Novel

പ്രണയമായ്: ഭാഗം 17

രചന: ശ്രുതി സുധി

പിറ്റേന്ന് രാവിലേ കുളിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ പതിവുപോലെ തന്നെ ലക്ഷ്മി എല്ലാം ബെഡിൽ എടുത്തു വച്ചിരുന്നു. ഡ്രസ്സ്‌ ചെയ്തു താഴെ ചെന്നപ്പോഴേക്കും ടേബിളിൽ കഴിക്കാനുള്ളതും റെഡി ആയിരുന്നു.

നേരത്തെ ലക്ഷ്മി കോളേജിൽ പോകുന്ന സമയത്തു ആണ് ഞാനും ജോലിക്ക് പോയിരുന്നത്… ഒരിക്കൽ പോകുമ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടാൻ അച്ഛൻ പറഞ്ഞതിൽ പിന്നേ എന്നും മനഃപൂർവം നേരത്തെ പോകുമായിരുന്നു .

ഇന്ന് പക്ഷേ ആ നേരമായിട്ടും പോകാതെ നില്കുന്നത് കണ്ടു എന്താ സമയമായിട്ടും പോകാത്തത് എന്നു അമ്മ ചോദിച്ചപ്പോൾ ഇനി മുതൽ വൈകി പോയാൽ മതി എന്നു പറഞ്ഞു…

ലക്ഷ്മി ഇറങ്ങാൻ സമയമായപ്പോൾ ഞാനും പതിയെ ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു… മനസ്സിൽ ഒരായിരം പ്രാർത്ഥന ആയിരുന്നു… ദൈവമേ ആരെങ്കിലും ഒന്നു പറയണേ ലക്ഷ്മിയെ കൂടെ കൂട്ടാൻ….

വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടും ഒരനകവും ഇല്ല ആരിൽ നിന്നും.. അമ്മയും ലക്ഷ്മിയും എല്ലാം വാതിൽക്കൽ നില്പുണ്ട്.. ശോ… ഈ പെണ്ണിതെന്താ ഇറങ്ങാത്തതു എന്നോർത്ത് നിൽക്കുമ്പോഴാണ് ഗേറ്റിന്റെ അടുത്ത് ഒരു ആക്ടിവയിൽ ആരോ വന്നു ഹോൺ അടിക്കുന്നത്… ആരാണെന്നു എത്തി നോക്കിയപ്പോഴേക്കും ആണ് ബാഗുമെടുത്തു അമ്മയോടും അമ്മുവിനോടും യാത്ര പറഞ്ഞു ലക്ഷ്മി ആ വണ്ടിയിൽ കയറി പോകുന്നത്…

അതുകണ്ടപ്പോഴേക്കും എനിക്കാകെ ദേഷ്യം കയറി.. വണ്ടിയിൽ നിന്നും ഇറങ്ങി നോക്കിയപ്പോൾ അമ്മ വാതിൽകെ തന്നെ ഉണ്ട്..

“അമ്മേ…. അതാരാ വണ്ടിയിൽ വന്നത്….ലക്ഷ്മി എന്തിനാ കാണുന്ന വണ്ടിയിലൊക്കെ കയറി പോകുന്നത്….അമ്മ എന്നിട്ട് നോക്കി നില്കുന്നോ… ”

“ഡാ… അതു നമ്മുടെ രേണു ആണ്.. നീ അറിയില്ലേ നിന്റെ കൂടെ പഠിച്ച ഷാജോണിന്റെ വൈഫ്‌.. അവൾ ടൗണിൽ ബാങ്കിലാണ് വർക്ക്‌ ചെയ്യുന്നത്..ഇവര് ഒരുമിച്ചാണ് പോകാറ്.. ”

“ഇതൊക്ക എന്നു തുടങ്ങി… ഇവിടന്നു ബസിനു പോയാപ്പോരേ…. ”

