോളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. നമുക്കല്പം മാറിയിരുന്നാലോ.. ”
അമ്മയോടൊപ്പം ഒരു മരച്ചുവട്ടിൽ പോയിരുന്നു. അവിടെ വച്ചു അവരുടെ കുടുംബ കാര്യങ്ങളും ആളുടെ കാര്യങ്ങളും പ്രണയവും ചേട്ടന്റേം ചേച്ചിയുടെയും മരണവും ആളുടെ പ്രണയനൈരാശ്യവും എല്ലാം പറഞ്ഞു. എല്ലാം മിണ്ടാതെ കേട്ടുകൊണ്ട് നിന്നു.
“ഞാൻ ഇതൊക്കെ പറഞ്ഞത് മോൾ ഇതൊക്കെ അറിഞ്ഞിരിക്കാനാ. ഇങ്ങനൊന്നും അല്ലായിരുന്നു എന്റെ മോൻ.. എല്ലാവരോടും കൂട്ടുകൂടി ഹാപ്പിയായി നടക്കുന്നവനായിരുന്നു. അവന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അവനെ ഒരുപാടു മാറ്റി. അതു മറ്റൊന്നും കൊണ്ടല്ല അവന്റെ ദുഃഖം ഞങ്ങളെക്കൂടെ അറിയിച്ചു ഞങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ ഉള്ള ഒരു മുഖം മൂടിയാണ്… ഞങ്ങളാരും ഫോഴ്സ് ചെയ്തിട്ടൊന്നുമല്ല അവൻ ഈ കല്യാണത്തിന് സമ്മതിച്ചത്… അവൻ പറഞ്ഞിട്ട് തന്നെയാ… പിന്നേ മോളോട് അടുത്ത് ഇടപഴകാത്തതു… അതുപിന്നെ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്നു പേടിക്കുമല്ലോ.. എന്നു കരുതി അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഒന്നും ഇല്ല കേട്ടോ..
ഒരമ്മയുടെ സ്വാർത്ഥത തന്നെയാണ് മോളെ ഇത്ര പെട്ടന്നുള്ള ഈ കല്യാണം. മോളെ പോലെ ഒരു കുട്ടിയെ ആണ് ഞങ്ങൾക്കാവശ്യം… മോളെ കണ്ടപ്പോൾ തന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ചതും ആണ്… എന്റെ സ്വാർത്ഥത തന്നെയാണ് മോളെ ഇതു… പക്ഷേ ഞാൻ ഉറപ്പു തരാം മോൾ ഒരിക്കലും വിഷമിക്കേണ്ടി വരില്ല… അവൻ ഒരു പാവമാണ്. സ്നേഹം കൊണ്ട് അവനെ മാറ്റിയെടുക്കാൻ മോൾക്ക് കഴിയും എന്നു എനിക്ക് നല്ല ഉറപ്പുണ്ട്… മോളു എതിരൊന്നും പറയാതെ ഈ കല്യാണത്തിന് സമ്മതിക്കണം… ഈ അമ്മയുടെ അപേക്ഷയാണ്… ഞാൻ വേണമെങ്കിൽ മോളുടെ കാല്….. ”
“അയ്യോ… അമ്മേ… എന്താ ഈ കാണിക്കുന്നേ… എന്റെ കാലുപിടിക്കുന്നോ… അങ്ങനൊന്നും ചെയ്യരുതേ..ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ… ”
“മോൾക്ക് അമ്മയോട് ദേഷ്യം ഒന്നും തോന്നരുതേ.. സത്യമായിട്ടും മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്… അവന്റെയും മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ മോൾക്ക് കഴിയും. ഞങ്ങൾ എല്ലാരും കൂടെയുണ്ടല്ലോ.. ”
അപ്പോഴേക്കും അമ്മു ചിണുങ്ങിക്കൊണ്ട് വന്നു..അവളെയും എടുത്തുകൊണ്ടു അമ്മ അവിടെ നിന്നും പോയി. വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ആ നിമിഷങ്ങളിലെല്ലാം. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ.. എന്തായിതീരുമെന്നും അറിയില്ല. വരുന്നിടത്തു വച്ചു കാണാം എന്നുതന്നെ വിചാരിച്ചു അവരോടൊപ്പം നടന്നു.
തിരിച്ചു വീട്ടിലെത്തി എങ്കിലും മനസ്സിലെ ആശങ്കകൾ വിട്ടൊഴിഞ്ഞിരുന്നില്ല… അങ്ങനെ ഇരിക്കെ ഒരുദിവസം പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു കാൾ… ആരാണെന്നു അറിയാത്തതിനാൽ എടുക്കാൻ ഒരു മടി. കുറച്ചുനേരം നോക്കിയിരുന്നതിനു ശേഷം കാൾ കട്ട് ആകുന്നതിനു തൊട്ട് മുന്നേ എടുത്തു.
