Novel

ഏയ്ഞ്ചൽ: ഭാഗം 16

രചന: സന്തോഷ് അപ്പുകുട്ടൻ

” പ്രെഗ്നൻറ് ആണെന്നറിഞ്ഞിട്ടും അതിനു കാരണക്കാരനായവനെ സ്വന്തം കൂട്ടുകാരിയ്ക്ക് ദാനം നൽകി, ജീവിതത്തിൻ്റെ വർണപകിട്ടിൽ നിന്ന് ഒളിച്ചോടിയ ഏയ്ഞ്ചൽ എന്ന കാരുണ്യവതി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിൽ വിളിച്ചു പോയതാണ്… ക്ഷമിക്കണം”

മൊബൈൽ എടുത്ത് ഹലോ പറഞ്ഞതും, അപ്പുറത്ത് നിന്ന് ഒഴുകിയെത്തിയ ഗദ്ഗദം നിറഞ്ഞ ശബ്ദം കേട്ടതും ഏയ്ഞ്ചലിൻ്റെ തൊണ്ട വരണ്ടു.

“നിങ്ങൾ?”

വർഷങ്ങൾക്കു മുൻപ് എത്രമാത്രം കേട്ടാലും കൊതിതീരാത്ത ശബ്ദമാണ് ഇതെന്ന് ഉറപ്പിച്ചെങ്കിലും, എവിടെയോ ഇത്തിരി സംശയം ബാക്കി നിന്നിരുന്ന ഏയ്ഞ്ചൽ
വിറയാർന്ന
ചോദ്യത്തോടൊപ്പം
നെറ്റി തടത്തിൽ ഉരുണ്ടുകൂടിയ വിയർപ്പ് തുടച്ചു കൊണ്ട് അരുണിനെയൊന്നു പാളി നോക്കി.

തന്നെ സാകൂതം നോക്കി നിൽക്കുന്ന അരുണിനെ കണ്ടതും, അവൾ പതിയെ അവനരികിൽ നിന്നും നടന്നു.

“നിങ്ങളെന്നോ?എന്തൊരു ചോദ്യമാ-ഏയ്ഞ്ചൽ ഈ ചോദിക്കുന്നത്?”

ഗദ്ഗദം കൊണ്ടു അടഞ്ഞു പോയ ശബ്ദം കേട്ടതും, നിശബ്ദയായി ഏയ്ഞ്ചൽ പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

“ഈ ശബ്ദം നിനക്കൊരിക്കലും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ഏയ്ഞ്ചൽ… എത്രയേറെ ആഴമുള്ള മറവിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചാലും, ഇടക്കൊക്കെ ഈ ശബ്ദം കേൾക്കാൻ ഇക്കാലമത്രയും നീ പലവട്ടം കൊതിച്ചിട്ടുണ്ടായിരിക്കാം ഉണ്ടായിരിക്കണമെന്നല്ല… ഉണ്ട്”

മൊബൈലിൻ്റെ അപ്പുറത്ത് നിന്ന് വിതുമ്പുന്ന ശബ്ദം കേട്ടപ്പോൾ ഏയ്ഞ്ചലിൻ്റെ മനസ്സിൽ നിന്ന് ഒരുപറ്റം ഓർമ്മ കിളികൾ ചിറകടിച്ചു പറന്നുയർന്നു.

ചിറകടിച്ചു പറന്നുയർന്ന ചില കിളികൾ ചിറകറ്റ് നിലംപതിച്ചത് സ്വന്തം നെഞ്ചിലാണെന്നറിഞ്ഞതും, അവൾ വല്ലാത്തൊരു വേദനയോടെ കൈ കൊണ്ട് നെഞ്ചിലമർത്തി.

” എന്തു പറ്റി മമ്മീ ? ”

ഏയ്ഞ്ചലിൻ്റെ പരവേശം കണ്ടപ്പോൾ അരുൺ ഓടി വന്ന് അവരെ പിടിച്ചു.

“ഒന്നുമില്ല മോനെ… ”

വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു കൊണ്ട് ഏയ്ഞ്ചൽ അവനെ ചേർത്തു പിടിച്ചു കൊണ്ട് മുടിയിഴകളിൽ തലോടി.