” അതിനു അവള് വല്ല ആണുങ്ങളുടെ കൂടെ ഒന്നുമല്ലല്ലോ പോയത്… അല്ലെങ്കിലും നീയെന്തിനാ അതൊക്കെ അന്വേഷിക്കുന്നത്… നിനക്ക് നിന്റെ കാര്യം നോക്കി പോയാൽ പോരെ… അവള് ആരുടേലും കൂടെ പോയാൽ നിനക്കെന്താ… അതെങ്ങനാ കെട്ട്യോൻ മാര് ഗുണമില്ലാത്തവരായാൽ ഇങ്ങോനെക്കെ ആകും… ”

“അതുശരി… ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ… ”

“അല്ലടാ… നീയല്ല… ഞങ്ങളാ…. ഞങ്ങളാ കുറ്റക്കാര്… നിന്നെപോലൊരുത്തന് അവളെ കെട്ടിച്ചു തന്ന ഞങ്ങളാ കുറ്റക്കാര്… ”

“അമ്മ… എന്തൊക്കെയാ പറയുന്നേ… ഞാൻ എന്തു ചെയ്തെന്നാ.. ”

“അതെ… നീയൊന്നും ചെയ്തില്ല… ഒന്നും ചെയ്യുന്നുമില്ല.. അതുതന്നെയാണ് പ്രശ്നം.. ലക്ഷ്മി നിന്റെ ആരാ…. നീ താലി കെട്ടിയ പെണ്ണ്… നിന്റെ ഭാര്യ… എന്നിട്ട് ആ ബോധം വല്ലതും നിനക്കുണ്ടോ… നീയെന്തെങ്കിലും അവൾക്കു വേണ്ടി ചെയ്തിട്ടുണ്ടോ… അവളുടെ കാര്യങ്ങൾ എന്തെങ്കിലും നീ അന്വേഷിച്ചിട്ടുണ്ടോ….. അവളെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ നിനക്ക് അറിയാമോ…. അവളെ കൂട്ടി ഒരു തവണ എങ്കിലും നീ ഈ വീടിനു പുറത്തു പോയിട്ടുണ്ടോ… ഞാൻ ഒന്നും മനസ്സിലാക്കുന്നില്ല എന്നു കരുതിയോ രണ്ടാളും…. ”

“അമ്മേ… അതിനെനിക് സമയം… ”

“മിണ്ടരുത് നീ… നിനക്ക് സമയം ഇല്ലല്ലേ… നിനക്ക് തീരെ സമയം ഇല്ലല്ലേ… എന്നു മുതൽ ആണ് എന്റെ പൊന്നു മോനു തീരെ സമയം ഇല്ലാതായത്…. ഈ കല്യാണത്തിന് മുൻപും നീ ഇതേ ഓഫീസിൽ ഇതേ ജോലി അല്ലേ ചെയ്തു കൊണ്ടിരുന്നത്…. അന്നൊന്നും ഇല്ലാതിരുന്ന തിരക്ക് കല്യാണം കഴിഞ്ഞപ്പോൾ എങ്ങനെ വന്നു… രാവിലെ എട്ടുമണി മുതൽ രാത്രി ഒൻപതുമണി വരെ ജോലി ചെയ്യുന്ന എന്തു ജോലിയാ നിനക്ക്…”

“അതൊന്നും പറഞ്ഞാൽ അമ്മക്ക് മനസ്സിലാവില്ല… എന്റെ തിരക്കും സമയക്കുറവും ഒന്നും നിങ്ങൾക്കറിയണ്ടല്ലോ… ”

“ഇല്ലടാ ഞങ്ങൾക്കൊന്നും മനസ്സിലാവില്ല …. എന്റെ പൊന്നുമോൻ മനസ്സിലാകുന്നുണ്ടല്ലോ എല്ലാം… അതുമതി… അതുമാത്രം മതി…. പക്ഷേ നീയൊരു കാര്യം ഓർത്തോ.. ഒരു ഭർത്താവിൽ നിന്നും ഭാര്യ ആഗ്രഹിക്കുന്ന ചെറിയ ചില കാര്യങ്ങൾ ഉണ്ട്… അതെല്ലാം നീയൊന്നു മനസിലാക്കി ചെയ്യാൻ നോക്ക്… എത്ര സമയക്കുറവു ഉണ്ടെങ്കിലും അതിനിടയിലും കുടുംബത്തിൽ ഉള്ളവരെ കൂടെ ഒന്നു പരിഗണിക്കു നീ.. ”

