തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു
![](https://metrojournalonline.com/wp-content/uploads/2025/02/elephant-780x470.avif)
വയനാടിനും ഇടുക്കിക്കും പുറമെ തിരുവനന്തപുരത്തും കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ നാല് ദിവസത്തിന് ശേഷം കണ്ടെത്തി. കുളത്തൂപ്പുഴ വനം റേഞ്ച് പരിധിയിൽപ്പെട്ട വെൻകൊല്ല ഇലവുപാലം അടിപ്പറമ്പ് തടത്തരികത്തുവീട്ടിൽ ബാബുവിന്റെ(54) മൃതദേഹമാണ് കണ്ടെത്തിയത്.
തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കാട്ടുപാതക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങൾ കണ്ടിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീർച്ചാലിന് സമീപത്തായി ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
എട്ട് കിലോമീറ്ററിലധികം വനത്തിനുള്ളിലായതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ പഞ്ചായത്ത് അധികൃതർക്കോ പോലീസിനോ ഇവിടെ എത്താനായിട്ടില്ല. ചൊവ്വാഴ്ച തന്നെ മൃതദേഹം വീണ്ടെടുത്ത് നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.