Novel

ഏയ്ഞ്ചൽ: ഭാഗം 30

രചന: സന്തോഷ് അപ്പുകുട്ടൻ

ആദിയുടെ വഞ്ചി കടലിൽ വെച്ച് തകർന്ന്, അവനെ കാണാതായെന്നുള്ള ഞെട്ടിക്കുന്ന വാർത്ത ആ തീരത്ത് നിന്ന് മൊബൈൽ വഴി പലയിടത്തേക്കും പാഞ്ഞു.

ഷാപ്പിലിരുന്നു കള്ള് കുടിച്ചിരുന്ന രാമേട്ടൻ ആ വാർത്ത കേട്ട വഴിക്ക്, ഷാപ്പിലുള്ളവരോട് കാര്യം പറഞ്ഞ് അവിടെ നിന്നും കടപ്പുറത്തേക്ക് ഓടി.

ക്രിസ്തുമസ് ആഘോഷങ്ങൾക്കായി, ചർച്ചിനു മുന്നിൽ പന്തലിനു വേണ്ടി മുളയിട്ടു കൊണ്ടിരുന്ന അഗസ്റ്റിൻ, ഒരു നിലവിളിയോടെ അവിടെ നിന്നും പാഞ്ഞു.

പളളി കമ്മറ്റിയിൽ സംസാരിച്ചുകൊണ്ടിരുന്ന ബഷീർ, ഫോൺ ചെവിയോരം ചേർത്തതും, ഒരു ഞെട്ടലോടെ കൂടെയുള്ളവരോടു കാര്യം പറഞ്ഞതിനു ശേഷം അവിടെ നിന്നിറങ്ങി.

ചായകടയിൽ ചീട്ടുകളിച്ചുകൊണ്ടിരുന്ന ബിജുവും, അനിലും കൂടെയുണ്ടായിരുന്ന കൂട്ടുകാരും കടപ്പുറത്തേക്ക് ഓടി.

ആ ദു:ഖകരമായ വാർത്ത കാട്ടുതീ പോലെ പലയിടത്തേക്കും പടർന്നപ്പോൾ, ഉള്ളുപൊള്ളുന്ന വേദനയോടെ പലരും ആ തീരത്തേക്ക് ഓടിയണഞ്ഞു.

അതിൽ ആദിയെ അറിയുന്നവരും, അറിയാത്തവരും ഉണ്ടായിരുന്നു.

ദൂരങ്ങൾ താണ്ടി ആ വേദനിപ്പിക്കുന്ന വാർത്ത പലയിടത്തേക്കും
പാഞ്ഞു കൊണ്ടിരുന്നപ്പോൾ, ആ കടൽതീരം ജനങ്ങളെ കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു.

കോരിച്ചൊരിയുന്ന മഴയും, ചീറിയടിക്കുന്ന കാറ്റും വകവെയ്ക്കാതെ നിന്നിരുന്ന ആ ആൾക്കൂട്ടത്തിൻ്റെ കണ്ണുകൾ മുഴുവൻ, ആകാശത്തോളം ഉയർന്നു പൊങ്ങുന്ന തിരമാലകളിലായിരുന്നു…

തിരകളെ കീറിമുറിച്ചു കൊണ്ട് ആദിയുടെ വഞ്ചി തീരത്തേക്ക് വരുന്നതും കാത്ത്, മനമുരുകിയ പ്രാർത്ഥനകളോടെ, ഉള്ളിലുയരുന്ന പ്രതീക്ഷകളോടെ കാത്തിരിക്കുകയായിരുന്നു അവർ….

മിനിറ്റുകൾ പൊടുന്നെ മണികൂറുകളായി കൊണ്ടിരിക്കെ അവരുടെ പ്രതീക്ഷകൾ പതിയെ അസ്തമിച്ചു കൊണ്ടിരുന്നു.

വയ്യാത്ത കാലും, നീട്ടി വലിച്ചുകൊണ്ട് നബീസുമ്മ പൂഴിമണലിലൂടെ, ആൾകൂട്ടം നിറയുന്ന ആ കടൽ തീരത്തേക്ക് നടക്കുമ്പോൾ, അവരുടെ കണ്ണ് വല്ലാതെ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

എന്തു ചെയ്യണം, എങ്ങിനെ പ്രവർത്തിക്കണമെന്നറിയാതെ ആശങ്കയിലമർന്ന അനിശ്ചിതത്തിൻ്റെ മരവിപ്പിൽ ആയിരുന്നു, ആ തീരത്ത് കൂടിയവരൊക്കെ.

“ഇങ്ങിനെ നോക്കി നിന്നിട്ടു കാര്യമില്ല മക്കളേ… ഓരോ നിമിഷം കഴിയുമ്പോഴും ആദി നമ്മൾക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കാണ്… എത്രയും പെട്ടെന്ന് അവനെ കരക്ക് എത്തിക്കണം നമ്മൾക്ക് ”

ആകാശത്തോളം ഉയരുന്ന തിരമാലകൾക്കപ്പുറത്തേക്കുള്ള കാഴ്ചകൾ അന്യമായപ്പോൾ
ചുണ്ടിലെരിയുന്ന ബീഡി തുപ്പി കളഞ്ഞുകൊണ്ട്, രാമേട്ടൻ ബിജുവിനെയും, അഗസ്റ്റിനെയും, ബഷീറിനെയും നോക്കി.

“കടലിൻ്റെ കോലം കണ്ടില്ലേ രാമേട്ടാ… കലിതുള്ളി നിൽക്കയാ.. ഈ അവസ്ഥയിൽ നമ്മളെങ്ങിനെ വഞ്ചിയിറക്കും…?”

ബിജുവിൻ്റെ ചോദ്യത്തിന് അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല…

തീരത്തെ തകർത്തു കൊണ്ട് കരയിലേക്ക് കയറുന്ന തിരയുടെ ശക്തി തന്നെ, കടൽ എത്രമാത്രം ക്ഷോഭിച്ചിരിക്കുന്നതിന് തെളിവാണ്….