” മറവിയിലേക്ക് വീണ്ടും വീണ്ടും എന്നെ നീ ഒതുക്കാൻ ശ്രമിക്കുന്നതു കൊണ്ട് ഞാൻ പറയാം ഏയ്ഞ്ചൽ… ഞാൻ വേദ…. ആദിയുടെ ഭാര്യ എന്ന് പറയുന്നതിനെക്കാൾ ബെറ്ററായി തോന്നുന്നത് നീയെന്ന ഏയ്ഞ്ചലിൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണെന്നു പറയാനാ”

“വേദ ”

അരുണിൻ്റെ മന്ത്രണം കേട്ടതും, ഒരു ഞെട്ടലോടെ ഏയ്ഞ്ചൽ സംസാരിച്ചുകൊണ്ടിരുന്നമൊബൈൽ മാറ്റി അവനെ നോക്കി.

പണ്ടെങ്ങോ ആരോ പൂഴ്ത്തിവെച്ച നിധി വർഷങ്ങൾക്കു ശേഷം കണ്ടെത്തിയ ഒരാളുടെ സന്തോഷമായിരുന്നു അവൻ്റെ മുഖം നിറയെ!

പാതിയിൽ പറഞ്ഞു നിർത്തിയ മമ്മിയുടെ കഥയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ വീണ്ടും മടങ്ങി വരുന്നതിൻ്റെ അഹ്ളാദം നിറഞ്ഞ പുഞ്ചിരി അവൻ്റെ ചുണ്ടിൽ വിരിഞ്ഞു നിന്നിരുന്നു….

മലയോരത്തെ മറവിൽ ഒളിച്ചു താമസിച്ചിരുന്ന അമ്മകിളിക്കും, കുഞ്ഞിനും ചിറക് വിടർത്തി ആകാശത്തേക്ക് പറക്കാൻ നേരമായെന്ന് അവന് തോന്നി…

അതു കൊണ്ടല്ലേ വേദയെന്ന സ്ത്രീ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോയെന്ന ചോദ്യത്തിൻ്റെ നിശബ്ദത മാറും മുൻപെ ,മമ്മിയുടെ മൊബൈലിലേക്ക് വർഷങ്ങൾക്കു ശേഷം വേദയുടെ ശബ്ദം ആകസ്മികമായി വന്നെത്തിയത്?.

അരുണിൽ വന്നു കൊണ്ടിരിക്കുന്ന ഭാവമാറ്റങ്ങൾ, അവനറിയാതെ ശ്രദ്ധിക്കുകയായിരുന്നു ഏയ്ഞ്ചൽ…

പാതിയിലെത്തി നിർത്തിയ കഥ മുന്നോട്ടു പോകുമ്പോൾ, ചിലപ്പോൾ അരുണിനെ തന്നെ നഷ്ടപ്പെടുമോയെന്ന് ഏയ്ഞ്ചലിന് തോന്നി.

മനസ്സിലുയരുന്ന പലവിധ വികാരവിക്ഷോഭങ്ങളോടെ ഏയ്ഞ്ചൽ അരുണിൽ നിന്ന് നോട്ടം മാറ്റി
പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു.

മഴക്കിടയിൽ കള്ളനെ പോലെയെത്തുന്ന മിന്നൽ വെളിച്ചം ഏയ്ഞ്ചലിൻ്റെ മുഖം തഴുകി ഇടക്കിടെ പതിയെ കടന്നു പോയി.

പാറിയെത്തുന്ന മഴതുള്ളികളും, ഹൃദയം മുറിച്ചെത്തുന്ന കണ്ണീർ തുള്ളികളും ഇടകലർന്നൊരുന്ന നിമിഷത്തിൽ, അവളിൽ ഓർമ്മകളുടെ വേലിയേറ്റമുണർന്നു.

കോളേജ് കാമ്പസ്സിൽ
നിറയെ പൂത്തുനിൽക്കുന്ന വാകമരത്തിനു താഴെയിരുന്നു ഒരായിരം കഥകൾ പറഞ്ഞു തീർത്തിട്ടും,കൊതി മാറാതെ കലപില കൂട്ടുന്ന ആത്മാർത്ഥത നിറഞ്ഞ രണ്ടു കൂട്ടുകാരികൾ….

