ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ചർച്ചകൾക്ക് ശേഷമേ ബില്ലുകൾ പാർലമെന്റിൽ കൊണ്ടുവരൂവെന്നും ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഉടൻ ചർച്ച നടത്തും
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനുള്ള രാംനാഥ് കോവിന്ദ് സമിതി നൽകിയ റിപ്പോർട്ടിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ വിപുലമായ കൂടിയാലോചന നടത്തി സമവായമുണ്ടാക്കാനും മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു
2029ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളുടെയും തെരഞ്ഞെടുപ്പുകളും നടത്തുകയെന്നതാണ് ശുപാർശ. ഇതിനായി ചില നിയമസഭകളുടെ കാലാവധി കുറയ്‌ക്കേണ്ടി വരും. ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനാണ് റിപ്പോർട്ട് അംഗീകരിച്ചത്.