കടലിനു മുകളിൽ വീശിയടിക്കുന്ന കാറ്റിൻ്റെ ഹുങ്കാരശബ്ദവും, അതിനൊപ്പം ആകാശത്തെ മുട്ടിയുരുമാൻ ഉയർന്നു പൊങ്ങുന്ന കൂറ്റൻ തിരകളും വല്ലാത്തൊരു ഭീതി പടർത്തുന്നുണ്ടായിരുന്നു.

പടിഞ്ഞാറ് നിന്ന് കാട്ടുകുതിരകളെ പോലെ കുതിച്ചു വരുന്ന ഭ്രാന്തൻതിരകളുടെ വെള്ളിനിറം, രാത്രിയുടെ മൂടുപടത്തെ വല്ലാത്തൊരു ഭാവത്തോടെ വകഞ്ഞു മാറ്റുന്നുണ്ട്.

ചാറൽമഴ പെരുമഴയിലേക്കും, പതിയെ വീശിയിരുന്ന കാറ്റു, കൊടുങ്കാറ്റിലേക്കും വഴി മാറിയപ്പോൾ, തീരത്ത് ആകാംക്ഷയോടെ കാത്തു നിൽക്കുന്നവരിൽ, അതുവരെ ഉണ്ടായിരുന്ന പ്രതീക്ഷ പതിയെ തളരുകയായിരുന്നു.

” കടൽ ഒരിത്തിരി ശാന്തമായിരുന്നെങ്കിൽ ആദി കരയിലേക്ക് നീന്തിയെത്തിയേനെ… ഇതിപ്പോൾ?”

അലറി തുള്ളുന്ന തിരകളിലേക്ക് നോക്കി പതിയെ മന്ത്രിച്ചു കൊണ്ട്, അഗസ്റ്റിൻ എന്തോ ഓർത്തതുപോലെ ചുറ്റും നോക്കി.

” ആദിയുടെ മോളെവിടെ?”

അഗസ്റ്റിൻ ഭയാശങ്കകളോടെ ചോദിച്ചതും, അവർ വല്ലാത്തൊരു അമ്പരപ്പോടെ ചുറ്റും നോക്കി.

” ആദിയുടെ മോൾ ഏയ്ഞ്ചലിനരികെയുണ്ട് ”

അങ്ങോട്ടേക്ക് ധൃതിയിൽ വന്ന അനിൽ പറഞ്ഞതും, അവർ അമ്പരപ്പോടെ അവനെ നോക്കി.

“നിങ്ങൾ അമ്പരക്കണ്ട… ആ പഴയ ഏയ്ഞ്ചൽ തന്നെ… ഈ തീരത്തിന് അശാന്തി നൽകി കൊണ്ട്, ആദിയുടെയും, വേദയുടെയും ജീവിതം തകർത്തു കൊണ്ട് ഇവിടം നിന്ന് പോയ അതേ ഏയ്ഞ്ചൽ ”

” അവൾ എന്തിന് ഇപ്പോൾ ഇവിടേയ്ക്ക് വന്നു? ”

അലറുന്ന ഒരു തിര പോലെ രാമേട്ടനിൽ നിന്ന് ചോദ്യമുയർന്നതിനോടൊപ്പം, നിറം കെട്ട ആ കണ്ണുകളിൽ, പകയുടെ
അഗ്നി തുണ്ടുകൾ മിന്നി
തുടങ്ങിയിരുന്നു.

” സന്തോഷം കളിയാടിയിരുന്ന ഈ തീരത്ത് പൂതനയുടെ വേഷം കെട്ടി വന്ന് എല്ലാം തകർത്ത അവളെന്തിന് വീണ്ടും ഇങ്ങോട്ടേക്കു വന്നു… ഒന്നു ചോദിക്കണം എനിക്ക് ”

രാമേട്ടൻ കലിതുള്ളി കൊണ്ട്, ഏയ്ഞ്ചലിനരികത്തേക്ക് നടക്കാനൊരുങ്ങിയതും, ബഷീർ അയാളെ പിടിച്ചു.

” വേണ്ട രാമേട്ടാ.. ഇപ്പോൾ ഒന്നും ചോദിക്കണ്ട. നമ്മൾ ഇപ്പോൾ ആലോചിക്കേണ്ടത്, ആദിയെ എങ്ങിനെയെങ്കിലും കടലിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനെ പറ്റിയാണ്”

ബഷീർ പറഞ്ഞതും, രാമേട്ടൻ, ഉയർന്നു വന്നിരുന്ന ദേഷ്യം മനസ്സിലടക്കി പതിയെ തലയാട്ടി.

തകർത്തു പെയ്യുന്ന മഴയിൽ നനഞ്ഞു കൊണ്ട്, അർദ്ധരാത്രിയാണെന്ന ചിന്തയില്ലാതെ, ആ കരക്കാർ മുഴുവൻ, കടലിലേക്ക് ഉദ്വേഗത്തോടെ നോക്കി നിൽക്കുമ്പോൾ, വേദയുടെ മകളെയും ചാരെ ചേർത്തു നിർത്തി, മഴയിൽ നനഞ്ഞ് നിർവികാരയായി കടലിലേക്കു നോക്കി നിൽക്കുകയായിരുന്നു ഏയ്ഞ്ചൽ!

മുകളിൽ ചിതറി തെറിക്കുന്ന മിന്നലുകളും, നിലമിറങ്ങി വരുന്ന ഭയാനകമായ ഇടി മുഴക്കങ്ങളും അവൾ അറിയുന്നുണ്ടായിരുന്നില്ല..

ഏയ്ഞ്ചലിൻ്റെ തോളിൽ ഒരു സാന്ത്വനമായി റോയ്ഫിലിപ്പിൻ്റെ കൈകൾ വീണതും, അവൾ ദയനീയതയോടെ അയാളെ നോക്കി.

ഇതുവരെ ഒരു ചെറു പൊട്ടു പോലെ കണ്ടിരുന്ന വഞ്ചിയും, വഞ്ചിക്കാരനും കടലിൽ മരണത്തോടു അടുത്തു കൊണ്ടിരിക്കുകയാണെന്ന ചിന്ത അവളുടെ മുഖത്ത് വല്ലാത്തൊരു ഭാവം പടർത്തുന്നത് കണ്ട റോയ്ഫിലിപ്പ്, നിർവികാരതയോടെ
അലറുന്ന കടലിലേക്ക് നോട്ടമയച്ചു.

