കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 70
രചന: റിൻസി പ്രിൻസ്
ഇതെന്റെ തീരുമാനം ആണ്… ഇതിന്റെ പേരിൽ അമ്മ എന്ത് പ്രശ്നമുണ്ടാക്കിയാലും കുഴപ്പമില്ല, എനിക്ക് നല്ല ഉറക്കം വരുന്നു ഞാൻ കിടക്കുകയാണ്…
അത്രയും പറഞ്ഞവൾ മുറിയിലേക്ക് കയറി വാതിൽ അടച്ചപ്പോൾ അത് തന്റെ കവിളിൽ കിട്ടിയ ഒരു അടിയായാണ് സതിക്ക് തോന്നിയത്
ആ ദേഷ്യത്തിന് മുറിയിൽ വന്ന ഉടനെ തന്നെ സതി സുഗന്ധിയെ വിളിച്ചു നോക്കിയെങ്കിലും സുഗന്ധിയെ ആ സമയത്ത് ലൈനിൽ കിട്ടിയിരുന്നില്ല.. ഈ വിഷയം എത്രയും പെട്ടെന്ന് സുഗന്ധിയോട് പറയാനുള്ള ഒരു ആവേശം സതിയിലുണ്ടായിരുന്നു.. അവർക്ക് ഉറക്കം വരുന്നില്ലയിരുന്നു… മീരയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരുവിധത്തിലും അവർ പ്രതീക്ഷിച്ചിരുന്നില്ല… തന്റെ മൊബൈൽ ഫോൺ എടുത്ത് സുധിയുടെ ഫോണിലേക്ക് ഒരു മിസ്കോൾ കൊടുത്തിരുന്നു… മിസ്കോൾ കൊടുക്കുമ്പോൾ അവൻ തിരികെ വിളിക്കുന്നത് പതിവാണ്…
പ്രതീക്ഷിച്ചതുപോലെ കുറച്ച് സമയങ്ങൾക്ക് ശേഷം സുധിയുടെ ഫോൺകോൾ വന്നിരുന്നു..
” എന്താ അമ്മേ രാത്രിയിൽ….?എന്തുപറ്റി.?
അവൻ ചോദിച്ചു
” നിന്റെ ഭാര്യയുടെ നല്ല സ്വഭാവം കൊണ്ട് ആണ് ഈ സമയത്ത് വിളിക്കേണ്ടതായിട്ട് വന്നത്…
” അവളമ്മേ എന്ത് ചെയ്തു…?
ഗൗരവത്തോടെയാണ് സുധി ചോദിച്ചത്…
” എന്റെ മോനേ ഇന്ന് രാവിലെ കോളേജിലെ ആണെന്ന് പറഞ്ഞു പോയി, വൈകിട്ട് ഇവിടെ കേറി വന്നപ്പോൾ സമയം ഏകദേശം 7:00 -7:30 ആയി
” ഏഴരയോ..?
” അതേടാ മോനെ അത്രയും സമയം ആയി…! ഞാനത് അവളോട് ഒന്ന് ചോദിച്ചു, അവൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ എന്നെ എന്തൊക്കെയാ പറഞ്ഞതെന്ന് അറിയാമോ..?
ഭക്ഷണം കഴിച്ച പാത്രം ഒന്ന് കഴുകി വച്ചു കൂടെന്ന് ചോദിച്ചതിന് അവളെന്നെ കൊന്നില്ലന്നേ ഉള്ളൂ… എന്നോട് പറയാ നീ പറഞ്ഞാലും അവൾ അവളുടെ തീരുമാനത്തിലെ ജീവിക്കുന്നു, നിന്നോട് ഞാൻ അന്നേ പറഞ്ഞതാ ഈ ബന്ധം വേണ്ടാന്ന്… ഇപ്പൊൾ നിനക്ക് മനസ്സിലായില്ലേ ഒരു കുറച്ചു പോലും അനുസരണയില്ലാത്ത ഒരു അഹങ്കാരി പെണ്ണിനെയാണ് നിനക്ക് ഭാര്യയായിട്ട് കിട്ടിയിരിക്കുന്നത് എന്ന് …
” അമ്മ എന്തൊക്കെ ഈ പറയുന്നത്… ഞാൻ ഏഴുമണിക്ക് വിളിച്ചപ്പോൾ അവൾ എന്നോട് ഞങ്ങളുടെ മുറിയിൽ ഇരുന്നാണല്ലോ സംസാരിച്ചത്, എന്നിട്ട് അമ്മ പറയുന്നു ഏഴരയ്ക്ക് ആണ് അവൾ വീട്ടിലേക്ക് വന്നതെന്ന്…?