രാവേറെ ചെന്നിട്ടും, രാക്കിളികൾ ഉറങ്ങിയിട്ടും ഉറക്കം വരാതെ പരസ്പരം കെട്ടിപ്പിടിച്ച് കിടന്ന് എന്തൊക്കെയോ സംസാരിച്ച്, വിളറിയ
പുലരികളെ വരവേൽക്കുന്നവർ…

ലെസ്ബിയനാണോയെന്ന് പോലും കൂട്ടുകാർ സംശയിച്ച സൗഹൃദം…

എത്ര പെട്ടെന്നാണ് എല്ലാം മറന്ന് രണ്ടു പേരും രണ്ടു ദിശയിലേക്ക് മാറിയത്.,,

ഒരുവൾ കടൽ തീരത്തേക്ക് ചേക്കേറിയപ്പോൾ, മറ്റൊരുവൾ മലകളുടെ നിഗൂഢതയിലേക്ക് പതിയെ പടി കയറുകയായിരുന്നു.

പതിനാറ് വർഷങ്ങൾ….

നീണ്ട പതിനാറ് വർഷങ്ങൾ….

അകൽച്ചയുടെ നീണ്ട വർഷങ്ങൾ…

മരണം വരെ പിരിയില്ലെന്ന് പ്രതിജ്ഞ എടുത്തവർ ജീവിതത്തിൻ്റെ പാതിദൂരം പിന്നിടും മുൻപെ ,മൗനമായി പിരിഞ്ഞതിൻ്റെ പതിനാറ് വർഷകാലം!

” ഓർമ്മ വന്നോ നിനക്കിപ്പോൾ? അതോ ഒരിക്കലും ഉയർന്നു വരാത്ത വിധം മറവിയുടെ ആഴങ്ങളിലേക്ക് നീയെന്നെ കുഴിച്ചുമൂടിയോ?”

ഓർമ്മകൾകിടയിലേക്ക് മൊബൈലിലൂടെ വേദയുടെ ശബ്ദം വന്നപ്പോൾ, പിടക്കുന്ന ഹൃദയത്തോടെ
ഏയ്ഞ്ചൽ അരുണിനെ ഒന്നു നോക്കി.

ഈ സംസാരം ശ്രദ്ധിക്കാത്ത മട്ടിൽ പുറത്തെ മഴയിലേക്ക് നോക്കി നിൽക്കുന്ന അരുണിനെ കണ്ടതും ഏയ്ഞ്ചലിൽ നിന്ന് ഒരു ആശ്വാസമുതിർന്നു .

“വിളിച്ചതിൽ ബുദ്ധിമുട്ടുണ്ടോ നിനക്ക്?”

വേദയുടെ പതിഞ്ഞ ചോദ്യം കാതിലെത്തിയതും ഏയ്ഞ്ചലിൻ്റെ നെഞ്ചകം നീറി.

“വെറുതെ ഒരു ഭംഗിക്ക്
ചോദിച്ചതല്ല ഏയ്ഞ്ചൽ… കാര്യമായിട്ടു തന്നെയാ ചോദിച്ചത്…”

ഏയ്ഞ്ചലിൻ്റെ മൗനത്തിന് മറ്റൊരു അർത്ഥം തേടും മുൻപെ വേദയുടെ വാക്കുകൾ ചിതറി വീണു.

” കാരണം നീയിപ്പോൾ ആ പഴയ ഏയ്ഞ്ചൽ അല്ലായെന്ന് എനിക്കറിയുന്നതു കൊണ്ട്… സമൂഹം ആദരിക്കുന്ന ഒരു ടീച്ചറാണ് നീയെന്ന് എനിക്കറിയാം… അതിനുമപ്പുറം സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരിയെന്നും ”

വേദയുടെ ഓരോ വാക്കുകളും, സൂചിമുനകളായി കുത്തിയിറങ്ങുന്ന പൂക്കളായി ഏയ്ഞ്ചലിന് അനുഭവപ്പെട്ടു.

“നിനക്കെങ്ങിനെ ഈ നമ്പർ…?”

ഏയ്ഞ്ചലിൻ്റെ വിറയാർന്ന ചോദ്യത്തിനു പകരം അപ്പുറം നിന്ന് വേദയുടെ വിളറിയ ചിരിയുടെ വിഷാദം പൂണ്ട ശബ്ദമുയർന്നു.

