Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 20

രചന: തസ്‌നി

കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ തലയ്ക്കും കൺപോളകൾക്കും വല്ലാത്ത ഭാരം പോലെ….പെട്ടെന്ന് അവ്യക്തമായ ഓർമ്മകൾ കടന്നു വന്നു…. ബോധം മറഞ്ഞു വീണതും ആരുടെയോ കൈകളിൽ താങ്ങിയതും മങ്ങിയ കാഴ്ചപോലെ കണ്മുന്നിൽ തെളിഞ്ഞു…. കണ്ണുകൾ കൊണ്ട് ചുറ്റുപാടും തിരഞ്ഞപ്പോൾ ഒരു ഹോസ്പിറ്റലിലെ റൂമിലാണ് താൻ കിടക്കുന്നതെന്ന് തിരിച്ചറിഞ്ഞു… കയ്യിലിട്ട ഡ്രിപ് തീരാനായിട്ടുണ്ട്….

തലയ്ക്കു വല്ലാത്ത വേദന അനുഭവപ്പെട്ടപ്പോൾ കൈകൊണ്ട് പതിയെ നെറ്റിയിൽ തൊട്ട് നോക്കി…. എന്തൊക്കെയോ കെട്ടി വെച്ചിട്ടുണ്ട്… എന്നാലും ആരായിരിക്കും എന്നെ ഹോസ്പിറ്റലിൽ എത്തിച്ചേ, എന്നിട്ടു ഒരു ഈച്ചയെ വരെ കാണുന്നില്ലല്ലോ…. നാസികയിലൊക്കെയും ന്യൂട്ടന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ട്…. എല്ലാം തോന്നലാകും… അല്ലാതെ അവനായിരിക്കില്ല, ഇവിടെ എത്തിച്ചത്…

വല്ലാത്ത ദാഹം തോന്നി, വെള്ളത്തിനു വേണ്ടി നോക്കിയെങ്കിലും കണ്ടില്ല… കൈകൾ ബെഡിൽ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോയേക്കും തൊട്ടപ്പുറത്തുള്ള ഒഴിഞ്ഞ ഡ്രിപ് സ്റ്റാൻഡ് കാലു തട്ടി വീണു… ശബ്ദം കേട്ട് ആരോ ഓടി വന്നിട്ടുണ്ട്… തലയുയർത്തി നോക്കിയപ്പോൾ ന്യൂട്ടനെ കണ്ടു കണ്ണുകൾക്ക് വിശ്വസിക്കാനായില്ല…. അപ്പൊ ന്യൂട്ടൻ ആണോ എന്നെ ഇവിടെ എത്തിച്ചേ …. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ….

“എന്തിനാ എഴുന്നേറ്റെ… എന്തേലും വേണെങ്കിൽ വിളിച്ചാൽ പോരേ ” എന്റെ മുഖത്തു നോക്കാതെയുള്ള ന്യൂട്ടന്റെ കലിപ്പിലുള്ള ചോദ്യം കേട്ട് നെഞ്ചു വിങ്ങിയെങ്കിലും ഉള്ളിൽ ഒതുക്കി വെച്ചു.. “അത്‌ വെള്ളം വേണം… ദാഹിക്കുന്നു… ” എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… “ഞാൻ വാങ്ങിച്ചിട്ട് വരാം …. ” ഇതും പറഞ്ഞു എന്നെ ഒന്നും നോക്കുക പോലും ചെയ്യാതെ ന്യൂട്ടൻ റൂമിന്റെ പുറത്തേക്ക് പോയി..

ഉള്ളിൽ തികട്ടി നിന്ന സങ്കടം ഒരു തേങ്ങലായി പുറത്ത് വന്നു …. വേണ്ടാ…. മനസ്സ് കൊണ്ട് പോലും ഇനി ന്യൂട്ടനെ ആഗ്രഹിക്കാൻ പാടില്ല…. എല്ലാം ഒരു സ്വപ്നമായി എന്നിൽ തന്നെ എരിഞ്ഞു തീരട്ടെ….എങ്ങനെയെങ്കിലും ന്യൂട്ടനെ സത്യം പറഞ്ഞു മനസ്സിലാക്കണം…. സ്നേഹിച്ചില്ലേലും വേണ്ടില്ല, എന്നിലുള്ള തെറ്റിദ്ധാരണ മാറ്റണം… ഇനി ആ ഒരു ഉദ്ദേശം മാത്രമേ ഉള്ളൂ…. “ദാ വെള്ളം…. ” ന്യൂട്ടന്റെ ശബ്ദം വീണ്ടും കാതിൽ പതിഞ്ഞപ്പോഴാണ് ചിന്തകളെ വകഞ്ഞു മാറ്റിയത് …