ഗൗരവത്തോടെ സുധി ചോദിച്ചു.
” ഏഴര അല്ലടാ മോനെ, ആറര. എനിക്ക് തെറ്റിപ്പോയത് ആണ്..
” ആറരയ്ക്ക് വീട്ടിലേക്ക് വരുന്നത് അത്ര വലിയ കുറ്റം ഒന്നുമല്ല അമ്മേ, രണ്ടുമൂന്നു ബസ് ഒക്കെ കേറി ഇവിടെ വരെ വരണ്ടേ…? പിന്നെ അമ്മയോടെ മോശമായിട്ട് എന്തെങ്കിലും പറഞ്ഞെങ്കിൽ ഞാൻ അത് ചോദിക്കാം..
” ഞാൻ അതല്ല പറഞ്ഞത്..! അവളെ ഇങ്ങനെ അഴിച്ചുവിടാൻ ആണോ നീ ഉദ്ദേശിച്ചത്.? അവളിനി പഠിക്കാൻ പോകണ്ട എന്ന് പറ… അവൾ പറയുന്നത് നീ പറഞ്ഞാൽ പോലും അവൾ പഠിക്കാൻ പോകുമെന്നാ… അവളുടെ അമ്മ അത്രയ്ക്ക് കഷ്ടപ്പെടുത്തിയാണ് അവളെ പഠിപ്പിച്ചത് എന്ന്… കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും പറയുന്നതല്ലേ കേൾക്കേണ്ടത്…?..
” അങ്ങനെ നിയമം ഒന്നുമില്ലല്ലോ..?
സുധിയുടെ മറുചോദ്യം കേട്ടപ്പോൾ സതിക്ക് ദേഷ്യമാണ് വന്നത് എങ്കിലും അവർ തന്റെ ദേഷ്യം കടിച്ചമർത്തി ആവിശ്യം നമ്മുടേതാണ്
” പിന്നെ അവളുടെ കാര്യങ്ങളൊക്കെ അവള് തീരുമാനിക്കും എന്ന് പറഞ്ഞെങ്കിൽ ഞാൻ അതിൽ എന്താ പറയേണ്ടത്.? അവളുടെ അമ്മ കഷ്ടപ്പെടുത്തി പഠിപ്പിച്ചതാണെന്ന് പറഞ്ഞത് സത്യമാ. അതിപ്പോ നമുക്കും അറിയാലോ, നമ്മൾ എത്ര രൂപ മുടക്കിയാ ശ്രീലക്ഷ്മിയെ പഠിപ്പിക്കുന്നത്.. അതുകഴിഞ്ഞ് അവൾ ജോലി ചെയ്യേണ്ടാന്ന് അവളെ കെട്ടുന്ന ചെറുക്കൻ പറഞ്ഞാൽ നമ്മൾക്ക് ആണെങ്കിലും വിഷമമുണ്ടാവില്ലേ…? അതേ വിഷമം അവളുടെ അമ്മയ്ക്കും ഉണ്ടാവും, ആ കാര്യങ്ങൾ ഒന്നും ഞാൻ എതിർക്കാൻ പോകുന്നില്ല, പിന്നെ അമ്മയോട് മോശമായിട്ട് വല്ലതും സംസാരിച്ചെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് ഞാൻ തിരക്കാം..! ഒരാവശ്യവുമില്ലാതെ അമ്മയോട് എന്തിനാ അവൾ ദേഷ്യപ്പെട്ടത്.? അങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാര്യം അറിയണമല്ലോ….