“ഈ നമ്പർ കിട്ടിയതെങ്ങിനെയാണെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും അല്ലേ? കാലം ഒരുപാട് മാറി പോയതറിഞ്ഞില്ലേ പെണ്ണേ ? ഒന്നു ഫോൺ ചെയ്യാൻ ഫോൺ ബൂത്തിലേക്ക് ഓടിയ കാലത്ത് നിന്ന് നാമിപ്പോൾ ഒരുപാട് കാതം മുന്നിലേക്ക് വന്നില്ലേ ഏയ്ഞ്ചൽ?”

ചോദ്യത്തോടൊപ്പം വേദയിൽ നിന്ന് ഒരു പുഞ്ചിരിയുതിർന്നു .

“നീ നന്നായി വിറയ്ക്കുന്നുണ്ടല്ലോ ഏയ്ഞ്ചൽ? അവിടം വല്ലാത്ത തണുപ്പാണോ?”

“ങ്ങ്ഹും… ”

“നിൻ്റെ തണുപ്പിൻ്റെ ബുദ്ധിമുട്ട് ഇപ്പോഴും പോയിട്ടില്ലേ? ഹോസ്റ്റലിലാകുമ്പോൾ, ഉറക്കത്തിൽ നീ തണുത്ത് വിറയ്ക്കുന്ന നേരം നിന്നോടൊപ്പം ചേർന്ന് കിടന്ന എത്ര രാത്രികൾ.. എൻ്റെ കെട്ടിപ്പിടുത്തം ഇല്ലെങ്കിൽ നിനക്ക് ഉറക്കം വരുമായിരുന്നില്ലല്ലോ പെണ്ണേ… ഇപ്പോൾ നീ ഈ തണുപ്പൊക്കെ എങ്ങിനെ സഹിക്കുന്നു?”

വേദയുടെ ചോദ്യം കേട്ടതും ഒരു കരച്ചിൽ തൊണ്ടകുഴിയോളം വന്ന് പിടഞ്ഞു തീരുന്നത് ഏയ്ഞ്ചൽ അറിഞ്ഞു.

” ഞാനില്ലെങ്കിൽ നിനക്ക് തണുപ്പിനെ മാറ്റാൻ ഒരു ഫ്ലാസ്ക് നിറയെ ബ്ലാക്ക്ടീ മതിയല്ലോ? ഇപ്പോഴും ഉണ്ടോ ആ ശീലം?”

വേദയുടെ ഗദ്ഗദത്തോടെയുള്ള ചോദ്യം കേട്ടതും, ഏയ്ഞ്ചൽ യാന്ത്രികമായി തലയാട്ടി.

രണ്ടിറ്റു കണ്ണീർ ഏയ്ഞ്ചലിൻ്റെ കവിളിലേക്ക് തെറിച്ചുവീണു.

കണ്ണുകൾ തുടച്ചു കൊണ്ട് ഏയ്ഞ്ചൽ മുന്നിലേക്ക് നോക്കിയതും, ആവി പറക്കുന്ന ബ്ലാക്ക്ടീ ഗ്ലാസ് തനിക്കു നേരെ നീട്ടികൊണ്ട് നിൽക്കുന്ന അരുണിനെ കണ്ട് അവൾ എന്തിനെന്നില്ലാതെ ഒരു പുഞ്ചിരി തൂകി.

” ഇത്രയും ഞാൻ സംസാരിച്ചിട്ടും നീ ഒന്നും പറഞ്ഞില്ല ഏയ്ഞ്ചൽ… ഇനി എൻ്റെ ഏയ്ഞ്ചൽ ആണെന്നു വിചാരിച്ച് ഞാൻ മറ്റാരെയെങ്കിലും തെറ്റി വിളിച്ചതാണോ?”

പൊടുന്നനെയുള്ള വേദയുടെ ചോദ്യം കേട്ടതും,ചുടു ചായ മൊത്തി കുടിച്ചു കൊണ്ടിരുന്ന ഏയ്ഞ്ചലിൻ്റെ നാവൊന്നു പൊള്ളി.

