അഞ്ച് വർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ വിധി
പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി നാളെ വിധി പറയും. 2019 ഫെബ്രുവരി 17നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കല്യോട്ട് വച്ച് ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.തൊട്ടടുത്ത ദിവസം സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവർ അറസ്റ്റിലായി.
കേസ് അന്വേഷണം സർക്കാർ ആദ്യം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇതിനിടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
സെപ്റ്റംബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. നവംബർ 19ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെത്തിയെങ്കിലും അവിടെയും അപ്പീൽ തള്ളി. തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ 3 ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. മൊത്തം 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.