സുധി ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ ഒരു നിമിഷം ഒന്ന് ഭയന്നിരുന്നു സതി … ഇക്കാര്യം അവൻ അവളോട് ചോദിക്കുകയാണെങ്കിൽ ഉണ്ടാവാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് അവർ ഓർത്തത്.. അവൾ വന്നപ്പോൾ മുതൽ ചെയ്ത ജോലികളെക്കുറിച്ചും പോകുന്നതിനുമുൻപ് താൻ ചെയ്യിപ്പിച്ച ജോലിയെ കുറിച്ചുമൊക്കെ അവനോട് അവൾ പറയും… ആ സമയത്ത് അവന്റെ മുൻപിൽ താൻ ശരിക്കും കുറ്റക്കാരി ആകും, അതൊക്കെ സുധി അറിഞ്ഞാൽ തന്നോട് അവന് ഉള്ള ഇഷ്ടം കുറയുമോന്ന ഭയമായിരുന്നു ആ നിമിഷം അവരിൽ നിറഞ്ഞ് നിന്നിരുന്നത്… അതുകൊണ്ടുതന്നെ ആ ഉദ്യമത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണം എന്ന് അവർക്ക് തോന്നി.
” വേണ്ട മോനെ നീ ഇപ്പോൾ ചോദിക്കേണ്ട…
” അല്ല അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവുന്നത് എന്റമ്മേ എന്തിനാ അവൾ ആവശ്യമില്ലാത്ത വഴക്ക് പറഞ്ഞതെന്ന് എനിക്ക് അറിയണ്ടേ…?
ഉള്ളിൽ ചിരി കടിച്ചമർത്തി പുറമേ ഗൗരവത്തോടെ അവൻ പറഞ്ഞു
” അതൊന്നും വേണ്ട, ഞാനിപ്പോൾ അത് നിന്നോട് വിളിച്ച് പറഞ്ഞുന്ന് അവൾ അറിയുമ്പോൾ അത് പിന്നെയും വേറെ പ്രശ്നങ്ങൾക്കെല്ലാം കാരണമാകും… അതുകൊണ്ട് അങ്ങനെ ഒന്നും പറയണ്ട, ഏതായാലും എന്റെ മോള് തന്നെയല്ലേ അവൾ, എന്റെ പിള്ളേര് എന്നെ വഴക്ക് പറഞ്ഞതുപോലെ ഞാൻ അങ്ങ് കരുതിക്കോളാം. നീ ഇനി അത് വിളിച്ചു ചോദിച്ച് വലിയ പ്രശ്നമൊന്നും ആക്കാൻ നിൽക്കണ്ട…
അവനെയൊന്ന് മയപ്പെടുത്താനായി സതി പറഞ്ഞു
” അമ്മയ്ക്ക് പ്രശ്നമൊന്നും ഇല്ലെങ്കിൽ ഞാൻ ചോദിക്കാൻ പോകുന്നില്ല… അമ്മ പറയുന്നതിനപ്പുറം ഞാനൊന്നും ചെയ്യില്ല…
ചിരിയോടെ സുധി അങ്ങനെ പറഞ്ഞപ്പോഴാണ് അവർക്ക് ചെറിയൊരു ആശ്വാസം തോന്നിയത്. അവൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ അവളുടെ പഠനത്തിൽ തനിക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കില്ലന്ന് അവർക്ക് മനസ്സിലായി… അതിന് സുധിയുടെ പിന്തുണയുണ്ട് ഈ സാഹചര്യത്തിൽ സുധിയെ വെറുപ്പിച്ചാൽ അവൻ അവളെയും കൊണ്ട് മാറി താമസമോ മറ്റോ ആരംഭിച്ചാലോ എന്ന ഭയമായിരുന്നു അവരുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത്.
