ആക്ഷേപത്തിൽ കേസെടുക്കില്ല, പരാതി വന്നാൽ പരിശോധിക്കും: രഞ്ജിത്തിനെ പ്രതിരോധിച്ച് മന്ത്രി സജി ചെറിയാൻ
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തിൽ കേസെടുക്കില്ല. പരാതിയുണ്ടെങ്കിൽ കേസ് എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. പരാതി തരുന്ന മുറയ്ക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. പിന്നീട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു.
പരാതി പറഞ്ഞതിന് പിന്നാലെ പാലേരി മാണിക്യത്തിലും മറ്റ് മലയാള സിനിമയിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. അതേസമയം ശ്രീലേഖ മിത്രയുടെ ആരോപണം ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തതു കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.