നിലാവിന്റെ തോഴൻ: ഭാഗം 91
രചന: ജിഫ്‌ന നിസാർ
“ഫൈസിക്കാ…”
കരച്ചിലിൽ മുങ്ങി പോയ മീരയുടെ സ്വരം.
പാതി ഉറക്കത്തിലായിരുന്ന ഫൈസി ഞെട്ടി കൊണ്ട് കണ്ണുകൾ തുറന്നു.
“മീരാ.. ന്തേ… ന്ത് പറ്റി?”
ഉള്ളിലൂടെ മിന്നി മറയുന്ന ഭയം അവന്റെ ശബ്ദം കൂടി വിറച്ചു പോയിരുന്നു.
ഹൃദയം പൊട്ടിയുള്ള അവളുടെ കരച്ചിൽ കാതിൽ വീണു ചിതറി തെറിച്ചുവെന്നല്ലാതെ.. ഒന്നും മിണ്ടുന്നില്ല.
“മീരാ.. ഡീ… എന്റെ ടെൻഷൻ കൂട്ടല്ലേടി. ഒന്ന് പറ.. പ്ലീസ്..”വല്ല വിധേനയും കിടക്കയിൽ എഴുന്നേറ്റിരുന്നു കൊണ്ടവൻ ചോദിച്ചു.
“ഫൈസിക്കാ.. ഇച്ഛാ..”
മീരാ വീണ്ടും കരയുകയാണ്.
ഫൈസിയുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി.
“അവന്… അവനെന്താ പറ്റിയെ?”
നിലവിട്ടത് പോലെ ഫൈസി ഉറക്കെ ചോദിച്ചു.
അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
“ഇച്ഛയെ.. ഇച്ഛയെ പോലീസ് കൊണ്ട് പോയി..”
പടച്ചോനെ…
മീരയത് പറഞ്ഞതും ക്രിസ്റ്റി ഉറക്കെ വിളിച്ചു പോയി.
നെഞ്ചിലേക്ക് ചേർത്ത് വെച്ച കയ്യിലെ മുഷ്ടി വല്ലാതെ ചുരുട്ടി പിടിച്ചത് കൊണ്ടാണ്..തോളിലെ മുറിവിൽ നിന്നും രക്തം കിനിയാൻ തുടങ്ങിയിരുന്നു.അതൊന്നും പക്ഷേ അവനറിയുന്നില്ല.
മറുവശം മീരാ കാര്യങ്ങൾ പറയുമ്പോൾ അവനുള്ളം വല്ലാതെ നടുങ്ങി പോകുന്നുണ്ട്.
“പേടിക്കേണ്ട.. കരയല്ലേ.അവനൊന്നും വരില്ല.. ഞാൻ.. ഞാൻ നോക്കിക്കൊള്ളാം “മീരാ പറഞ്ഞത് മുഴുവനും കേട്ടിട്ട് അവസാനമത് പറയുമ്പോൾ അവന്റെ മുഖം കല്ലിച്ചു കിടന്നിരുന്നു.
അത്രേം പറഞ്ഞു കൊണ്ടവൻ ആ ഫോൺ കോൾ കട്ട് ചെയ്തു.
“ഉമ്മാ…”
ഫോൺ കാതിൽ നിന്നും മാറ്റിയ നിമിഷം തന്നെ ഫൈസി ഉറക്കെ വിളിച്ചു.
ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഭക്ഷണം കഴിച്ചിട്ടൊന്നു മയങ്ങാൻ കിടന്നിരുന്ന മുഹമ്മദും ആയിഷയും അവന്റെ ഉറക്കെയുള്ള വിളി കേട്ടതും ഓടി പിടഞ്ഞു വന്നിരുന്നു.
“ന്താടാ..മോനെ?”
ആയിഷ അവന്റെ മുഖം കണ്ടതും ആധിയോടെ ചോദിച്ചു.
“വേദനിക്കുന്നുണ്ടോ?”
അവനവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
വേദനിക്കുന്നതവന്റെ കയ്യായിരിന്നില്ലല്ലോ?
നൂറായിരം കഷ്ണങ്ങളായി ചിതറി തെറിച്ചത് പോലെ ഹൃദയം നീറുന്നുണ്ട്.