“മഴ നനഞ്ഞ് പനി
പിടിക്കേണ്ട ഡോക്ടർ… കാറിൽ പോയി ഇരുന്നോളൂ”

മഴ തണുപ്പാൽ വിറയ്ക്കുന്ന അവളുടെ ചുണ്ടിൽ നിന്ന് വാക്കുകൾ വിറച്ചു വീണപ്പോൾ അയാൾ നിഷേധാർത്ഥത്തോടെ തലയാട്ടി.

“ഈ പെരുംമഴയും നനഞ്ഞ് ഏയ്ഞ്ചൽ ഇങ്ങിനെ വിറച്ചുകൊണ്ടു നിൽക്കുമ്പോൾ, എനിക്കെങ്ങിനെ കാറിൽ പോയി തനിയെ ഇരിക്കാൻ കഴിയും?”

റോയ്ഫിലിപ്പിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ അയാളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ തലയാട്ടി കൊണ്ട്, ചുറ്റും കൂടിയിരിക്കുന്ന ജനങ്ങളെ നോക്കി.

ഇരുട്ടിനെ തുരത്താൻ വേണ്ടി പലയിടത്തായി കത്തിച്ചു വെച്ചിരിക്കുന്ന എമർജൻസി ലൈറ്റുകളിലെ വെളിച്ചം പോലെ, ഒരു നേരിയ പ്രതീക്ഷ അപ്പോഴും
അവരുടെ മനസ്സിൽ തിളങ്ങി കൊണ്ടിരിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

” ഒരു മനുഷ്യൻ കടലിൽ കിടക്കാൻ തുടങ്ങിയിട്ട് കുറേ നേരമായല്ലോ? നിങ്ങൾക്ക് സഹായത്തിന് നേവിയെ വിളിച്ചൂടെ? ”

പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടതും, അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, മഴയിൽ കുതിർന്നു നിൽക്കുന്ന ഏയ്ഞ്ചലിനെയാണ്.

അപ്പോഴും അവൾ, ആദിയുടെ മകളെ നെഞ്ചോടു ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു….

“വന്നോ നീ… ആ വരവിൻ്റെ ഗുണം കാണാനുണ്ട് ഈ തീരത്ത്. അച്ചുട്ടി കാണും മുൻപെ ഇവിടെ നിന്ന് പൊയ്ക്കോ നീ… അല്ലെങ്കിൽ അവൾ നിന്നെ പിടിച്ചു കടലിൽ മുക്കും”

രാമേട്ടൻ ദേഷ്യത്തോടെ പറഞ്ഞതും, ഏയ്ഞ്ചൽ കണ്ണിൽ വീണു കൊണ്ടിരിക്കുന്ന മഴതുള്ളികൾ തുടച്ചുകൊണ്ട് രാമേട്ടനെ നോക്കി രണ്ട് നിമിഷം നിന്നു.

” ആരെങ്കിലും എന്നെ അസഭ്യം പറഞ്ഞാൽ, തിരിച്ചു പറയാതിരിക്കാൻ
എൻ്റെ നാവ് ചലനമറ്റിട്ടില്ല ഇതുവരെ.. അതുപോലെ കൈകൾക്കും തളർച്ച ബാധിച്ചിട്ടില്ല. അതല്ല ഇപ്പോൾ ഇവിടുത്തെ കാര്യം രാമേട്ടാ… ആദ്യം ആദിയെ രക്ഷിക്കാൻ നോക്ക്… ബാക്കിയുള്ളതൊക്കെ പറഞ്ഞു തീർക്കാൻ പിന്നെയും സമയം ബാക്കിയുണ്ടല്ലോ നമ്മൾക്ക്?”

പതിഞ്ഞതാണെങ്കിലും, ഉറച്ച ആ വാക്കുകൾ കേട്ടതോടെ രാമേട്ടൻ പതറികൊണ്ടു ചുറ്റുമുള്ളവരെ നോക്കി.

” ആദിയുടെ വഞ്ചി കടലിൽ തകർന്നെന്നറിഞ്ഞപ്പേൾ തന്നെ എല്ലാവരെയും വിളിച്ച് പറഞ്ഞിട്ടുണ്ട് ഏയ്ഞ്ചൽ… പിന്നെ
നേവി വരണമെങ്കിൽ കളക്ടറുടെ സന്ദേശം കിട്ടണമെന്നാണ് പറയുന്നത്… ആ ഫോർമാലീറ്റീസൊക്കെ കഴിഞ്ഞ് അവർ ഇവിടെയെത്തുമ്പോൾ സമയം ഒരുപാട് കഴിയും..”

പറയുന്നത് പാതിയിൽ നിർത്തി ബഷീർ കൂട്ടം കൂടിയിരിക്കുന്ന ജനങ്ങളിലേക്ക് നോക്കി.

“ദാ നോക്ക്… ഇത്രയും ജനങ്ങൾ ഇവിടെ തടിച്ചുകൂടിയിട്ടും, ഇവിടുത്തെ ലോക്കൽ പോലീസും, ആംബുലൻസും ഇവിടെ എത്തിയിട്ടില്ല… എന്തിനു പറയുന്നു ഇവിടുത്തെ ജനപ്രതിനിധികൾ പോലും ഇവിടേയ്ക്ക് വന്നിട്ടില്ല.. വോട്ടു ചോദിക്കാൻ വരുമ്പോൾ പുഞ്ചിരിക്കുകയും, വാഗ്ദാനങ്ങൾ തരുമെന്നല്ലാതെ, അവർക്കൊന്നും ഞങ്ങളും, ഞങ്ങളുടെ ജീവിതവും ഒരു വിഷയമേ അല്ലല്ലോ?”

ബഷീറിൻ്റെ ദേഷ്യം നിറഞ്ഞ വാക്കുകൾ കേട്ടതും, അവൾ പതിയെ തല കുലുക്കി.