വെള്ളം വാങ്ങി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മയെ ഓർമ വന്നത് “എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്… ഞാൻ പുറത്ത് ഉണ്ടാകും…. ” ഇതും പറഞ്ഞവൻ വീണ്ടും പുറത്തേക്ക് നടന്നു… “എന്റെ ഫോൺ എവിടെയാ…. ഉമ്മാനെ വിളിച്ചു പറയാൻ വേണ്ടിയാ.. ” “ഞാൻ ഉമ്മാനെ വിളിച്ചു പറഞ്ഞിട്ടുണ്ട്… ഒരു ഡ്രിപ് കൂടി ഇട്ടിട്ട് വീട്ടിൽ പോകാമെന്നു പറഞ്ഞിട്ടുണ്ട് ഡോക്ടർ… അതുവരെ അടങ്ങി അവിടെ ഇരിക്ക്…. തലയ്ക്ക് 6 സ്റ്റിച്ച് ഉണ്ട്…. ഓവർ തല കൊണ്ട് സർക്കസ്‌ കളിച്ചിട്ട് വീണ്ടും ബ്ലഡ്‌ വരുത്തേണ്ട… ”

തിരിഞ്ഞു നോക്കാതെയാണ് ന്യൂട്ടൻ ഇത് പറഞ്ഞതെങ്കിലും ആ വാക്കുകളിലെ കയറിങ് കണ്ടു സന്തോഷത്താൽ കണ്ണുകളും മനസ്സും നിറഞ്ഞു… അവൻ പുറത്തേക്ക് പോയപ്പോൾ വീണ്ടും ബെഡിൽ കിടന്ന് കണ്ണുകൾ അടച്ചു.. ഡിസ്ചാർജ് ആകുമ്പോയേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു… വരാന്തയിലൂടെ അവനു പിറകെ നടക്കുമ്പോഴും ചിന്തകൾ മുഴുവനും കോളേജിലെ സംഭവ വികാസങ്ങൾ ആയിരുന്നു…

“സ്സ്.. ” അറിയാതെ വിരലുകൾ കവിളിനേ തലോടുമ്പോയും ചെറിയൊരു നീറ്റൽഉണ്ടായിരുന്നു, മനസ്സിലും കവിളിലും… നടന്ന് നടന്ന് അവന്റെ കൂടെ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴാണ് ഒന്നിച്ചു കാറിൽ പോകേണ്ട കാര്യം ഓർത്തത്… എന്ത്കൊണ്ടോ മനസ്സ് അനുവദിച്ചില്ല…. തുറന്ന് വച്ച ഡോറിലേക്ക് നോക്കി അവിടെ തന്നെ നിന്നു… ഡോർ തുറന്നിട്ടും കയറുന്നത് കാണാനിട്ടാവാം അവൻ തലപുറത്തേക്ക് ഇട്ടു നോക്കി, നീട്ടിയൊരു ഹോൺ അടിച്ചു…

“എന്തേ ഇനി കൈപിടിച്ചു അകത്തേക്ക് കയറ്റണോ.. “രൂക്ഷമായി സ്റ്റിയറിങ്ങിൽ പിടിച്ചമർത്തി കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ആദ്യം അൽപ്പം പേടി തോന്നി.. “ഞാൻ ടാക്സി വിളിച്ചു പൊയ്ക്കോളാം… ” അവന്റെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്… “എങ്കിൽ തമ്പുരാട്ടിക്ക് വരുമ്പോഴും ടാക്സി വിളിച്ചിട്ട് വന്നാൽ പോരായിരുന്നോ…. നാളത്തെ പത്രത്തിലെ മുഖ്യ വാർത്തകേന്ദ്രം താൻ ആകേണ്ടെങ്കിൽ മര്യാദയ്ക് വന്നു വണ്ടിയിൽ കയറ്…

ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും ” അവന്റെ കലിപ്പ് കണ്ടിട്ടാണോ അതോ നാളത്തെ പത്രത്തിലെ വാർത്ത ആക്കുന്നത് പേടിച്ചിട്ടാണോ എന്താന്ന് അറിയില്ല നല്ല അനുസരണയുള്ള കുട്ടിയായി വേഗം കയറി ഫ്രന്റിൽ തന്നെ ഇരുന്നു…ഇനി ബാക്കിൽ കയറിട്ടിട്ടു വേണം ഞാൻ ആരാ നിന്റെ ഡ്രൈവറാ എന്ന് ചോദിക്കാൻ…. കാറിൽ കയറിയത് മുതൽ മൗനമായിരുന്നു രണ്ടുപേർക്കിടയിലും… ഇതുവരെ കാണാത്തത് പോലെ പുറത്തുള്ള കാഴ്ചയിൽ കണ്ണുകൾ നട്ടിരുന്നു, അവൻ ഡ്രൈവിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു….

തലയ്ക്ക് വേദന തോന്നി തുടങ്ങിയപ്പോൾ പതിയെ സീറ്റിലേക്ക് തലചായ്ച്ചു വെച്ചു കിടന്നു… നീട്ടിയ ഹോണടി കേട്ട് കണ്ണ് തുറന്നപ്പോൾ വീട്ടിലെത്തിയിട്ടുണ്ട്.. വണ്ടിയുടെ ശബ്ദം കേട്ട് ഉമ്മയും ഹാനുവും മുറ്റത്തു ഇറങ്ങി വന്നു…. ബഗുമെടുത്തു വണ്ടിയിൽ നിന്നിറങ്ങി ന്യൂട്ടനെ നോക്കിയെങ്കിലും അവൻ ഹാനുവിനോട് സംസാരിക്കുന്ന തിരക്കിലാണ്…. ഉമ്മാ കുറെ ന്യൂട്ടനെ വീട്ടിലേക്ക് വിളിച്ചെങ്കിലും പോയിട്ട് തിരക്കുണ്ടെന്ന് പറഞ്ഞവൻ ഒഴിഞ്ഞു മാറി…

ഒരു നോട്ടം പോലും എന്നിലേക്ക് വീഴ്ത്താതെ പെട്ടന്ന് തന്നെ വണ്ടിയെടുത്തു പോയി…. ഉമ്മാ വന്നു നെറ്റിയിലെ കെട്ടൊക്കെ കണ്ടു കണ്ണുനീർ വാർക്കാൻ തുടങ്ങി , എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു … ഐനുവിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട് ഉമ്മയും ഹാനുവും…. “അല്ല ഇത്തൂസ് ഇന്ന് സുന്ദരിയായി പോയത് വീണു തലപൊട്ടിക്കാൻ വേണ്ടിയാ… ” കുഞ്ഞുവായിലുള്ള ഹാനുവിന്റെ ചോദ്യം പെട്ടെന്ന് കേട്ട് ഓർമയിൽ ന്യൂട്ടന്റെ മുഖം ഓടിയെത്തിയപ്പോൾ തന്നെ ഇന്ന് എല്ലാരുടെ മുന്നിൽ വേച്ചു അടികിട്ടിയതും അവന്റെ പിറകെ ഓടി വീണതുമൊക്കെ ഒരു നോവുന്ന ചിത്രമായി കണ്ണിൽ തെളിഞ്ഞു..

ഉരുണ്ടു കൂടിയ കണ്ണുനീർ തുള്ളികൾ കവിൾത്തലത്തിലൂടെ ഒലിച്ചിറങ്ങി…. എന്റെ മുഖഭാവം കണ്ടിട്ടാവാം ഉമ്മയും ഹാനുവും പിന്നീടൊന്നും ചോദിച്ചില്ല…. തലയ്ക്കു നല്ല വേദനയുള്ളത് കൊണ്ട് ഒരു ചായ മാത്രം കുടിച് വേഗം തന്നെ കിടന്നു… ഫോൺ എടുത്ത് ഷാനയെ വിളിച്ചു വിവരം പറഞ്ഞു….

