Novel

ഏയ്ഞ്ചൽ: ഭാഗം 29

രചന: സന്തോഷ് അപ്പുകുട്ടൻ

“അമ്മയെക്കാൾ കൂടുതൽ അമ്മയുടെ കൂട്ടുകാരിയെ പറ്റി പറയുകയും, ആ ഓർമ്മയിൽ വാചാലമാകുകയും, അതിനിടയിൽ കണ്ണ് നിറയ്ക്കുകയും ചെയ്യുന്ന അച്ഛനോടു ദേഷ്യമായിരുന്നു എനിക്ക് ബുദ്ധിയുറച്ച കാലം മുതൽ ”

ഏയ്ഞ്ചലിൻ്റെ ഓർമ്മകളെ കീറിമുറിച്ചു കൊണ്ട്,ഗദ്ഗദത്തോടെ പറയുന്ന കുഞ്ഞുഏയ്ഞ്ചലിനെ നെഞ്ചിൽ നിന്നടർത്തി, അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഏയ്ഞ്ചൽ.

അതിനോടൊപ്പം എല്ലാം കേട്ട് അരികെ നിൽക്കുന്ന റോയ്ഫിലിപ്പിനെ, തൻ്റെ നിറയുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ ഒരു മാത്ര ശ്രദ്ധിച്ചു.

അസ്തമയസൂര്യൻ്റെ ചുവപ്പ്നിറം ചിത്രം വരയ്ക്കുന്ന അയാളുടെ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞില്ല.

” പക്ഷെ അച്ഛൻ്റെ ആ,സ്വഭാവത്തെ കുറിച്ചോർത്ത് അമ്മയ്ക്കും ഒരു തരി പോലും സങ്കടമുണ്ടായിരുന്നില്ല. പകരം ആ കൂട്ടുകാരിയെ പറ്റി പറഞ്ഞ് അമ്മയും കരയുമായിരുന്നു… കണ്ണീർ കൊണ്ട് കിടക്ക പായ് നനക്കുമായിരുന്നു ”

കുഞ്ഞുഏയ്ഞ്ചലിൻ്റെ ഓരോ വാക്കുകളും നെഞ്ചിൽ കുത്തി തറയ്ക്കുന്നതു പോലെയാണ് ഏയ്ഞ്ചലിന് അനുഭവപ്പെട്ടത്.

ആരെ കണ്ടാലും, അത് അപരിചിതർ ആയാൽ പോലും, പിടിച്ചു നിർത്തി, നിർത്താതെ സംസാരിക്കുന്ന വേദയെ അവൾക്ക് ഓർമ്മ വന്നു.

ഒരു മാത്ര, കോളേജ് ഹോസ്റ്റലിലെ റൂമിനകത്ത് വെച്ച് തൻ്റെ കണ്ണിലേക്കുറ്റുനോക്കി, നശിച്ചുപോയ ഇല്ലത്തിൻ്റെ ദാരിദ്ര്യം പറയുന്ന അതേ
വേദയെ പോലെ അവളെ തോന്നിച്ചു.

വിടർന്ന കണ്ണുകളും, അതിനുള്ളിൽ പതിയെ നിറയുന്ന നീരും, തളർന്ന ഏങ്ങലടിയും തൻ്റെ വേദയുടെതാണെന്ന് അവൾ ഓർത്തു.

“നീയെന്തിനാടീ ഇങ്ങിനെ സങ്കടപ്പെടുന്നത്? നിനക്ക് ഈ ഏയ്ഞ്ചൽ ഇല്ലേ എന്നും പറഞ്ഞ് പണ്ട് വേദയെ നെഞ്ചോടു ചേർത്തു ആശ്വസിപ്പിക്കുന്നതു പോലെ, ആശ്വസിപ്പിക്കണമെന്നുണ്ട്
കുഞ്ഞുഏയ്ഞ്ചലിനെ..

പക്ഷേ…

അസ്വസ്ഥതയോടെ, അതിലേറെ വിവേചിച്ചറിയാനാകാത്ത ഭാവത്തോടെ തന്നെ ചുഴിഞ്ഞുനോക്കി നിൽക്കുന്ന റോയ് ഫിലിപ്പിനെ കണ്ടപ്പോൾ, അവളുടെ ചുണ്ടിൽ നിന്ന് ആശ്വാസത്തിൻ്റെ വാക്കുകൾ ഉതിർന്നില്ല… പകരം നെഞ്ചിൽ നിന്ന് അവളെ പതിയെ
അടർത്തിമാറ്റുകയാണ് ചെയ്തത്….

തന്നെ ഒരു കരച്ചിലോടെ പുണരുകയും, പൊടുന്നനെ തന്നെ സ്വതന്ത്രമാക്കുകയും ചെയ്ത ഏയ്ഞ്ചലിൻ്റെ മുഖത്തേക്ക്,
കുഞ്ഞുഏയ്ഞ്ചൽ ഒരു വിങ്ങലോടെ നോക്കി നിന്നു.

” ആൻ്റി ആരാണ്?”

തൻ്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു
നോക്കികൊണ്ടു
കുഞ്ഞുഏയ്ഞ്ചൽ അങ്ങിനെ ചോദിച്ചപ്പോൾ, ഏയ്ഞ്ചലിൻ്റെ മനസ്സിലേക്ക് ഒരു മിന്നൽ പാഞ്ഞുകയറി.

“എൻ്റെ കഥകൾ കേട്ട് ഇത്രയും സങ്കടപ്പെടാനും, കണ്ണീരൊഴുക്കുവാനും, വാരി പുണരാനും ആൻറി എൻ്റെ ആരാ? അമ്മ പറഞ്ഞ കഥയിലെ മാലാഖയാണോ? ഒരിക്കലെങ്കിലും എന്നെ കാണാൻ ഈ തീരത്തേക്ക് അവൾ വരുമെന്ന് എപ്പോഴും
പറയാറുള്ള അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണോ??

കുഞ്ഞുഏയ്ഞ്ചലിൻ്റെ തുടരെയുള്ള ചോദ്യങ്ങൾ കേട്ടതും, എന്തു പറയണമെന്നറിയാതെ ഏയ്ഞ്ചൽ, സങ്കടത്തോടെ റോയ്ഫിലിപ്പിനെ നോക്കി.

