Novel

കനൽ പൂവ്: ഭാഗം 20

രചന: കാശിനാഥൻ

പാർവതി….
അല്പം കഴിഞ്ഞതും  അർജുൻ അവളുടെ തോളിൽ തട്ടി.

അപ്പോഴും പാർവതി, ആ നെഞ്ചിൽ കിടന്ന് പൊട്ടിക്കരയുകയായിരുന്നു.

എടോ തനിക്ക് എന്തുപറ്റി,എന്തിനാ ഇങ്ങനെ കരയുന്നത്.

ശാന്തനായി ആണ് അർജുൻ അവളോട് ചോദിച്ചത്..
പെട്ടന്ന് പാർവതി പിന്നിലേക്ക് അകന്ന് മാറി..
എന്നിട്ട് മിഴികൾ അമർത്തി തുടച്ചു.

സോറി, ഞാൻ പെട്ടെന്ന് അറിയാതെ…

അത്രമാത്രം പറഞ്ഞിട്ട്, അവൾ ആ തറയിലേക്ക് ചുരുണ്ടു കൂടി കിടന്നു.

കുറിച്ച് സമയം അർജുൻ അവളുടെ കിടപ്പും നോക്കി നിന്നു.
എന്നിട്ട് മുറിയിലേക്ക് പിൻവാങ്ങി.

എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതുപോലെ അവന്റെ പോലീസ് ബുദ്ധിയിൽ തെളിഞ്ഞു വന്നു. ഇനി കൂടുതൽ ഒന്നും ചികഞ്ഞു ചിന്തിക്കുന്നില്ല.  എത്രയും പെട്ടെന്ന് അവളെ പറഞ്ഞു വിടണം എല്ലാ കാര്യങ്ങളും വളരെ ആലോചനയോടെ ചെയ്യുന്നതായിരുന്നു താൻ. പക്ഷേ ഇതിപ്പോ, ഏതു നശിച്ച നേരത്താണ് ഇങ്ങനെയൊക്കെ തോന്നിയത്. അമ്മ പറഞ്ഞത് സത്യമാണ്, ഈ പെണ്ണ് എന്തെങ്കിലും അവിവേകം കാണിച്ചാൽ തന്റെ തൊപ്പി തെറിക്കും.

ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞും അവൻ അന്ന് നേരം വെളുപ്പിച്ചു.

രാവിലെ സിന്ധു ചേച്ചി അടുക്കളയിൽ എത്തിയപ്പോൾ, പാർവതി കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വന്ന് ഇരിപ്പുണ്ട്.

ആഹാ മോൾ ഇന്ന് നേരത്തെ ഉണർന്നോ,, അഞ്ചു മിനിറ്റ്, ചേച്ചി കാപ്പി തരാമേ.
പറയുന്നതിനൊപ്പം തന്നെ സിന്ധു ചേച്ചി ചായയ്ക്ക് ഉള്ള പാൽ എടുത്തു അടുപ്പത്തു വെച്ചു കഴിഞ്ഞു.

ധൃതി ഇല്ല ചേച്ചി മെല്ലെ മതി, ഞാൻ ഉണർന്നപ്പോൾ കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് പോന്നന്നേയുള്ളൂ.
അവൾ പതിയെ അവരെ നോക്കി പറഞ്ഞു.

മോൾടെ മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുന്നു. എന്ത് പറ്റി സുഖം ഇല്ലേ, ഇന്നലെ ഒന്നും കഴിച്ചുമില്ല.

ചെറിയ തലവേദന ഉണ്ട് ചേച്ചി അതിന്റെ ആവും,

ഇതെന്താ മോളെ എപ്പോഴും ഈ തലവേദന വരുന്നത്, സാറിനോട് പറഞ്ഞിട്ട് ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കാണിക്ക്.

ഞാനിന്ന് തിരിച്ചു പോകുവാ ചേച്ചി,എന്റെ വീട്ടിലേക്ക്,

പെട്ടെന്ന് അവൾ പറഞ്ഞതും കേട്ടത് വിശ്വസിക്കാനാവാതെ അവർ ഞെട്ട് തിരിഞ്ഞുനോക്കി.

ങേ പോകുവാണോ, അതെന്താ മോളെ..

അറിയില്ല ചേച്ചി,,അർജുൻ ചേട്ടൻ പറഞ്ഞു എന്നോട് തിരിച്ചു പൊയ്ക്കോളാൻ.

. എങ്ങോട്ടും പോകണ്ടന്നെ, ഇവിടെ നിൽക്കു, സാറിന്റെ ഭാര്യയല്ലേ മോളു.

അല്ലാ ചേച്ചി, ഞാൻ സാറിന്റെ ഭാര്യ ഒന്നും അല്ലാ… അദ്ദേഹം…

പാർവതി….
പറഞ്ഞു പൂർത്തിയാക്കും മുന്നേ അർജുൻ അലറി വിളിക്കുന്ന കേട്ട് ഇരുവരും തിരിഞ്ഞുനോക്കി.

പെട്ടന്ന് അവൾ ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു.

ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ അവതരിപ്പിക്കാൻ ആണോ നീ രാവിലെ ഇങ്ങോട്ട് ഇറങ്ങിവന്നത്.ഇന്നലെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.മറന്നോ

കടുപ്പത്തിൽ അവൻ ചോദിച്ചതും പാർവതി കുനിഞ്ഞ മുഖത്തോടെ മുകളിലേക്ക്പോയി.എന്നിട്ട് പെട്ടന്ന് അവളുടെ ബാഗ് എടുത്തു. അതിൽ നിന്നും ഒരു ജോഡി ഡ്രസ്സ്‌ എടുത്തു പുറത്തേക്ക് വെച്ചു.
വേഗം അത് ഇട്ടു കൊണ്ട് റെഡി ആയി
നെഞ്ച് വിങ്ങി പൊട്ടുകയാണ്..