പിറ്റേന്ന് രാവിലെ തന്നെ അവൾ എഴുന്നേറ്റിരുന്നു അത്യാവശ്യം ജോലികളൊക്കെ തീർത്തിട്ട് തന്നെയാണ് പോകാൻ തയ്യാറായത് ഒരു വഴക്ക് വേണ്ട എന്ന് കരുതി ജോലി ചെയ്യുന്നതിന് അവൾ ഒരു പരാതിയും പറഞ്ഞിരുന്നില്ല.. എന്നാൽ വൈകിട്ട് വന്ന് പാത്രം രണ്ടുമൂന്നു ദിവസം അവൾ കഴുകാതെ അതേപോലെതന്നെ സിങ്കിലിട്ടിരുന്നു പിറ്റേദിവസം കഴിക്കാൻ പാത്രം ഇല്ലാത്ത അവസ്ഥ വന്നതിനാൽ സതി തന്നെ കഴുകിയെടുത്തു. അതിന് പിറ്റേദിവസം അവളോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഏതെങ്കിലും ഒരു ജോലി ചെയ്യാനേ തനിക്ക് സാധിക്കുവെന്ന് തീർത്തവൾ പറയുകയും ചെയ്തു. ആ തുറന്നുപറച്ചിൽ സതിയിൽ വലിയ തോതിൽ തന്നെ ഒരു ഞെട്ടൽ ഉണ്ടാക്കി… കൂടുതൽ നിർബന്ധിച്ചാൽ അവൾ ഇക്കാര്യം സുധിയോട് പറഞ്ഞാലോ എന്ന ഭയം അവരെ അക്കാര്യത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു ചെയ്തത്….
ദിവസങ്ങൾ ഓടി മറയുന്നുണ്ടായിരുന്നു ഇതിനിടയിൽ ജോലിയും പഠിത്തവും എല്ലാമായി നന്നായി ക്ഷീണിച്ചു പോയിരുന്നു മീര.. ആകെയുള്ള ആശ്വാസം സുധിയുടെ ഫോൺകോൾ മാത്രമാണ്, ആശ്വസിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും സംസാരിച്ചെ അവൻ ഫോൺ വയ്ക്കാറുള്ളൂ.. അത് വലിയൊരു ആശ്വാസമാണ് അവൾക്ക് പകരുന്നത്. ആ ഒരൊറ്റ ആളിലാണ് ഇപ്പോൾ ജീവിതം തന്നെ മുന്നോട്ട് പോകുന്നതെന്ന് പറയുന്നതാണ് സത്യം… ശനിയും ഞായറും ദിവസങ്ങൾ അവൾക്ക് നരക തുല്യമാണ് അന്നത്തെ ദിവസം സുഗന്ധിയും കുടുംബവും എത്തും. പിന്നെ കുട്ടികൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിപ്പിക്കലാണ് ജോലി… എന്തെങ്കിലും ഇഷ്ടക്കേട് പറയുകയാണെങ്കിൽ പിന്നെ അമ്മ മുഖം വീർപ്പിക്കും എന്നതുകൊണ്ട് അവൾ മടികൂടാതെ എല്ലാം ചെയ്യുമായിരുന്നു… പഠിക്കുന്നത് രാത്രിയിലേക്ക് മാറ്റിവെച്ചു, സുധിയുടെ പിന്തുണ ഉണ്ട് എന്ന് അവൾക്ക് നന്നായി അറിയാം എങ്കിലും അത് കൂടുതൽ താൻ ഉപയോഗിക്കുന്നത് ശരിയല്ലന്ന് അവൾക്ക് തോന്നി.. നാട്ടിൽ കിടക്കുന്നവനാണ് അവന്റെ മനസ്സ് വിഷമിപ്പിച്ച അവന് മറ്റ് അസുഖങ്ങളൊന്നും വരുത്തേണ്ട എന്ന് അവൾ കരുതി ….. എല്ലാകാര്യങ്ങളും അവനോട് പങ്കുവെക്കാതിരിക്കാൻ അവൾ നന്നായി തന്നെ ശ്രദ്ധിച്ചിരുന്നു… ഞായറാഴ്ച ദിവസം അജയനും എത്തും അജയന് ചിക്കനും മീനും എല്ലാം വേണം. എന്തെങ്കിലും സുധിയോട് അവൾ പറഞ്ഞാലോന്ന് കരുതി ചെറുതായി എന്തെങ്കിലുമൊക്കെ അരിയാനും മറ്റുമായി സധിയും കൂടും, എന്നാൽ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് മീര തന്നെയാണ്…
