Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 82

രചന: റിൻസി പ്രിൻസ്

പുറകിലേക്ക് നോക്കി സുധി ചോദിച്ചപ്പോൾ വളരെ ബുദ്ധിമുട്ടി ഒരു പുഞ്ചിരി അവൾ നൽകിയിരുന്നു… ഹൃദയം അപ്പോഴും വേലിയേറ്റത്തിൽ ആണെന്ന് അവൾക്ക് തോന്നിയിരുന്നു… ഇത്രയും വലിയൊരു പ്രതിസന്ധിഘട്ടത്തെ നേരിടേണ്ടി വരുമെന്ന് വിചാരിച്ചിരുന്നതല്ല. എങ്ങനെയും ഒക്കെയും സുധിയോട് തുറന്നു പറയാനുള്ള ധൈര്യം തനിക്ക് ലഭിക്കണമെന്ന് മാത്രമാണ് ആ നിമിഷം അവൾ പ്രാർത്ഥിച്ചിരുന്നത്..

ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് സുധിയുടെ വീടിനു മുൻപിൽ വണ്ടി നിന്നു. അപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്. എങ്ങനെയെങ്കിലും ആ വണ്ടിയിൽ നിന്നും ഇറങ്ങി പോയാൽ മതിയെന്നായിരുന്നു അവൾക്ക്. വളരെയധികം ആശ്വാസത്തോടെ അവൾ പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാൽ ഉമ്മറത്ത് നിന്നിരുന്ന സതിയുടെ മുഖം കണ്ടതോടെ ഉള്ള സമാധാനം കൂടി അവൾക്ക് പോയിരുന്നു. അത്രത്തോളം ദേഷ്യത്തോടെയാണ് അവർ അവളെ നോക്കുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. സുധി ഇറങ്ങിയതും സതി ദേഷ്യത്തോടെ അകത്തേക്ക് നടന്നിരുന്നു. അവൾ വേദനയോടെ സുധിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നുമില്ല എന്ന് അവൻ കണ്ണടച്ചു കാണിച്ചു. അപ്പോൾ തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അർജുനും ഇറങ്ങി വന്നിരുന്നു. പുറകിൽ നിന്നും ബാഗുകൾ ഒക്കെ എടുക്കാൻ അവൻ സഹായിക്കുന്നുണ്ടായിരുന്നു. ബാഗുകൾ ഒക്കെ ഉമ്മറത്തേക്ക് എടുത്തു വച്ചത് അവൻ കൂടിയായിരുന്നു…

” അപ്പോൾ ശരി സുധിയേട്ടാ…

ഇടക്ക് ഞാൻ ഇങ്ങോട്ട് ഇറങ്ങാം.

” നീ കേറാതെ പോവാണോ

” തിരക്കുണ്ട് സുധിയേട്ടാ അതുകൊണ്ടാ.. ഞാൻ ഉടനെ തന്നെ വരാം ഇനിയിപ്പോ വരാതെ പറ്റില്ലല്ലോ.

മീരയുടെ മുഖത്തേക്ക് നോക്കി അർജുനത് പറഞ്ഞപ്പോൾ എന്തൊക്കെയോ അർത്ഥം അതിനുള്ളത് പോലെ അവൾക്ക് തോന്നിയിരുന്നു. അവനെ മൈൻഡ് പോലും ചെയ്യാതെ അവൾ ഉമ്മറത്തേക്ക് കയറിയിരുന്നു. അർജുൻ പോയതും സുധിയും അവൾക്കൊപ്പം അകത്തേക്ക് കയറി. രണ്ടുപേരും അകത്തേക്ക് കയറി വന്നപ്പോൾ തന്നെ അകത്ത് സതിയുടെ മുഖമാണ് കാണുന്നത്.

” എന്തിനാടാ ഇപ്പൊ ഇങ്ങോട്ട് വന്നത് നിനക്ക് നിന്റെ ഭാര്യ വീട്ടിൽ തന്നെ നിന്നാൽ പോരായിരുന്നോ.?

” എനിക്കിവിടെ സ്വന്തമായിട്ട് ഒരു വീടുണ്ടല്ലോ അമ്മ, അപ്പോൾ ഭാര്യ വീട്ടിൽ നിൽക്കുന്നത് എന്തിനാ

” അപ്പൊ ഞാൻ നിന്റെ അമ്മയാണെന്നും അത് നിന്റെ ഭാര്യവീടാണെന്നും നിനക്ക് ഉറപ്പുണ്ട്. എന്നിട്ടാണ് നീ ഗൾഫിൽ നിന്ന് നേരെ അങ്ങോട്ട് വന്നത്. തലയണമന്ത്രത്തിന്റെ ഒരു ശക്തിയെ കൊണ്ടുവന്നത് എല്ലാം കുടഞ്ഞിട്ട് ഭാര്യക്കും ഭാര്യയുടെ വീട്ടുകാർക്കും കൊടുത്തിട്ടായിരിക്കും ഈ വരവ്…