“ഹലോ ”
മറുഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലാഞ്ഞപ്പോൾ വീണ്ടും ഹലോ പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. പെട്ടന്ന് തന്നെ കാൾ കട്ട് ആവുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞു അതെ നമ്പറിൽ നിന്നും കാൾ വന്നപ്പോൾ വേഗം തന്നെ എടുത്തു.
മറുഭാഗത്തു നിന്നും കേട്ട ശബ്ദം………
അടിവയറ്റിൽ ആരോ മഞ്ഞു കോരിയിട്ട പോലെ….. വല്ലാത്തൊരു അനുഭൂതിയായിരുന്നു ആ ശബ്ദം കാതിൽ മുഴങ്ങുമ്പോൾ….അന്ന് പെണ്ണുകാണലിനു സംസാരിച്ചതാണ്. പിന്നേ സംസാരിച്ചിട്ടുമില്ല….. എങ്കിലും ആ ശബ്ദം എങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞു എന്നോർത്ത് വല്ലാത്ത അത്ഭുതം ആയിരുന്നു. രണ്ടുമൂന്നു തവണ അവിടെ നിന്നും ഹലോ കേട്ടതിനു ശേഷമാണ് തിരിച്ചൊരു മറുപടി കൊടുക്കാൻ ആയതു… നാളെ ഒന്നു കാണണം, സംസാരിക്കണം, കാണേണ്ട സ്ഥലവും സമയവും മാത്രം പറഞ്ഞു ഫോൺ വച്ചു….. പിന്നേ ആകെ ടെൻഷൻ ആയി… എന്താണാവോ ഇത്ര സംസാരിക്കാൻ…. ഇനി ഈ കല്യാണം നടക്കില്ലാന്നു പറയാനാണോ……. മൂന്നാല് ദിവസം കഴിഞ്ഞാൽ എൻഗേജ്മെന്റ് ആണ്….. ഈ സമയത്തു അങ്ങനെ വല്ലതും പറഞ്ഞാൽ എന്തു ചെയ്യും… അങ്ങേരുടെ ഒടുക്കത്തെ പ്രേമനൈരാശ്യം …. മണ്ണാങ്കട്ട……. എന്തു ചെയ്തിട്ടാണെണെലും… കാലുപിടിച്ചാണെലും ഈ കല്യാണം നടത്തിയേ പറ്റു….
ഓരോന്നോർത്തു ആ രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി…
പിറ്റേന്ന് രാവിലെ മാളുവിനെയും കൂട്ടിയാണ് പോയത്. വരാമെന്നു പറഞ്ഞ സ്ഥലത്തു ചെന്നു നോക്കിയപ്പോൾ അവിടെയൊന്നും ആരെയും കാണുന്നില്ല…പിന്നേ ഫോൺ ചെയ്തപ്പോൾ ഇപ്പൊ വരാം എന്ന് പറഞ്ഞു. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും ആളെത്തി. കൂടെ അമ്മുവും ഉണ്ടായിരുന്നു. അവരടുത്തു വന്നപ്പോൾ തന്നെ കൈ നീട്ടി അമ്മുവിനെ എടുത്തു. കുറച്ചു നേരം അമ്മുവിനെയും കളിപിച്ചു നിന്നു ഞാനും മാളുവും. സത്യം പറഞ്ഞാൽ കൂടെ ആളുള്ള കാര്യം മറന്നേ പോയിരുന്നു. ഓർത്തപ്പോൾ തന്നെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. അമ്മുവിനെ മാളുവിന്റെ കൈയിൽ ഏല്പിച്ചു ഞാൻ ആളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
“എന്താ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്…. ”
അല്പനേരത്തെ മൗനത്തിനു ശേഷമാണ് മറുപടി വന്നത്.
“എന്തൊക്കെയോ സംസാരിക്കണമെന്ന് കരുതിയാണ് വന്നത്. കുറച്ചു മുൻപത്തെ കാഴ്ചകൾ കണ്ടു പറയാൻ വന്നത് മറന്നു “.
പിന്നീട് അൽപനേരം മൗനമായിരുന്നു രണ്ടു പേരും. മൗനം ഭഞ്ജിച്ചു കൊണ്ട് ഞാൻ തന്നെ തുടർന്നു..
“ഉണ്ണിയേട്ടന്റെ മനസ്സിലിപ്പോഴും ആ പെണ്കുട്ടിയാണല്ലേ… അതുകൊണ്ടല്ലേ എല്ലാത്തിനോടും ഒരു വിമുഖത.. ”
മറുപടിയായി തുറിച്ചൊരു നോട്ടമായിരുന്നു. അല്പം കഴിഞ്ഞപ്പോഴേക്കും പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..