“ക്രിസ്റ്റി… അവനെ.. അവനെ പോലീസ് കൊണ്ട് പോയെന്ന് ”
അത്രയും പറഞ്ഞു കൊണ്ട് അവൻ കിടക്കയിൽ നിന്നും താഴെക്കിറങ്ങി.
“പോലീസോ…?”
മുഹമ്മദ് നെറ്റി ചുളിച്ചു കൊണ്ട് അവന്റെ അരികിലേക്ക് ചെന്നു.
“ആ…”
ഫൈസി തിരിഞ്ഞു നിന്നിട്ട് ഹാങ്കറിൽ തൂക്കിയ അവന്റെ ഒരു ബനിയനും പാന്റും വലിച്ചെടുത്തു കിടക്കയിലെക്കിട്ട് കൊണ്ട് പറഞ്ഞു.
“പടച്ചോനെ… അതിപ്പോ എന്തിന്…?”
ആയിഷ ഫൈസിയെ നോക്കി.
“അവന്റെ അനിയൻ ഒരുത്തനില്ലേ.. ആ പൊറുക്കിയുടെ മകൻ. റിഷിൻ. അവനെന്തോ തരികിട കാണിച്ചിട്ട് ഒരു പെണ്ണിനെ കല്യാണം പറഞ്ഞു വെച്ചിരുന്നു. ക്രിസ്റ്റി കൂടി ഉൾപ്പെടെയാണ് അതുറപ്പിച്ചു വെച്ചിരുന്നത് ”
ഫൈസി അസഹിഷ്ണുതയോടെ നെറ്റി തടവി.
“അതാണോ കാരണം…?”
മുഹമ്മദ് ആകാംഷയോടെ ചോദിച്ചു.
“അല്ല.. അവളെ.. ആ പെണ്ണിനെയിപ്പോ കാണാനില്ലെന്ന്. ഇന്ന് രാവിലെ മുതൽ.”
ഫൈസി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“അതിന്.. ക്രിസ്റ്റി.. അവനെയെന്തിനാടാ പോലീസ് കൊണ്ട് പോകുന്നത്?”
മുഹമ്മദ് സംശയത്തോടെ ചോദിച്ചു.
“വഴിയേ പോവുന്ന വയ്യാവേലി മുഴുവനും തലയിൽ എടുത്തു വെച്ചാ അവന് മതിയാവില്ലല്ലോ..മദർ തെരേസയല്ലേ അവൻ..ഇന്നലെ വൈകുന്നേരം ഇവൻ അവളെ കണ്ടിട്ടുണ്ട് . കുറേ നേരം അവർ തമ്മിൽ സംസാരിച്ചു നിന്നു..അതിനവളുടെ കൂട്ടുകാര് മൊത്തം സാക്ഷികളാണ്. കോളേജിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ചിട്ട്… ”
ഫൈസി ടെൻഷനോടെ നെറ്റി തടവി.
“അത്.. അത് ഇന്നലെ അല്ലേടാ.. ഇന്നിത്രേം നേരമായിട്ടും അവൾ മിസ്സിംഗ് ആണെന്ന് ഇപ്പഴാണോ എല്ലാരും അറിഞ്ഞത്?”
“അതിന് ഇന്നാണ്.. ഇന്ന് രാവിലെ മുതലാണ് അവളെ കാണാനില്ലാത്തത്.പക്ഷേ.. ക്രിസ്റ്റിയെ കണ്ട് വന്നത് മുതൽ അവളാകെ..കരച്ചിലായിരുന്നുവെന്ന് . നിക്കറിയില്ല ന്താ ഇതിനിടയിൽ സംഭവിച്ചതെന്ന്. പക്ഷേ ഒന്നുറപ്പാണ്. നല്ലൊരു ചതി നടക്കുന്നുണ്ട്…”
വീണ്ടും ഫൈസിയുടെ മുഖം വലിഞ്ഞു മുറുകി..
“ഇനിയിപ്പോ.. ഇനിയിപ്പോ ന്താ മോനെ ചെയ്യാ..?പാവം ആ ചെക്കൻ..”
ആയിഷ വിഷമത്തോടെ പറഞ്ഞു.
ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ഫൈസി കിടക്കയിലെക്കിരുന്നു കൊണ്ട് പാന്റ് വലിച്ചു കയറ്റാൻ തുടങ്ങി.
ഒറ്റ കൈ കൊണ്ടാണ് ചെയ്യുന്നത്.
“എടാ.. മോനെ..”
മുഹമ്മദ് എന്തോ പറഞ്ഞു വരും മുന്നേ ഫൈസി കൈകൾ ഉയർത്തി കൊണ്ടത് തടഞ്ഞു.
“പോവരുതെന്ന് മാത്രം ഇന്നോട് പറയല്ലേ ഉപ്പാ. അകത്തൊരുത്തൻ ചങ്ക് പൊട്ടി കിടപ്പുണ്ട്. ഞാനിവിടെ പുറത്തുണ്ടല്ലോ എന്നത് മാത്രമാവും അവന്റെ ഒരേയൊരു ആശ്വാസം. ആ വിശ്വാസം.. അതെനിക്ക് കണ്ടെല്ലെന്ന് വെക്കാനാവില്ല.നിറയെ ശത്രുക്കളെ സമ്പാദിച്ചു വെച്ചിട്ടുണ്ടെന്നല്ലാതെ… അവനൊറ്റക്കാ ഉപ്പാ.. ഇനിക്ക് പോണം.പടച്ചോനെ ഓർത്തിട്ട് എന്നേ തടയരുത് ‘
ഫൈസി പറഞ്ഞതും.. മുഹമ്മദ് ആയിഷയെ നോക്കി.
“അയിനിപ്പോ ആര് അന്നേ തടയുന്നു. ഒറ്റയ്ക്ക് പോണ്ട.. ഞാനൂടെ വരാന്ന് പറയാൻ വന്നതാ..”
മുഹമ്മദ് ഫൈസിയെ നോക്കി പറഞ്ഞതും നന്ദിയോടെ അവന്റെ കണ്ണുകൾ വിടർന്നു.
“അന്നോടുള്ള ആ ചെക്കന്റെ സ്നേഹം.. ഞാനിന്നലെയാണെടാ ഫൈസി ശെരിക്കും അറിഞ്ഞത്.. ഞാനും .. അന്റുമ്മയും ഉറങ്ങിയിട്ടും.. നേരം വെളുക്കും വരെയും ഇയ്യൊന്ന് അനങ്ങുന്നതും നോക്കി അവനുണ്ടായിരുന്നു.. ഒരുപോള കണ്ണടച്ചിട്ടില്ലവൻ..”
മുഹമ്മദിന്റെ വാക്കുകളിൽ ക്രിസ്റ്റീയോടുള്ള സ്നേഹം മുഴുവനുമുണ്ടായിരുന്നു.
പിന്നെയെല്ലാം പെട്ടന്നായിരുന്നു.
തോളിലുള്ള മുറിവിനെ അവഗണിച്ചു കൊണ്ടവൻ ബനിയനിടാൻ വേണ്ടി കൈ ഉയർത്തി.
വേദന കൊണ്ട് കണ്ണ് നിറഞ്ഞിട്ടും മുഖം കടുത്തു തന്നെയിരുന്നു.
ആയിഷയാണ് ഡ്രസ്സ് ചെയ്യാൻ അവനെ സഹായിച്ചത്.
ഫോണും വാലറ്റും പോക്കറ്റിലേക്ക് തിരുകി.. അവനിറങ്ങി ചെല്ലുമ്പോഴേക്കും.. മുഹമ്മദ് ഷർട്ട് ധരിച്ചു കൊണ്ട് കീയുമായി പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു..
❣️❣️
“അവൻ..അവനെന്നാ പറഞ്ഞു മോളെ? ”
മറിയാമ്മച്ചി ഡെയ്സിയെ തലോടി കൊണ്ട് മീരയെ നോക്കി.
“ഫൈസിക്ക.. ഫൈസിക്ക നോക്കിക്കൊള്ളാം ന്ന് ”
കണ്ണീർ പുരണ്ട കവിൾ തുടച്ചു കൊണ്ട് മീരാ പറഞ്ഞു.