ഒരിക്കലും ഇനി കണ്ടുമുട്ടരുതെന്ന് ആഗ്രഹിച്ച ഒരാൾ ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ഇരുന്നു കഴിഞ്ഞകാലത്തെ പറ്റി അയവിറക്കുമ്പോൾ, അതിനൊപ്പം കൂടാൻ കഴിയാതെയുള്ള ഒരു നിസഹായവസ്ഥയിലായിരുന്നു ഏയ്ഞ്ചൽ.

വേദയുമായി
ഒന്നു സംസാരിച്ചാൽ ചിലപ്പോൾ വീണ്ടും ഏയ്ഞ്ചൽ വന്ന വഴിയിലൂടെ മടങ്ങി പോയെന്നിരിക്കും.

അരുണിനെ പ്രസവിക്കാനും, വളർത്താനും വേണ്ടി ദൂരെയ്ക്ക് തെറിപ്പിച്ച ബന്ധങ്ങളെ ചിലപ്പോൾ കൂട്ടി യോജിപ്പിക്കേണ്ടി വരും….

ഓർത്തപ്പോൾ ഏയ്ഞ്ചലിന് തല പെരുക്കുന്നതു പോലെ തോന്നി.

“മോനേ… മമ്മിയ്ക്ക് വല്ലാതെ തല വേദനിക്കുന്നു… താഴെ ടേബിളിൽ ടാബ്ലറ്റ്സ് ഉണ്ട്.ഒന്നു എടുത്തിട്ടുവരോ?”

മൊബൈൽ ഒരു കൈയിൽ
പൊത്തിപിടിച്ചു, നെറ്റിയിൽ കൈ വിരൽ ഓടിച്ചു കൊണ്ട് ഏയ്ഞ്ചൽ പതിയെ പറഞ്ഞപ്പോൾ, അരുൺ പൊടുന്നനെ താഴോട്ടേക്കിറങ്ങി.

അരുൺ പടികളിറങ്ങിയെന്ന് കണ്ടപ്പോൾ അവൾ പൊടുന്നനെ മൊബൈൽ ചെവിയോരം ചേർത്തു.

” അച്ഛനും, അമ്മയ്ക്കും ഇപ്പോൾ എങ്ങിനെയുണ്ട് വേദാ… സുഖമായിട്ടിരിക്കുന്നോ?”

നിശബ്ദമായ രണ്ടു നിമിഷങ്ങൾക്കകം ഏയ്ഞ്ചലിൻ്റെ ചോദ്യമുയർന്നപ്പോൾ, വേദയിൽ നിന്ന് ഒരു ഗദ്ഗദമുയർന്നു.

” അവരാരും ഇന്നീ ഭൂമിയിൽ ജീവിച്ചിരിപ്പില്ല ഏയ്ഞ്ചൽ… നീയെന്നെ തനിച്ചാക്കി പോയ പോലെ അവരും എന്നെ തനിച്ചാക്കി പോയി… ”

വേദയുടെ വിറയാർന്ന സ്വരം കേട്ടതും, ഏയ്ഞ്ചലിൻ്റെ മനസ്സിൽ ഓർമ്മകളുടെ ഒരു തീ കാറ്റൂതി!

ഏയ്ഞ്ചലിൻ്റെ മനസ്സിലൂടെ വേദയുടെ അച്ഛൻ്റെയും, അമ്മയുടെയും മങ്ങിയ ചിത്രങ്ങൾ തെളിഞ്ഞു.

ഇടക്കിടെ വെക്കേഷനിൽ വേദയുമൊത്ത് ആ ഇല്ലത്ത് ചെന്ന് താമസിക്കുമ്പോൾ, വല്ലാത്തൊരു ആശ്വാസമായിരുന്നു.

കണ്ണെത്താ ദൂരം പടർന്നു പന്തലിച്ചു കിടക്കുന്ന പാടശേഖരങ്ങളുടെ ഓരത്ത് ഒരു പഴയ ഇല്ലം..

ചുട്ടുപൊള്ളിക്കുന്ന അവധികാലത്ത്,
പാടശേഖരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റും കൊണ്ട് ആ പൂമുഖത്തിരുന്നു ആര്യാ അന്തർജ്ജനം ഉണ്ടാക്കിയ സംഭാരം കുടിച്ചതിൻ്റെ രുചി ഇപ്പോഴും നാവിൻതുമ്പത്ത് വന്നു നിൽക്കുന്നുണ്ട്.

