ആക്രമിച്ച പോലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം; സമരം പാർട്ടി ഏറ്റെടുക്കുമെന്നും സുധാകരൻ
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഞാൻ അവരോട് പറയുകയാണ്. പോലീസ് അല്ല, പട്ടാളം വന്നാലും വെടിവെച്ചാലും സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കാളി കളിച്ച് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ച് ചോര വീഴ്ത്തി ഞങ്ങളെ ഒതുക്കാൻ നോക്കേണ്ട
അതിന് ശ്രമിക്കുന്ന ഓരോ പോലീസുകാരനെയും ഞങ്ങൾ നാട്ടിൽ വെച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട, നാളെ മുതൽ നിങ്ങൾ നോക്കിക്കോളൂ എന്നും സുധാകരൻ പറഞ്ഞു. എന്താണ് പ്രവർത്തകർ ചെയ്ത തെറ്റെന്നും സുധാകരൻ ചോദിച്ചു. മുദ്രവാക്യം വിളിച്ചതിന് തലയ്ക്കടിച്ചു വീഴ്ത്തി കൊല്ലാനാണോ നോക്കുന്നത്. ആക്രമിച്ച പോലീസുകാരെ വ്യക്തിപരമായി നേരിടാനാണ് ഞങ്ങളുടെ തീരുമാനം.
ഒരു അബിൻ വർക്കിയല്ല, നൂറ് അബിൻ വർക്കിമാർ വരും. അതിനുള്ള കരുത്ത് കോൺഗ്രസിനുണ്ട്. പെൺകുട്ടികളുടെ വസ്ത്രം വലിച്ചുകീറി നഗ്നത കാണിക്കലല്ല പോലീസിന്റെ പണി. അഭിമാനമുള്ള, അന്തസ്സുള്ള എത്ര പോലീസുകാരുണ്ട് ഈ കൂട്ടത്തൽ. സമരം പാർട്ടി ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.