ദിലു സോഫയിൽ തളർന്നിരിക്കുന്ന ഡെയ്സിയുടെ അരികിലേക്ക് പറ്റിചേർന്നിരുന്നു.
അവളും കരച്ചിൽ തന്നെയാണ്.
കണ്മുന്നിൽ കൂടി ക്രിസ്റ്റിയെ ഒരു കൊടും കൃമിനലിനോട് ഉപമിച്ചു കൊണ്ട് കയ്യിൽ വിലങ്ങിട്ട് വലിച്ചു കൊണ്ട് പോയതിന്റെ നടുക്കം.. ഡെയ്സി തല ചുറ്റി കൊണ്ട് തറയിലേക്കിരുന്നു പോയിരുന്നു.
മറിയാമ്മച്ചിയാണ് കരഞ്ഞു കൊണ്ട് നിന്ന മീരയോട് ഫൈസിയെ വിളിക്കാൻ പറഞ്ഞത്.
കലുഷിതമായ മനസ്സോടെ ആ നാല് പേരും ഒരുപോലെ… ക്രിസ്റ്റിയെ കുറിച്ചോർത്തു വേദനിച്ചു.
എന്ത് ചെയ്യണമെന്നോ.. ആരെ കാണണമെന്നോ അവർക്കൊരു രൂപവുമുണ്ടായിരുന്നില്ല.
വീടിന്റെ പുറത്ത് നിന്നും ആരുടെയൊക്കെയോ ബഹളം കേട്ടാണ് ഹാളിൽ മൂകമായിരിക്കുകയായിരുന്ന അവരെല്ലാം പരസ്പരം നോക്കിയത്.
“ഇവിടാരുമില്ലേ….?”
ഉറക്കെയാരോ വിളിച്ചു ചോദിക്കുന്നത് കേൾക്കാം.
“അകത്തു കയറി ഒളിച്ചിരിക്കാതെ പുറത്തോട്ടിറങ്ങി വാ കുന്നേൽ ബംഗ്ലാവിലെ മാന്യന്മാര് ”
വീണ്ടും ആളുകൾ ബഹളം കൂട്ടുന്നു.
മറിയാമ്മച്ചിയെ ഒന്ന് നോക്കിയിട്ട് ഡെയ്സി അവശതയോടെ തന്നെ പുറത്തേക്ക് ചെന്നു.
“ഞങ്ങടെ കൊച്ചിനെ എവിടെ കൊണ്ട് പോയിട്ടാ.. നീയൊക്കെ ഒളിപ്പിച്ചത്?”
കോളനിക്കാർ വീണ്ടും മുറ്റം കയ്യേറിയിരിക്കുന്നു.
കൂട്ടത്തിൽ ഒരുത്തൻ ഡെയ്സിയെ കണ്ടതും.. ചീറി കൊണ്ട് മുന്നോട്ട് വന്നു.
ഡെയ്സി പതർച്ചയോടെ പിന്നിലേക്ക് നീങ്ങി.
“പഴം വിങ്ങിയ പോലെ നിൽക്കാതെ ഉത്തരം പറയങ്ങോട്ട്.. ജീവനോടെ ഉണ്ടോ ഗൗരി?വീണ്ടും അവരിൽ ആരോ ചോദിച്ചതും ഡെയ്സി കൂടുതൽ തളർന്നു പോയി.
“ഉത്തരം കിട്ടാതെ ഞങ്ങൾ പോവില്ല.. ഞങ്ങൾക്കറിഞ്ഞേ തീരൂ അവളെവിടെ പോയെന്ന് .. ”
“ഗൗരിയെ നിങ്ങളാരെങ്കിലും ഇവിടെ തന്നേൽപ്പിച്ചിരുന്നോ… ഇപ്പൊ ഇവിടെ വന്നു അന്വേഷണം നടത്താൻ?”
ഡെയ്സിയുടെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് മറിയാമ്മച്ചി കടുപ്പത്തിൽ ചോദിച്ചു.
ആ മുഖത്തെ ഭാവം.. വാക്കിലെ തീവ്രത..
ഒരു നിമിഷം എല്ലാവരും മൗനമായി.