അത്രയും പറഞ്ഞുകൊണ്ട് അമ്മ ദേഷ്യത്തിൽ അകത്തേക്കു നടന്നുപ്പോയി… എല്ലാം കേട്ടു മനുഷ്യന് വെറുതെ വട്ടു പിടിക്കുന്നു.. കാര്യം ശരിയൊക്കെ തന്നെ ആണ്… അന്നത്തെ സാഹചര്യം അതായിരുന്നു… കാര്യങ്ങൾ മനസ്സിലാക്കി തിരുത്താൻ ഉള്ള ശ്രമത്തിൽ ആണ് ഇപ്പൊ. . അതിന്റെ ഇടയ്ക്കു ഇങ്ങനേം കൂടെ കേട്ടാൽ…

വൈകിട്ട് മനഃപൂർവം നേരത്തെ എത്തി വീട്ടിൽ… ആ നേരത്തു കയറിചെന്നപ്പോൾ അമ്മ അത്ഭുതത്തോടെ എന്നെയും ക്ലോക്കിലേക്കും മാറി മാറി നോക്കി.. എങ്കിലും മുഖത്ത് ഒരു തെളിച്ചവും ഇല്ല…. രാവിലത്തെ പരിഭവം മാറി കാണില്ല… ചായ കുടിക്കാൻ വിളിച്ചപ്പോൾ ഇപ്പോൾ വേണ്ടെന്നും പറഞ്ഞു മുറിയിലേക്കു പോയി….

ലക്ഷ്മി വരുമ്പോൾ അവളോട്‌ ചായ കൊണ്ടുവരാൻ പറയുന്നു.. അവളുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിക്കുന്നു.. വൈകിട്ട് പുറത്തു കറങ്ങാൻ പോകാം എന്നു പറയുന്നു… അവളെയും കൊണ്ട് പുറത്തൊക്കെ പോകുന്നു…. അവൾക്കിഷ്ടമുള്ളതു വാങ്ങി കൊടുക്കുന്നു. രാത്രി പുറത്തു നിന്നും ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷത്തോടെ തിരിച്ചു വരുന്നു…ഇതൊക്കെ ആയിരുന്നു പ്ലാൻ…

വൈകിട്ട് സമയം അഞ്ചര ആയി… ആറു മണിയായി… ആറര ആകാറായപ്പോഴേക്കും ആകെ ഒരു ടെൻഷൻ… കോളേജിൽ പോയി വരാൻ ഇത്രയും സമയമോ… നാലുമണിക്ക് മുന്നേ കോളേജ് വിടുമല്ലോ… കൂടിപ്പോയാൽ അഞ്ചു മണിക് ഇവിടെ എത്തേണ്ടതല്ലേ… ഇതിപ്പോ സമയം എത്ര ആയി… ഇനി വേറെ എവിടെ എങ്കിലും പോയി കാണുമോ… അമ്മയോട് പറയാതെ എന്തായാലും പോകില്ല… അമ്മയോട് തന്നെ ചോദിച്ചു കളയാം എന്നോര്ത്താന് താഴേക്കു ചെന്നത്… നോക്കിയപ്പോൾ അമ്മ നിന്നു തുണി മടക്കുന്നു…

“അമ്മേ… ലക്ഷ്മി എന്താ ഇന്ന് എവിടെ എങ്കിലും പോകുമെന്ന് പറഞ്ഞിരുന്നോ… സമയം ഇത്രയും ആയിട്ടും വന്നില്ലല്ലോ…

അമ്മ ആദ്യം എന്നെ ഒന്നു അത്ഭുതത്തോടെ തുറിച്ചു നോക്കി…. പിന്നെയത് മാറി മുഖത്ത് ദേഷ്യം വിടർന്നു… പെട്ടന്ന് തന്നെ അതുമാറി പുച്ഛം നിറഞ്ഞു… പുച്ഛത്തോടെ അമ്മ നോക്കി ചിരിച്ചപ്പോൾ പിന്നേ അവിടെ നില്കാൻ തോന്നിയില്ല…