“മോളുടെ അമ്മയുടെ ആരുമല്ല ഇവൾ. ഇവൾക്ക് മോളുടെ പ്രായത്തിലുള്ളവരെ വല്ലാത്ത ഇഷ്ടാ.. അവർക്ക് വല്ലതും പറ്റിയാൽ വല്ലാത്ത സങ്കടമാകും ഇവൾക്ക്. കാരണം മോളുടെ അതേ പ്രായത്തിലുള്ള ഒരു മോൾ ഞങ്ങൾക്കും ഉണ്ടു ”

ഒരു പതർച്ചയുമില്ലാതെ വലിയൊരു നുണ പറയുന്ന റോയ് ഫിലിപ്പിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ ഏയ്ഞ്ചൽ, നിഷേധാർത്ഥത്തോടെ തലയാട്ടിയതും, അയാൾ അവരെ ചേർത്തു പിടിച്ചു.

സാന്ത്വനത്തിൻ്റെ സ്പർശവുമായി തന്നെ ചേർത്തു പിടിച്ച
റോയ്ഫിലിപ്പ് എന്ന പുരുഷൻ്റെ നെഞ്ചിൽ ചേർന്നു നിന്നു കൊണ്ട്,
നിറയുന്ന കണ്ണുകളോടെ ഏയ്ഞ്ചൽ ഒരു മാത്ര, ദൂരെ കടലിൽ ഒരു പൊട്ടു പോലെ കാണുന്ന വഞ്ചിയിലേക്കും, അവ്യക്തതയിലേക്ക മർന്ന വഞ്ചിക്കാരനെയും നോക്കി നിന്നപ്പോൾ ഉള്ളിൽ നിന്നൊരു മിന്നൽ തൻ്റെ ശരീരമാകെ വ്യാപിച്ചതായി അവൾക്ക് തോന്നി….

ആ ഓർമ്മയിൽ, അവൾ നിന്നിരുന്ന ആ സ്ഥലത്തേക്ക് മിടിക്കുന്ന ഹൃദയത്തോടെ നോക്കി.

ഇവിടെ വെച്ചാണ് ഏയ്ഞ്ചൽ എന്ന പെൺകുട്ടി, ആദ്യമായും, അവസാനമായും ഒരു പുരുഷനെ അറിഞ്ഞത്…

അതോർത്തതും അവൾ ഒരു മാത്ര പൊടുന്നനെ റോയ് ഫിലിപ്പിൻ്റെ നെഞ്ചിൽ നിന്നും, തൻ്റെ ശരീരം വേർപെടുത്തി.

അപ്പോൾ അവളുടെ മനസ്സിൽ ആദിയുടെ രൂപം മാത്രമായിരുന്നു.

അവൻ്റെ കുതിപ്പിൽ ഒന്നു പ്രതിരോധിക്കാനാവാതെ, അവൻ കിതച്ചു തളരും വരെ, നിശബ്ദം, ആകാശത്തെ വിളറിയ നക്ഷത്രങ്ങളെ നോക്കി, പാതി തുറന്ന കണ്ണുകളോടെ കിടന്നവൾ….

അവൻ്റെ ഉയർന്നു താഴുന്ന ശിരസ്സിനു മുകളിൽ, അനേകകോടി നക്ഷത്രങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരുന്നത്, വിയർപ്പിൽ കുതിർന്ന മിഴികളോടെ, നോക്കി കിടന്നിരുന്ന ദീർഘമായ നിമിഷങ്ങൾ.

നീണ്ട നിമിഷങ്ങൾക്ക് ശേഷം, കടൽവെള്ളത്തിൻ്റെ ഉപ്പുരസത്തിലേക്ക്, തൻ്റെയും,ആദിയുടെയും വിയർപ്പിൻ്റെ ഉപ്പുരസം ഒഴുകി പടർന്ന ആ രാത്രി ഓർമ്മ വന്നതും, ആ നശിച്ച ഓർമ്മകളെ മനസ്സിൽ നിന്ന് ചിതറി തെറിപ്പിക്കാനെന്നവണ്ണം തല കുടഞ്ഞുകൊണ്ട് അവൾ ആദിയുടെ വീടിരിക്കുന്ന ഭാഗത്തേക്ക് നോക്കി.

ആദിയുടെ ആ ചെറിയ ഓടുവീടിന് മാത്രം മാറ്റം വന്നിട്ടില്ലെങ്കിലും, ചുറ്റുപാടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മാറിയിട്ടുണ്ട്.

പണ്ട്, ചെറിയ
ഓടുവീടുകളും, ഓലപുരകളും നിരന്നിരുന്ന ഭാഗത്ത്
ചെറിയ, ചെറിയ കോൺക്രീറ്റ് വീടുകൾ ഉയർന്നിരിക്കുന്നു.

തെങ്ങിൻതോപ്പിൻ്റെ ഹരിതാഭയിൽ മുങ്ങി നിന്നിരുന്ന സ്ഥലങ്ങളെല്ലാം, കാലത്തിൻ്റെ മാറ്റത്തിൽ വിളറി നിൽക്കുന്നു.

ഏയ്ഞ്ചൽ എന്ന കുസൃതിക്കാരി, വേദയെന്ന പേരിൽ വന്ന്, രണ്ട് മാസക്കാലം താമസിച്ച വീടും, ആ പരിസരവും കണ്ടപ്പോൾ അവളുടെ ഓർമ്മകളിൽ പതിയെ നൊമ്പരപ്പൂക്കൾ ഉണർന്നു….

ശങ്കരച്ഛൻ….

തന്നെ സ്വന്തം മകളെക്കാൾ സ്നേഹിച്ച ആദിയുടെ അച്ഛൻ… ആ സ്നേഹ കുളിർമ്മയിൽ മുങ്ങി നിന്ന നിമിഷങ്ങൾ…

ശങ്കരച്ഛനുമായുള്ള ഓരോ നിമിഷങ്ങളും മനസ്സിൻ്റെ അടിത്തട്ടിൽ നിന്നുയർന്നു വന്നപ്പോൾ ഏയ്ഞ്ചലിൻ്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി!