” ബഷീർ പറഞ്ഞത് ശരിയാകാം.. പക്ഷെ മറ്റൊന്നുകൂടി മനസ്സിലാക്കണം.. അവർക്കു ചിലപ്പോൾ
പെട്ടെന്നു വരാൻ പറ്റാത്ത മറ്റു ചില ഡ്യൂട്ടിയിലായിരിക്കാം… അതു മാത്രമല്ല നാൽപ്പത്തിയെട്ട് മണികൂറിനുളളിൽ ആരും കടലിലേക്ക് ഇറങ്ങരുതെന്ന് മൈക്ക് കെട്ടിവെച്ച് ഈ തീരത്ത് പലവട്ടം അനൗൺസ്മെൻറ് ചെയ്ത അവരുടെ മുന്നറിയിപ്പുകളെ പുല്ലുപോലെ അവഗണിച്ചതിൻ്റെ നീരസത്തിലായിരിക്കാം അവർ… ഞാൻ നേരത്തെ പറഞ്ഞതുപോലെ,
അതൊന്നും അല്ല ഇപ്പോൾ ഇവിടുത്തെ നമ്മുടെ പ്രശ്നം… ആദിയെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തുക എന്നതാണ് ”

ഏയ്ഞ്ചൽ പതിയെ പറഞ്ഞു കൊണ്ട് രാമേട്ടനെ നോക്കി.

“കടലിൻ്റെ സ്പന്ദനങ്ങൾ പച്ചവെള്ളം പോലെ അറിയുന്ന ആളല്ലേ രാമേട്ടൻ… അടിയൊഴുക്കുകളുടെ ഗതിയും അറിയാമല്ലോ? അലറി വരുന്ന കടലിനെ നെഞ്ചും വിരിച്ച് രാമേട്ടൻ നേരിടുമെന്ന് പലരും പറയുന്നത് ഞാൻ പണ്ട് കേട്ടിട്ടുമുണ്ട്. ആ
രാമേട്ടൻ പോലും ഇങ്ങിനെ നിർവികാരനായി നിന്നാൽ പിന്നെ ആരാ ആദിയെ ആഴകടലിൽ നിന്നു രക്ഷിക്കുക?”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, രാമേട്ടൻ മനസ്സിൽ ഉറച്ചതീരുമാനമെടുത്തതുപോലെ മറ്റുള്ളവരെ ഒന്നു നോക്കി കൊണ്ട്, വീണ്ടും ഏയ്ഞ്ചലിലേക്ക് മുഖം തിരിച്ചു.

“രക്ഷാപ്രവർത്തനത്തിന് ആൾക്കാർ വരുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നേരം കടലിലേക്കിറങ്ങാതെ ഈ കരയിൽ തന്നെ നിന്നത്… അല്ലാതെ പേടിയുണ്ടായിട്ടല്ല…”

പതിയെ പറഞ്ഞു കൊണ്ട് അയാൾ കൂട്ടം കൂടി നിന്നിരുന്ന മറ്റുള്ളവരിലേക്ക്
നോട്ടമയച്ചു.

“വാടാ മക്കളെ… ഇനി ആരെയും കാത്ത് നിന്നിട്ട് കാര്യമില്ല.. വേഗം രണ്ട് വഞ്ചിയിൽ യമഹ പിടിപ്പിച്ച് കടലിലേക്കിറക്കണം നമ്മൾക്ക് ”

പ്രായമായെങ്കിലും അതൊന്നും കാര്യമാക്കാതെ ഒരു യുവാവിൻ്റെ ഊർജസ്വലതയോടെ പറയുന്ന
രാമേട്ടൻ്റെ വാക്കുകൾ കേട്ടതോടെ മറ്റുള്ളവർ തീരത്ത് കയറ്റിവെച്ചിരിക്കുന്ന വഞ്ചിക്കരികിലേക്ക് ഓടി.

മറ്റു ചിലർ യമഹഎഞ്ചിൻ എടുക്കാനായി ഷെഡ്ഡിലേക്ക് പാഞ്ഞു.

വലിയ ടോർച്ചുകളും, സെർച്ച് ലൈറ്റുകളും, ചെറിയ ജനറേറ്ററും സംഘടിപ്പിച്ച് വന്നവർ, അതും പോരാതെ
തീരത്ത് വെച്ചിരുന്ന ചില എമർജൻസി ലൈറ്റുകളും എടുത്ത് തീരത്തേക്ക് വന്നു.

യുദ്ധകാലാടിസ്ഥാനത്തിലുള്ള ആ പ്രവൃത്തിയും നോക്കി നിൽക്കെ, ആരുടെയോ കൈ തോളിൽ വീണപ്പോൾ ഏയ്ഞ്ചൽ തിരിഞ്ഞു നോക്കി.

മഴയിൽ കുളിച്ചു നിൽക്കുന്ന റോയ്ഫിലിപ്പിനെ കണ്ടപ്പോൾ അവളുടെ ഉള്ളിലൊരു നീറ്റലുണർന്നു.

” ആദിയെ രക്ഷിച്ച് ഈ തീരത്ത് കൊണ്ടുവന്ന്, ഒരുമാത്രയെങ്കിലും കാണാൻ ഏയ്ഞ്ചലിന് വല്ലാത്ത മോഹംണ്ട് ലേ ?”

റോയ്ഫിലിപ്പിൻ്റെ പതറിയ ചോദ്യം കേട്ടതോടെ, ഏയ്ഞ്ചൽ അവനെ നോക്കി പതിയെ തലയാട്ടി.

“അതെ ഡോക്ടർ… വല്ലാത്ത ആഗ്രഹമുണ്ട്.. പക്ഷെ ആ ആഗ്രഹം എനിക്ക് വേണ്ടിയിട്ടല്ലെന്നു മാത്രം… എൻ്റെ മകനു വേണ്ടിയിട്ടാണെന്നു മാത്രം … ”

പറയുന്നത് പാതിയിൽ നിർത്തി അവൾ കണ്ണു തുടച്ചു കൊണ്ട്
റോയ്ഫിലിപ്പിലേക്ക് ദയനീയതയോടെ നോട്ടമയച്ചു.