വല്ലാത്ത ടെൻഷൻ ആയിരിന്നു… വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല… ദേഷ്യം ഇരച്ചു കയറി വരുന്നുണ്ട്… അവൾക്കു ഫോൺ എടുത്താൽ എന്താ… ഞാൻ ആണെങ്കിൽ വെരുകിനെ പോലെ ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ചു നടന്നിട്ടും അമ്മയ്ക്കൊരു കൂസലും ഇല്ല…

ഇരച്ചു വന്ന ദേഷ്യത്തോടെ തന്നെ ആണ് അമ്മയോട് ലക്ഷ്മിയെ പറ്റി ചോദിച്ചത്…

“എന്റമ്മേ…. സമയം ഇത്രയും ആയി.. അവൾ എവിടെ എങ്കിലും പോകുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നോ ”

“നിന്റെ ഭാര്യ എവിടെ പോകുന്നു… എന്തിനു പോകുന്നു എന്നൊക്കെ അന്വേഷിക്കേണ്ടത് നിന്റെ ചുമതലയ…. ഭർത്താവായ നിനക്ക് അറിയില്ലെങ്കിൽ ഭർത്താവിന്റെ അമ്മയായ ഞാൻ അറിയുന്നത് എങ്ങനാ “…

തീർത്തും പരിഹാസത്തോടെ ആയിരുന്നു അമ്മയുടെ മറുപടി… കൃത്യ സമയത്തു അച്ഛനും കയറി വന്നു… എന്റെ നിൽപ് കണ്ടു അച്ഛൻ അമ്മയോട് കാര്യം തിരക്കി… മാറി നിന്ന് അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ഇടയ്ക്ക് അച്ഛന്റെ തീക്ഷ്ണമായ നോട്ടം എന്റെ നേർക്കു നീളുന്നുമുണ്ട്…

സർവ ക്ഷമയും നശിച്ചു എന്തായാലും ഒന്ന് പുറത്തു പോയി അന്വേഷിച്ചു കളയാം എന്നോർത്ത് പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ പുറകിൽ നിന്നും വിളിച്ചു…

“ഡാ… നീയിതെവിടെ പോകുന്നു… ”

“അച്ഛൻ എന്താ ഒന്നും അറിയാത്ത പോലെ… സമയം എത്ര ആയെന്നു വല്ലതും അറിയോ .. ഈ നേരമായിട്ടും ലക്ഷ്മി എത്തിയിട്ടില്ല… നിങ്ങൾക്കെന്നിട് ഒരു ടെൻഷനും ഇല്ലേ… എനിക്കാണെങ്കിൽ ഇവിടെ ഇരിപ്പുറയ്ക്കുന്നതും ഇല്ല… അവളാണെങ്കിൽ വിളിച്ചിട്ടും എടുക്കുന്നുമില്ല.. ”

“അതിനു… നീയിപ്പോ എന്തു ചെയ്യാൻ പോകുന്നു ”

“ഒന്ന് അന്വേഷിക്കണ്ടേ…. ഞാൻ ഒന്നു ബസ്‌സ്റ്റോപ് വരെ ഒന്നു പോയി നോക്കിട്ട് വരാം ”

പക്ഷേ അവരെന്നെ പോകാൻ അനുവദിച്ചുമില്ല… എന്റെ കൈയിൽ നിന്നും ബൈക്കിന്റെ കീ മേടിച്ചെടുത്തു എന്നെ അകത്തേക്കു പറഞ്ഞു വിട്ടു.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും അച്ഛൻ കുളിച്ചു ഡ്രസ്സ്‌ മാറി അമ്മുവിനെയും എടുത്തു പുറത്തു പോയി… ഈ സമയമത്രയും ഞാൻ ടെൻഷൻ അടിച്ചു ഇരുന്നിട്ടും ആർക്കും ഒരു മൈൻഡ് പോലും ഇല്ലായിരുന്നു… കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛന്റെ വണ്ടിയുടെ ശബ്ദം കേട്ടു… അപ്പോഴുണ്ട് അമ്മുവിനെയും എടുത്തുകൊണ്ടു ലക്ഷ്മി കടന്നു വരുന്നു. തൊട്ടുപുറകിൽ അച്ഛനും. …നോക്കിയപ്പോൾ സമയം ഏഴര.. ദേഷ്യത്തോടെ ലക്ഷ്മിയുടെ അടുത്തേക് നടന്നടുത്തപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും വരുന്നത് കണ്ടു.. ഒന്നും മിണ്ടാതെ വേഗം ഞാൻ അവിടന്നും മുറിയിലേക്കു പോയി…