ശനിയാഴ്ച വൈകുന്നേരം തന്നെ രമ്യയും ശ്രീജത്തും മോളും കൂടി അവരുടെ വീട്ടിലേക്ക് പോകും, പിന്നീട് തിങ്കളാഴ്ച രാവിലെയാണ് അവർ എത്തുന്നത്…. ഞായറാഴ്ച ദിവസത്തെ ജോലിയെല്ലാം കഴിഞ്ഞ് 11 മണി ആയപ്പോഴാണ് അവൾക്കൊന്നു കുളിക്കാൻ തന്നെ സമയം കിട്ടിയത്… കുളി കഴിഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ ആരെയോ ഫോൺ വിളിച്ചു കൊണ്ട് അടുക്കള മുറ്റത്ത് അജയൻ നിൽപ്പുണ്ട്. അവനെ ഗൗനിക്കാതെ അവൾ കയറി പോകാൻ തുടങ്ങിയപ്പോഴാണ് അവൻ പിന്നിൽ നിന്നും വിളിച്ചത്…
“മീര ഇതുവരെ ഉറങ്ങിയില്ലായിരുന്നോ..? വളരെ സൗഹൃദത്തോടെ തന്നെയാണ് അവൻ സംസാരിച്ചത്…
” ഉറങ്ങാൻ പോകുന്നേ ഉള്ളൂ
” അളിയൻ വിളിച്ചോ
” കുറച്ചു മുന്നേ വിളിച്ചിരുന്നു ഇന്ന് നൈറ്റ് ഉണ്ട്, അപ്പോ പോകാൻ ഒരുങ്ങാണെന്ന് പറഞ്ഞു.. പിന്നെ പോയപ്പോഴും വിളിച്ചു….
” അളിയന് ഇനി വരണമെങ്കിൽ എങ്ങനെയാണെങ്കിലും ഒരു ഏഴ് മാസം എടുക്കും അല്ലേ..?
” അറിയില്ല ഞാൻ അതിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല… ലീവ് ആകുമ്പോൾ ഏട്ടൻ പറയുമല്ലോ,..
” കല്യാണം കഴിഞ്ഞ് വെറും ഒറ്റ മാസം ആണ് ഭർത്താവ് കൂടെ നിന്നത്… മീരക്ക് വിഷമം ഉണ്ടാവും,
“അത് എത്രയാണെങ്കിലും കാണില്ലേ..? ആരൊക്കെ കൂടെ ഉണ്ടെങ്കിലും സ്വന്തം ഭർത്താവ് കൂടെ ഇല്ലാത്തത് ഒരു വലിയ വിഷമം തന്നെയല്ലേ…?
“അതെ…. അതെ നിങ്ങൾ എങ്ങനെയാണ് ഫോണിൽ കൂടെയാണോ കാര്യങ്ങളൊക്കെ സംസാരിക്കുന്നത്..?
” എന്ത് കാര്യങ്ങൾ..?
” അല്ല ഈ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളില്ലെ.? എങ്ങനെയാ വീഡിയോ കോൾ ചെയ്യുമോ.?അതോ…
അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
” എനിക്കറിയാം കല്യാണം കഴിഞ്ഞ് ഒരൊറ്റ മാസം അല്ലേ ഭർത്താവിന്റെ കൂടെ താമസിച്ചിട്ടുള്ളൂ, ചില കാര്യങ്ങളുടെ സുഖം നമ്മൾ അറിഞ്ഞ് വരുമ്പോൾ അത് വീണ്ടും വീണ്ടും അറിയാൻ തോന്നും… അപ്പോഴേക്കും ഭർത്താവ് അകന്നു പോയി… മീരക്ക് എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ദേ….. ആരുമറിയില്ല എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി…! അളിയൻ ഗൾഫിൽ ആണെന്നുള്ള ഒരു കുറവും വരുത്താതെ മീരയുടെ സ്വകാര്യ ആവശ്യങ്ങളൊക്കെ ഞാൻ നീറ്റ് ആയിട്ട് ചെയ്തു തരാം..
അജയന്റെ വാക്കുകൾ കേൾക്കേ ഉള്ളിൽ ഒരു വല്ലാത്ത സ്ഫോടനമാണ് അവൾക്ക് സംഭവിച്ചത്……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…