പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കെസിഎ മുൻ പരിശീലകനെതിരെ കുറ്റപത്രം സമർപ്പിച്ചു

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ മുൻ പരിശീലകൻ എം മനുവിനെതിരെ പോലീസ് കുറ്റപത്രം നൽകി. നാല് കേസുകളിലാണ് കുറ്റപത്രം നൽകിയത്
പോക്‌സോ കേസിലെ ഇരയെ പ്രായപൂർത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസ് തെങ്കാശി പോലീസിന് കൈമാറി. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരുന്നു
2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിന് ഇരയായ കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെ കണ്ട് ഭയന്നു പോകുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു
ഇതിന് പിന്നാലെ അഞ്ച് പെൺകുട്ടികൾ കൂടി പോലീസിനെ സമീപിച്ചു. ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു പീഡനം. പെൺകുട്ടികളെ അസോസിയേഷൻ അറിയാതെ തെങ്കാശിയിൽ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ, കൊണ്ടുപോയി അവിടെ വെച്ചും പീഡിപ്പിച്ചിരുന്നു.