ഈ സമയം വരെ അവൾ എവിടെ ആയിരുന്നു… അവൾക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ ആരോടെങ്കിലും…..പലതും ഓർത്തു ആകെ ദേഷ്യത്തിൽ ഇരിക്കുമ്പോൾ ആണ് മുറിയിലേക്കു ലക്ഷ്മി കയറി വന്നത്… വന്നപാടെ ഞാൻ വേഗം വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു .. ഒന്നും മനസ്സിലാകാതെ ലക്ഷ്മി എന്നെ സൂക്ഷിച്ചു നോക്കി…

ആ നോട്ടം…. എന്റെ ദൈവമേ… ഇതുവരെ ഉണ്ടായിരുന്ന എല്ലാ ദേഷ്യവും ദാ മഞ്ഞുപോലെ ഉരുകിപ്പോയി..

എന്നാലും അതു പുറത്തുകാണിക്കാതെ ഇല്ലാത്ത ദേഷ്യം വരുത്തി ഞാൻ ചോദിച്ചു…

“നീ… നീയിതെവിടെ പോയതാ ഇത്രയും നേരം… കോളേജ് വിട്ടു ഈ സമയത്താണോ വരുന്നത്… ഇനി വൈകിയാൽ തന്നെ അതൊന്നു വിളിച്ചു പറഞ്ഞൂടെ….അല്ല നിന്റെ… നിന്റെ ഫോൺ എവിടെ…. ഞാൻ…. ഞാനെത്ര തവണ വിളിച്ചെന്നു അറിയോ … നിനക്ക് ഫോൺ എടുത്താൽ എന്താ… ഞാൻ ഇവിടെ കിടന്നു എത്ര ടെൻഷൻ അടിച്ചുന്നു അറിയോ… ”

പെട്ടന്നുള്ള വെപ്രാളത്തിൽ എന്തൊക്കെയോ ചോദിച്ചു…. എന്തൊക്കെയോ പറഞ്ഞു… ഇതെല്ലാം കേട്ടു അത്ഭുതത്തോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ് ലക്ഷ്മി….

“തന്നോട് ചോദിച്ചത് കേട്ടില്ലേ… ”

“ങേ….. ങാ…… ഞാൻ ട്യൂ…..ട്യൂഷൻ…. ”

“ട്യൂഷനോ….. നിനക്കോ… ”

“അല്ല എനിക്കല്ല ….. ഞാൻ പഠിപ്പിക്കാൻ… ”

“പഠിപ്പിക്കാനോ….നീയോ…. എവിടെ… അല്ല……എന്നുമുതൽ….. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ…. ”

“അന്ന് പറഞ്ഞിരുന്നതാണല്ലോ… ഗോപൻ അങ്കിളിന്റെ ട്യൂഷൻ സെന്ററിൽ……. ”

അപ്പോഴാണ് ഞാനും അതു ഓർത്തത്‌… അന്ന് അച്ഛനാണ് എല്ലാരും കൂടെ ഇരുന്നപ്പോൾ ട്യൂഷന്റെ കാര്യം പറഞ്ഞത്… പിന്നീട് ലക്ഷ്മിയും പോകുന്ന കാര്യം പറഞ്ഞിരുന്നു… ഇപ്പോഴാണ് അതേപ്പറ്റി ഞാൻ ഓർത്തത്‌ തന്നെ…

“അതൊക്കെ ശരി…. തന്റെ ഫോൺ എന്തെ…. വിളിച്ചാൽ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചു വിളിക്കാമല്ലോ… ”

