17കാരിയെ തട്ടിക്കൊണ്ടുപോയി കാട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെൺമണി സ്വദേശി ശരൺ ആണ് പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഈ മാസം 19ന് തട്ടിക്കൊണ്ടുപോയത്
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി എറണാകുളത്തേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് സംഘം എറണാകുളത്ത് എത്തിയപ്പോൾ ഇയാൾ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിലെത്തി. ഇത് മനസിലാക്കിയ അന്വേഷണ സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി വെൺമണി സ്‌കൂളിന് സമീപത്തുള്ള കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു
പുല്ലും കരിയിലയും ബെഡ്ഷീറ്റുമെല്ലാം ഉപയോഗിച്ച് കാട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കുട്ടിയെ താമസിപ്പിച്ചത്. സുഹൃത്തിന്റെ സഹായത്തോടെ ഭക്ഷണവും എത്തിച്ചിരുന്നു. കാട്ടിൽ മനുഷ്യസാന്നിധ്യം മനസിലാക്കിയ പോലീസ് കാട്ടിൽ നടത്തിയ തെരച്ചിലാണ് ശരണിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്.