സ്റ്റിച്ച് ഉണങ്ങുന്നത് വരെ ക്ലാസ്സിലേക്ക് വരേണ്ടന്ന് അവൾ പറഞ്ഞപ്പോൾ ഈ സാഹചര്യത്തിൽ മനസ്സിനും അതാണ് നല്ലതെന്ന് ഓർത്തു സമ്മതിച്ചു കൂട്ടത്തിൽ സിയാദിക്കാനോട് അവർ എല്ലാ സത്യവും പറഞ്ഞെന്നും അവർ ന്യൂട്ടനെ പറഞ്ഞു മനസ്സിലാക്കിക്കോളാം എന്ന് പറഞ്ഞെന്നും അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി… നാലു ദിവസത്തെ ലീവിന് ശേഷം ഇന്ന് വീണ്ടും കോളേജിലേക്ക് പോയി….

മുറിവ് ഏകദേശം ഉണങ്ങിയിരുന്നു… കുറെ ദിവസങ്ങൾ ആയതു കൊണ്ടാകാം പലരും അന്നത്തെ സംഭവം കുറെ മറന്നെന്നു തോന്നുന്നു… എങ്കിലും ചിലരുടെ മുഖത്തെങ്കിലും എന്നോടുള്ള പുച്ഛഭാവം നിഴലിച്ചിരുന്നു…. കോളേജിൽ എത്തിയപ്പോൾ തന്നെ അന്നത്തെ സംഭവമാണ് കണ്മുന്നിൽ തെളിയുന്നത്….. വീട്ടിലിരുന്ന ഈ ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിൽ കുറെ തീരുമാനങ്ങൾ എടുത്തിരുന്നു…

ഒരു നിഴൽവെട്ടം കൊണ്ട് പോലും ഇനി ന്യൂട്ടന്റെ അരികിലേക്ക് പോകില്ലെന്നും, മനസ്സിൽ മുളപൊട്ടിയ സ്നേഹം പതിയെ പതിയെ അടർത്തി മാറ്റാനും…. കണ്ണുകൾ അറിയാതെ പോലും ന്യൂട്ടനെ തേടിയില്ല…. സജാദിക്കാനെയും സിധുവെട്ടനെയുമൊക്കെ കണ്ടപ്പോൾ ഒരു ചെറു പുഞ്ചിരി മാത്രം നൽകി…. വായാടിയായ ആ പഴയ ഹൈറയിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു…..

എന്റെ വായാടിത്തരവും കുസൃതികളൊക്കെയും എന്റെ ചങ്ങായീസിൽ മാത്രം ഒതുങ്ങി… വായാടിയും ഉരുളക്കുപ്പേരി പോലെ മറുപടി പറയുകയും ചെയ്യുന്ന എന്നിലെ ഈ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി…. ദിവസങ്ങൾ ആരെയും കാത്തിരിക്കാതെ കടന്നു പോയി… ന്യൂട്ടനെ കാണാറുണ്ടെങ്കിലും രണ്ടാളും പരസ്പരം കാണാത്ത പോലെ നടന്നു…സങ്കടങ്ങളൊക്കെയും രാത്രിയിലെ തലയിണയ്ക്ക് കൂട്ടായി..

ഈ ദിവസങ്ങളിലൊക്കെയും അകലം പാലിച്ചിരുന്നിട്ട് പോലും ന്യൂട്ടനോടുള്ള സ്നേഹത്തിൽ ഒരു തരിപോലും കുറഞ്ഞില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു… എങ്കിലും അത്‌ മനസ്സിനുള്ളിൽ തന്നെ അടച്ചു വെച്ചു…. ലാസ്റ്റ് സേം എക്സാം അടുക്കാൻ ആയി… പിന്നീടുള്ള ദിവസങ്ങൾ ഒക്കെയും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു…. ന്യൂട്ടൻ പതിയെ പതിയെ എന്നെ മൈൻഡ് ചെയ്യാൻ തുടങ്ങിയെങ്കിലും തിരിച്ചൊരു നോട്ടം കൊണ്ടു പോലും ഞാൻ മൈൻഡ് ആക്കിയില്ല….

