Kerala

പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്‌ഐ മര്‍ദിച്ച സംഭവം: രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കട്ടപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്‌ഐയും സിപിഒയും മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ എസ്‌ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍.

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ കൂട്ടാര്‍ സ്വദേശി ആസിഫിനെ കട്ടപ്പന എസ്‌ഐ സുനേഖ് പി ജെയിംസും സിപിഒ മനു പി ജോസും കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐ യെ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടുത്തമാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കട്ടപ്പന ഡിവൈഎസ്പിയും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

എപ്രില്‍ 25 നാണ് സസ്‌പെന്‍ഷനിടയാക്കിയ സംഭവം നടക്കുന്നത്. ഇരട്ടയാറില്‍ വാഹന പരിശോധനയ്ക്കിടെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ആസിഫും ചേര്‍ന്ന് വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചുവെന്നു കാണിച്ച് പൊലീസ് മൂവര്‍ക്കുമെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഇത് കള്ളകേസെന്നു കാട്ടി ആസിഫിന്റെ അമ്മ ഗവര്‍ണ്ണര്‍ക്കും ഡിജിപിക്കും പരാതി നല്കിയിരുന്നു. ഈ പരാതിയിലെ അന്വേഷണമാണ് വഴിത്തിരിവായത്. രണ്ടു ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയി. പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാന്‍ പൊലീസ് ജീപ്പ് കുറുകെ നിര്‍ത്തി. ഈ സമയം ബൈക്ക് പൊലീസ് വാഹനത്തിനു സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ഇതായിരുന്നു കട്ടപ്പന ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

സംഭവം നടക്കുമ്പോള്‍ ആസിഫ് സ്ഥലത്തില്ലെന്നും സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തില്‍ വച്ചും സ്റ്റേഷനില്‍ വെച്ചും മര്‍ദിച്ചതായും അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ആസിഫിനെ മര്‍ദ്ദിക്കുന്നത് കണ്ടുവെന്നും തങ്ങള്‍ക്കും മര്‍ദ്ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്നവരും മൊഴി നല്‍കി. ഇതെ തുടര്‍ന്ന് കുറ്റക്കാരെന്ന് കണ്ട് എസ് ഐ സുനേഖിനെയും സിപിഒ മനുപി ജോസിനെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Related Articles

Back to top button