” അവൻ എന്നെ കുറ്റപ്പെടുത്താതിരിക്കാൻ വേണ്ടി.. ഒരിക്കൽ പോലും എൻ്റെ അച്ഛൻ്റെ മുഖം കാണിച്ചു തരാത്ത ദുഷ്ടയാണ് എൻ്റെ മമ്മിയെന്ന് അവൻ നാട്ടുകാരോട് വിളിച്ചു പറയാതിരിക്കാൻ വേണ്ടി… ആ കുറ്റബോധത്തിൽ ജീവിതകാലം മുഴുവൻ ഈ ഏയ്ഞ്ചൽ ഉരുകാതിരിക്കാൻ വേണ്ടി… അതിന് നടുകടലിൽ പെട്ട ആദിയെ എങ്ങിനെയെങ്കിലും രക്ഷിച്ച്, ഒരു വട്ടമെങ്കിലും അവൻ്റെ മുന്നിൽ കൊണ്ടു ചെന്നു നിർത്തിയേ മതിയാവൂ
ഡോക്ടർ…”

പറഞ്ഞു തീരും മുൻപെ തളർന്നു പോയ ഏയ്ഞ്ചൽ റോയ്ഫിലിപ്പിൻ്റെ ശരീരത്തിലേക്കു ചാരി നിന്നു, ഇരുളിലാണ്ട ചക്രവാളത്തിലേക്ക് തോരാത്ത മിഴികളോടെ കണ്ണയച്ചു.

ആൾക്കാരുടെ ആരവങ്ങൾക്കൊപ്പം ഉയർന്ന യമഹഎഞ്ചിൻ പ്രവൃത്തിക്കുന്ന ശബ്ദം കേട്ടാണ് ഏയ്ഞ്ചൽ ഓർമ്മകളിൽ നിന്നുണർന്നത്.

കണ്ണു തുടച്ചു നോക്കിയ ഏയ്ഞ്ചൽ, കുറച്ചു ദൂരത്തായി പടിഞ്ഞാറോട്ടേക്ക് കുതിക്കുന്ന രണ്ട് വഞ്ചികൾ കണ്ടു.

കൂരിരുട്ടിനെ വകഞ്ഞു മാറ്റി കൊണ്ട്,ഇടക്കിടെ വീശിയടിക്കുന്ന ലൈറ്റ് ഹൗസിലെ മങ്ങിയ വെട്ടത്തിൽ കാണുന്ന ആ വഞ്ചികളെ, ഏയ്ഞ്ചൽ ഇമകൾ ചിമ്മാതെ നോക്കി നിന്നു.

പൊടുന്നനെ, അലറി പാഞ്ഞെത്തിയ
ഭ്രാന്തൻതിരയിൽ ആ രണ്ട് വഞ്ചികളും, ആകാശം മുട്ടെ ഉയർന്നപ്പോൾ, തീരത്ത് നിന്നവരുടെ ഉളളിൽ നിന്ന് വല്ലാത്തൊരു ശബ്ദമുയർന്നതോടൊപ്പം, അവർ
പ്രാർത്ഥനയോടെ കണ്ണടച്ചു കൊണ്ട്, നെഞ്ചിൽ കൈവെച്ചു നിന്നു.

മനസ്സിൽ നിറഞ്ഞ ആശങ്കകളെയും, അമ്പരപ്പിനെയും പതിയെ ഇല്ലാതാക്കി, തിരകളിൽ നിന്നിറങ്ങി തിരകൾക്കപ്പുറത്തെ നിറഞ്ഞ ഇരുട്ടിലേക്ക് ആ വഞ്ചികൾ മറഞ്ഞപ്പോൾ, അവർ ദീർഘനിശ്വാസമുതിർത്തു.

ഇരുളിൻ്റെ മഹാസമുദ്രത്തിലേക്ക് അമർന്ന ആ വഞ്ചികളിൽ, അനിശ്ചിതത്തിൻ്റെ ഏതാനും മിനിറ്റുകൾക്ക് ശേഷം ലൈറ്റ് തെളിഞ്ഞപ്പോൾ, തീരത്തുള്ളവർ പ്രതീക്ഷയോടെ അങ്ങോട്ടേക്ക് നോക്കി..

കടലിൽ തലങ്ങും, വിലങ്ങും ലൈറ്റുകൾ പായുന്നുണ്ട്….

വെളിച്ചകൂട് പോലെയായി തീർന്ന ആ രണ്ട് വഞ്ചികൾ, തിരച്ചിലിനായ് രണ്ടു ഭാഗത്തേക്ക് പോകുന്നത് അവർ നോക്കി നിന്നു.

പൊടുന്നനെ, അലറി പാഞ്ഞെത്തിയ ഒരുകൂട്ടം തിരകൾക്കപ്പുറം ആ കാഴ്ച അവ്യക്തതമായപ്പോൾ അവർ തീരത്തേക്ക് തളർന്നിരുന്നു….

അപ്പോഴും, സങ്കടത്താൽ ചുട്ടുപൊള്ളുന്ന അവരുടെ മനസ്സിനെ തണുപ്പിക്കാനെന്നവണ്ണം മഴ തകർത്തുപെയ്തു കൊണ്ടിരുന്നു.

കരഞ്ഞു കരഞ്ഞു ശബ്ദം നഷ്ടപ്പെട്ട് നേർത്തൊരു വിതുമ്പലോടെ തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന കുഞ്ഞുഏയ്ഞ്ചലിനെ, ഏയ്ഞ്ചൽ ഒരു നിമിഷം നോക്കി.

“വീട്ടിൽ ആരുമില്ലേ മോളെ?”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ട്, കുഞ്ഞുഏയ്ഞ്ചൽ ദയനീയമായി അവളെ നോക്കി ചുണ്ടുകൾ പതിയെ ചലിപ്പിച്ചു.

” അച്ചുആൻ്റിയുണ്ട്.
പ്രസവിച്ചു കിടക്കുകയാണ് ”

കുഞ്ഞുഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും, അവൾ ഒരു മാത്ര അശ്വതിയെ പറ്റി ഓർത്തു.

തന്നെ ജീവനു തുല്യം കണ്ടിരുന്നവൾ…
നാത്തൂനായി കണ്ട് സ്നേഹിച്ചിരുന്നവൾ….

ഈ മഴയും, ഇടിയും, മിന്നലും ഉള്ള രാത്രിയിൽ, പ്രസവിച്ചു കിടക്കുന്ന അവൾ സഹായത്തിന് ആരുമില്ലാതെ
ഒറ്റയ്ക്ക് ആ വീട്ടിൽ…

ചേട്ടൻ കടലിൽ വീണെന്നറിഞ്ഞ്, ഇങ്ങോട്ടോന്നു വരാൻ കഴിയാതെ നിസഹയായി പൊട്ടി കരയുന്നുണ്ടാകും അവൾ….