ഇനിയും വേദനിക്കാൻ വയ്യ… ഇനിയൊരു വേദന സഹിക്കാനുള്ള ശക്തി മനസ്സിനില്ല…. ഇതിനിടയിൽ ലൈബ്രറിക്ക് പുറത്തുള്ള വരാന്തയിൽ പോയി ഇരിക്കൽ ഒരു സ്ഥിരമെർപ്പാടാക്കി… വേറൊന്നും കൊണ്ടല്ല, തനിച്ചിരിക്കാൻ ഏറ്റവും നല്ല പ്ലേസ് ആണ് അത്‌… ഒരു ദിവസം ആ വരാന്തയിൽ പോയിരുന്നു, ചിന്തകളെ ചികഞ്ഞെടുക്കാൻ തുടങ്ങുമ്പോഴാണ് ആരോ അരികിൽ വന്നിരുന്നത്….

പേരറിയാത്ത ആ പെർഫ്യൂമിന്റെ ഗന്ധം നാസികയിലേക്ക് അടിച്ചപ്പോയെ ആളെ മനസ്സിലായി..ഒപ്പം ഹൃദയമിടിപ്പും കൂടി… അവന്റെ ഗന്ധമടിക്കും തോറും വല്ലാത്തൊരു അനുഭൂതിയിൽ എത്താൻ തുടങ്ങി, മനസ്സും ശരീരവും… അവന്റെ സാമീപ്യത്തിൽ പതറിപോകുന്ന, തുടിക്കുന്ന മനസ്സിനെ കല്ലാക്കി വെച്ചുകൊണ്ട് ദൂരേയ്ക്ക് നോട്ടമെറിഞ്ഞു…. “ഹൈറാ….. ” “…….”

“സോറി പെണ്ണെ…. ഞാൻ അറിയാതെ…. അന്നത്തെ ആ സാഹചര്യത്തിൽ.. പെട്ടെന്ന്…. എന്നോട് ക്ഷമിക്ക് പെണ്ണെ…. ” ഇതും പറഞ്ഞേന്റെ കൈവെള്ളയിലേക്ക് കൈകൾ ചേർത്തുവെച്ചു…. ഇടറുന്ന അവന്റെ വാക്കുകൾ ഒരുനിമിഷം മനസ്സിൽ നോവ് സൃഷ്ടിച്ചെങ്കിലും അന്നത്തെ അടിയും എല്ലാരുടെ പുച്ചനോട്ടവും കണ്മുന്നിൽ തെളിഞ്ഞപ്പോൾ ചേർത്തുവെച്ച കൈകൾ പതിയെ എടുത്ത് മാറ്റി…. കുറച്ചു നിമിഷങ്ങൾ മൗനം മാത്രമായിരുന്നു..

“പെണ്ണെ…എന്റെ സ്ഥാനത്തു നീയായിരുന്നെങ്കിൽ ചിന്തിച്ചു നോക്കിയേ….നിന്റെ ഫോണിൽ നിന്നുമല്ലേ ആ മെസ്സേജസ് മൊത്തം പോയത്…പെട്ടെന്ന് അത്‌ കണ്ടപ്പോൾ…എന്നോട് ക്ഷമിക്ക് പെണ്ണെ….നീ ഇങ്ങനെ അവോയ്ഡ് ചെയ്യുമ്പോൾ ഹൃദയം നുറുങ്ങി പോവുകയാ….എന്റെ പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ….ചെയ്തത് തെറ്റാണ്…സോറി പറഞ്ഞാൽ മതിയാവില്ലെന്ന് അറിയാം…എങ്കിലും….”

അവൻ നിറഞ്ഞു വന്ന കണ്ണുകൾ പുറം കയ്യാൽ തുടച്ചു മാറ്റി…. “വേണ്ടാ ഐനു….ഇനി ഈ സംസാരം വേണ്ടാ…ഒരിക്കലും നമ്മൾ തമ്മിൽ ചേരില്ല..നിനക്ക് എന്നെ പോലെയുള്ള ഒരു പെണ്ണിനെയല്ല വേണ്ടത്….അന്ന് അടിച്ച അടി, ഞാൻ പണ്ട് തന്ന കടം വീട്ടിയതാണെന്ന് കരുതിക്കോളാം.. ഇനി ആരെ ജീവിതത്തിലും എന്റെ നിഴൽ കൊണ്ട് പോലും ശല്യമാകില്ല…

