ഇത്തിരി തണലിൽ ഒത്തിരി തെളിനീരുമായി ഒരു സൗഹൃദ സംഗമം
നന്മണ്ട :സാന്ത്വന സ്പർശം കൊണ്ടും ആശ്വാസവാക്കുകൾ കൊണ്ടും അല്പമെങ്കിലും സന്തോഷം കിട്ടിയാലോ, ഇതായിരുന്നു അവരുടെ ഒത്തുചേരലിന്റെ പിന്നിൽ.
വർഷങ്ങളായി ജാതി മത വ്യത്യാസമില്ലാതെ പലവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും മാനസിക വിഷമതകളും പ്രയാസങ്ങളും അനുഭവിക്കുന്നവരെ നേരിട്ട് കണ്ടെത്തുകയും അവരെ ചേർത്ത് നിർത്തി ഒരു തണൽ മരമായി മാറാൻ ഇക്കാലമത്രയും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലും കൂടിയായിരുന്നു ഈ ഒരു ഒത്തുചേരൽ.
ജീവിതത്തിൽ വിഷമതകൾ അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ അറിഞ്ഞു മനസ്സിലാക്കുകയും, എത്രയും പെട്ടെന്ന് അതിനു തങ്ങളാൽ കഴിയുന്ന തരത്തിലുള്ള പരിഹാരം കണ്ടെത്തി നിറവേറ്റുകയും ചെയ്യുന്ന, തികച്ചും സാമൂഹ്യ നന്മ മാത്രം ലക്ഷ്യം വെച്ചുള്ള പ്രയാണത്തിലാണ് വർഷങ്ങളായി കോഴിക്കോട് ജില്ലയിലെ ചീക്കിലോട് എന്ന പ്രദേശത്തെ നസ്വർ സൗഹൃദ വേദി
7 വർഷത്തോളമായി രോഗത്തോട് മല്ലടിച്ച് ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഷാജീവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നസ്വർ സൗഹൃദ വേദിയിലെ കുടുംബാഗങ്ങൾ ഒത്തു ചേർന്നത് വേറിട്ട ഒരനുഭവമായി മാറി.
എന്തിനെന്നറിയാതെയും,ഉള്ള സമയം മതിയാകാതെയും വരുന്ന ധൃതിപിടിച്ചോടുന്നഈ കാലത്ത് ഒരു ദിവസത്തെ എല്ലാ തിരക്കുകളും മാറ്റിവെച്ച് പ്രായഭേദമന്യേ അവർ ഒത്തുചേർന്നു.
സൗഹൃദ സംഭാഷണങ്ങളും സ്നേഹവിരുന്നും കഴിഞ്ഞ് പിരിയാൻ നേരത്ത് ഒത്തുചേരലിന്റെ പുതിയ ഒരു അധ്യായം കുറിച്ച സന്തോഷത്തോടെ വിശ്രമമില്ലാതെ വീണ്ടും മറ്റൊരു രോഗീ പരിചരണത്തിന് തുടക്കം കുറിക്കുക കൂടിയായിരുന്നു നസ്വർ സൗഹൃദ വേദിയിലെ നന്മയുള്ള ആ കുടുംബാംഗങ്ങൾ.