Education

മനുഷ്യന്റെ നിലനില്‍പ്പിന് കഴുകന്മാര്‍ക്കെന്താ കാര്യമെന്ന് പറയാന്‍ വരട്ടെ…

ആര്‍ക്കും താല്‍പര്യമുള്ള ഒരു പക്ഷി വര്‍ഗമല്ല കഴുകന്മാര്‍. ശവംതീനികളായതിനാലാണ് ഇവ മനുഷ്യകുലത്തിന് വെറുക്കപ്പെട്ട ഒരു ജീവി വര്‍ഗമായി അനേകം നൂറ്റാണ്ടുകളായി തുടരുന്നത്. നമ്മുടെ പാട്ടിലും സിനിമയിലുമെല്ലാം കഴുകന്‍ എന്നത് ഒരു ബ്ലാക്ക് ഇമേജാണ്. ഭയം, മരണം, ശവം തുടങ്ങിയ അനേകം അശുഭമായ കാര്യങ്ങളുടെ അടയാളം പേറുന്ന ജീവി.

ഇന്ത്യന്‍ കഴുകന്മാരുടെ അപ്രതീക്ഷിത നാശത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം മനുഷ്യര്‍ മരിച്ചെന്നാണ് ഇന്ത്യന്‍ കഴുകന്മാരെ കുറിച്ച് പഠിച്ച ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ഇയാള്‍ ഫ്രാങ്കും വാര്‍വിക് സര്‍വകലാശാലയിലെ ഗവേഷകനായ ആനന്ദ് സുദര്‍ശനും വെളിപ്പെടുത്തിയിരിക്കുന്നത്.

മൃതശരീരങ്ങള്‍ തിന്ന് ജീവിക്കുന്ന കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഭൂമിയുടെ ശുചിത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പഠനം പറയുന്നു. ഇത് മൂലം മനുഷ്യന്റെ മരണനിരക്ക് 4 ശതമാനത്തിലധികം വര്‍ദ്ധിച്ചൂവെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 69.4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് മാനവരാശിക്ക് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ഒരു പാവം ക്രൂരനെന്ന് കഴുകനെ നിര്‍വചിക്കുന്നതാവും ഏറ്റവും നീതീകരിക്കാവുന്ന കാര്യമെന്ന് ഇതിലൂടെ ബോധ്യപ്പെടും. മനുഷ്യന്റെ നിലനില്‍പ് ഉള്‍പ്പെടെ പരിസ്ഥിതി പരിപാലിക്കുന്നതില്‍ ഈ ജീവി നല്‍കുന്നതിന് തുല്യമായ സേവനം മറ്റേതെങ്കിലും ഒരു പക്ഷിയില്‍നിന്നു ഉണ്ടാവുന്നുണ്ടോയെന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

കേട്ടാല്‍ അവിശ്വസനീയമായി തോന്നുമെങ്കിലും മനുഷ്യനും കഴുകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും അനേക വര്‍ഷത്തെ പഠനങ്ങളും ഗവേഷണങ്ങളുമാണ് ഇത് തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ കഴുകന്മാരുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ താളം തെറ്റിക്കുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന എല്ലാ ജീവികളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായി നാം വിദ്യാലയങ്ങളില്‍നിന്നും പഠിച്ചതാണല്ലോ. ഈ ജീവികള്‍ക്കെല്ലാമിടയില്‍ പരസ്പരാശ്രയത്വത്തിന്റേതായ ഒരു അദൃശ്യമായ ചങ്ങല നിലനില്‍ക്കുന്നുണ്ട്. ഈ ചങ്ങലയിലെ ഏതെങ്കിലും ഒരു കണ്ണിക്ക് നാശം സംഭവിക്കുകയെന്നാല്‍ നാം ജീവിക്കുന്ന ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുന്നെന്നുവേണം അനുമാനിക്കാന്‍.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണത്തും വയനാട്ടിലെ നാട്ടിന്‍പുറങ്ങളിലും വനപ്രദേശങ്ങളിലുമെല്ലാം താന്‍ അനേകം കഴുകന്മാരെ കണ്ടതായി 1887ല്‍ വില്യം ലോഗന്‍ എഴുതിയ മലബാര്‍ മാന്വലില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ കേരളത്തിലെ മൊത്തം കഴുകന്മാരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് കേരളത്തില്‍ വയനാട്ടിലെ ഉള്‍ക്കാടുകളില്‍ മാത്രമാണ് കഴുകന്മാരെ കാണാനാവുക. 150ഓളം കഴുകന്മാരാണ് വയനാട്ടില്‍ ഉള്ളതെന്നാണ് വനംവകുപ്പിന്റെ കണക്കുകളില്‍നിന്നും ബോധ്യപ്പെടുന്നത്.

നീലഗിരി ബയോസ്ഫിയറില്‍ 320 ഓളം കഴുകന്മാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിപ്രദേശമാണ് പരിസ്ഥിതി സംതുലനം സംരക്ഷിക്കുന്നതില്‍ ഏറെ നിര്‍ണായകമായ നീലഗിരി കുന്നുകള്‍.

നാം ചിലപ്പോഴെങ്കിലും എന്തിനാണ് ഇത്തരം ഒരു ജീവി ഈ ഭൂമിയിലെന്ന സഹികെട്ടു പറയാറുണ്ടെങ്കിലും എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയുടെ നിലനില്‍പ്പില്‍ അതിന്റേതായ പങ്കുണ്ടെന്നെതാണ് വാസ്തവം. ഏത് ജീവിയുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചാല്‍ അത് ഭൂമിയുടെ നാശത്തിലേക്കു നയിച്ചേക്കാം. അതുപോലെ മനുഷ്യന്റെ പ്രകൃതിയോടുള്ള തെറ്റായ ഇടപെടലുകളും ഇതിനേക്കാള്‍ അനേകം മടങ്ങ് വിനാശകാരിയാണെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.

Related Articles

Back to top button