അതൊക്കെ ഓർത്തപ്പോൾ, മറ്റൊന്നും ചോദിക്കാതെ
കുഞ്ഞുഏയ്ഞ്ചലിനെയും പിടിച്ച് ആദിയുടെ വീട്ടിലേക്ക് നടക്കാനൊരുങ്ങുമ്പോഴാണ്, ഏയ്ഞ്ചൽ സങ്കടപ്പെടുത്തുന്ന ആ കാഴ്ച കാണുന്നത്….

തലയ്ക്കു മുകളിലൂടെ കുത്തിയൊലിക്കുന്ന മഴയറിയാതെ,കൂരിരുൾ നിറഞ്ഞ കടലിലേക്ക് പ്രതീക്ഷയോടെനോക്കി, നെഞ്ചിൽ കൈകൾ പിണച്ച് നിൽക്കുന്ന തൻ്റെ മകൻ അരുൺ…

കൂടെ അവനെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്ന ദേവമ്മയും…

നൊമ്പരപ്പെടുത്തുന്ന ആ
കാഴ്ച കണ്ടതും, ഏയ്ഞ്ചൽ, കുഞ്ഞുഏയ്ഞ്ചലിനെയും പിടിച്ച് അങ്ങോട്ടേയ്ക്ക് ഓടി.

“മോനേ ”

ഏയ്ഞ്ചലിൻ്റെ സങ്കടമൂറുന്ന വിളി കേട്ടതും, അരുണിനൊപ്പം ദേവമ്മയും തിരിഞ്ഞു നോക്കി.

അരുൺ കുറച്ചു നിമിഷം അത്ഭുതത്തോടെ ഏയ്ഞ്ചലിനെ നോക്കി നിന്നെങ്കിലും, പതിയെ ആ കണ്ണുകളിൽ നിന്ന് നീർ പുറത്തേക്ക് കുതിച്ചു ചാടി.

” മമ്മി മനസ്സിൽ എന്താണോ ആശിച്ചത്, അതുപോലെ തന്നെ
സംഭവിച്ചു അല്ലേ?”

അരുണിൻ്റെ ഗദ്ഗദം നിറഞ്ഞ ചോദ്യം കേട്ടതും, അവളുടെ മനസ്സ്, ഏതോ സ്ഫോടനത്താൽ എന്ന വണ്ണം ചിതറി തെറിച്ചു.

” പാതി പൂർത്തിയാക്കിയ ആ കഥയിൽ, ജീവിച്ചിരിക്കുന്ന ആദിയെന്ന എൻ്റെ അച്ഛനെ, മരിച്ചുപോയിയെന്ന് വിശ്വസിക്കാൻ വേണ്ടിയല്ലോ മമ്മി ആ എഴുത്ത് നിർത്തിയത് ”

അരുണിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ നിൽക്കുമ്പോൾ തീമഴ പോലെയുള്ള വാക്കുകൾ അവനിൽ നിന്നുതിർന്നു വീണ് ഏയ്ഞ്ചലിനെ വല്ലാതെ പൊള്ളിച്ചുകൊണ്ടിരുന്നു.

” എൻ്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് നേരത്തെ പറയാമായിരുന്നില്ലേ? ഒരു വട്ടമെങ്കിലും ആ മുഖം കാണിച്ചു തന്നൂടായിരുന്നോ? ഇതിപ്പോൾ… ”

വാക്കുകൾ ഗദ്ഗദത്താൽ മുങ്ങിപോയതും, അവൻ നിറകണ്ണുകളോടെ അലറുന്ന തിരകളിലേക്ക് നോക്കി നിന്നു.

” കാലങ്ങൾക്കു ശേഷം, കൊതിയോടെ കാണാൻ ഇവിടെ എത്തിയപ്പോൾ, ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നറിയാതെ ആഴകടലിൽ…”

പറഞ്ഞതും, ഒരു പൊട്ടി കരച്ചിലോടെ അവൻ ഏയ്ഞ്ചലിനെ
വട്ടംപിടിച്ചു.

” അച്ഛൻ്റെ വാത്സല്യത്തിലും, സംരക്ഷണത്തിലും ഇനിയുള്ള കാലം സന്തോഷത്തിൽ കഴിയാനല്ല മമ്മീ ഞാൻ ആഗ്രഹിച്ചത്… ഞാനൊരു തന്തയില്ലാത്തവനെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനുമല്ല.
പകരം തന്തയില്ലാത്തവനല്ല ഞാനെന്ന് എന്നെ തന്നെ ബോധിപ്പിക്കാൻ വേണ്ടി.. എൻ്റെ മന:സാക്ഷിയെ ബോധിപ്പിക്കാൻ വേണ്ടി.”

“മോൻ വിഷമിക്കേണ്ട.. ആദി തിരിച്ചു വരും… മോനെ കാണാനെങ്കിലും നിൻ്റെ അച്ഛന് വന്നല്ലേ പറ്റൂ? ”

എവിടെ നിന്നോ കിട്ടിയ വാക്കുകൾ പെറുക്കിയെടുത്ത് ഏയ്ഞ്ചൽ അരുണിനെ ആശ്വസിപ്പിക്കുമ്പോൾ, കുഞ്ഞുഏയ്ഞ്ചൽ അരുണിനെ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു.

അച്ഛൻ പറയാറുള്ള കഥയിലെ തൻ്റെ ചേട്ടനാണ് കൺമുന്നിൽ നിന്ന് കരയുന്നതെന്ന് മനസ്സിലായതും, അവൾ സ്നേഹത്തോടെ അവൻ്റെ കൈയിൽ പിടിച്ചു ഏയ്ഞ്ചലിനെ നോക്കി.

അമ്മയും, അച്ഛനും മാലാഖയെന്നു വിളിക്കുന്ന ഏയ്ഞ്ചൽ ആണ്, ഇത്രയും നേരം തനിക്കു മുന്നിൽ നാടകം കളിച്ചതെന്ന് മനസ്സിലായതും, അതിനു കാരണക്കാരൻ
റോയ്ഫിലിപ്പായിരുന്നുവെന്ന ചിന്ത മനസ്സിൽ കയറിയതും, അവൾ വല്ലാത്തൊരു ദേഷ്യത്തോടെ അയാളെ നോക്കി.