“എന്താ ഇപ്പൊ വിളിച്ചത്.. ”
“അതു… പിന്നേ….. വീട്ടിലെല്ലാരും ഉണ്ണിന്നാ വിളിക്കണേ എന്നു മനസിലായി.. അതാ ഞാൻ…. ഇഷ്ടല്ലങ്കിൽ വിളിക്കില്ലാട്ടോ അങ്ങനെ…. ”
“എന്തായാലും വിളിച്ചു പോയില്ലേ… ഇനി തിരുത്താൻ നിൽക്കണ്ട.. അങ്ങനെ തന്നെ വിളിച്ചോ…
പിന്നേ…. താൻ ചോദിച്ചതിന് മറുപടി….തീർച്ചയായും എന്റെ മനസ്സിൽ നിന്നും അവൾ മാഞ്ഞുപോയിട്ടില്ല… അവളുണ്ട് ഇപ്പോഴും മനസ്സിൽ… അതിൽ പക്ഷേ സ്നേഹത്തിന്റെ ഒരു കണികപോലും ഇല്ലെന്നു മാത്രം… അവളെകുറിച്ചു ഓർക്കുമ്പോഴൊക്കെ ജീവിക്കാനും വിജയിച്ചു കാണിക്കാനും ഉള്ള ഒരുതരം വാശിയാണ്… തന്നെ കണ്ടതിനു ശേഷം തന്നെ ഉൾക്കൊള്ളാനുള്ള പൂർണശ്രമത്തിൽ ആണ് ഞാനിപ്പോ… തന്നെ പൂർണമായി ഉൾക്കൊണ്ട് കഴിഞ്ഞാൽ സ്വാഭാവികമായും കഴിഞ്ഞ അധ്യായങ്ങൾ പിന്നേ തുറക്കേണ്ട ആവശ്യമില്ല… എല്ലാത്തിനും ഒരല്പം സാവകാശം തരണം എനിക്ക്…അതൊരു റിക്വസ്റ്റ് ആയി കൂട്ടിക്കോ… ”
“സാവകാശം എന്നു പറഞ്ഞാൽ എത്ര നാൾ? ”
“അതെല്ലാം തന്റെ പെരുമാറ്റം പോലെ ഇരിക്കും. എത്രയും പെട്ടന്ന്…….. അതാണ് ഞാൻ ആഗ്രഹിക്കുന്നത്… ”
മറുപടിയായി ഞാൻ ഒന്നുമൂളുക മാത്രം ചെയ്തു. എന്തൊക്കെയാ ദൈവമേ നടക്കുന്നത്… മനസാകെ ശൂന്യമാണ്…. കൃത്യമായി ഒരു തീരുമാനം എടുക്കാൻ കഴിയുന്നെ ഇല്ല…
തോളിൽ ആരോ തട്ടിവിളിച്ചപ്പോൾ ആണ് ആലോചനയിൽ നിന്നും ഉണർന്നത്. നോക്കിയപ്പോൾ ഉണ്ണിയേട്ടൻ ആണ്.
“എന്താ ഇത്ര ആലോചന…. ഈ കല്യാണമേ വേണ്ടിയിരുന്നില്ല എന്നാണോ ആലോചിച്ചത് ”
ആകെ വല്ലാതായി ആ ചോദ്യം കേട്ടിട്ട്. സത്യം പറഞ്ഞാൽ അങ്ങനെ ചിന്തിക്കാതിരുന്നില്ല. അതുകൊണ്ട് തന്നെ കള്ളത്തരം കണ്ടുപിടിച്ച ഭാവമായിയുന്നു അപ്പോൾ. ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിൽക്കാനേ കഴിഞ്ഞുള്ളു.
“മ്മ്… അപ്പൊ അതുതന്നെയാ ചിന്തിച്ചതല്ലേ… അതല്ലേ ഈ മൗനം…
മ്മ്… നമുക്ക് ശരിയാക്കാം എല്ലാം. ഇപ്പൊ താൻ വാ… ”
ആളുപോയ പുറകെ ഞാനും നടന്നു. തിരിച്ചു മാളുവിനെയും അമ്മുവിനെയും കൂട്ടി നടന്നു. ആ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു മടി. തിരിച്ചു പോകും വരെ എന്റെ കൈകളിൽ തന്നെ ആയിരുന്നു അമ്മു. അമ്മുവിനെയും എടുത്തു നില്കുമ്പോഴെല്ലാം ആളു എന്നെത്തന്നെ ശ്രദ്ധിക്കുന്നതായി തോന്നി. ഞാൻ നോക്കുമ്പോഴേക്കും ആളു പക്ഷെ നോട്ടം മാറ്റും. തിരിച്ചു വീട്ടിലേക്കു പോകാൻ നേരം ബസ്‌സ്റ്റോപ് വരെ കൂടെ വന്നു. ബസ് വന്നു കയറി പോകാൻ നേരം വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു. ഞാൻ നോക്കുന്നത് കണ്ടപ്പോൾ എന്നെ നോക്കി ചിരിച്ചിട്ട് ഫോൺ വിളിക്കാം എന്നു ആംഗ്യം കാണിച്ചു… മനസിനെന്തോ ഒരു പ്രത്യേക സുഖം. ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…. ഒപ്പം മനസിലും…………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…