ആ നീർ പ്രവാഹത്തെ, കൂടുതൽ പുറത്തേക്ക് തള്ളികൊണ്ട്, പഴയ പല മാറാല പിടിച്ച
ചിത്രങ്ങളും അവളുടെ മനസ്സിലേക്കോടിയെത്തി…

എന്നും വൈകീട്ട് കള്ളുകുടിച്ചു വന്ന് തമാശ പറയുന്ന രാമേട്ടൻ…

ആദിയുടെ പ്രിയപ്പെട്ട സ്നേഹിതൻ ബഷീർ… ബഷീറിൻ്റെ ഉമ്മ നബീസുമ്മ…
അനിയത്തി ഷാഹിന…

ആദിയ്ക്ക് രഹസ്യമായി കള്ള് കൊണ്ടുവരുന്ന അഗസ്റ്റിൻ ചേട്ടൻ…

അതിനെക്കാളുപരി അശ്വതി എന്ന അച്ചുട്ടി….

വേദയെന്ന കള്ളപേരിൽ വന്ന ഈ ഏയ്ഞ്ചലിനെ പ്രിയപ്പെട്ട നാത്തൂനായി കണ്ട്, സ്നേഹിച്ച്, പരിചരിച്ച അച്ചുട്ടി….

അവൾ ഇപ്പോൾ എവിടെയായിരിക്കും?

കല്യാണം കഴിഞ്ഞ് ഏതെങ്കിലും ദേശത്ത്, ഭർത്താവും, കുട്ടികളുമായി സുഖജീവിതം നയിക്കുന്നുണ്ടാകും….

അവൾ ഇപ്പോൾ ഈ ഏയ്ഞ്ചലിനെ ഓർക്കുന്നുണ്ടാകുമോ?

ഉണ്ടെങ്കിൽ തന്നെ അവളുടെ മനസ്സിൽ തൻ്റെ സ്ഥാനമെന്തായിരിക്കും?

വേദയെന്ന പേര് മാറ്റി വന്ന് തൻ്റെ ചേട്ടൻ്റെ ജീവിതം തകർത്തവൾ….

നല്ലൊരു ബന്ധം വന്നപ്പോൾ, ഇത്രയും കാലം സ്നേഹിച്ച സ്വന്തം ചേട്ടനെ കറിവേപ്പില പോലെ പുറത്തേക്ക് എറിഞ്ഞ ഇന്ദുവിൻ്റെ പിൻഗാമി…

അത്രയുള്ളൂ അവരുടെയൊക്കെ മനസ്സിൽ തൻ്റെ സ്ഥാനമെന്നറിഞ്ഞതും, ഏയ്ഞ്ചൽ നിശബ്ദം കരഞ്ഞു.

കടൽകാറ്റിൽ പാറികളിക്കുന്ന മുടിയിഴകൾ, കോതിയൊതുക്കുവാൻ മറന്നു നിന്ന നിമിഷങ്ങളിൽ അവളുടെ തോളിൽ ആരുടെയോ കൈയമർന്നതും, അവൾ കണ്ണീരോടെ തിരിഞ്ഞു നോക്കി.

ആശ്വസിപ്പിക്കാനെന്നവണ്ണം പതിയെ തലയാട്ടുന്ന റോയ്ഫിലിപ്പിനെ കണ്ടതും, അവൾ ആശ്വാസത്തിനെന്നവണ്ണം യാന്ത്രികമായി അയാളുടെ തോളിലേക്ക് തൻ്റെ ശിരസ്സ് ചേർത്തു വെച്ചു.

” ആൻ്റീ ആരാണ്? കടൽ കാണാൻ വന്നതാണോ?ആൻ്റിടെ ഭർത്താവാണോ ഈ സാർ”

റോയ്ഫിലിപ്പിൻ്റെ തോളിൽ കിടന്ന് കണ്ണീർ വാർക്കുന്ന ഏയ്ഞ്ചൽ ആ ചോദ്യം കേട്ട്, സങ്കടം നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ മുടിയിഴകളിൽ തലോടി.

” അതെ മോളൂ….
റോയ്ഫിലിപ്പ് എന്നാണ് പേര്. ഡോക്ടറാണ്.അതു പോട്ടെ… മോളുടെ അമ്മയുടെ പേര് എന്താണ്? അമ്മ ഇപ്പോൾ എവിടെയാണ്? ”

സങ്കടത്തിലേറെ, സംശയത്തോടെ ഏയ്ഞ്ചൽ പതിയെ ചോദിക്കുമ്പോൾ, അവളുടെ മനസ്സ്,
കുഞ്ഞുഏയ്ഞ്ചലിൻ്റെ മറുപടി കേട്ട് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന ഒരു ബോംബ് പോലെ ആയിരുന്നു….

ഏയ്ഞ്ചലിൻ്റെ വിറയാർന്ന ചോദ്യം കേട്ടതും
കുഞ്ഞുഏയ്ഞ്ചൽ അവളുടെ മുഖത്തേക്ക് നിമിഷങ്ങളോളം, നിശബ്ദം നോക്കി നിന്നു.
തൻ്റെ കണ്ണിൽ നീർ നിറയുവോളം !

” എൻ്റെ അമ്മയുടെ പേര് വേദ
എന്നാണ്…. ഇപ്പോൾ ഈ ഭൂമിയിൽ ഇല്ല.
തെക്കേ മുറ്റത്ത് മണ്ണിനടിയിൽ ഉറങ്ങി കിടപ്പുണ്ട് … ”

കുഞ്ഞുഏയ്ഞ്ചലിൻ്റെ വാക്കുകൾ ഗദ്ഗദത്താൽ ചിതറിയതും, ഏയ്ഞ്ചൽ അവളെ ചേർത്തു പിടിച്ചു.

“അമ്മയുടെ ആത്മാവ് ഇപ്പോഴും ഈ കടൽതിരയിൽ തൻ്റെ കൂട്ടുകാരിയെ തേടി അലയാറുണ്ട്.. എന്നെങ്കിലും തൻ്റെ കൂട്ടുകാരി തന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ….”

കുഞ്ഞു ഏയ്ഞ്ചലിൻ്റെ ഗദ്ഗദത്തോടെയുള്ള ആ വാക്കുകൾ കേട്ടതും, ഭൂമിയാകെ കറങ്ങുകയും, കടൽത്തിരകൾ തൻ്റെ ശിരസ്സിനു മുകളിലൂടെ ആർത്തലയ്ക്കുന്നതു പോലെയും ഏയ്ഞ്ചലിന് തോന്നി….

തന്നെ പതിയെ തൊട്ടു പോയ തിരകളിലേക്ക് അവൾ കണ്ണീരോടെ നോക്കിയതും, ആ നിമിഷം
ശരീരം ഒരു തൂവൽഭാരം പോലെ തോന്നിയപ്പോൾ അവൾ വല്ലാത്തൊരു തളർച്ചയോടെ വീണ്ടും റോയ്ഫിലിപ്പിൻ്റെ തോളിലേക്കമർന്നു.