ദൂരെയുള്ള ശിവൻ്റെ ക്ഷേത്രത്തിലെ പൂജയും കഴിഞ്ഞ്, പാടശേഖരങ്ങൾക്കിടയിലെ വരമ്പിലൂടെ വരുന്ന വാസുദേവൻ നമ്പൂതിരിപാടിൻ്റെ മെല്ലിച്ച രൂപം ഇന്നും കൺമുന്നിലുണ്ട്.

ഏയ്ഞ്ചലേ എന്നുള്ള അവരുടെ വിളിയിൽ ഒരു കടലോളം വാത്സല്യം നിറഞ്ഞു കിടപ്പുണ്ടായിരുന്നു.

ആ ഒരു വിളിയിൽ താൻ ശരിക്കും മാലാഖയാണെന്ന് തോന്നിയിട്ടുണ്ട്.

സമ്പത്തിനാൽ ദരിദ്ര്യമായിരുന്നെങ്കിലും സ്നേഹത്താൽ സമ്പന്നമായിരുന്നു ആ പഴയ ഇല്ലം…

കാലത്തിൻ്റെ കൈവഴികളിലേക്ക് മനസ്സിൽ നിന്ന് തട്ടിത്തെറിച്ച നന്മകളിൽ ഏറ്റവും മൂല്യമേറിയതായിരുന്നു വേദയുടെ അച്ഛനും, അമ്മയും…

ഇനിയൊരിക്കലും കാണാനോ, കേൾക്കാനോ കഴിയാത്ത മറ്റേതോ ലോകത്തേക്ക് അവർ യാത്ര ചെയ്തിരിക്കുന്നു.

ഓർത്തപ്പോൾ ഹൃദയം പൊടിയുന്നതു പോലെ ഏയ്ഞ്ചലിന് തോന്നി.

കണ്ണീർ തൂവാത്ത ഒരു കരച്ചിൽ ചങ്കോളം വന്ന് നിശബ്ദതയിലേക്ക് അമർന്നു.

“അവർ ഇനിയൊരിക്കലും തിരിച്ചു വരില്ലായെന്ന നിരാശയുണ്ടെങ്കിലും, അതിനെ എള്ളോളം മാറ്റി നിർത്തുന്നത് നീ ഒരിക്കൽ തിരിച്ചു വരുമെന്ന ഒരു പ്രതീക്ഷയാണ് ഏയ്ഞ്ചൽ…. ”

കുത്തി മുറിവേൽപ്പിക്കുന്ന ഓർമ്മകൾക്കിടയിലേക്ക് വീണ്ടും ഒരു കാരമുള്ള് പോലെ വേദയുടെ വാക്കുകൾ ഏയ്ഞ്ചലിൻ്റെ ഹൃദയത്തിലേക്ക് കുത്തിയിറങ്ങി.

വേദയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമാണോ എന്ന സംശയത്തിലായി ഏയ്ഞ്ചൽ…

“രാമേട്ടനും, അഗസ്റ്റിനും, ശങ്കരച്ഛനും, ബഷീറും ഒക്കെ എന്തു പറയുന്നു വേദാ?ഷാഹിന ഇപ്പോൾ നാട്ടിലോ, അതോ ഗൾഫിലോ?’അച്ചൂനോട് എൻ്റെ അന്വേഷണം പറയണം ട്ടോ ”

വാചകത്തിൻ്റെ
അവസാന മായപ്പോഴെക്കും ഏയ്ഞ്ചൽ ഒന്നു പതറി….

” പറയാം ഏയ്ഞ്ചൽ…. എല്ലാവരെയും നീ മറന്നെങ്കിലും, എല്ലാവരുടെ മനസ്സിലും ഇപ്പോഴും നീ ഉണ്ട്…”

വേദയുടെ സംസാരം കേട്ടതും പിന്നെയൊന്നും പറയാനില്ലാത്തതുപോലെ ഏയ്ഞ്ചൽ മൊബൈലിലേക്ക് നിർവികാരയായി നോക്കി.