മ്മ്…
പാർവതി തല കുലിക്കി.

സാറെ, അരുന്ധതിയമ്മ വന്നിട്ടുണ്ട്. രണ്ടാളും കൂടെ ഒന്ന് താഴേക്ക് വരുമോ.

സിന്ധു ചേച്ചി വന്നു വിളിച്ചതും അർജുന്റെ നെറ്റി ചുളിഞ്ഞു..
പാർവതി ബാഗ് എടുത്തു ഇറങ്ങാൻ തുടങ്ങിയതും അവൻ അവളെ തടഞ്ഞു.

ഇതൊക്കെ ഇവിടെ ഇരിക്കട്ടെ, താൻ വാ.

ഇരുവരും ചെന്നപ്പോൾ അരുന്ധതിയമ്മ സെറ്റിയിൽ ഇരിപ്പുണ്ട്.

അമ്മേ…

ആഹ്, നിനക്ക് എപ്പോളാ ഓഫീസിൽ പോകണ്ടത്.

8:30ആകുമ്പോൾ.. എന്താ അമ്മേ…

ഇന്നലെ ഈ കുട്ടിയെ പറഞ്ഞു വിടാൻ ഞങ്ങൾ എല്ലാവരും പറഞ്ഞു, പക്ഷെ ആ തീരുമാനം ഒന്ന് മാറ്റണം.അതിനാ കാലത്തെ വന്നത്.

അരുന്ധതി പറയുമ്പോൾ അർജുൻ അവരെ സൂക്ഷിച്ചു നോക്കി.

തിങ്കളാഴ്ച മുതൽ പാർവതി ജോലിക്ക് പോട്ടെ, എന്നിട്ട് ആവാം ബാക്കി.

അമ്മ ഇങ്ങനെ എങ്ങും തൊടാതെ പറഞ്ഞാൽ എനിക്ക് ഒന്നും മനസിലാകുന്നില്ല..

ഇപ്പോൾ നീ ഇത്രയൊക്കെ മനസിലാക്കിയാൽ മതി.ബാക്കി ഒക്കെ അറിയിക്കേണ്ട നേരത്തു ഞാൻ അറിയിക്കും. കേട്ടോ.

അർജുൻ എല്ലാം കേട്ട് കൊണ്ട് കൈകൾ നെഞ്ചിൽ പിണച്ചു കൊണ്ട് നിന്ന്.

പാർവതിയ്ക്ക് ഇവിടെ നിൽക്കുവാൻ മടി ഉണ്ടെങ്കിൽ എന്റെ കൂടെ പോരെ…

അതൊന്നും വേണ്ട, ഇവൾക്ക് ഇവിടെ ബുദ്ധിമുട്ട് ഒന്നും ഇല്ല.
അമ്മയോട് മറുപടി പറഞ്ഞത് അർജുൻ ആയിരുന്നു.

അത് നീയല്ലല്ലോ പറയേണ്ടത്, ഇയാൾ അല്ലേ… പാർവതി പോരുന്നോ എന്റെ കൂടെ.

കുഴപ്പമില്ല, ഞാൻ ഇവിടെ നിന്നോളം. വിക്കി വിക്കി അവൾ പറഞ്ഞു.

ജോലിക്ക് പോകാൻ പ്രശ്നം ഒന്നും ഇല്ലല്ലോ, സർട്ടിഫിക്കറ്റ്സ് വെരിഫിക്കേഷൻ ഒക്കെ കഴിഞ്ഞത് ആണോ.

അതെ അമ്മേ, എല്ലാം കഴിഞ്ഞു
ഇനി ജോയിൻ ചെയ്താൽ മതി.

ശരി, എങ്കിൽ ആ കാര്യങ്ങൾ ഒക്കെ നടക്കട്ടെ.

സിന്ധു കൊണ്ട് വന്നു കൊടുത്ത ചായയും കുടിച്ചു കുറച്ചു സമയം കൂടി ഇരുന്നിട്ട് അരുന്ധതിയമ്മ യാത്ര പറഞ്ഞു ഇറങ്ങി.

അർജുൻ, വൈകുന്നേരം വീട്ടിലേക്ക് വരണം. ഡിന്നർ അവിടന്നു ആവാം.

കാറിൽ കയറും മുന്നേ അമ്മ അവനെ ഓർമിപ്പിച്ചു.

പാർവതി, വരാൻ മറക്കേണ്ട കേട്ടോ.

അവർ പറഞ്ഞതും പാർവതി തല കുലുക്കി.

അമ്മയുടെ പെട്ടന്ന് ഉണ്ടായ മാറ്റത്തിനു കാരണം എന്താണ് എന്ന് യാതൊരു ഊഹവും കിട്ടാതെ അർജുൻ ആലോചനയിലാണ്.
പെട്ടന്ന് തീരുമാനം മാറ്റിയെങ്കിൽ തക്കതായത് എന്തോ സംഭവിച്ചു.
അവൻ തീർച്ചപ്പെടുത്തി.

ഈ സമയത്തു സിന്ധുചേച്ചി ആണെങ്കിൽ പാർവതിയെ കെട്ടിപിടിച്ചു മുത്തം കൊടുക്കുകയാണ്.

എന്റെ മോളു പോകല്ലേ എന്ന് ഞാൻ നൂറു വട്ടം പ്രാർത്ഥിച്ചു.. എന്തായാലും ഈശ്വരൻ അത് കേട്ടല്ലോ..സമാധാനം..

അവരുടെ പറച്ചില് കേട്ട് പാർവതി പുഞ്ചിരിച്ചു…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button