അനുഭവിക്കാനുള്ളതെല്ലാം ഈ ഒരു ചെറു പ്രായത്തിൽ തന്നെ ഞാൻ അനുഭവിച്ചിട്ടുണ്ട്….ഇനിയും വയ്യ വേദനിക്കാൻ…ചിലപ്പോൾ ഇനി മനസ്സിന് താങ്ങാൻ പറ്റിയില്ലെങ്കിൽ എന്റെ ഉമ്മാക്കും ഹാനുവിനും ആരുമില്ലാതായി പോകും….ഇത്രയും നാൾ ചെയ്തു തന്നതിനൊക്കെ ഒരുപാട് നന്ദിയുണ്ട്…ഇനി ദയവ് ചെയ്ത് ഈ പേരും പറഞ്ഞു വരരുത്..ഇതെന്റെ അപേക്ഷയാണ്..പ്ലീസ്‌….” ഇതും പറഞ്ഞു നിറകണ്ണുകൾ അമർത്തി തുടച്ചു അവന്റെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ നടന്നു പോയി….

കോളേജും വീടും ട്യൂഷൻ സെന്ററുമൊക്കെയായി ജീവിതം മുന്നോട്ട് പോയി.. സുധാ മാം ഇടയ്ക്ക് ഇടയ്ക്ക് ഞാൻ അവരുടെ വലിയ പ്രതീക്ഷയാണെന്നു വിളിച്ചു പറയുന്നതിനാൽ, പഠനത്തിൽ നല്ലോണം ശ്രദ്ധിച്ചു… ഒരാഴ്ച കഴിഞ്ഞാൽ കോളേജ് ഡേ ആണ്..എല്ലാരും അതിലേക്കുള്ള തയ്യാറെടുപ്പിലാണ്…..പണ്ടേ അതിലൊന്നും തലപര്യമില്ലാത്തതു കൊണ്ട് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി….

ലൈബ്രറിയിൽ നിന്ന് റഫറൻസ് ബുക്കുമെടുത്ത് വരാന്തയിലൂടെ നടന്നു വരുമ്പോഴാണ് തൊട്ടടുത്ത ഒഴിഞ്ഞ ക്ലാസ്റൂമിൽ നിന്ന് ഉച്ചത്തിൽ പെൺകുട്ടികളുടെ ശബ്‍ദം കേട്ടത്..അതിൽ പരിചിതമുള്ള ശബ്ദം കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു…പെട്ടെന്ന് ആരുടെയോ വായിൽ നിന്നടർന്നു വീണ വാക്കുകൾ കേട്ട് മുന്നോട്ടു ചലിപ്പിച്ച കാലുകൾ നിശ്ചലമായി….ദേഷ്യം കൊണ്ടു കൈകാലുകൾ വിറകൊള്ളാൻ തുടങ്ങി….

പിന്തിരിഞ്ഞു നടന്നു, അവർ ഇരുന്ന ക്ലാസ്സിലെ ജനലിനരികിൽ അവർ കാണാതെ പോയി നിന്നു….മദാമ്മ പുട്ടിയെ കണ്ടപ്പോഴാണ് പരിചിത ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്… അവരുടെ വായിൽ നിന്നു വരുന്ന ഓരോ വാക്കുകൾ കേൾക്കും തോറും ദേഷ്യം കൊണ്ട് അടിമുടി വിറയ്ക്കാൻ തുടങ്ങി..എടുത്ത് ചാടി എന്തേലും ചെയ്താൽ എല്ലാം കൂടി എന്റെ തലയിൽ ആകും..

പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ഫോൺ എടുത്ത് പാതി തുറന്നിട്ട ജനൽപാളിയിലൂടെ അവരുടെ വീഡിയോ എടുത്തു…അവർ പറഞ്ഞ ഓരോ കാര്യങ്ങളും വ്യകതമായി അതിൽ പതിഞ്ഞു…വരട്ടെ…സമയം ആയിട്ടില്ല…മനസ്സിൽ മുഴുവനും വരുന്ന കോളേജ് ഡേ ആയിരുന്നു… പല പ്ലാനിങ്ങും നടത്തി ക്ലാസ്സിലേക്ക് തന്നെ നടന്നു… കോളേജിൽ മഴ നന്നായി താണ്ഡവമാടുന്ന ഒരു ദിനം….പണ്ട് മുതലേ മഴയോട് മുടിഞ്ഞ പ്രേമമാണ്….