” അമ്മ എങ്ങിനെയാണ് മരിച്ചത്?”

വിളറി വെളുത്ത വാക്കുകൾ ചേർന്നൊരു ചോദ്യമായി ഏയ്ഞ്ചലിൽ നിന്നുയർന്നപ്പോൾ അവൾ നിഷേധാർത്ഥത്തോടെ തലയാട്ടി.

“അറിയില്ല… ഒരു രാത്രി കഥകൾ പറഞ്ഞുറങ്ങിയതാണ് ഞാനും, അച്ഛനും, അമ്മയും… പറഞ്ഞിരുന്നത് അമ്മയുടെ കൂട്ടുകാരിയെ പറ്റിയുള്ള കഥകളായിരുന്നു. കഥകൾ പറയുമ്പോൾ, അച്ഛനും, അമ്മയും ചെറിയ വാക്കുകൾ കൊണ്ട് പരസ്പരം കുത്തി മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു.. ചില ദിവസങ്ങളിൽ, അവരുടെ അങ്ങിനെയുള്ള വാക്കുകളും, വർത്തമാനങ്ങളും അതിനു ശേഷമുള്ള മൗനമായ പിണക്കങ്ങളും എന്നും ഞാൻ കേൾക്കാറുള്ളതിനാൽ, അതൊന്നും കാര്യമാക്കാതെ ഞാൻ കിടന്നുറങ്ങി. പക്ഷേ ”

കുഞ്ഞുഏയ്ഞ്ചൽ പറയുന്നത് പാതിയിൽ നിർത്തി, തീരത്തേക്ക് പതിയെ വന്നു കൊണ്ടിരിക്കുന്ന തിരകളിലേക്ക് നോക്കി നിന്നു.

തിരകളിൽ നുരയുന്ന പത പോലെ, സങ്കടം കൊണ്ട് അവളുടെ ചുണ്ടിലൂടെ പതിയെ നീർ താഴേക്ക് വീണു കൊണ്ടിരുന്നു.

“നേരം പുലർന്നപ്പോൾ എൻ്റെ അരികെ കിടന്നിരുന്ന അമ്മയെ കാണാനില്ലായിരുന്നു.
മൂന്നാമത്തെ ദിവസം ഈ തീരത്തടിഞ്ഞു ൻ്റെ അമ്മ.. വികൃതമായ ഒരു ശവശരീരമായിട്ടു… സുന്ദരിയായ എൻ്റെ അമ്മയെ മീനുകൾ വികൃതമാക്കിയിരുന്നു.. ”

കരച്ചിലോടെ പറഞ്ഞു നിർത്തിയതും,
കുഞ്ഞുഏയ്ഞ്ചൽ പതിയെ തീരത്തുകൂടി നടന്നു.

അമ്മയുടെ കാലടികൾ തേടുന്നതു പോലെ, തീരത്തേക്ക് നോട്ടമയച്ചു കൊണ്ട്, ഓരോ കാലടി വെക്കുമ്പോഴും, അവളുടെ കണ്ണിൽ നിന്ന് നീർ പളുങ്കുകൾ തിരയിലേക്ക് ഉതിർന്നുവീണു കൊണ്ടിരുന്നു.

അവളുടെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ഏയ്ഞ്ചൽ, കാറ്റുപിടിച്ച മരം പോലെ പതിയെ വിറച്ചുകൊണ്ടു, അവിശ്വസനീയതയോടെ റോയ് ഫിലിപ്പിനെ നോക്കി.

” അവൾ ഇപ്പോൾ എന്താ പറഞ്ഞത് ഡോക്ടർ? എൻ്റെ വേദ മരിച്ചു പോയെന്നോ? അവളെ എനിക്ക് ഒരിക്കലും കാണാൻ പറ്റില്ലായെന്നല്ലേ അതിനർത്ഥം?”

ദയനീയതോടെ തൻ്റെ മുഖത്തേക്ക് നോട്ടമിട്ടു ചോദിക്കുന്ന ഏയ്ഞ്ചലിനെ
റോയ്ഫിലിപ്പ് തൻ്റെ തോളിലേക്ക് ചാരി കിടത്തി പതിയെ തഴുകി…

” അങ്ങിനെ തന്നെയാണ് ആ കുട്ടി പറഞ്ഞത്… പക്ഷേ ആ മരണത്തിൽ ഒരു ദുരൂഹതയില്ലേ ഏയ്ഞ്ചൽ? എനിക്ക് തോന്നിയത് അതാണ്.,, പക്ഷെ എൻ്റെ തോന്നലുകൾ ശരിയാണെന്നു ഞാൻ സമർത്ഥിക്കുന്നില്ല”

റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, കേൾക്കാൻ പാടില്ലാത്ത ഏതോ കാര്യം കേട്ടതു പോലെ ഏയ്ഞ്ചൽ അയാളുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി.

നിശബ്ദമായ നിമിഷങ്ങളുടെ ചിതയിൽ വെന്തുരുകിയിരുന്ന ഏയ്ഞ്ചൽ, പൊടുന്നനെ ബോധോദയം വന്നതു പോലെ, തീരത്തിലൂടെ പതിയെ നടക്കുന്ന ഏയ്ഞ്ചലിനരികിലേക്ക് ഓടി.

” അമ്മയുടെ മരണത്തിന് കാരണക്കാരിയായ ആ കൂട്ടുകാരിയെ മോൾ എന്തിനാ വിളിക്കുന്നത്? ആരു പറഞ്ഞിട്ടാ വിളിക്കുന്നത്? ആരുടെ കൈയിൽ നിന്നാണ് ആ
ദുഷ്ടയുടെ നമ്പർ മോൾക്ക് കിട്ടിയത്?”

ശ്വാസം വിടാതെയുള്ള ഏയ്ഞ്ചലിൻ്റെ ചോദ്യത്തിനു മുന്നിൽ, അവൾ പതർച്ചയോടെ നോക്കി.

” ആ കൂട്ടുകാരിയാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം അമ്മയെ അത്രയേറെ സ്നേഹിച്ച ഒരാളും ഈ ഭൂമിയിലുണ്ടായിരുന്നില്ലായെന്നാണ് അമ്മ പറയാറ്.പിന്നെ
ആ നമ്പർ തന്നത് എൻ്റെ അച്ഛൻ ആണ്…”

കുഞ്ഞുഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചലിൻ്റെ ഹൃത്തടത്തിൽ ഒരായിരം തിരകൾ ഒന്നിച്ചലറി.