“ഒന്നും വരാതെ നോക്കിക്കൊള്ളാമെന്ന് ഇവിടുത്തെ മാന്യൻ… ക്രിസ്റ്റി ഫിലിപ്പ് വാക്ക് തന്നിരുന്നു. നിങ്ങളത് മറന്നാലും ഞങ്ങൾ മറക്കില്ല ”
വന്നവർക്ക് വീണ്ടും ശബ്ദം വെച്ചു.
“അങ്ങനെയെന്റെ ചെറുക്കൻ വാക്ക് തന്നിട്ടുണ്ടെങ്കിൽ.. ജീവൻ പോവേണ്ടി വന്നാലും അവനത് പാലിക്കും…അതിലാർക്കും യാതൊരു സംശയവും വേണ്ട.”
മറിയാമ്മച്ചി പറഞ്ഞു.
“ഓഓഓ.. കൂടെ നിന്നിട്ട് ഇങ്ങനെ അവളെ ഇല്ലാതെയാക്കാനായിരുന്നോ ആ വാക്ക് തന്നതെന്ന് ഞങ്ങൾക്കിപ്പോ നല്ല സംശയമുണ്ട്..”
പുച്ഛത്തോടെ അവരിൽ ഒരുത്തൻ മറിയാമ്മച്ചിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും…
“എന്റെ ചെറുക്കന് ഒറ്റ തന്തയെ ഒള്ളെടാ.. മോനെ.വാക്ക് പറഞ്ഞ പിന്നിൽ നിന്ന് ചതിക്കത്തില്ല…”
അഭിമാനത്തോടെ മറിയാമ്മച്ചി വിളിച്ചു പറഞ്ഞതും വീണ്ടും അവിടം നിശബ്‍ദത പടർന്നു.
അവരെല്ലാം പരസ്പരം നോക്കി.
“കഴിയുമെങ്കിൽ എന്റെ കുഞ്ഞൊന്ന് പുറത്ത് വരും വരെയും നിങ്ങൾ ക്ഷമിക്ക്.. അവൻ…അവനങ്ങനെ ചെയ്യത്തില്ല.. കർത്താവ് ഈശോ മിശിഹാ നേരിട്ടിറങ്ങി വന്നു പറഞ്ഞാലും ഞാൻ വിശ്വാസിക്കത്തില്ല. കാരണം എനിക്കവനെ അത്രേം വിശ്വാസമാണ്. ഇത് കണ്ടോ… ഈ രണ്ട് പെൺകുട്ടികളുടെ ചേട്ടനാ അവൻ.. അതവൻ ഒരിക്കലും മറക്കില്ല.മറ്റുള്ളവരെ വേദനിപ്പിച്ചു രസിക്കാൻ അവന്.. അവന് കഴിയത്തില്ല .. വേദന എന്തെന്നറിഞ്ഞു വളർന്നു വന്നവനാ എന്റെ ക്രിസ്റ്റി.. അവനാരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കില്ല…അത്രേം മനസ്സലിവുള്ളവനാ അവൻ..”
കടുപ്പത്തിൽ പറഞ്ഞു തുടങ്ങിയ മറിയാമ്മച്ചി അവസാനമായപ്പോഴേക്കും ഇടറി പോയിരുന്നു.
ഡെയ്സിയും ദിലുവും മീരയും അപ്പോഴും കരയുന്നുണ്ടായിരുന്നു.
വന്നവരെല്ലാം വീണ്ടും പരസ്പരം നോക്കുന്നുണ്ട്.
“സത്യം അധികകാലമൊന്നും മൂടി വെക്കാനൊക്കത്തില്ല മക്കളെ . അത് എത്ര താഴിട്ട് പൂട്ടിയാലും പുറത്ത് വരും. ആരൊക്കെയോ എന്റെ ചെറുക്കനെ ചതിക്കാൻ കച്ച കെട്ടി ഇറങ്ങി തിരിച്ചിട്ടുണ്ട്. പക്ഷേ… അവൻ നേരുള്ളവനാ. കർത്താവ് കാക്കും.. അവനിറങ്ങി വരും…”
വല്ലാത്തൊരു ദൃഡതയോടെ മറിയാമ്മച്ചി പറഞ്ഞു.