ഒട്ടും താല്പര്യമില്ലാതെ സതി പറഞ്ഞപ്പോൾ മീര ഒന്നും മനസ്സിലാവാത്ത അവസ്ഥയിലായിരുന്നു. സുധിയുടെ മുഖത്ത് ആ നിമിഷം വല്ലാത്തൊരു ദേഷ്യം നിറയുന്നത് അവൾ കണ്ടിരുന്നു.. അവൻ എന്തെങ്കിലും അവരോട് പറയുമോ എന്ന് അവൾക്ക് ഭയം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ അവന്റെ കൈയിലേക്ക് കയറിപ്പിടിച്ചു. ഒന്നും പറയരുത് എന്ന രീതിയിൽ കണ്ണുകൾ അടച്ചു കാണിച്ചു.

” അമ്മ ഇത്രയ്ക്ക് തരംതാണ രീതിയിൽ സംസാരിക്കരുത്. എന്തൊക്കെയാണ് പറയുന്നത്. അല്ലെങ്കിൽ തന്നെ ഞാൻ എന്തുകൊണ്ട് വരാൻ ആണ് പെട്ടെന്ന് ഓടിപ്പിടിച്ച് വന്ന ഞാൻ എന്തുകൊണ്ട് കുടഞ്ഞിട്ടു എന്നാണ് അമ്മ പറയുന്നത്.

” എന്താണെങ്കിലും ഇവിടെ വന്ന് പെട്ടി പൊട്ടിക്കുന്നതിന് മുമ്പേ അവിടെത്തന്നെ വരണം എന്ന് നിനക്ക് പ്രത്യേകം നിർദ്ദേശം ഉള്ളതുകൊണ്ടാണ് നീ അവിടെ തന്നെ പോയത് എന്ന് എനിക്ക് മനസ്സിലായി. കല്യാണം കഴിഞ്ഞ് കൊല്ലം ഒന്ന് കഴിഞ്ഞില്ല അതിനുമുമ്പ് എന്റെ മോനെ പതുക്കെ പതുക്കെ ഇവിടുന്ന് വലിച്ചുകൊണ്ടു പോകാനും മാത്രമുള്ള മിടുക്കായി വന്നു കയറി വന്നവർക്കൊക്കെ…

സതി പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുകയായിരുന്നു മീര..

” അമ്മയ്ക്ക് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ വെളുപ്പിനെ തന്നെ എയർപോർട്ടിൽ വന്നത് ആണ്. അവിടുന്ന് ഇയാളുടെ വീട്ടിലേക്ക് പോവാൻ എളുപ്പമായിരുന്നു. ഇവിടേക്ക് വരാമെന്ന് കരുതി പോയത് പിന്നെ മീര കൂട്ടി വേണ്ട ഇങ്ങോട്ട് വരാൻ,

” അയ്യോ വേണം സാധാരണ ആൾക്കാരെ പോലെയല്ലല്ലോ നിന്റെ ഭാര്യ, അവൾ തമ്പുരാട്ടി അല്ലേ ഇവിടെ അവൾക്ക് സൗകര്യം പോരാത്തത് കൊണ്ടല്ലേ നീ രാത്രിക്ക് രാത്രി നിന്റെ അമ്മായിയമ്മയെ വിളിച്ച് അതിരാവിലെ തന്നെ ഇവിടെ വന്ന് നിന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു പോകണം എന്ന് പറഞ്ഞത്.. അമ്മയെക്കാളും നിനക്ക് വിശ്വാസം അമ്മായിയമ്മയേ അല്ലേ? അപ്പൊ പിന്നെ കൂടുതൽ ഒന്നും പറയാനില്ല എനിക്ക്.

പുച്ഛത്തോടെ സതി പറഞ്ഞപ്പോൾ അവർ ഒരു അങ്കത്തിനുള്ള പുറപ്പാടിലാണെന്ന് സുധിക്ക് തോന്നിയിരുന്നു…