“എല്ലാവരെയും പറ്റി നീ അന്വേഷിച്ചു.പക്ഷെ ഒരാളെ മാത്രം പറ്റി നീ അന്വേഷിച്ചില്ല…. ”

വേദയുടെ ചോദ്യം കേട്ടതും ഏയ്ഞ്ചലിൻ്റ
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.

അവളുടെ മുഖത്ത് പൊടുന്നനെ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.

വല്ലാത്തൊരു സംഭ്രമത്തോടെ അവൾ സ്റ്റെയർകെയ്സിലേക്ക് നോക്കി…

അരുണിൻ്റെ പാദചലനം കേൾക്കുന്നില്ലായെന്ന് മനസ്സിലായതും അവളിൽ ഒരു ആശ്വാസമൂറി.

“ഇപ്പോഴും നിനക്ക് അയാളോടുള്ള ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലേ ഏയ്ഞ്ചൽ? ഏതോ സിനിമയിൽ പറഞ്ഞതുപോലെ, വെറുത്തു വെറുത്ത് വെറുപ്പിൻ്റെ അവസാനം ചെറിയ ഒരു ഇഷ്ടം തോന്നിയിട്ടില്ലേ, നിനക്കിതുവരെ?”

വേദയുടെ ചോദ്യം കേട്ടതും നിർവികാരമായ ഒരു ചിരി ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ വിടർന്നു.

“നിന്നെ ബലാൽക്കാരമായി കീഴ്പെടുത്തിയവനോടു എനിക്ക് സിംപതി ഉണ്ടായിട്ടല്ല…മറിച്ച് നീയാണല്ലോ അതിന് പ്രധാന കാരണമായതെന്ന് ഓർക്കുമ്പോൾ
അദ്ദേഹത്തെ ഒരിക്കലും വെറുക്കാൻ എനിക്ക് കഴിയില്ല ഏയ്ഞ്ചൽ… അതു മാത്രമല്ല ഞാൻ ആദിയെ ഓരോ ദിനവും കൂടും തോറും കൂടുതൽ കൂടുതൽ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് ”

“വേദാ”

ഏയ്ഞ്ചലിൻ്റെ വിളറിയ വിളിയുയർന്നപ്പോൾ വേദയുടെ മിഴികൾ സജലങ്ങളായി.

“അതെ ഏയ്ഞ്ചൽ… നിൻ്റെ ഒരു നാടകമായിരുന്നല്ലോ എല്ലാം മാറ്റി വരച്ചത്? എല്ലാം നശിപ്പിച്ചത്… നമ്മളെ തമ്മിൽ, ഒരിക്കലും കാണാനാകാത്ത വിധം ഒരുപാട് ദൂരേക്ക് ആട്ടി പായിച്ചത്…”

ഹൃദയം നുറുങ്ങുന്ന വേദനയോടെ, കുറ്റബോധം കൊണ്ട് നിറയുന്ന കണ്ണുകളോടെ വേദയുടെ വാക്കുകൾക്കായി ഏയ്ഞ്ചൽ കാത്തിരുന്നു.

“നിന്നെ ഒരിക്കലും ആദി മറ്റൊരു തരത്തിൽ കണ്ടിട്ടില്ല .ആ മനസ്സ് എന്നോളം ആരും അറിഞ്ഞിട്ടില്ല ഏയ്ഞ്ചൽ ”

“വേദാ”

ഇനിയേറെ കൂടുതൽ കേൾക്കാൻ ക്ഷമയില്ലാതെ ഏയ്ഞ്ചൽ മുരണ്ടു.

“അതെ ഏയ്ഞ്ചൽ… ഞാൻ പറഞ്ഞതൊക്കെ തീർത്തും സത്യമാണ്! വേദയായി വന്ന നിന്നെ മാത്രമേ ആദി സ്നേഹിച്ചിട്ടുള്ളൂ…. ഇന്നും സ്നേഹിക്കുന്നുള്ളൂ… ശരിയായ വേദയായ എന്നെ ഒരിക്കലും ആത്മാർത്ഥമായി ആദി സ്നേഹിച്ചിട്ടില്ല”

“നീയെന്താണീ പറയുന്നത് വേദാ?”