“നിങ്ങടെ കൊച്ചിനെ എന്റെ കുഞ്ഞ് കൊണ്ട് വരും.”
അവസാനവാക്കെന്നോണം പറഞ്ഞിട്ട് മറിയാമ്മച്ചി അവരെ നോക്കി..
❣️❣️
“ക്രിസ്റ്റി.. ക്രിസ്റ്റി വെറുതെയിരിക്കത്തില്ല. ഫൈസൽ മുഹമ്മദ് അവന് അവനത്ര പ്രിയപ്പെട്ടവനാണ്.”
വർക്കി ഷാഹിദിനെ നോക്കി വേവലാതിയോടെ പറഞ്ഞു.
ഷാഹിദ് ഒന്നും പറയാതെ അവരെ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു.
റിഷിൻ തല കുനിച്ചു നിൽപ്പുണ്ട്.
ഷാഹിദ് പുച്ഛത്തോടെയാണ് അവരെ നോക്കുന്നത്.
“തത്കാലം രണ്ടു ദിവസം നിങ്ങളിവിടെ നിന്നൊന്ന് മാറി നിൽക്കണം. ഇപ്പൊ അതാണ് വേണ്ടത് ”
ഷാഹിദ് ശാന്തമായി പറഞ്ഞു.
വർക്കിയും റിഷിനും ഒന്നു പരസ്പരം നോക്കി.
അതാണ് നല്ലതെന്ന് രണ്ടു പേർക്കും തോന്നി.
ഷാഹിദിനെ നോക്കി വർക്കി സമ്മതിച്ചത് പോലെ തലയാട്ടി.
“ഒന്ന് കൊണ്ടും പേടിക്കേണ്ട. എല്ലാം നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ നടക്കുന്നുണ്ട്.”
ഷാഹിദ് ചിരിയോടെ പറയുമ്പോൾ ആ അവസ്ഥയിലും വർക്കിയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“ഇപ്പൊ.. നിങ്ങൾ ഇവർക്കൊപ്പം പോവുക. ബാക്കിയെല്ലാം ഞാൻ വഴിയേ അറിയിക്കാം..”
ഷാഹിദ് വീണ്ടും പറഞ്ഞു.
“വരൂ…”
അവന്റെ പിന്നിൽ നിന്ന ഒരുത്തൻ മുന്നോട്ട് വന്നിട്ട് വർക്കിയേ നോക്കി പറഞ്ഞു.
പോവാൻ ഷാഹിദ് തല കൊണ്ട് ആംഗ്യം കാണിച്ചു.
തലയാട്ടി കൊണ്ട് മുന്നിൽ നടക്കുന്നവനൊപ്പം വർക്കിയും ഷാഹിദിനെ ഒന്ന് നോക്കിയിട്ട് റിഷിനും നടന്നു പോയി.
“അവരപ്പനും മകനും ഇനി ഞാൻ പറയുമ്പോഴല്ലാതെ പുറം ലോകം കാണരുത്. കേട്ടല്ലോ..?”
അവരിറങ്ങിയ നിമിഷം തന്നെ ക്രൂരത നിറഞ്ഞൊരു ചിരിയോടെ ഷാഹിദ് പറയുമ്പോൾ അവനൊപ്പമുള്ളവൻ തലയാട്ടി.
“ക്രിസ്റ്റി.. ഫിലിപ്പ്. അവനെ കൂടുതൽ ആഴത്തിൽ കുരുക്കി കളയാനുള്ള എന്റെ ഇരകളാണവർ ”
ഷാഹിദ് ചിരിയോടെ പറഞ്ഞിട്ട് കസേരയിൽ നിന്നും എഴുന്നേറ്റു.
“ആ പെണ്ണ് സേഫ് അല്ലേ?”
അവൻ വീണ്ടും പിന്നിലേക്ക് നോക്കി ചോദിച്ചു.
“അതേ..”
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.
“ഗുഡ്… ഒരു ദിവസം അവളവിടെ കിടക്കട്ടെ രണ്ടാം ദിവസം ജീവനില്ലാത്ത അവളെ.. ലോകത്തിനു മുന്നിലേക്കിട്ട് കൊടുക്കണം.”
ഷാഹിദ് വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…