“അമ്മ എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ മോശം അർത്ഥമാത്രം കാണുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരു കാര്യം എനിക്ക് മനസ്സിലായി അമ്മയ്ക്ക് മീരയോട് എന്തോ വൈരാഗ്യം ഉണ്ട്. അതുകൊണ്ടാ ഇങ്ങനെ അമ്മ ഇടപെടുന്നത്. ഞാനൊന്നും ഉദ്ദേശിച്ചല്ല മീരയെ കൂട്ടിക്കൊണ്ടുപോകാൻ അവളുടെ അമ്മയോട് പറഞ്ഞത്. ഇപ്പോൾ സുഗന്ധിക്കു എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ഓടിച്ചെല്ലുന്നത് ആരാ.? അമ്മയല്ലേ അമ്മയെ കാണുമ്പോഴായിരിക്കും അവൾക്ക് ആശ്വാസം ഉണ്ടാകുന്നത്. അതുപോലെ തന്നെ മീര ഇവിടെ വയ്യാതിരിക്കുകയായിരുന്നു. അപ്പൊ പിന്നെ സ്വന്തം അമ്മയെ കാണുമ്പോഴും സ്വന്തം അമ്മയുടെ പരിചരണം കിട്ടുമ്പോഴും മീരക്ക് ഒരു ആശ്വാസം തോന്നുമല്ലോ അതുകൊണ്ട് രണ്ടുമൂന്നു ദിവസം അവിടെ പോയി നിൽക്കാൻ പറഞ്ഞത്. പിന്നെ മീരയുടെ പഠനത്തിന് അവിടെ നിൽക്കുന്നത് തന്നെയാണ് നല്ലതെന്നും തോന്നി, ഞാനിവിടെ ഇല്ലല്ലോ…

” എല്ലാം നീ തന്നെ തീരുമാനിച്ചു നിന്റെ ഇഷ്ടത്തിനല്ലേ നടത്തുന്നത്, പിന്നെ പ്രത്യേകിച്ച് പറഞ്ഞിട്ട് എന്താ കാര്യം. എന്താണെങ്കിലും എന്റെ മോൻ കൈവിട്ടുപോയി എന്ന് എനിക്ക് മനസ്സിലായി. കൂടുതൽ ഒന്നും ഇനി എനിക്ക് പറയാനില്ല.

അത്രയും പറഞ്ഞു സതി പോയപ്പോൾ ഒന്നും മിണ്ടാതെ നിൽക്കുന്ന മീരയുടെ കൈകളിൽ മുറുക്കി സുധി പിടിച്ചു..

” തനിക്കറിയാല്ലോ അമ്മയുടെ സ്വഭാവം എങ്ങനെയാണെന്ന്, അതോർത്ത് വിഷമിക്കേണ്ട. കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കോളും. ഞാൻ ഇവിടെ ഉണ്ടല്ലോ താൻ അകത്തേക്ക് ചെല്ല്…

” സുധിയേട്ടൻ എവിടെ പോവാ, എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്

” ഞാൻ എങ്ങും പോകുന്നില്ല ഇവിടെത്തന്നെയുണ്ട് വിനോദ് എന്നെ വിളിച്ചിരുന്നു അവൻ വന്നൊന്ന് നോക്കിയിട്ട് വരാം…

അത്രയും പറഞ്ഞു മീരയെ അകത്തേക്ക് പറഞ്ഞു വിട്ടതിനുശേഷം സുധി പുറത്തേക്ക് ഇറങ്ങിയിരുന്നു. മതിലിന്റെ അപ്പുറം നിന്ന് വിനോദ് വന്നോ എന്ന് സുധി വിളിച്ചു ചോദിച്ചു… കുറച്ചുകൂടെ കഴിഞ്ഞേ വരുന്ന് വിനോദിന്റെ ഭാര്യ മറുപടി പറയുന്നതും തിരികെ അകത്തേക്ക് വരാൻ തുടങ്ങിയ സുധി കാണുന്നത് ഉമ്മറത്ത് നിൽക്കുന്ന സതിയെയാണ്…

” നിനക്കെന്താടാ അവനെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ലേ

ദേഷ്യത്തോടെ സതി സുധിയോടായി ചോദിച്ചു..

” അമ്മ എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് വന്നുവന്ന് അമ്മയ്ക്ക് ആരെയും കണ്ടുകൂടാ എന്നുള്ള അവസ്ഥ വന്നല്ലോ…

” നിന്റെ ഭാര്യ വന്നു എന്ന് പറഞ്ഞാൽ മതി അവൻ ഓടിവരും, എത്ര തിരക്കും മാറ്റിവെച്ചിട്ട് വരും. അവളെ കല്യാണം കഴിച്ചത് നീയാണെങ്കിലും കാര്യങ്ങളൊക്കെ നടത്തുന്നത് അവനാണെന്നാണ് നാട്ടിലുള്ളവരൊക്കെ പറയുന്നത്.

” അമ്മേ………

അതൊരു ഗർജനം ആയിരുന്നു

” ഞാൻ മിണ്ടാതിരിക്കുന്നു എന്ന് കരുതി എന്തും പറയാനുള്ള ഒരു ലൈസൻസ് ആണ് അത് എന്ന് അമ്മ വിചാരിക്കരുത്. ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്…

അതുവരെ സതി കണ്ടിട്ടില്ലാത്ത അത്രയും ദേഷ്യത്തോടെയാണ് സുധി അവരെ വിളിച്ചത്, അവന്റെ മുഖത്തെ ദേഷ്യം കണ്ടതും സതി ഒരു വേള ഭയന്നു പോയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button