ക്ലാസ്സിൽ നിന്നിറങ്ങി പുറത്തെ വരാന്തയിലേക്കിറങ്ങി…മഴ പെയ്യുന്നതും മഴയിൽ വിദ്യാർത്ഥികൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതൊക്കെ ഒരു രസത്തോടെ നോക്കി നിന്നു…മഴ ഗസൽ പോലെയാണ്…കേൾക്കാൻ ഇമ്പമുള്ള സ്വരങ്ങളാണ് മഴയുടേത്,…രണ്ടും കൈകളും വരാന്തയുടെ ചൊടിയിൽ വെച്ചു..മഴ വിരലുകളിലേക്ക് പതിക്കുമ്പോൾ മഴ തുള്ളികൾ തെറിച്ചു പോകുന്നത് ഒരു കുസൃതിയോടെ നോക്കി നിന്നു…

മഴയിൽ ഏറ്റവും സുഖം കരയുവാനാണ്…ആർക്കും തിരിച്ചറിയാൻ പറ്റില്ല നാം കരയുകയാണെന്ന്…മഴവെള്ളത്തോടൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ്… പെയ്തിറങ്ങുന്ന ഓരോ മഴയ്ക്കും ഓരോ കഥകൾ ഉണ്ടാകും പറയാൻ…ചിലപ്പോൾ പ്രണയത്തിന്റെ, അല്ലെങ്കിൽ വിരഹത്തിന്റെ….അങ്ങനെ പലതും…. 🎵എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി…..

ഏറെ സ്വകാര്യമായി…🎵 പതിയെ ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി മഴ ആസ്വദിച്ചു…. മഴയുടെ ശക്തി പതിയെ പതിയെ കുറഞ്ഞു വന്നു ചെറിയൊരു ചാറ്റലായി മാറി…. ക്ലാസ്സിലേക്ക് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് കാതിലാസ്വരം ചെന്ന് പതിച്ചത്… 🎵 വെള്ളൈ പൂവേ…വെള്ളൈപൂവേ കാതൽ വന്തതാ… സ്വാസ കാട്രിൻ വാസം കൂടെ ആസേ പേസുതാ.. ഉന്നെ ഞാൻ നിനയ്‌താലേ മഴേ തൂവ്തേ ഉന എൻട്രി വായ്‌വില്ലേ വാനമേ ഇസൈ കൂടെ ഇസൈ ഇല്ലയെ… 🎵 അൺനൗൺ കോളറുടെ സ്വരം വീണ്ടും കാതിൽ വന്നു പതിഞ്ഞപ്പോൾ, ആ സ്വരത്തിന്റെ ഉറവിടം തേടാൻ ചാറ്റൽ മഴയിലൂടെ ഇറങ്ങിയോടി….

അവസാനം ഓട്ടം ചെന്നെത്തിയത് വാകമരച്ചുവട്ടിലാണ്…..വയലിനിന്റെ ശബ്ദത്തോടൊപ്പം ആ സ്വരവും തൊട്ടടുത്തു നിന്ന് കേട്ടപ്പോൾ ഹൃദയമിടിപ്പ് വല്ലാതെ കൂടി…ആരൊക്കെയോ കൂടി നിന്ന് ആ പാട്ട് ആസ്വദിക്കുന്നുണ്ട്…. മുന്നിലുള്ള ആ ചെറിയ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി, മുന്നിലേക്ക് കണ്ണുകൾ എറിഞ്ഞതും ആ സ്വരത്തിന്റെ ഉടമയെ കണ്ടു വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിന്നു പോയി…. വീണ്ടും വീണ്ടും കാതിൽ ആ സ്വരം പതിക്കും തോറും ശ്വാസം പോലും എടുക്കാൻ മറന്ന് ഒരു മരവിപ്പോടെ നിന്നു…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button