അപ്പോഴേക്കും ഷെൽഫിൽ നിന്നും ഒരു ഫോൺ എടുത്തു കൊണ്ട് വന്നു എന്റെ കൈയിൽ തന്നു…

“കംപ്ലയിന്റ് ആണ്… അതാ… ”

എന്തായാലും നല്ല പഴക്കം ഉണ്ട് ഫോണിന്… ഒന്നും മിണ്ടാതെ അതു തിരികെ കൊടുത്തു ഞാൻ പുറത്തു കടന്നു ….അച്ഛന്റെ കൈയിൽ നിന്നും വണ്ടിയുടെ താക്കോൽ വാങ്ങി പുറത്തേക്കുപോയി…

പോയത് നേരെ മൊബൈൽ ഷോപ്പിലേക്കാണ്…. പുതിയ മോഡൽ ഫോൺ തന്നെ ഒരെണ്ണം വാങ്ങി തിരികെ പോകും വഴി ബേക്കറിയിൽ കൂടി ഒന്നു കയറി ഐസ്ക്രീം വാങ്ങി…

വീട്ടിലെത്തി അമ്മുവിനെ വിളിച്ചു ഐസ്ക്രീം കൈയിൽ കൊടുത്തിട്ടു പറഞ്ഞു

” ഇതു അമ്മുവിന്…. മറ്റേതു അമ്മയ്ക്കു കൊടുക്ക്ട്ടോ… ”

ലക്ഷ്മിയ്ക്ക് വേണ്ടി പ്രത്യേകം സ്ട്രോബെറി ഫ്ലേവർ വാങ്ങി ഇരുന്നു… ഒപ്പം ലക്ഷ്മിയെ വിളിച്ചു ഫോണും കൈയിൽകൊടുത്തു…

ആളുടെ മുഖത്തപ്പോൾ നിറയെ അത്ഭുതം നിറഞ്ഞു നിന്നു….

രാത്രി ഭക്ഷണവും കഴിഞ്ഞു കിടക്കാൻ ചെന്നപ്പോൾ ഇന്നും അമ്മു പ്രശ്നമുണ്ടാക്കി…. ഇന്നും ബാൽക്കണിയിൽ പോയിരുന്നു സമയം കളഞ്ഞു… അവൾ ഉറങ്ങിയതിനു ശേഷം എന്നെ വന്നു വിളിച്ചു ലക്ഷ്മി നേരെ പഠിക്കാൻ ആയി പോയി….

വൈകിട്ട് ട്യൂഷനും പിന്നേ അമ്മുവിന്റെ ബഹളവും വീട്ടിലെ ജോലിയും ഒക്കെ കഴിഞ്ഞ് എന്തു പഠിക്കാനാ…. എല്ലാം കഴിഞ്ഞ് കിടക്കുമ്പോഴേക്കും പാതിരാത്രി ആയിട്ടുണ്ടാകും….

ദിവസങ്ങൾ പലതും കഴിഞ്ഞു…. അതിനിടയിൽ ഉള്ള എന്റെ പല ശ്രമങ്ങളും വിജയിച്ചു…. ചിലതു പരാജയപെട്ടു..എങ്കിലും ഞാൻ തുടർന്നുകൊണ്ടേ ഇരുന്നു….അതിന്റെ ഫലമായി രാവിലെ ഒരുമിച്ചാണ് പോകാറ്…. ട്യൂഷൻ നിർത്താൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല… പകരം ട്യൂഷൻ കഴിഞ്ഞു കൊണ്ടുവരുന്ന ചുമതല ഏറ്റെടുത്തു….

അങ്ങനെ ഇരിക്കെ ആണ് ലക്ഷ്മിയുടെ പിറന്നാൾ വന്നടുത്തതു…… അന്ന് ലക്ഷ്മിയ്ക്ക് ഒരുപാട് സർപ്രൈസ് കൊടുത്…ഞങ്ങൾക്കിടയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ഒരുമിച്ചൊരു സന്തോഷകരമായ ജീവിതം തുടങ്ങണം എന്നും വിചാരിച്ചു പ്രതീക്ഷയോടെ കാത്തിരുന്നു……. ലക്ഷ്മിയുടെ പിറന്നാളിനായി……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button