Business

എക്സ് ഡിഎമ്മുകളിൽ ഇനി തെറ്റ് തിരുത്താൻ സാധിക്കും

എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിൽ ഉള്ള സോഷ്യൽ നെറ്റ്‌വർക്കായ എക്‌സ് (മുമ്പ് ട്വിറ്റർ), ഡയറക്ട് മെസ്സേജുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്ന് അവതരിപ്പിച്ചു. അയക്കുന്ന മെസ്സേജ് എഡിറ്റ് ചെയ്യാൻ ഉള്ള ഫീച്ചർ ആണ് എക്സ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഇപ്പോൾ iOS ഉപയോക്താക്കൾക്ക് ലഭ്യമാണ്. കൂടുതൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത് ഉടൻ പുറത്തിറക്കാൻ കമ്പനി പദ്ധതി ഇടുന്നുണ്ട്. മെസ്സേജിങ് ആപ്പുകളിൽ തങ്ങളുടെ മെസ്സേജ് എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ കൊണ്ടുവരാൻ ഉപയോക്താക്കൾ ഏറെ കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.

കൂടാതെ ഈ ഫീച്ചർ ഉള്ള വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, മെസഞ്ചർ തുടങ്ങിയ മറ്റ് ചാറ്റ് ആപ്പുകളെ പോലെ X ഉപയോഗിക്കാൻ സാധിക്കുന്നത് ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കും. കമ്പനിയുടെ ഹാൻഡിൽ പ്ലാറ്റ്‌ഫോമിലെ പുതിയ പ്രവർത്തനത്തെ കുറിച്ച് പോസ്റ്റു ചെയ്‌തിരുന്നു. “നിങ്ങളുടെ സ്വന്തം മോശം തീരുമാനങ്ങളിൽ നിന്ന് (അല്ലെങ്കിൽ അക്ഷരത്തെറ്റുകൾ) സ്വയം രക്ഷിക്കുക. ഡിഎം എഡിറ്റുകൾ ഇവിടെ ലഭ്യമാകും. നിങ്ങൾക്ക് സ്വാഗതം” എന്നായിരുന്നു പോസ്റ്റ്.

എക്സിൽ നിങ്ങൾക്ക് എങ്ങനെ പുതിയ എഡിറ്റ് പ്രവർത്തനം ഉപയോഗിക്കാമെന്ന് നോക്കാം.ആദ്യം നിങ്ങളുടെ iOS ഫോണിലെ എക്സ് ആപ്പിൽ നിന്ന് ഏതെങ്കിലും നേരിട്ടുള്ള ഡയറക്ട് മെസ്സേജ് ഓപ്പൺ ആക്കുക. ശേഷം നിങ്ങൾ അയച്ച ഏതെങ്കിലും മെസ്സേജിൽ ദീർഘനേരം അമർത്തുക അല്ലെങ്കിൽ മെസ്സേജിന് അടുത്തുള്ള മൂന്ന്-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക.

അയച്ച മെസ്സേജ് എഡിറ്റ് ചെയ്യുന്നതിന് “എഡിറ്റ് മെസ്സേജ്” ഓപ്ഷൻ തിരഞ്ഞെടുക്കുക. സപ്പോർട്ട് പേജ് അനുസരിച്ച്, മെസ്സേജ് എഡിറ്റ് ചെയ്യുന്നതിന് സമയ പരിധിയില്ല. കൂടാതെ നിങ്ങൾക്ക് പ്ലാറ്റ്‌ഫോമിൽ പഴയ ഡിഎമ്മുകൾ എഡിറ്റ് ചെയ്യാനും കഴിയും. എന്നിരുന്നാലും, ഒരു മെസ്സേജിന് മൊത്തത്തിൽ അഞ്ച് എഡിറ്റുകൾ എന്ന പരിധിയുണ്ട്. സോഷ്യൽ നെറ്റ്‌വർക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്യുന്നതിനും ഇതേ പരിധി ബാധകമാണ്.

എക്സ് ഇപ്പോൾ നിങ്ങളുടെ ടിവി ഇൻ്റർഫേസിലേക്കും പ്രവേശിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. നെറ്റ്ഫ്ലിക്സും മറ്റ് ഒടിടി ആപ്പുകളും പോലെ, ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ എക്സ് ആക്സസ് ചെയ്യാൻ കഴിയും. എക്സ് ടിവി ആപ്പിൻ്റെ ബീറ്റ വേർഷൻ ആൻഡ്രോയിഡ് ടിവിക്കായി ഇതിനകം പുറത്തിറക്കിയതായി എലോൺ മസ്ക് ഇന്ന് സ്ഥിരീകരിച്ചു.

നിലവിൽ എൽജി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി ഉപകരണങ്ങളിൽ ബീറ്റ പതിപ്പ് ലൈവ് ആണ്. എന്നാൽ കൂടുതൽ ഉപകരണങ്ങളിൽ ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഉപകരണങ്ങളിൽ വന്നേക്കാം. ബീറ്റാ പതിപ്പിനും ഇത് തന്നെ ആണ് സംഭവിച്ചത്. ജൂലൈ അവസാനത്തോടെ ആപ്പ് തങ്ങളുടെ പക്കൽ വന്നതായി ആമസോൺ കാണിക്കുന്നുണ്ട്. എന്നാൽ എൽജിക്ക് അത് ലഭിച്ചത് ഓഗസ്റ്റ് 29നാണ്.

എക്സ് ടിവി ആപ്പിന്റെ എല്ലാ വിശദാംശങ്ങളും അറിയാം. ഇപ്പോൾ നിങ്ങൾ ചോദിച്ചേക്കാവുന്ന ചോദ്യം, ടിവിയിൽ വരുന്ന എക്സ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാത്രമായിരിക്കുമോ എന്നതായിരിക്കാം. അങ്ങനെ കരുതുന്നില്ല എന്നതാണ് ഉത്തരം. ഗൂഗിൾ പ്ലേയിൽ പങ്കിട്ട വിവരണവും സ്‌ക്രീൻഷോട്ടുകളും അനുസരിച്ച്, എക്സ് ടിവി ആപ്പ് അടിസ്ഥാനപരമായി ഒരു പുതിയ ഒടിടി സ്ട്രീം ആണ്.

Related Articles

Back to top button