സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി : വമ്പൻ വിജയത്തിന് ശേഷം ഡൽഹിയെ ഇനി ആര് നയിക്കണമെന്ന് തീരുമാനമെടുത്ത് ബിജെപി. രാജ്യതലസ്ഥാനവും കേന്ദ്ര ഭരണപ്രദേശവുമായ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായ രേഖ ഗുപ്തയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തു. ഫെബ്രുവരി എട്ടാം തീയതി പുറത്ത് വന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ 48 സീറ്റുകളിൽ വമ്പൻ ജയം നേടിയാണ് 21 വർഷത്തിന് ശേഷം കേന്ദ്രം ഭരിക്കുന്ന പാർട്ടി രാജ്യതലസ്ഥാനത്ത് ഭരണത്തിലേക്കെത്തുന്നത്. തുടർന്ന് 11 ദിവസത്തോളം നീണ്ട് നിന്ന ചർച്ചയ്ക്കൊടുവിലാണ് ഡൽഹിയുടെ പുതിയ മുഖമായി ഒരു വനിതയെ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹിയുടെ മുഖ്യമന്ത്രിപദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപത്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നും എംഎൽഎയാണ് രേഖ ഗുപ്ത.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മ, ബിജെപി ഡൽഹി അധ്യക്ഷൻ വിജേന്ദർ ഗുപ്ത എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം നിമിഷം വരെ പരിഗണക്കപ്പെട്ടിരുന്നു. എന്നാൽ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന് താൽപര്യമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.
https://x.com/BJP4Delhi/status/1892223964044308535
മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് തീയതി നേരത്തെ തന്നെ മുൻകൂട്ടി അറിയിച്ചിരുന്നു. നാളെ ഫെബ്രുവരി 20-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് റാംലീല മൈതാനിയിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ആറ് ക്യാബിനെറ്റ് മന്ത്രിമാരുമാണ് നാളെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ഉപമുഖ്യമന്ത്രി ഇല്ലയെന്നുള്ളതാണ് ഡൽഹിയിൽ ബി.ജെ.പിക്ക് നൽകുന്ന ആശ്വാസം.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്-യുഎസ് വിദേശ സന്ദർശനത്തിനായി പോയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത്. പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ശേഷമാകും ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 12 വർഷം നീണ്ട് നിന്ന ആം ആദ്മി പാർട്ടിയുടെ ഭരണത്തിന് അവസാനം കുറിച്ചാണ് 21 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തിയത്. 70 സീറ്റിൽ 48 സീറ്റുകൾ ബിജെപി നേടിയപ്പോൾ എഎപിക്ക് സ്വന്തമാക്കാൻ സാധിച്ചത് 22 സീറ്റുകൾ മാത്രമാണ്. അതേസമയം ഏറെ നാൾ ഡൽഹി ഭരിച്ച കോൺഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ല.