പുകയുന്ന ഹൃദയത്തോടെ ഏയ്ഞ്ചൽ, റോയ് ഫിലിപ്പിനെ നോക്കിയപ്പോൾ അയാളുടെ മുഖം പതിയെ കറുത്തു തുടങ്ങുന്നത് അവൾ കണ്ടു.

” ഒരിക്കലെങ്കിലും ഏയ്ഞ്ചലിനെ ഈ കടപ്പുറത്ത് വരുത്തണമെന്നും, അങ്ങിനെ എൻ്റെ
അമ്മയുടെ ആഗ്രഹം നടത്തണമെന്നും പറഞ്ഞ് അച്ഛനാണ് ഈ നമ്പർ തന്നത് ”

കുഞ്ഞു ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ സംശയത്തോടെ ആഴക്കടലിലേക്കു നോക്കി.

ദൂരെ, ഇപ്പോഴും ആദിയുടെ വഞ്ചി ഒരു ചോദ്യചിഹ്നം പോലെ കാണുന്നുണ്ട്.

” വേദ ജീവിച്ചിരിക്കുന്നില്ല എന്നറിയുമ്പോൾ, ഈ തീരത്തേക്ക് ഏയ്ഞ്ചൽ ഒരിക്കലും വരില്ലായെന്നും, അതു കൊണ്ട് അമ്മയായി മോൾ സംസാരിക്കണമെന്നു പറഞ്ഞതും എൻ്റെ അച്ഛനാണ്… അതു കൊണ്ടാണ് എയ്ഞ്ചൽ എന്ന എൻ്റെ അമ്മയുടെ കൂട്ടുകാരിയോടു, ഞാൻ വേദയായി സംസാരിക്കുന്നത്.. എപ്പോഴെങ്കിലും എന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ ”

പറഞ്ഞു നിർത്തി
കുഞ്ഞുഏയ്ഞ്ചൽ പതിയെ തീരത്തുകൂടി നടക്കുമ്പോഴും, ഒരായിരം സംശയങ്ങൾ കരിവണ്ടുകൾ പോലെ അവളുടെ മനസ്സിനുള്ളിൽ പാറി പറന്നു തുടങ്ങിയിരുന്നു.

” ആദി വലിയൊരു ഫ്രോഡ് ആണ് ഏയ്ഞ്ചൽ….. ”

തൊട്ടരികെ നിന്ന് റോയ് ഫിലിപ്പിൻ്റെ ശബ്ദമുയർന്നപ്പോൾ, അവൾ, സംശയം നിറഞ്ഞ ചോദ്യഭാവത്തോടെ അയാളെ നോക്കി.

” അവൻ ഒരിക്കലും വേദയെ സ്നേഹിച്ചിട്ടുണ്ടാവില്ല ഏയ്ഞ്ചൽ… എപ്പോഴോ, ഏതോ ഒരു നിമിഷത്തിൽ വേദയിൽ അയാൾക്ക് ഒരു കുഞ്ഞു ജനിച്ചതു മാത്രമാണ് അവർ തമ്മിലുള്ള ബന്ധം… ”

“ഡോക്ടർ ”

റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ അയാളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

“ഞാൻ പറഞ്ഞത് സത്യമാണ് ഏയ്ഞ്ചൽ… എൻ്റെ ഊഹം ശരിയാണെങ്കിൽ ആദിയെന്ന മനുഷ്യൻ പഠിച്ച കള്ളനാണ്… അതിലുപരി ദയയില്ലാത്ത ഒരു മനുഷ്യനാണ് ”

“ഡോക്ടർ എന്താണ് ഈ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല”

ഏയ്ഞ്ചലിൻ്റെ പരിഭ്രാന്തി നിറഞ്ഞ ചോദ്യം കേട്ടതും റോയ് ഫിലിപ്പ് പതിയെ അവളുടെ തോളിൽ കൈവെച്ചു.

” മനസ്സിലാകാൻ ഒന്നുമില്ല ഏയ്ഞ്ചൽ… വേദയെന്ന പാവം സ്ത്രീയെ ആദി സ്വന്തം ജീവിതത്തിൽ നിന്ന് നൈസായി ഒഴിവാക്കിയതാണെന്നാണ് ഞാൻ കരുതുന്നത് ”

“ഡോക്ടർ എന്താണ് ഈ പറയുന്നത്? നിങ്ങൾക്കു ഭ്രാന്തുണ്ടോ?”

ഉറക്കെയുള്ള ചോദ്യത്തോടൊപ്പം ഏയ്ഞ്ചൽ അയാളെ രൂക്ഷമായി നോക്കി.

” അതെ. ഭ്രാന്താണ്. പക്ഷെ അത് എനിക്കല്ലെന്നു മാത്രം.. പകരം ആ ആദിയ്ക്ക്.. വെറും ഭ്രാന്തല്ല… മുഴുത്ത ഭ്രാന്ത്….. ”

റോയ് ഫിലിപ്പിൻ്റെ വാക്കുകൾ മുറുകും തോറും ഏയ്ഞ്ചലിൻ്റ കണ്ണുകൾ അമ്പരപ്പു കൊണ്ട് ചുരുങ്ങി വന്നു.

” ഒരു കാലത്ത് സ്നേഹിച്ച പെണ്ണിനെ നഷ്ടമായതിന് കാരണം വേദയാണെന്ന ചിന്തയിൽ തുടങ്ങിയ ഭ്രാന്ത്…. അത് മൂർച്ഛിച്ചത് നീ വലിയൊരു കഥാകാരിയായി തീർന്നെന്നറിഞ്ഞപ്പോൾ, നിൻ്റെ അളവറ്റ സ്വത്തുക്കൾ വേദ കാരണം തനിക്ക്
നഷ്ടപ്പെട്ട ന്നറിഞ്ഞപ്പോൾ, അതിലുപരി നിന്നിൽ ജനിച്ച അരുൺ എന്ന അവൻ്റെ കുട്ടിയെ ഒരിക്കലും തിരിച്ചു കിട്ടില്ലായെന്ന് തിരിച്ചറിഞ്ഞപ്പോൾ… ആ നിമിഷത്തിൽ തുടങ്ങിയ അവൻ്റെ ഭ്രാന്തിലാണ് വേദയുടെ ജീവൻ നഷ്ടപ്പെട്ടത്…. അല്ലാതെ അവൾ അറിയാതെ കടലിൽ മുങ്ങി ചത്തതല്ല… ആം ഷുവർ ”

റോയ്ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചൽ നിഷേധാർത്ഥത്തോടെ തലയാട്ടി.