“സത്യം ഏയ്ഞ്ചൽ… നീ അവനെ എനിക്ക് മുന്നിലിട്ട് പോകുമ്പോൾ, അവൻ്റെ മനസ്സും കൊണ്ടായിരുന്നു നീ പോയതെന്ന് ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ? കൂടെ നിൻ്റെ ഗർഭപാത്രത്തിൽ അവൻ്റെ കുഞ്ഞിനെ കൂടി….”

“വേദാ… സ്റ്റോപ്പ് ഇറ്റ്!”

ഏയ്ഞ്ചൽ ദേഷ്യത്തോടെ അലറി.

“എത്ര അലറിയാലും സത്യം ഒരിക്കലും അസത്യമാകില്ല ഏയ്ഞ്ചൽ… നീ പ്രസവിച്ച കുഞ്ഞിൻ്റ അച്ഛൻ മറ്റൊരാളും ആകില്ല…”

വേദയുടെ സംസാരത്തിന് മറുപടി കിട്ടാതെ അവൾ വല്ലാതെ വിയർത്തു.

“നീ ഒരു കഥാകാരി ആണെന്ന് അറിയാം… ഒരു പക്ഷേ നമ്മുടെ കഥ പാതിയിൽ നിർത്തി നീ അവസാനിപ്പിക്കുമ്പോൾ എല്ലാവരും വിചാരിക്കും ആദി_മരിച്ച് പോയെന്ന്… നിൻ്റെ മകൻ പോലും ഇപ്പോഴും വിശ്വസിക്കുന്നത് അങ്ങിനെയായിരിക്കും..”

രണ്ട് നിമിഷം ദീർഘനിശ്വാസമുതിർത്ത് കൊണ്ട് വേദ സംസാരം തുടരുമ്പോൾ ഏയ്ഞ്ചൽ ഉരുകുകയായിരുന്നു.

” സ്വന്തം മകനെ അച്ഛനിൽ നിന്ന് ദൂരേക്ക് വലിച്ചു മാറ്റിയത് തെറ്റല്ലേ ഏയ്ഞ്ചൽ? ഇക്കാലമത്രയും അച്ഛൻ ജീവിച്ചിരിപ്പില്ലായെന്ന് പറഞ്ഞ് കബളിപ്പിച്ചത് അതിലേറെ തെറ്റല്ലേ ഏയ്ഞ്ചൽ?”

ഏയ്ഞ്ചൽ വിയർപ്പു പൊടിയുന്ന മുഖം തുടച്ചു കൊണ്ട് പരിഭ്രമത്തോടെ ചുറ്റും നോക്കി.

” പക്ഷെ ആ തെറ്റുകളൊക്കെ ഒരു ശരിയിലൂടെ നിനക്ക് തിരുത്താം… ആദിയ്ക്ക് അവനെ വിട്ടു കൊടുത്തു കൂടെ ഏയ്ഞ്ചൽ?”

“ഈ കാലത്തിനിടയിൽ എൻ്റെ മൊബൈൽ നമ്പർ കണ്ടു പിടിച്ച് എന്നെ വിളിച്ചത് ഒരിക്കലും നടക്കാത്ത ഈ കാര്യം പറയാനാണോ വേദാ?”

വാക്കുകൾ പറയാനാവാത്ത വിധം ഏയ്ഞ്ചലിൻ്റെ ശബ്ദത്തിന് വല്ലാതെ കിതപ്പേറിയിരുന്നു.

“എന്തുകൊണ്ട് നടക്കില്ല ഏയ്ഞ്ചൽ? നടക്കുന്ന കാര്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ… ആദിയുടെ മോന് സമ്മതമാണെങ്കിൽ ഒരു തടസ്സവും കൂടാതെ നടക്കുന്ന കാര്യം ”

വേദയുടെ വാക്കുകൾ കൂരമ്പ് പോലെ കർണ്ണപുടത്തിൽ കയറുമ്പോൾ ഏയ്ഞ്ചലിൻ്റെ പിടയുന്ന
‘കണ്ണുകൾ അരുണിനെ തിരയുകയായിരുന്നു.

സ്റ്റെയർകെയ്സിനു താഴെ അരുണിൻ്റെ രൂപം കണ്ടതും, ഏയ്ഞ്ചൽ പൊടുന്നനെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ബെഡ്ഡിലേക്കെറിഞ്ഞു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button