“ജിൻസ് എവിടെ ദേവമ്മാ ?”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, കടലിലേക്കു നോക്കി നിന്നിരുന്ന ദേവമ്മ മുഖം തിരിച്ചു

“ഞങ്ങളുടെയൊപ്പം
ഇതുവരെ ഇവിടെ നിന്നിരുന്നു.പിന്നെ കുറച്ചു കഴിഞ്ഞ് വരാമെന്ന് പറഞ്ഞു എങ്ങോട്ടേയ്ക്കോ പോയി.. ”

ദേവമ്മയുടെ മറുപടി കേട്ടതും, ഏയ്ഞ്ചൽ റോയ്ഫിലിപ്പിനെ നോക്കി.

” മക്കൾക്ക് മഴ നനഞ്ഞു വല്ല അസുഖം പിടിക്കുന്നതിന് മുൻപ് അവരെ ആദിയുടെ വീട്ടിലാക്കാം.. കൂടാതെ അവിടെ അച്ചു ഒറ്റയ്ക്കേ ഉള്ളൂ”

ഏയ്ഞ്ചൽ പറഞ്ഞുകൊണ്ട്, അരുണിനെയും, കുഞ്ഞു ഏയ്ഞ്ചലിനെയും ചേർത്ത് പിടിച്ച്, കടലിലേക്കൊന്നു പ്രതീക്ഷയോടെ നോക്കി തിരിഞ്ഞു നടക്കുമ്പോൾ റോയ്ഫിലിപ്പും, ദേവമ്മയും അവളെ അനുഗമിച്ചു.

“അലീനമോൾ അവിടെ ഒറ്റയ്ക്കല്ലേ ഡോക്ടർ… ഡോക്ടർക്ക് പോണംന്നുണ്ടോ?”

“അത് സാരല്യ ഏയ്ഞ്ചൽ… ഞാൻ ഇന്ന് വരില്ലായെന്ന് അവളോടു വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു.
കൂടാതെ അവളെ നോക്കാൻ അവിടെ സെർവൻ്റ് ഉണ്ട്”

റോയ്ഫിലിപ്പിൻ്റെ മറുപടി കേട്ടതും ഏയ്ഞ്ചൽ ആശ്വാസത്തോടെ പതിയെ തലയാട്ടി.

ബൾബിൻ്റെ വിളറിയ വെട്ടത്തിൽ കൺമുന്നിൽ ആദിയുടെ വീട് തെളിഞ്ഞതും, അവളുടെ മനസ്സിലൂടെ ഒരുപാട് ഓർമ്മകൾ കുതിച്ചു പാഞ്ഞു.

ശരീരമാകെ വിറയ്ക്കുന്നതു പോലെ അവൾക്കു തോന്നി.

സാരിയൊക്കെ പിഴിഞ്ഞ് വെള്ളം കളഞ്ഞ്,
നിശബ്ദമായി കിടക്കുന്ന ആ വീട്ടിലേക്ക് അവൾ വിറയ്ക്കുന്ന കാലെടുത്ത് വെക്കുമ്പോൾ, അകത്ത് നിന്ന് ഒരു പിഞ്ചുകുഞ്ഞിൻ്റ കരച്ചിലു യർന്നു.

കരച്ചിൽ കേട്ട മുറിയിലേക്ക് അവൾ എത്തിനോക്കിയതും, പഴന്തുണി കെട്ട് പോലെ കിടക്കുന്ന സ്ത്രീ തേങ്ങലുതിർത്ത് കൊണ്ട് കിടക്കുന്നതവൾ കണ്ടു.

അരികെ ഒരു ചോരകുഞ്ഞ്, അവളുടെ തുറന്നിട്ട ബ്ലൗസിനകത്ത് ചോരചുമപ്പാർന്ന കൈ കൊണ്ട് എന്തോ തിരയുന്നുണ്ട്.

” അച്ചൂ ”

ഒന്നു രണ്ട് നിമിഷങ്ങൾ നോക്കി നിന്ന ശേഷം ഏയ്ഞ്ചൽ പതിയെ വിളിച്ചതും, ഒരു ഞെട്ടലോടെ അവൾ തുറന്നിട്ടിരുന്ന ബ്ലൗസ് നേരെയാക്കി, കിടന്നിടത്തു തന്നെ
തിരിഞ്ഞു നോക്കി.

മുന്നിൽ മഴവെള്ളത്തിൽ കുളിച്ചു നിൽക്കുന്ന രൂപത്തെ കുറച്ചു നിമിഷങ്ങളോളം നോക്കി നിന്ന ശേഷം അച്ചുട്ടി പൊട്ടികരഞ്ഞു.

” ചേച്ചീ… ൻ്റ ആദിയേട്ടൻ”

” അച്ചുട്ടി പേടിക്കാതിരിക്ക് .. ആദി തിരിച്ചു വരും…. ആദിയെ കൊണ്ടുവരാൻ രാമേട്ടൻ്റെ നേതൃത്വത്തിൽ രണ്ട് വഞ്ചി കടലിലേക്കിറങ്ങുന്നത് കണ്ടിട്ടാണ് ഞങ്ങൾ ഇങ്ങോട്ടേയ്ക്ക് വന്നത് ”

ഏയ്ഞ്ചൽ, അശ്വതിയെ ആശ്വസിപ്പിക്കുമ്പോഴും അവളുടെ കണ്ണുകൾ ചുമരിൽ പിടിപ്പിച്ചിരുന്ന ഫോട്ടോകളിലേക്കാണ് നീണ്ടത്.

വേദയുടെ പല തരത്തിലുള്ള ഫോട്ടോകൾ …

അവളുടെ സുന്ദരമായ
ചിരികൾ….

കുസൃതിയേറിയ കണ്ണിറുക്കലുകൾ….

പഴയ ഒരു ഫോട്ടോയിലേക്ക് അവൾ കണ്ണയച്ചതും, ഒരു കരച്ചിൽ അവളുടെ തൊണ്ടകുഴിയോളം വന്ന് നിശബ്ദതയിലമർന്നു.