” ഡോക്ടർ കാണാപാഠം വായിക്കരുത്… ആദിയ്ക്ക് അങ്ങിനെയൊന്നും ആകാൻ ആകില്ല… അതെനിക്ക് ഉറപ്പ് ആണ് ”

പതർച്ചയോടെയുള്ള ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും, റോയ്ഫിലിപ്പിൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരി പടർന്നു.

“നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ഏയ്ഞ്ചൽ.. പക്ഷെ മനസ്സിൽ തോന്നിയ കാര്യം എനിക്ക് പറയാതിരിക്കാൻ കഴിയില്ല.എനിക്കൊരു പോലീസുകാരനെ പോലെ കേസ് തെളിയിക്കാനുള്ള
കൂർമ്മബുദ്ധിയൊന്നും ഇല്ല… പക്ഷേ ഒരു പോയിൻ്റ്… അതിലാണ് ഞാൻ ആദി ശരിയല്ലെന്നു പറയുന്നത് ”

റോയ്ഫിലിപ്പ് പറയുന്നത് നിർത്തി ഒരു സിഗററ്റ് കത്തിച്ചുകൊണ്ടു ചുണ്ടിൽ വെച്ചു പുക പുറത്തേക്ക് ഊതി വിട്ടു.

അയാൾ പറയുന്നത് എന്തെന്നറിയാൻ ഏയ്ഞ്ചൽ പെരുമ്പറ മുഴക്കുന്ന മനസ്സാൽ അക്ഷമയോടെ കാത്തിരുന്നു.

” പഴയ കാമുകിയെ,
മരിച്ചുപോയ ഭാര്യയുടെ ശബ്ദമെന്നപോൽ, മകളെ കൊണ്ട് ഒരു അച്ഛൻ വിളിപ്പിക്കുന്നത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു കാര്യമാണ്… അങ്ങിനെ ആദി സ്വന്തം മകളെ കൊണ്ടു വിളിപ്പിക്കണമെങ്കിൽ അവൻ എങ്ങിനെയുള്ള ആളാണെന്ന് അറിയാമല്ലോ? അതിനപ്പുറം അവൻ്റെ ഉദ്യേശവും വ്യക്തമല്ലേ? അതും വേദ ജീവിച്ചിരിക്കുമ്പോൾ അവളെ കൊണ്ട് വിളിപ്പിക്കാതെ, അവളുടെ മരണശേഷം മകളെ കൊണ്ടുള്ള ഈ വിളിപ്പിക്കൽ”

റോയ് ഫിലിപ്പിൻ്റെ കുറുകിയ സംസാരം കേട്ട് നിമിഷങ്ങളോളം നിശബ്ദയായി നിന്ന ഏയ്ഞ്ചൽ പതിയെ തലയാട്ടികൊണ്ട് അയാളെ നോക്കി.

” അവൻ്റെ ലക്ഷ്യം നീയാണ് ഏയ്ഞ്ചൽ… നിൻ്റെ കണക്കറ്റ സ്വത്തും, അതിനു പുറമെ നിൻ്റെ പ്രശസ്തിയും… അതൊക്കെ സ്വന്തമാക്കാനാണ് അവൻ ഈ ക്രൂരതയൊക്കെ ചെയ്തത്…. അരുണിനെ സ്വന്തമാക്കിയാൽ അത് എളുപ്പവുമാണല്ലോ?”

റോയ്ഫിലിപ്പിൻ്റെ വാക്കുകൾക്ക് മറുപടി പറയാതെ ഏയ്ഞ്ചൽ തീരത്തേക്ക് അടിച്ചു കയറുന്ന തിരയിലേക്ക് നോക്കി നിൽക്കുമ്പോൾ, അവളുടെ കണ്ണുകളിൽ അസ്തമയസൂര്യൻ്റെ ചുവപ്പ് നിറം പടർന്നു തുടങ്ങിയിരുന്നു.

തീരത്തുകൂടി പതിയെ നടക്കുന്ന
കുഞ്ഞുഏയ്ഞ്ചലിനെ നോക്കി നിൽക്കെ അവളുടെ മുഖം, നിറഞ്ഞു വരുന്ന സങ്കടത്താൽ പതിയെ വലിഞ്ഞുമുറുകി തുടങ്ങിയിരുന്നു.

ഈ കടൽ തീരത്തേക്ക് പുറപ്പെട്ട അരുണും, ദേവമ്മയും ഇപ്പോഴും ഇവിടെ എത്തിയിട്ടില്ല എന്ന് ഏയ്ഞ്ചൽ മനസ്സിലാക്കിയതും, അവളുടെ മനസ്സിൽ ഒന്നിനു പുറകെ ഒന്നൊന്നായി സംശയതിരകൾ അടിച്ചു കൊണ്ടിരുന്നു.

“ഇപ്പോഴും ഞാൻ പറയുന്നു ഏയ്ഞ്ചൽ നമ്മൾക്ക് ഇവിടെ നിന്നു പോകാം.. എന്തൊക്കെയോ അശുഭ ചിന്തകൾ എനിക്കു തോന്നുന്നു ”

റോയ് ഫിലിപ്പിൻ്റെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ സമ്മതമെന്ന അർത്ഥത്തിൽ
പതിയെ തലകുലുക്കി.

“നമ്മൾക്കു പോകാം ഡോക്ടർ… അതിനു മുൻപ് എനിക്ക് എൻ്റെ മോൻ അരുണിനെ ഒന്നു കാണണം.. അതിനുമപ്പുറം എനിയ്ക്ക് ഒന്നു ജിൻസിനെ വിളിക്കണം.. എൻ്റെ മോനെ ഒരു തടസ്സവും കൂടാതെ ഇങ്ങോട്ട് പറഞ്ഞയച്ച അവനും ഇവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നു
അറിയണമല്ലോ?”

പകയോടെ പറഞ്ഞു കൊണ്ട്, ബാഗിൽ നിന്ന് മൊബൈൽ എടുത്തതും, അവളുടെ മൊബൈൽ പൊടുന്നനെ ശബ്ദിച്ചു.

“ആരെ വിളിക്കാൻ ഉദ്യേശിച്ചോ അവൻ തന്നെ ഇങ്ങോട്ടു വിളിക്കുന്നുണ്ട് ഡോക്ടർ ”

ഡിസ്പ്ലേയിൽ
“ജിൻസ് കോളിങ്ങ് ” എന്നു കണ്ടതും, അവൾ റോയ്ഫിലിപ്പിനെ നോക്കി കൊണ്ടു, കോൾബട്ടൻ അമർത്തി സ്പീക്കറിലിട്ടു.

” ഞാൻ ജിൻസാണ് ഏയ്ഞ്ചൽ… നിങ്ങൾ കടൽതീരത്ത് എത്തിയിട്ടുണ്ടാകും അല്ലേ?അവിടെ ദേവമ്മയെയും, അരുണിനെയും കാണാതെ നിങ്ങൾ വിഷമിക്കണ്ട… അവർ എന്നോടൊപ്പമുണ്ട്… ഞങ്ങൾ ഇവിടെ നിന്ന് അങ്ങോട്ടേയ്ക്കുള്ള
പാതിദൂരം പിന്നിട്ടു കഴിഞ്ഞു. ”

“സാർ, സാറല്ലേ പറഞ്ഞത് അരുണും,ദേവമ്മയും ഈ കടൽ തീരത്തേക്ക് പോന്നിട്ടുണ്ടെന്ന് പറഞ്ഞത്? ഇപ്പോൾ പറയുന്നു സാറിൻ്റെ കൂടെയുണ്ടെന്ന്… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല സാർ”

ഏയ്ഞ്ചലിൻ്റെ പതറിയ ചോദ്യത്തിന് മറുപടിയായ് ജിൻസിൻ്റെ വാക്കുകൾ ഒഴുകി വന്നു.

” ദേവമ്മയും, അരുണും അവിടെ എത്തും മുൻപെ നിങ്ങൾ അവിടെ ചെല്ലണം എന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ കടൽ കുറച്ചു നേരം നോക്കി നിന്ന് നീ ആശ്വസിപ്പിക്കുമ്പോഴെക്കും ഞങ്ങൾ അവിടെയെത്തും. ബാക്കികാര്യങ്ങൾ നമ്മൾ നേരിട്ടു കണ്ടിട്ട് ”

“സാർ”

ജിൻസിൻ്റ ഉദ്യേശമെന്തെന്ന് അറിയാതെ ഏയ്ഞ്ചൽ സംശയത്തോടെ വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്ന് അവൻ്റ പതിഞ്ഞ ശബ്ദമുയർന്നു.

“പേടിക്കാനൊന്നുമില്ല ഏയ്ഞ്ചൽ… പോലീസിൻ്റെ യൂണിഫോം അഴിച്ചു വെച്ചിട്ടാണ് ഞാൻ വരുന്നത്… കാരണം അത്രയ്ക്കും പ്രിയപ്പെട്ടവരായിരുന്നല്ലോ എനിക്ക് നീയും, വേദയും.. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അടങ്ങിയിരിക്കാൻ കഴിയോ? ഒന്നുമില്ലെങ്കിലും ക്യാമ്പസ്സിൽ നമ്മൾ
ഒരു ചെടിയിലെ മൂന്നു പൂക്കൾ പോലെ
കഴിഞ്ഞവരല്ലേ?.. അതു കൊണ്ട് ടെൻഷൻ അടിക്കാതെ കാത്തിരിക്കുക”

അത്രയും പറഞ്ഞ് ജിൻസ് കോൾ കട്ട് ചെയ്തപ്പോൾ, ഒന്നും മനസ്സിലാവാതെ ഏയ്ഞ്ചൽ
റോയ്ഫിലിപ്പിനെ നോക്കി.

” ആദിയെ തേടിയാണ് ജിൻസ് വരുന്നതെന്ന് എനിക്ക് തോന്നുന്നു. വേദയുടെ മരണത്തിൽ അവന് എന്തെങ്കിലും സംശയം ഉണ്ടായിരിക്കാം ”

പറയുന്നത് നിർത്തി
റോയ്ഫിലിപ്പ് ഏയ്ഞ്ചലിൻ്റെ വാടിയ മുഖത്തേക്കു നോക്കി.

” ആദി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു ശിക്ഷ മനുഷ്യർ കൊടുക്കേണ്ടതില്ല. ദൈവം തന്നെ കൊടുത്തോളും… കാരണം ആഴക്കടലിൽ പണിയെടുക്കുന്ന ഒരാളാണ് അയാൾ… ”

റോയ്ഫിലിപ്പ് പറഞ്ഞു തീർന്നതും, ആ കടൽതീരത്ത് വലിയൊരു കാറ്റ് പൊടുന്നനെ വീശിയടിച്ചു.

തീരത്ത് നിൽക്കുന്ന തെങ്ങിൻകൂട്ടങ്ങളുടെ തലപ്പുകളെ മഴവിൽ ആകൃതിയിലാക്കി കൊണ്ട് ആ കാറ്റ് ഒരു ഹുങ്കാര ശബ്ദത്തോടെ കടലിലേക്ക് പാഞ്ഞു.

പാറി പറന്ന ഏയ്ഞ്ചലിൻ്റെ മുടിയിഴകൾ റോയ് ഫിലിപ്പിൻ്റെ മുഖത്ത് ശക്തിയോടെ വന്നടിച്ചു കൊണ്ടിരുന്നു.

ആർത്തലച്ചു വരുന്ന തിരകളെ കണ്ടതും, ഏയ്ഞ്ചൽ വലിയൊരു ശബ്ദത്തോടെ, റോയ് ഫിലിപ്പിനെയും പിടിച്ച് കരയിലേക്ക് ഓടുമ്പോഴെക്കും,
കുഞ്ഞുഏയ്ഞ്ചലിൻ്റെ വലിയൊരു കരച്ചിൽ കേട്ട് അവർ തിരിഞ്ഞു നോക്കി.

മൊബൈലും ചെവിയോരം ചേർത്ത് ആഴകടലിലേക്കു കൈ ചൂണ്ടി കരയുന്ന
കുഞ്ഞുഏയ്ഞ്ചലിനെ നോക്കി കൊണ്ടു. ഏയ്ഞ്ചൽ ആശങ്കയോടെ കടലിലേക്കു നോട്ടമയച്ചു.