കോളജ് കാലത്ത് എടുത്ത ഏയ്ഞ്ചലും, വേദയും ഒരുമിച്ചുള്ള പഴയൊരു ഫോട്ടോ ആയിരുന്നു അത്.

കരഞ്ഞുകൊണ്ടിരുന്ന അശ്വതി പൊടുന്നനെയാണ് ഏയ്ഞ്ചലിനു പിന്നിൽ നിൽക്കുന്നവരെ കണ്ടതും, ചോദ്യഭാവത്തോടെ അവൾക്കു നേരെ നോട്ടമെറിഞ്ഞതും.

” ഇത് ഡോക്ടർ
റോയ്ഫിലിപ്പ്… എൻ്റെ ഫ്രണ്ട് ആണ്.. ഇത് ദേവമ്മ…”

അത്രയും പറഞ്ഞ് ഏയ്ഞ്ചൽ അരുണിനെ പിടിച്ചു മുന്നോട്ടു നിർത്തി.

” ഇത് എൻ്റെ മകൻ അരുൺ ”

ഏയ്ഞ്ചൽ പറഞ്ഞതും, അശ്വതി അരുണിനെ തന്നെ സൂക്ഷിച്ചു നോക്കി.

പഴയ ആദിയേട്ടൻ്റെ അതേ രൂപം…

” ആൻ്റീടെ മോനേ……”

അശ്വതി പതിയെ പറഞ്ഞ് കൈനീട്ടിയതും, അരുൺ ഓടി ചെന്ന് ആ കൈകളിൽ പിടിച്ചു.

“മോൻ മഴ നനഞ്ഞ് വല്ലാതെ വിറക്കുന്നല്ലോ ചേച്ചീ… ഇവർക്കൊക്കെ ഒരു ചായയുണ്ടാക്കി കൊടുക്കാൻ പറ്റോ ചേച്ചിയ്ക്ക് ”

അശ്വതിയുടെ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ സമ്മതം മൂളികൊണ്ട്, നനഞ്ഞു കുതിർന്ന സാരി എളിയിൽ തിരുകി അടുക്കളയിലേക്ക് നടന്നു.

ചിരപരിചിതയെപ്പോലെ ആ അടുക്കളയുടെ മുക്കിലും, മൂലയിലും നടന്ന് സാധനങ്ങൾ കണ്ടെത്തി, ചായയുണ്ടാക്കി, ഗ്ലാസിലേക്ക് പകർത്തി പെട്ടെന്ന് തന്നെ അവൾ തിരിച്ചെത്തി.

എല്ലാവർക്കും ചായകൊടുത്ത്, അശ്വതിക്കരികിൽ തിരിച്ചെത്തിയ ഏയ്ഞ്ചൽ ഒരു ചായഗ്ലാസ് അവൾക്കു നേരെ നീട്ടി.

” എനിക്ക് വേണ്ട ചേച്ചീ… ആ റൂമിൽ എൻ്റെ കെട്ടിയോനും, മോളുമുണ്ട്. ഇതുവരെ അവർ ഒന്നും കഴിച്ചിട്ടില്ല…
ഈ ചായ ഒന്നു കൊണ്ടുപോയി അവർക്ക് കൊടുക്കോ?”

അശ്വതിയുടെ ദയനീയമായ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ
ചായയും കൊണ്ട് അശ്വതി കാണിച്ച റൂമിലേക്ക് നടന്നു.

പതിയെ മുറിയുടെ
വാതിൽ തള്ളിതുറന്ന ഏയ്ഞ്ചൽ ആദ്യം കണ്ടത്, തലയോളം ബ്ലാങ്കറ്റ് മൂടി കൊണ്ട് ബെഡ്ഡിൽ കിടക്കുന്ന പെൺകുട്ടിയെയാണ്…

അവൾ പനി പിടിച്ചതു പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

അതിനപ്പുറത്ത്, ഒരു കസേരയിലിരുന്നു, സിഗറ്റ് വലിച്ചുകൊണ്ട്,ഏതോ ഡയറിയും നോക്കി, തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് പുക പറത്തി വിടുന്ന ആളുടെ പിൻകാഴ്ച മാത്രമേ ദൃശ്യമാകുന്നുണ്ടായിരുന്നുള്ളൂ.

“എക്സ്ക്യൂസ് മീ”

ഏയ്ഞ്ചലിൻ്റെ ശബ്ദമുയർന്നതും, കത്തി തീർന്ന സിഗററ്റ് പുറത്തേക്കിട്ട്, ഡയറിയും അടച്ച് അയാൾ പൊടുന്നനെ തിരിഞ്ഞു നോക്കിയതും, അവൾ അമ്പരപ്പോടെ മന്ത്രിച്ചു.

“ജിൻസ് ”

ഏയ്ഞ്ചലിനെ കണ്ടതിൽ അത്ഭുതം കൂറാതെ, വലം കൈ കൊണ്ട് അവളിൽ നിന്നു ചായ വാങ്ങുമ്പോൾ ജിൻസ് ഇടം കൈയിലിരുന്ന ഡയറി അവൾക്കു നേരെ നീട്ടി.

ഡയറിയിലേക്കും, ജിൻസിലേക്കും സംശയത്തോടെ ഏയ്ഞ്ചൽ
മാറിമാറി നോക്കുന്നത് കണ്ട അവൻ പതിയെ മന്ത്രിച്ചു.

“നമ്മുടെ വേദ കുത്തി കുറിച്ചിരുന്ന ഡയറി ആണ് ….”

വിറയ്ക്കുന്ന കൈകളോടെ ഏയ്ഞ്ചൽ ആ ഡയറി വാങ്ങി തുറന്ന് അതിലെ അക്ഷരങ്ങളിലൂടെ തഴുകുമ്പോൾ, മണിക്കൂറുകളോളം തിരഞ്ഞിട്ടും, ആദിയെയോ, ആ വഞ്ചിയുടെ അവശിഷ്ടങ്ങളോ കാണാതെ, ആ രണ്ടു വഞ്ചിക്കാർ നിരാശയോടെ, നിശബ്ദം കരഞ്ഞുകൊണ്ട് തീരത്തേക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button