കടലിൽ നിന്ന്,വലിയ വലിയ തിരകൾ ഒന്നൊന്നായി ഭ്രാന്ത് പിടിച്ചതു പോലെ കരയിലേക്ക് പാഞ്ഞു വരുന്നത് കണ്ട, അവൾ ഒരു നിമിഷം ആദിയുടെ വഞ്ചിയെ നോക്കി.

തിരകൾക്കപ്പുറത്ത് ആദിയുടെ വഞ്ചി അപ്രത്യക്ഷമായിരിക്കുന്നു എന്ന് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു….

ഒരു നിമിഷം പാഴാക്കാതെ ഏയ്ഞ്ചൽ ഓടിചെന്ന്, മുട്ടോളമെത്തുന്ന വെള്ളത്തിൽ നിന്ന് കുഞ്ഞുഏയ്ഞ്ചലിനെയും പിടിച്ച് കരയിലേക്ക് ഓടുമ്പോൾ, അവൾ അലറി കരയുന്നുണ്ടായിരുന്നു…

” ൻ്റെ അച്ഛൻ്റെ വഞ്ചി
തകർന്നു… അച്ഛൻ എനിക്ക് വിളിച്ചിരുന്നു ഇപ്പോൾ ”

കുഞ്ഞുവിൻ്റെ വാക്കുകൾ കേട്ടതും, ഞെട്ടലോടെ ഏയ്ഞ്ചൽ അവളിൽ നിന്ന് മൊബൈൽ വാങ്ങി വന്ന നമ്പറിലേക്ക് കോൾ ചെയ്തെങ്കിലും, അപ്പോഴെക്കും ആ മൊബൈൽ സ്വിച്ച്ഡ്ഓഫ് എന്നു പറഞ്ഞു തുടങ്ങിയിരുന്നു.

ചക്രവാളത്തെ തൊടാൻ കുതിക്കുന്ന തിരകൾക്കപ്പുറത്ത് ആദി അപ്രത്യക്ഷമായിരിക്കുന്നെന്നറിഞ്ഞ ഏയ്ഞ്ചൽ, എന്തു ചെയ്യണമെന്നറിയാതെ നിന്ന രണ്ട് നിമിഷങ്ങൾക്കു ശേഷം, വലിയ വായിൽ നിലവിളിച്ചു.

ആ നിലവിളി കേട്ടതും, വിജനമായ കടൽതീരത്തേക്ക് ആളുകൾ ഓടിയെത്തി തുടങ്ങി….

തീരം നിറഞ്ഞ ജനങ്ങൾ ആശങ്കയോടെയും, ഭയത്തോടെയും കടലിലേക്ക് നോക്കി നിൽക്കെ, ഭ്രാന്തമായ തിരകൾ കരയിലേക്ക് പാഞ്ഞുകയറി കൊണ്ടിരുന്നു.

ആകാശകോണിൽ
കാർമേഘങ്ങൾ ഉരുണ്ടു കയറിയതും, പേമാരിയായി താഴേക്കു ആർത്തട്ടഹസിച്ചു
വന്നതും പൊടുന്നനെയായിരുന്നു.

” അവന് ഭ്രാന്താ… അല്ലെങ്കീ പിന്നെ ഇടയ്ക്കിടെ കലി തുള്ളുന്ന കടലിലേക്ക് ആരും പോകാതിരിക്കുമ്പോൾ, അവൻ ഒറ്റയ്ക്ക് ഒരു ചെറുവഞ്ചിയുമായി ”

പ്രായം കൂടിയ ഒരു മനുഷ്യൻ പതറി പറഞ്ഞു കൊണ്ടു ആ തീരത്ത്, ആൾകൂട്ടത്തിനു നടുവിൽ തളർന്നിരുന്നു.

” കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു വേദ കുട്ടിയെ കാണാതായത്… എന്നിട്ട് കണ്ടതോ, മൂന്നാം നാൾ തീരത്തടിഞ്ഞ ഒരു ശവശരീരമായിട്ട് ”

ഭീതിയോടെ,പതിയെ മന്ത്രിച്ചു കൊണ്ടിരുന്ന അയാളുടെ വിണ്ടുകീറിയ പാദങ്ങളെ, കടലിൽ നിന്ന് ഭ്രാന്തമായി വന്ന ഒരു തിര നനച്ചു തുടങ്ങിയിരുന്നു.

അതോടൊപ്പം, അയാൾക്കു മുകളിൽ, കണ്ണുകൾ ചിമ്മിക്കുമാറ് മിന്നലുകൾ പുളഞ്ഞിറങ്ങി തുടങ്ങിയിരുന്നു.

അപ്രതീക്ഷിതമായി വന്നൊരു വലിയൊരു ഇടിമുഴക്കത്തിൻ്റെ പ്രകമ്പനത്തിൽ ഞെട്ടിത്തെറിച്ച, അയാളുടെ ചുണ്ടിൽ നിന്ന് വിറയാർന്ന പ്രാർത്ഥനാ മന്ത്രങ്ങളുതിർനു…

“ഈശ്വരാ… ഞങ്ങളുടെ ആദിയെ ഒരു കേടുപാടും വരുത്താതെ കരയിലേക്കെത്തിക്കണമേ? ”

അത് അയാളുടെ മാത്രം പ്രാർത്ഥനയായിരുന്നില്ല….

ആ തീരത്ത് തടിച്ചുകൂടിയ ജനങ്ങളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളായിരുന്നു….

നെഞ്ചിൽ കൈവെച്ച്,
റോയ്ഫിലിപ്പിനെയും, കടലിലേക്കും മാറി മാറി നോക്കുന്ന ഏയ്ഞ്ചലിൻ്റെ, കൈകൾക്കിടയിൽ കിടന്നിരുന്ന കുഞ്ഞുഏയ്ഞ്ചലിൻ്റെ കരച്ചിൽ, ശ്വാസം കിട്ടാതെ പതിയെ നേർത്തു വരുന്നുണ്ടായിരുന്നു അപ്പോൾ…

നിർത്താതെയുള്ള
പ്രാർത്ഥനകൾക്കിടയിൽ, തീരത്ത് പതിയെ ഇരുട്ടു പടർന്നു തുടങ്ങിയപ്പോൾ, ജനങ്ങളുടെ ആശങ്കയും ഏറി തുടങ്ങിയിരുന്നു………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button